നെപ്പോളിയനും ഹിറ്റ്ലറും റഷ്യയിൽ പരാജയപ്പെട്ടതിന് സമാനമായ കാരണം എന്ത് ?

569

Wilfred Raj David -ന്റെ ചരിത്ര പോസ്റ്റ് 

നെപ്പോളിയൻ്റെ റഷ്യൻ ആക്രമണം

ലോകത്തവിടെയും സൈനിക ചരിത്രം (Military History) പഠിക്കുന്നവർക്ക് രോമാഞ്ചം ഉണ്ടാക്കുന്ന രണ്ട് പേരുകളാണ് നെപ്പോളിയനും റഷ്യയും. നെപ്പോളിയൻ്റെ യുദ്ധങ്ങൾ ഓരോന്നും ഓരോ ക്ലാസിക് ഉദാഹരണങ്ങളായിരുന്നു; അസാമാന്യ ധിക്ഷണയും ചങ്കൂറ്റവും നിമിഷാന്തരത്തിൽ പ്രവർത്തിക്കുന്ന ബുദ്ധിവൈഭവവും കൊണ്ട് ജയിച്ച ചില യുദ്ധങ്ങളും കണക്കുകൂട്ടലുകളിലെ പിഴവ് കാരണം ഉണ്ടാകുന്ന തിരിച്ചടികളുടെ ഉദാഹരണങ്ങളായി മറ്റു ചിലതും. റഷ്യയാകട്ടെ, മറ്റൊരു നാട് ആക്രമിക്കാൻ പോകുന്ന ഒരു ആക്രമണകാരി എന്നും ഓർത്തിരിക്കേണ്ട ചില ഗുണപാഠങ്ങൾ ചരിത്രത്തിന് സമ്മാനിച്ചിട്ടുമുണ്ട്. ഇത് രണ്ടും ഒത്തു ചേർന്ന ഒരു അദ്ധ്യായമാണ് 1812ൽ നെപ്പോളിയൻ നടത്തിയ റഷ്യൻ ആക്രമണം.

നെപ്പോളിയൻ

Wilfred Raj David

1789ലെ ഫ്രഞ്ച് വിപ്ലവം അഴിച്ചു വിട്ട അരാജകത്വത്തിനും അനിശ്ചിതത്വത്തിനും അരക്ഷിതാവസ്ഥയ്ക്കും കാലം കരുതി വച്ച മറുപടിയായിരുന്നു നെപ്പോളിയൻ ബോണപ്പാർട്ട് ഒരു മധ്യവർഗ കുടുംബത്തിൽ പിറന്ന് പരിശ്രമത്തിലൂടെ ഫ്രഞ്ച് സൈന്യത്തിന്റെ ഉയരങ്ങൾ താണ്ടിയ നെപ്പോളിയൻ്റെ ഉയർച്ചയ്ക്ക് വഴിവച്ചത് അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ്. അതുകൊണ്ടാണ് നെപ്പോളിയനെ ഫ്രഞ്ച് വിപ്ലവത്തിൻ്റെ സന്തതി (The Child of French Revolution) എന്ന് വിളിക്കുന്നത്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം 1792 സെപ്റ്റംബറിൽ അധികാരമേറ്റ ഒന്നാം റിപ്പബ്ലിക്കൻ ഭരണകൂടത്തിന്,സ്വന്തം നിലനില്പിനായി യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായി നിരന്തരം പോരാടേണ്ടി വന്നു. ഈ യുദ്ധങ്ങളിലാണ് നെപ്പോളിയൻ സൈനികനെന്ന നിലയിൽ രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. വീണ്ടും ഏഴ് വർഷം അസ്ഥിരമായ ഭരണകൂടങ്ങൾ മാറിവന്നു. 1799ൽ നെപ്പോളിയൻ കൂടെ മുൻകൈയെടുത്ത് ‘കോൺസുലേറ്റ്’ എന്ന ഭരണ സംവിധാനം സ്ഥാപിച്ചു. രാഷ്ട്രത്തലവനെന്ന് സ്വയം പ്രഖ്യാപിച്ചില്ലെങ്കിലും, കോൺസുലേറ്റിന്റെ മുഖ്യ നേതാവെന്ന നിലക്ക് തുടർന്നുള്ള അഞ്ചു കൊല്ലങ്ങൾ നെപ്പോളിയൻ സ്വേഛാഭരണം നടത്തി. 1804-ൽ കോൺസുലേറ്റ് പിരിച്ചുവിട്ട് സ്വയം ചക്രവർത്തി പദമേറ്റു.

Image result for napoleon russia attackഫ്രാൻസിനെതിരെ അണിനിരന്ന യൂറോപ്യൻ സൈനിക ശക്തികളുടെ മേൽ നേടിയ വിജയം അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച പട്ടാളമേധാവികളിലൊരാൾ എന്ന പ്രശംസക്കു അർഹനാക്കി. നെപ്പോളിയൻ യൂറോപ്പിലാകമാനം തന്റെ ആധിപത്യം സ്ഥാപിക്കാൻ പരിശ്രമിച്ചു. നെപ്പോളിയന്റെ ഈ നീക്കത്തിനെതിരെ മറ്റു യൂറോപ്യൻ ശക്തികൾ പലതവണ സംഘം ചേർന്ന് യുദ്ധത്തിനിറങ്ങി.

ഇതിനിടയിൽ നെപ്പോളിയൻ ഇറ്റലിയും ഓസ്ട്രിയയുടെ നല്ലൊരു ഭാഗവും കൈക്കലാക്കി. ഇറ്റലിയിൽ സ്വയം രാജാവായി. സ്പെയിനിനെ കൂട്ട് പിടിച്ച് പോർച്ചുഗൽ കൈക്കലാക്കി. പ്രത്യുപകാരമായി സ്പെയിനിനെ നെപ്പോളിയൻ കെട്ടിപ്പിടിച്ചത് മാത്രമേ ലോകം കണ്ടുള്ളൂ. ആലിംഗനം കഴിഞ്ഞപ്പോഴേക്കും സ്പെയിനിലെ സിംഹാസനം നെപ്പോളിയൻ്റെ അനുജൻ കൈവശമാക്കിയിരുന്നു. ഹോളണ്ടിൻ്റെയും ഇറ്റലിയിലെ നാട്ടുരാജ്യമായ നേപ്പിൾസിൻ്റെയും രാജാക്കന്മാരായി അവരോധിച്ചതും അനുജന്മാരെയായിരുന്നു. ജർമ്മനിയുടെ നല്ല പങ്കും നെപ്പോളിയൻ വിഴുങ്ങി. ഇതിനെതിരെ ബ്രിട്ടൻ മുൻകൈയെടുത്ത് സ്ഥാപിച്ച സൈനിക സഖ്യങ്ങളെ രണ്ടു തവണ നെപ്പോളിയൻ നിലംപരിശാക്കി.

Related imageഇതിനിടെ ഈജിപ്റ്റിലേക്കും പാലസ്തീനിലേക്കും അദ്ദേഹം നടത്തിയ വിജയകരമായ പടയോട്ടങ്ങൾക്കിടെ ചരിത്രത്തെയും സംസ്കാരത്തെയും സ്നേഹിക്കുന്ന ഒരു ബുദ്ധിജീവിയെ ലോകം കണ്ടു. സ്വന്തം നാട്ടിൽ അദ്ദേഹം നടത്തിയ ഭരണപരിഷ്കാരങ്ങൾ ബൂർബൺ രാജവംശം ബാക്കിവച്ച ഫ്യൂഡൽ സംവിധാനങ്ങളെ തകർത്ത് ഫ്രാൻസിനെ ഒരു ആധുനിക രാഷ്ട്രമാക്കി. ഫ്രഞ്ച് വിപ്ലവത്തിന്റെ ആശയങ്ങളായ ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നിവയിൽ ആദ്യത്തേതൊഴികെ മറ്റു രണ്ടും എന്താണെന്ന് ഫ്രഞ്ച് ജനത മനസ്സിലാക്കി.

റഷ്യൻ ആക്രമണം: കാരണങ്ങൾ

നെപ്പോളിയൻ്റെ ഉയർച്ചയുടെ ഗ്രാഫ് അതിന്റെ പാരമ്യത്തിലെത്തിയതിന് തൊട്ടു പിന്നാലെയാണ് നെപ്പോളിയൻ റഷ്യ ആക്രമിക്കുന്നത്.

ഫ്രാൻസിൽ മതസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാൻ നെപ്പോളിയൻ നടത്തിയ ശ്രമങ്ങളെ റഷ്യയും പരസ്യമായി പിന്തുണച്ചു. ഒരേ സമയം സ്പെയിനുമായും ഫ്രാൻസുമായും യുദ്ധം ചെയ്യേണ്ടി വന്നപ്പോൾ നെപ്പോളിയൻ റഷ്യയുടെ സൗഹൃദം സമ്പാദിക്കാൻ ശ്രമിച്ചു.

Image result for napoleonഇംഗ്ലീഷ് കപ്പലുകൾ യൂറോപ്യൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ നെപ്പോളിയൻ കൊണ്ടു വന്ന Continental System എന്ന ഉപരോധ പദ്ധതി റഷ്യ വകവച്ചില്ല. റഷ്യ ഇംഗ്ലണ്ടുമായി വാണിജ്യബന്ധം പുലർത്തുന്നതും റഷ്യൻ തുറമുഖങ്ങളിലൂടെ ഇംഗ്ലീഷു ചരക്കുകൾ യൂറോപ്പിന്റെ വിവിധഭാഗങ്ങളിലേക്ക് സുഗമമായി പ്രവേശിക്കുന്നതും നെപോളിയന് സ്വീകാര്യമായിരുന്നില്ല. നെപോളിയൻ സന്ധി സംഭാഷണങ്ങൾക്ക് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതാണ് റഷ്യ ആക്രമിക്കാൻ നെപ്പോളിയന് പ്രകോപനമായത്.

എന്നാൽ ഇക്കാര്യത്തിൽ ഒരു ‘പെൺവിഷയം’ കൂടെ ഉണ്ടായിരുന്നു. നെപ്പോളിയന് തൻെറ ഭാര്യയായ ജോസഫൈനിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. അതിനാൽ അവർ ഔപചാരികമായി വിവാഹമോചനം നേടി. (അതിനു ശേഷവും അവർ ‘സുഹൃത്തുക്കളായി’ തുടർന്നു). തുടർന്ന് നെപ്പോളിയൻ റഷ്യൻ ചക്രവർത്തിയായ സാർ അലക്സാണ്ടർ (ഒന്നാമൻ)ൻ്റെ സഹോദരിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു. സാർ വഴങ്ങിയില്ല. നെപ്പോളിയൻ ഒടുവിൽ ഓസ്ട്രിയയിലെ രാജകുമാരിയെ വിവാഹം ചെയ്തു. ഇതിൻെറ ‘കലിപ്പ്’ തീർക്കാൻ ഒരു അവസരത്തിനായി അദ്ദേഹം കാത്തിരുന്നു.

സൂക്ഷ്മമായ നിരീക്ഷണത്തിൽ ഒരു കാരണം കൂടെ വ്യക്തമാണ്. അലക്സാണ്ടർ ചക്രവർത്തിയുടെയും റോമിലെ സീസർമാരുടെയും സാമ്രാജ്യങ്ങൾ യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും പടർന്നു പന്തലിച്ചിരുന്നു. അവരുടെ കാലഘട്ടത്തിൽ രാജ്യവിസ്തൃതിയിലായാലും സ്വാധീനത്തിൻ്റെ കാര്യത്തിലായാലും അവരോളം പോന്ന മറ്റൊരു ശക്തി ഉണ്ടായിരുന്നില്ല. അവരുടെ സാമ്രാജ്യത്തിൽ ഉൾപ്പെടാത്ത രാജാക്കന്മാരും അവരുടെ അപ്രീതി നേടാതിരിക്കാൻ ശ്രമിച്ചിരുന്നു. അവർക്ക് ശേഷം ഈ മൂന്ന് വൻകരകളിലും ഉൾപ്പെടുന്ന സാമ്രാജ്യം കെട്ടിപ്പടുത്തത് നെപ്പോളിയനാണ്. എന്നാൽ അദ്ദേഹത്തിന് മുന്നിൽ റഷ്യ ഒരു വൻമതിൽ പോലെ ഉയർന്നു നിന്നു. റഷ്യയെ വരുതിക്ക് കൊണ്ടുവരാതെ തനിക്ക് ചരിത്രത്തിൽ വലിയ മഹത്വം അവകാശപ്പെടാനാവില്ലെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവാം.

റഷ്യൻ ആക്രമണത്തിന് നെപ്പോളിയൻ പരസ്യമായി പറഞ്ഞ കാരണം പോളണ്ടാണ്. 1809ലെ ഷോൺബ്രൺ കരാറനുസരിച്ച് (The Treaty of Schönbrunn) ഓസ്ട്രിയയുടെ ഭാഗമായ പടിഞ്ഞാറൻ ഗാലീഷ്യ പോളണ്ടിന് ലഭിച്ചു. ചരിത്രത്തിൽ നിരവധി തവണ റഷ്യ പോളണ്ടിനെ പിടിച്ചടക്കിയിട്ടുണ്ട്. പോളണ്ടിൻ്റെ ദേശീയതയുടെ അടിസ്ഥാനം തന്നെ റഷ്യൻ വിരോധമായിരുന്നു. പടിഞ്ഞാറൻ ഗാലീഷ്യയുടെ മേൽ റഷ്യ കണ്ണുവച്ചതായിരുന്നു. സാർ അലക്സാണ്ടർ പോളണ്ട് ആക്രമിക്കാൻ പദ്ധതിയിടുന്നെന്നും പോളണ്ടിൻ്റെ (അന്നത്തെ പേര് വാഴ്സാ സഖ്യരാജ്യങ്ങൾ) ഭാഗമായ പടിഞ്ഞാറൻ ഗാലീഷ്യയും ഡാൻസിഗും (Danzig) പിടിച്ചെടുക്കുകയാണ് റഷ്യയുടെ ലക്ഷ്യമെന്നും പരസ്യമായിരുന്നു. പോളണ്ടിൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ താൻ റഷ്യ ആക്രമിക്കുകയാണെന്ന് നെപ്പോളിയൻ പ്രഖ്യാപിച്ചു. റഷ്യയുടെ സഖ്യകക്ഷിയായ സ്വീഡനെ നെപ്പോളിയൻ നോട്ടമിട്ടിരുന്നു എന്നാൽ സ്വീഡനെ തനിക്ക് കിട്ടും മുമ്പേ റഷ്യ തട്ടിയെടുക്കുമോയെന്ന ഭയവും ഇതിനുപിന്നിൽ ഉണ്ടായിരുന്നു. റഷ്യ ആക്രമിക്കാനുള്ള പദ്ധതിയെ പോളണ്ട് യുദ്ധമെന്നാണ് നെപ്പോളിയൻ വിളിച്ചത്. പോളണ്ടിലെ ദേശീയവാദികളുടെ അകമഴിഞ്ഞ പിന്തുണ തനിക്ക് ലഭിക്കുമെന്ന് നെപ്പോളിയൻ പ്രതീക്ഷിച്ചു.

തയ്യാറെടുപ്പുകൾ

റഷ്യൻ ആക്രമണത്തിന് വേണ്ടി വിപുലമായ തയാറെടുപ്പുകളാണ് നെപ്പോളിയൻ നടത്തിയത്. അദ്ദേഹം സംഘടിപ്പിച്ച സൈന്യത്തിൻ്റെ അംഗബലം സംബന്ധിച്ച് ചരിത്രകാരന്മാർ പല തട്ടിലാണ്. നാലരലക്ഷം മുതൽ ആറ് ലക്ഷം വരെയാണ് അവരുടെ കണക്കുകൾ. ഏതായാലും അഞ്ചു ലക്ഷത്തിനും അൽപ്പം മാത്രം താഴെയുള്ള അംഗബലം നെപ്പോളിയൻ Grande Armee എന്ന് വിളിച്ച ഈ സൈന്യത്തിലുണ്ടായിരുന്നെന്ന് ന്യായമായും കണക്ക് കൂട്ടാം. അന്ന്‌വരെ യൂറോപ്പ് കണ്ടതിൽ വച്ച് ഏറ്റവും വലിയ സൈന്യമായിരുന്നു ഇതെന്നതിൽ ആർക്കും തർക്കമില്ല.

യന്ത്രവത്കൃത വാഹനങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത്, സൈന്യത്തിന് വേണ്ട പടക്കോപ്പുകളും ഭക്ഷണവും എത്തിച്ചുകൊടുക്കാൻ എണ്ണായിരത്തോളം കുതിരവണ്ടികളെ അണിനിരത്തി. നാല് കുതിരകൾ വലിക്കുന്ന വണ്ടികളായിരുന്നു അധികവും. കാളവണ്ടികളും കുറവല്ലായിരുന്നു. ശരാശരി ഒരു ടണ്ണിലേറെ ഭാരം വഹിക്കാൻ ഇവയ്ക്ക് കഴിയുമായിരുന്നു. ഇവയെ ഇരുപത് വരികളായാണ് (പട്ടാള ഭാഷയിൽ train) ക്രമീകരിച്ചിരുന്നത്. പോളണ്ടിലും കിഴക്കൻ പ്രഷ്യയിലും (ഇന്നത്തെ ജർമ്മനിയുടെ ഭാഗം) വേണ്ടത്ര വിഭവങ്ങൾ സമാഹരിച്ച് സൂക്ഷിക്കാനും ഇവിടെ നിന്ന് യുദ്ധമുഖത്തേക്ക് എത്തിക്കാനും ഏർപ്പാടായി. തൻെറ റഷ്യൻ ഉദ്യമം നാൽപ്പത് ദിവസം നീളുമെന്ന് അദ്ദേഹം കണക്കുകൂട്ടി. പീരങ്കകളുടെ വലിയ നിരകൾ തന്നെ സജ്ജമാക്കി. ആക്രമണത്തിൻ്റെ തുടക്കത്തിൽ ഇവയുടെ പ്രവർത്തനം ഏറെ ചിട്ടയോടെയാണ്. ഇംഗ്ലീഷ് ചരിത്രകാരന്മാർ പോലും നെപ്പോളിയൻ്റെ സംഘാടനമികവിന് മികച്ച ഉദാഹരണമായി ഇതിനെ വിവരിക്കുന്നു.

മറുവശത്ത് ബാർക്ലേ ദെ തോലി (Mikhail Bogdanovich Barclay de Tolly) എന്ന ജർമ്മൻ വംശജനായിരുന്നു റഷ്യയുടെ കമാൻഡർ-ഇൻ-ചീഫ്. മിഖയിൽ ഇലാരിയോനോവിച്ച് കുട്ടുസോവ് എന്ന തന്ത്രശാലിയായിരുന്നു സാർ അലക്സാണ്ടറുടെ യുദ്ധകാര്യ മന്ത്രി. ഒന്നര ലക്ഷത്തിൽ താഴെയായിരുന്നു റഷ്യൻ സൈനികരുടെ ആകെ എണ്ണം. യുദ്ധസന്നാഹത്തിലും അവർ പിന്നിലായിരുന്നു.

റഷ്യൻ ആക്രമണം

ഒരു സന്ധി സംഭാഷണത്തിനുള്ള ക്ഷണം റഷ്യ നിരസിച്ചതോടെ റഷ്യൻ മണ്ണിലേക്ക് ഫ്രഞ്ച്‌സൈന്യം പ്രവേശിച്ചു. 1812 ജൂൺ 12ന്, റഷ്യൻ നിയന്ത്രണത്തിലുള്ള പോളണ്ടിലൂടെ അവർ ഇരച്ചുകയറി. റഷ്യൻ സൈന്യം കാര്യമായ ചെറുത്തുനിൽപ്പ് നടത്തിയില്ല. നെമാൻ എന്ന നദിയിൽ മൂന്ന് താൽക്കാലിക പാലങ്ങളുണ്ടാക്കി ഫ്രഞ്ച് സൈന്യം ഇന്നത്തെ ലിത്വാനിയയിലേക്ക് കടന്നു.

അവിടെ നിന്ന് ഫ്രഞ്ചുകാരുടെ കണക്കുകൂട്ടലുകൾ തെറ്റുകയായിരുന്നു. മൺതിട്ടകളും ചെളിയും നിറഞ്ഞ വഴികളിലൂടെ മുന്നോട്ടു പോകാൻ കുതിരവണ്ടികൾ കഷ്ടപ്പെട്ടു. ഭഷ്യസാധനങ്ങളുമായി വരുന്നവർ ആദ്യം കാണുന്ന യൂണിറ്റുകൾക്ക് സാധനങ്ങൾ നൽകി. ഇത് പലപ്പോഴും സൈന്യനിരയുടെ മറ്റേയറ്റം വരെ എത്തിയില്ല. സൈന്യനിരയിൽ സാവധാനം പട്ടിണി ആരംഭിച്ചു.

ഫ്രഞ്ച് സേനയുടെ സെൻട്രൽ കോർ ഇന്നത്തെ ലിത്വാനിയൻ തലസ്ഥാനമായ വിൽനിയസിൽ എത്തിയപ്പോൾ മഴയും ആരംഭിച്ചു. ഇത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി.

ഫലഭൂയിഷ്ഠി കുറഞ്ഞ ഈ നാട്ടിൽ നിന്ന് ഭഷ്യവിഭവങ്ങളൊന്നും ശേഖരിക്കാൻ ആവുമായിരുന്നില്ല. ദിവസം കഴിയും തോറും പോളണ്ടിലെയും ഓസ്ട്രിയയിലെയും സപ്ലൈ ബെയ്സുകളുമായുള്ള അകലം കൂടി വന്നു. രണ്ടു ദിവസത്തെ മഴയ്ക്ക് ശേഷം കൊടും ചൂട് മടങ്ങി വന്നു. കുതിരകൾ ചത്തു തുടങ്ങി. പകർച്ചവ്യാധികൾ പിടിപെടാവുന്ന.അന്തരീക്ഷം. ഫ്രഞ്ച് പടയാളികൾക്ക് രോഗങ്ങൾ ആരംഭിച്ചു. മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രശ്നങ്ങൾ സങ്കീർണമായിത്തുടങ്ങി. Grande Arméeയിലെ പോർച്ചുഗീസ് – സ്പാനിഷ് പടയാളികൾ വീട്ടിലേക്ക് മടങ്ങാൻ തുടങ്ങി. പോകുന്ന വഴിയിൽ അവർ ലിത്വാനിയൻ ഗ്രാമങ്ങൾ കൊള്ളയടിച്ചു. വിവരമറിഞ്ഞ തദ്ദേശീയർ തങ്ങളുടെ വസ്തുവകകൾ നശിപ്പിച്ചിട്ട് ഉൾപ്രദേശങ്ങളിലേക്ക് പിന്മാറി.

എതിരാളികൾ അടുത്തെത്തിയ വിവരം റഷ്യൻ സൈന്യാധിപൻ ദെ തോലി അറിഞ്ഞു. അദ്ദേഹം ഒരു യൂണിറ്റ് കുതിരപ്പടയാളികളുമായി (Cavalry) ഫ്രഞ്ച് ലൈറ്റ് കാവൽറി (French Light Cavalry -FLC) എന്ന യൂണിറ്റിനെ വളഞ്ഞു. അപ്രതീക്ഷിതമായ ഈ നീക്കത്തിൽ നെപ്പോളിയൻ പകച്ചു പോയി. FLCയെ സഹായിക്കാൻ അടുത്തെങ്ങും വേറെ കാവൽറി യൂണിറ്റ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഏറ്റവും അടുത്ത് ലഭ്യമായ കാലാൾപ്പടയാളികളുടെ യൂണിറ്റിനോട് FLCയെ സഹായിക്കാൻ ഉത്തരവിട്ടു. ഈ തക്കത്തിന് ദെ തോലി തൻെറ സൈനികരെയും കൊണ്ട് കടന്നു കളഞ്ഞു. ശത്രു സൈന്യാധിപനെ FLC പിന്തുടർന്നെങ്കിലും സാവധാനം നീങ്ങുന്ന കാലാൾപ്പടയെയും കൂട്ടി ഈ ദൗത്യം ദുഷ്കരമായിരുന്നു. ദെ തോലിയെ കണ്ടുപിടിക്കാനുള്ള ദൗത്യവുമായി ഫ്രഞ്ച് സൈന്യനിരകൾ തലങ്ങും വിലങ്ങും പാഞ്ഞു. ഇവിടെ ഈ സൈനിക ദൗത്യം വഴിതിരിച്ചു വിടപ്പെടുകയായിരുന്നു. തുടർന്ന് ഫ്രഞ്ച് സൈന്യത്തെ തങ്ങളാഗ്രഹിച്ച ഇടത്തേക്ക് ആകർഷിക്കാൻ റഷ്യാക്കാർക്കായി. ദെ തോലി എവിടേക്ക് പോയെന്ന് കണ്ടുപിടിക്കാനുള്ള ദൗത്യത്തിൽ മാത്രം 25,000 പേർ മരിച്ചതായി കണക്കാക്കപ്പെടുന്നു.

Grande Arméeയിൽ ആശയക്കുഴപ്പം അതിന്റെ പാരമ്യത്തിലെത്തി. സപ്ലൈയിലെ തകരാറുകൾ കാരണം മരിക്കുന്നവരുടെ എണ്ണം കൂടാൻ തുടങ്ങി. മേലധികാരികളിൽ നിന്ന് പരസ്പരവിരുദ്ധമായ ഉത്തരവുകൾ ലഭിക്കാൻ തുടങ്ങിയതോടെ ആരെ അനുസരിക്കണം എന്ന കാര്യത്തിൽ സൈനികർക്കിടയിൽ ആശയക്കുഴപ്പമായി. ദെ തോലിയെ അനുകരിച്ച് റഷ്യൻ സൈന്യത്തിൻ്റെ താഴ്ന്ന യൂണിറ്റുകളിലെ ഓഫീസർമാരും ഫ്രഞ്ച് സൈനികരുടെ പരിസരങ്ങളിൽ മിന്നൽ പോലെ പ്രത്യക്ഷപ്പെട്ട്, ശത്രുക്കളെ ആകർഷിച്ച് കടന്നു പോയി (lure and run). ഇങ്ങനെ പിന്തുടർന്ന രണ്ട് ഫ്രഞ്ച് യൂണിറ്റുകളെ കൗണ്ട് മാത്വെയ് ഇവാനോവിച്ച് പ്ലാറ്റോവിൻ്റെ (Count Matvei Ivanovich Platov) കുതിരപ്പട വളഞ്ഞിട്ടാക്രമിച്ച് തോൽപ്പിച്ചു. ഇതിനിടെ റഷ്യൻ സൈന്യത്തിലും ആശയക്കുഴപ്പങ്ങൾ ഉടലെടുത്തു.

ദെ തോലിയും കൂടെയുള്ള കുതിരപ്പടയും കിഴക്കോട്ടേക്ക് പ്രയാണം തുടർന്നു. ഫ്രഞ്ച് സൈനികർ പിന്നാലെ പാഞ്ഞു. അൽപ്പം വിശ്രമം ആഗ്രഹിച്ച ഫ്രഞ്ച് സൈനികർ അസ്വസ്ഥരായി. പത്ത് ദിവസത്തിനുള്ളിൽ 95,000 സൈനികരും 10,000 കുതിരകളും മരിച്ചു കഴിഞ്ഞിരുന്നു.

മോസ്കോയിലേക്ക് കുതിച്ച ദെ തോലി, എവിടെയെങ്കിലും താവളമുറപ്പിച്ച് ശത്രുവിനെതിരെ തിരിച്ചടിക്കാൻ ആഗ്രഹിച്ചു. പീരങ്കികളും യുദ്ധോപകരണങ്ങളും ഒരിടത്ത് ഉറപ്പിക്കാനുള്ള സാവകാശം അയാൾക്ക് ലഭിച്ചില്ല. ഈ ഘട്ടത്തിൽ അമ്പരപ്പിക്കുന്ന വേഗം കൈവരിച്ച ഫ്രഞ്ച് സൈന്യം അദ്ദേഹത്തിൻ്റെ കണക്കുകൾ തെറ്റിച്ചു. ദെ തോലിയെ പിന്തുടരാൻ FLCയുടെ പിന്നാലെ നെപ്പോളിയൻ അയച്ച മൂന്ന് കോളം വരുന്ന പട്ടാളം റഷ്യൻ സൈന്യത്തിൻ്റെ തൊട്ടു പുറകിൽ എത്തിയിരുന്നു. ഇപ്പോൾ അത് ശരിക്കും ദെ തോലിയുടെ പലായനം പോലെയായി. ഇനി അധികം മുന്നോട്ടു പോകാനാവില്ലെന്ന് ആ തന്ത്രജ്ഞൻ മനസ്സിലാക്കി. റഷ്യൻ സൈന്യത്തിലെ ജർമ്മൻ ജനറലായിരുന്ന കാൾ ലൂദ്‌വിഗ് ഫ്രഡറിക് വോൺ ഫുൾ (Karl Ludwig August Friedrich von Phull) ഉപദേശിച്ചതനുസരിച്ച് റഷ്യൻ സൈന്യം പിന്മാറുന്ന പ്രദേശത്തെ കൃഷികൾ നശിപ്പിക്കുകയും വീടുകളും ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള കടകളും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ഇത്തരം യുദ്ധതന്ത്രം scorched earth policy എന്നാണ് അറിയപ്പെടുന്നത്.

കുട്ടുസോവ്

ഈ ഘട്ടത്തിൽ, റഷ്യയിലെ പ്രഭുക്കന്മാർക്ക് പൊതുവെ ദെ തോലിയെപ്പറ്റിയുള്ള അഭിപ്രായം മോശമായി. അങ്ങനെ അദ്ദേഹത്തെ കമാൻഡർ-ഇൻ-ചീഫ് സ്ഥാനത്ത് നിന്ന് മാറ്റി യുദ്ധകാര്യമന്ത്രി കുട്ടുസോവ് സ്വയം ആ സ്ഥാനം ഏറ്റെടുത്തു. സ്മോളെൻസ്ക് എന്ന ഗ്രാമത്തിൽ വച്ച് നടന്ന പോരാട്ടത്തിൽ (Battle of Smolensk, 16-18 August, 1812) റഷ്യൻ സൈന്യം തോൽവിയടഞ്ഞു. വീണ്ടും അവർ കിഴക്കോട്ട് നീങ്ങിക്കൊണ്ടിരുന്നു. ആദ്യം സ്മോളെൻസ്കിൽ തമ്പടിക്കാൻ നെപ്പോളിയൻ ശ്രമിച്ചു. എന്നാൽ, അങ്ങനെ ചെയ്താൽ റഷ്യൻ ഭാഗത്ത് നിന്ന് ആരും ചർച്ചയ്ക്ക് വരില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം റഷ്യൻ സൈന്യത്തെ പിന്തുടർന്നു. കുട്ടുസോവും സൈന്യവും ബൊറോദിനോ (Borodino) എന്ന ചെറു പട്ടണത്തിൽ വച്ച് ഫ്രഞ്ച് സൈന്യത്തെ ചെറുക്കാൻ തീരുമാനിച്ചു.

ബൊറോദിനോയിൽ സെപ്റ്റംബർ ഏഴിന് നടന്ന യുദ്ധത്തിൽ ഏകദേശം 70,000 സൈനികർ കൊല്ലപ്പെട്ടു. ഇരു ഭാഗത്തും ഏകദേശം തുല്യമായ നഷ്ടമുണ്ടായി. എന്നാൽ റഷ്യൻ സൈന്യത്തെ ഫ്രഞ്ചുകാർ തുരത്തിയോടിച്ചു.

കുട്ടുസോവിൻ്റെ നേതൃത്വത്തിൽ മോസ്കൊയിലേക്ക് നീങ്ങിയ സൈന്യത്തെ നെപ്പോളിയൻ പിന്തുടരാൻ ശ്രമിച്ചു. ഈ സമയം റഷ്യൻ സൈന്യത്തിന്റെ പിൻനിരയെ (rear guard) നയിച്ചിരുന്ന പ്ലാറ്റോവ് (നേരത്തെ രണ്ട് തവണ ഫ്രഞ്ച് യൂണിറ്റുകളെ വളഞ്ഞിട്ട് തോൽപ്പിച്ച അതേ ജനറൽ) ഫ്രഞ്ചുകാർക്കെതിരെ കടുത്ത പ്രതിരോധം തീർത്തു. ഈ സമയത്ത് കുട്ടുസോവ് വളരെ തന്ത്രപൂർവ്വം തൻെറ സൈന്യത്തിലെ ഭൂരിഭാഗംപേരെയും സ്വീഡനിലേക്ക് കടത്തി. ഒരു ചെറിയ സൈന്യവുമായി മോസ്കൊയിലേക്ക് കുതിച്ചു. അങ്ങനെ റഷ്യൻ സൈന്യം തോറ്റെങ്കിലും ഒരു വൻ നാശം ഒഴിവായി.

ഒരു ചെറിയ സൈന്യത്തെയും നയിച്ചുകൊണ്ട് മോസ്കൊയിലെത്തിയ കുട്ടുസോവ് അവിടത്തെ ജനങ്ങളെ ഒന്നടങ്കം ഒഴിപ്പിക്കാൻ തുടങ്ങി. പ്ലാറ്റോവിനെ സഹായിക്കാൻ ഒരു ചെറിയ സൈന്യവുമായി കൗണ്ട് മിലോറാഡോവിച്ച് ( Count Mikhail Andreyevich Miloradovich) കൂടെ എത്തി.

മോസ്കോയിലേക്ക്

ഒരാഴ്ച നീണ്ട ചെറുത്തുനിൽപ്പിന് ശേഷം പ്ലാറ്റോവും മിലോറാഡോവിച്ചും പിന്മാറി. നെപ്പോളിയൻ മോസ്കോയിലേക്ക് നീങ്ങി.

റഷ്യയുടെ തലസ്ഥാനമായ സെയ്ൻ്റ് പീറ്റേഴ്‌സ് ബർഗിനു പകരം നെപ്പോളിയൻ എന്തുകൊണ്ട് മോസ്കോ ആക്രമിച്ചു? സെയ്ൻ്റ് പീറ്റേഴ്‌സ് ബർഗ് എന്ന തുറമുഖ നഗരത്ത് ബ്രിട്ടീഷ് നാവികപ്പട റഷ്യയെ സഹായിക്കാൻ എത്തിയേക്കാമെന്ന് നെപ്പോളിയൻ കണക്കുകൂട്ടിക്കാണും. മാത്രവുമല്ല, റഷ്യയിലെ ഏറ്റവും വലിയ നഗരമായ മോസ്കോയിലാണ് ആ രാജ്യത്തിൻ്റെ ആത്മാവ് കുടികൊണ്ടിരുന്നത്. ഇതിനെക്കാളെല്ലാം വലിയ ഒരു യാഥാർഥ്യമുണ്ട്; ആദ്യം ദെ തോലിയും പിന്നീട് കുട്ടുസോവും ഫ്രഞ്ച് സൈന്യത്തെ മനപ്പൂർവ്വം മോസ്കോയിലേക്ക് ആകർഷിക്കുകയായിരുന്നു.

1812, സെപ്റ്റംബർ 14ന് നെപ്പോളിയൻ മോസ്കോയിൽ പ്രവേശിച്ചു. സാർ അലക്സാസാണ്ടർ ചുമതലപ്പെടുത്തിയ ആരെങ്കിലും ചർച്ചകൾക്കായി വരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. എന്നാൽ ‘യുദ്ധവും സമാധാനവും’ എന്ന നോവലിൽ ലിയോ ടോൾസ്റ്റോയ് പറയുന്നത് പോലെ ‘ഒരു പൂച്ച പോലും വന്നില്ല.’ ഒരു വിദേശശക്തി ആക്രമിച്ച് കീഴടക്കുന്ന ഇത്തരം സന്ദർഭങ്ങളിൽ സാധാരണ സംഭവിക്കാറുള്ളതുപോലെ, നഗരത്തിൻ്റെ കോട്ടവാതിലിൻ്റെ താക്കോൽ കൈമാറാൻ ആരും വന്നില്ല. താമസിയാതെ നെപ്പോളിയൻ ആ ഞെട്ടിക്കുന്ന സത്യം മനസ്സിലാക്കി; മോസ്കോ വിജനമാണ്. നഗരത്തിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോകുമ്പോൾ എല്ലാ തടവുകാരെയും കൂടെ മോചിപ്പിക്കാൻ ഗവർണർ ഫ്യോദർ റോസ്റ്റോപ്ചിൻ ഉത്തരവിട്ടിരുന്നു. ആളൊഴിഞ്ഞ വീടുകളും കടകളും കൊള്ളയടിച്ചാണ് ഈ തടവുകാർ തങ്ങളുടെ അപ്രതീക്ഷിത സ്വാതന്ത്ര്യം ആഘോഷിച്ചത്. ഫലത്തിൽ, നഗരത്തിൽ വന്ന ഫ്രഞ്ച് സൈന്യം കുടിവെള്ളം പോലും എവിടെയുണ്ടെന്നറിയാതെ വലഞ്ഞു.

മോസ്കോയിലെത്തിയ നെപ്പോളിയനെ കാത്തിരുന്നത് ദുരന്തങ്ങളായിരുന്നു. ആദ്യ ദിവസം രാത്രിയിൽ തന്നെ നഗരത്തിൽ അങ്ങിങ്ങായി തീപിടുത്തം ഉണ്ടായി. തീകെടുത്താനുള്ള ഉപകരണങ്ങളോ ആവശ്യത്തിന് വെള്ളമെത്തിക്കാനുള്ള സജ്ജീകരണങ്ങളോ ഫ്രഞ്ച് സൈന്യത്തിന്റെ പക്കൽ ഉണ്ടായിരുന്നില്ല. തീപിടുത്തം നിയന്ത്രിച്ചില്ലെങ്കിൽ വെടിക്കോപ്പുകൾക്ക് തീപിടിച്ച് വൻ ദുരന്തം ഉണ്ടാകാവുന്ന സാഹചര്യം! മുമ്പേ തന്നെ അവശരായിക്കഴിഞ്ഞിരുന്ന ഫ്രഞ്ച് സൈനികർ ആ രാത്രി മുഴുവൻ ഉറക്കമിളച്ച് തീകെടുത്തി. അടുത്ത ചില രാത്രികളിലും ദുരൂഹമായ ഈ തീപിടുത്തം ആവർത്തിച്ചു. നഗരം വിട്ടോടിയ ഗവർണർ റോസ്റ്റൊപ്ചിൻ രഹസ്യമായി താമസിപ്പിച്ച ചില റഷ്യൻ പൊലീസുകാരായിരുന്നു ഈ തീപിടുത്തത്തിന് പിന്നിൽ. എളുപ്പത്തിൽ തീപിടിക്കുന്ന തടിയിൽ നിർമ്മിച്ചതായിരുന്നു നഗരത്തിലെ വീടുകൾ അധികവും. ഉറക്കം കൂടെ നഷ്ടപ്പെട്ടതോടെ നെപ്പോളിയൻ്റെ പട്ടാളക്കാർ ക്ഷീണിച്ചവശരായി. തീയിൽ നിന്നുള്ള കൊടുംചൂടും പുകയും കൊണ്ട് അവർ വശം കെട്ടു.

അടുത്ത ദിവസങ്ങളിൽ പ്രശ്നങ്ങൾ കൂടുതൽ വഷളായി. പോളണ്ടിലെ സപ്ലൈ ബെയ്സുകളിൽ നിന്ന് വരുന്ന ആഹാരത്തിൻ്റെ അളവ് കുറഞ്ഞു. വരവ് വല്ലപ്പോഴുമായി. സഹികെട്ട സൈനികർ കാവൽറിയിലെ കുതിരകളെ കശാപ്പു ചെയ്ത് പാകം ചെയ്ത് ഭക്ഷിക്കാൻ തുടങ്ങി. യൂറോപ്പിലെയും മധ്യേഷ്യയിലെയും ജനങ്ങളുടെ സാധാരണ ഭക്ഷണത്തിൻ്റെ ഭാഗമാണ് കുതിരയിറച്ചി. പക്ഷേ കുതിരകളുടെ എണ്ണം കുത്തനെ കുറഞ്ഞതോടെ സൈന്യത്തിൻ്റെ മൊത്തത്തിലുള്ള ശേഷി ഗണ്യമായി കുറഞ്ഞു. യൂറോപ്പിൽ അന്നുണ്ടായിരുന്ന ഏറ്റവും മികച്ച കുതിരകളായിരുന്നു ഇങ്ങനെ നഷ്ടപ്പെട്ടതെന്നോർക്കണം. ഇങ്ങനെ കുതിരകൾ നഷ്ടപ്പെട്ടതിന് നെപ്പോളിയൻ നൽകിയ വിലയാണ് വാട്ടർലൂവിലെ തോൽവിയെന്ന് പറയുന്നത് അതിശയോക്തിയല്ല.

കുടിവെള്ളത്തിന് ക്ഷാമം നേരിട്ടപ്പോൾ ഫ്രഞ്ച് സൈനികർ ചതുപ്പ് നിലങ്ങളിലെ ചെളിവെള്ളം കുടിച്ചു. താമസിയാതെ വയറിളക്കമുൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ പടർന്നു പിടിച്ചു.

ഇപ്പോഴും റഷ്യൻ ചക്രവർത്തിയോ അദ്ദേഹത്തിന്റെ പ്രതിനിധിയോ കീഴടങ്ങാൻ വരുമെന്ന പ്രതീക്ഷയിലായിരുന്നു നെപ്പോളിയൻ. എന്നാൽ വരാൻ പോകുന്ന കൊടിയ ശൈത്യകാലത്തെപ്പറ്റിയുള്ള ഭീതി കാരണം ഫ്രഞ്ച് ക്യാമ്പിൽ മുറുമുറുപ്പ് ആരംഭിച്ചു. ഇനിയും കാക്കുന്നത് ബുദ്ധിയല്ലെന്ന് നെപ്പോളിയന് മനസ്സിലായി. അതുകൊണ്ട് തന്നെ, മോസ്കോയിൽ ഒരു സ്ഥിരം സൈനികത്താവളം സ്ഥാപിച്ച് റഷ്യയെ തൻെറ സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുന്നതിനെപ്പറ്റി ചിന്തിക്കാനെ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല.

ഒരു മാസത്തെ കാത്തിരിപ്പിന് ശേഷം ഒക്ടോബർ 19ന് തൻെറ സൈന്യവുമായി നെപ്പോളിയൻ ഫ്രാൻസിലേക്ക് മടക്കയാത്ര ആരംഭിച്ചു. വിജയം വെറും അർഥരഹിതമായ വാക്ക് മാത്രമായി മാറുന്ന അപൂർവ നിമിഷം!

കൂടുതൽ പ്രശ്നങ്ങൾ

മടങ്ങിപ്പോയ ഫ്രഞ്ച് സൈന്യത്തെ കുട്ടുസോവ് പിന്നിൽ നിന്ന് ആക്രമിച്ചു. മാലോയാരോസ്ലാവെത്‌സിലെ പോരാട്ടത്തിൽ (Battle of Maloyaroslavets – October 24, 1812) ഫ്രഞ്ച് സൈന്യം വിജയിച്ചു. പക്ഷേ, വലിയ നഷ്ടങ്ങൾ കൂടാതെ റഷ്യൻ സൈന്യം മിന്നൽ വേഗത്തിൽ പിന്മാറി. അപരിചിതമായ വഴികളിലൂടെ മടങ്ങുന്നതിനെക്കാൾ നല്ലത് വന്നവഴിയിലൂടെയുള്ള മടക്കമാണെന്ന് ഫ്രഞ്ച് സൈന്യം തീരുമാനിച്ചു. ആ വഴിയിലാകട്ടെ, തിന്നാനും കുടിക്കാനും ഒന്നുമില്ലെന്ന് ഫ്രഞ്ച് സൈനികർക്ക് അറിയാവുന്നതായിരുന്നല്ലോ.

റഷ്യൻ ആധിപത്യത്തിന് കീഴടങ്ങാതെ റഷ്യൻ ഭൂപ്രദേശങ്ങളിൽ ജീവിച്ചിരുന്ന സ്വതന്ത്ര ജനവിഭാഗമായിരുന്നു കൊസാക്കുകൾ. റഷ്യക്കാരെപ്പോലെ സ്ലാവ് വംശജരായ ഇവർക്ക് സ്വന്തം ഭാഷയും സൈന്യവും ഉണ്ടായിരുന്നു. മടങ്ങിപ്പോകുന്ന ഫ്രഞ്ച് സൈനികരെ ഇവർ പിന്നിൽ നിന്ന് ആക്രമിച്ചിട്ട് മിന്നൽവേഗത്തിൽ മറയുന്നത് പതിവായി. ഫ്രഞ്ച് സൈന്യം ആകെ പ്രാണഭയത്തിലായി.

കുതിരകളുടെ എണ്ണം കുറഞ്ഞതോടെ ഫ്രഞ്ച്‌ കുതിരപ്പട ഫലത്തിൽ ഇല്ലാതായി. കുതിരപ്പടയാളികൾ കാൽനടയായി കൂട്ടംകൂടി നീങ്ങി. കുതിരകളുടെ സഹായമില്ലാതെ വലിയ പീരങ്കികൾ വലിച്ചുകൊണ്ട് പോവുക അസാധ്യമായി. അവർ വലിയ പീരങ്കികൾ വഴിയിൽ ഉപേക്ഷിച്ചു. കഷ്ട്ത കാരണം പട്ടാളത്തിൽ നിന്ന് ഓടിപ്പോയ ഫ്രഞ്ചുകാരെ റഷ്യൻ ഗ്രാമീണർ പിടിച്ച് കൊല്ലുകയോ തടവിലാക്കുകയോ ചെയ്തു.

ബെരെസീനാ നദിയുടെ കരയിലെത്തിയ ഫ്രഞ്ചുകാരെ പിന്തുടർന്ന് വന്നെത്തിയ റഷ്യൻ സൈന്യം വീണ്ടും ആക്രമിച്ചു. ഒരു മിന്നലാക്രമണത്തിനു ശേഷം റഷ്യക്കാർ പിന്മാറി. എത്രയും വേഗം നദി കടക്കാനുള്ള വെപ്രാളത്തിനിടയിൽ അവർ താൽക്കാലിക പാലങ്ങളിൽ തിക്കിത്തിരക്കി. നദിയിൽ വീണ് ഏകദേശം ഒരു ലക്ഷം പടയാളികളും അനേകം കുതിരകളും ഒലിച്ചുപോയി.

ഇതിനിടയിൽ പാരീസിൽ നെപ്പോളിയനെതിരെ അട്ടിമറി ശ്രമമുണ്ടായി. സൈന്യത്തെ വിട്ടിട്ട്
അദ്ദേഹം ഒരു കുതിര വണ്ടിയിൽ പാരീസിലേക്ക് തിരിച്ചു (ഡിസംബർ, 1812). ഒരു മാസം കഴിഞ്ഞാണ് ഫ്രഞ്ച് സൈനികർ സ്വന്തം രാജ്യത്ത് തിരിച്ചെത്തിയത്. വെറും 22,000 പേരാണ് Grande Armeeയിൽ ബാക്കിയുണ്ടായിരുന്നതെന്ന് സമകാലീന രേഖകൾ പറയുന്നു. അന്തിമ വിജയം റഷ്യക്കായിരുന്നെന്ന് പറയാൻ സ്റ്റാറ്റിസ്റ്റിക്‌സ് ഒന്നും പരിശോധിക്കേണ്ട കാര്യമില്ല. നെപ്പോളിയൻ്റെ പതനം അവിടെ ആരംഭിച്ചു കഴിഞ്ഞിരുന്നു.

ചരിത്രത്തിൻ്റെ ആവർത്തനം

റഷ്യയിൽ വന്ന് ഇത്തരമൊരു തോൽവി ഏറ്റുവാങ്ങി മടങ്ങുന്ന ആദ്യ സൈനിക മേധാവിയായിരുന്നില്ല നെപ്പോളിയൻ. കൃത്യം ഒരു നൂറ്റാണ്ട് മുമ്പ് സ്വീഡനിലെ രാജാവായിരുന്ന ചാൾസ് ഏഴാമന് ഇതേ അനുഭവം നേരിടേണ്ടി വന്നു. ചരിത്ര പഠനം ഭ്രാന്ത് പോലെ കൊണ്ടു നടന്ന നെപ്പോളിയന് ഇക്കാര്യം അറിയാമായിരുന്നു. എന്നിട്ടും നെപ്പോളിയൻ അതേ മണ്ടത്തരം ആവർത്തിച്ചു. 1941-45ൽ ഹിറ്റലറുടെ നാസിപ്പടയും റഷ്യൻ ശൈത്യത്തിനു മുന്നിൽ തോറ്റോടി.

“നമ്മൾ ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കുന്നില്ല എന്നാണ് നമ്മൾ ചരിത്രത്തിൽ നിന്ന് പഠിക്കുന്നത്
(We learn from history that we do not learn from history”) എന്ന് ഹെഗൽ പറഞ്ഞത് എത്ര ശരി!
(Posted by Wilfred Raj David)