കടംകേറി മുടിഞ്ഞ വിശ്വാസിയും വലിയ സെറ്റപ്പിലായ ജ്യോത്സ്യനും

0
72

Astrology 

ഓ… എന്തൊരു ജീവിതം….കഷ്ടത…., രോഗങ്ങൾ…, സാമ്പത്തിക ഞെരുക്കം …ദുരിതങ്ങൾ നിറഞ്ഞ ജീവിതം …..ഓ.. ഒരു വിധത്തിലും സമാധാനത്തോട് ജീവിക്കാൻ കഴിയുന്നില്ല…..ആരാണ്ട് ഏതാണ്ട് ചെയ്തതായിരിക്കും …..വല്ല കൂടോത്രമോ മറ്റോ….എന്തായാലും ഒരു ജ്യോത്സ്യനെ പോയികണ്ടു … രൂപ 500 പോയാലും വേണ്ടുകേല…… പ്രശ്നങ്ങൾ ഒക്കെ മാറികിട്ടുമല്ലോ…… ….ജോത്സ്യൻ തന്റെ മുൻപിൽ വെച്ചിരിക്കുന്ന പലക കഷ്ണത്തിൽ കവിടി നിരത്തി കണ്ണടച്ചുകൊണ്ട് എന്തൊക്കെയോ പിറുപിറുത്തു. …..

എനിക്ക് ചൊവ്വാ ദോഷമുണ്ട് പോലും ….. ….ദൈവാനുഗ്രഹം തീരെയില്ല…. മരിച്ചുപോയ അപ്പനപ്പൂപ്പന്മാരെ ശരിയായ രീതിയിൽ ഇരുത്തിയിട്ടില്ലത്രേ …. അവരുടെ ആത്മാക്കൾ അലഞ്ഞുതിരിഞ്ഞു നടക്കുകയാണ് പോലും … ……ചില പൂജകൾ മാസത്തിൽ ഒരിക്കൽ നടത്തണമെന്നും, ഐശ്വര്യം ഉണ്ടാകാൻ വീടിന്റെ തെക്കേ മൂല ഇടിച്ചു നിരത്തി വീടിന്റെ ദർശനം വടക്കോട്ട് ആക്കണമെന്നും ഗണിച്ചു.. പിന്നെ ശാരീരികമായ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം അടുക്കള പടിഞ്ഞാറ് ആയതിനാൽ ആണ്…… അതും പൊളിക്കണം…വിദ്യാഭ്യാസപരവും തൊഴിൽപരവും ആയ പ്രശ്നങ്ങൾ അകറ്റാൻ അടുത്തുള്ള ക്ഷേത്രത്തിൽ മറ്റൊരു പൂജയും. അരയിൽ കെട്ടാൻ മന്ത്ര കൂടും ഉപദേശിച്ചു …കന്നി ക്കോണിൽ നിൽക്കുന്ന മാവ് വെട്ടിക്കളയണം. ….. കിണറിന്റെ സ്ഥാനം ശരിയല്ല. ഇപ്പോഴുള്ള കിണർ മുടിക്കളഞ്ഞ് വീടിന്റെ കിഴക്ക് ഭാഗത്ത് പുതിയ കിണർ കുഴിക്കണം….അപ്പോൾ രോഗങ്ങളിൽ നിന്നും രക്ഷപെടും …പിന്നെ അടുത്തുള്ള ദേവീക്ഷേത്രത്തിൽ എല്ലാ ചൊവ്വാഴ്ചയും നാളിൽ അർച്ചന നടത്തണം.. ഇത്രയും ചെയ്താൽ അഭിവ്യദ്ധിയും,… സർക്കാർ ജോലിയും… , പിന്നെ സുശീലയും, സൽഗുണ സമ്പന്നയും സുന്ദരിയുമായ പെണ്ണിനെ ഭാര്യയായും ലഭിക്കും ……

ഇത്രയും കേട്ടപ്പോൾ ഉന്മാദ പൂത്തിരികൾ നെഞ്ചിൽ വിരിഞ്ഞു ….. മനസ്സിൽ ലഡു പൊട്ടി …. എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു ആത്മ നിർവൃതിയും ഉണ്ടായി….. എല്ലാം ജ്യോൽസ്യർ തന്നെ നോക്കി നടത്തി തരണം എന്നും പറഞ്ഞ് കടം മേടിച്ച കൈയിൽ ഉണ്ടായിരുന്ന 1000 രൂപയും കൂടി ജ്യോത്സ്യന് കൊടുത്തപ്പോൾ അത് പുഞ്ചിരിയോട് സ്വീകരിച്ച് പുള്ളിക്കാരൻ എന്റെ തലയിൽ രണ്ടു കൈകളും വച്ചു അനുഗ്രഹിച്ചു…. പോരാത്തതിന് ഈ പണിയൊക്കെ ചെയ്യാൻ ബംഗാളി കോൺട്രാക്ടറിനെയും പൂജാ സാധനം വാങ്ങാനുള്ള കടയും ഇടപാടാക്കി തന്നു .. . എല്ലാം ശരിയാകുമല്ലോ എന്നുചിന്തിച്ച് ഞാൻ വീട്ടിലേക്ക് നടന്നു…
ഇത് കഴിഞ്ഞിട്ട് ഇപ്പോൾ വർഷം രണ്ടായി ….. ലോൺ എടുത്തു അടുക്കള മാറ്റി പണിതതിനും വേറെ കിണർ കുഴിച്ചതിനും ബാങ്കിൽ നിന്ന് നോട്ടീസ് വരാറുണ്ട് … സർക്കാർ ജോലി ശരിയായില്ല … അതിനാൽ പെണ്ണും കിട്ടിയില്ല …. വീണ്ടും ആ ജ്യോത്സ്യനെ പോയിക്കണ്ടപ്പോൾ, ജോലി കിട്ടാൻ PSC കോച്ചിങ്ങിനു പോകാൻ അയാൾ ഉപദേശിച്ചു…. രോഗം മാറാൻ, പോയി നല്ല ഡോക്ടറെ കാണണമെന്ന് ഉപദേശിക്കാനും അയാൾ മറന്നില്ല.

ആ ജ്യോൽസ്യൻ ഇപ്പോൾ വലിയ സെറ്റപ്പിലാണ് ജീവിക്കുന്നത്.. … പുതിയ കാർ ഒക്കെ വാങ്ങി……രണ്ടുനില വീടുവച്ചു…. കംപ്യുട്ടർ ഉപയോഗിച്ചാണ് ഇപ്പോൾ ഫലം പറയുന്നത് …. ടോക്കൺ ഒക്കെ വച്ചാണ് ഇപ്പോൾ സേവനം…… ഫോൺ വിളിച്ച് നേരത്തെ ബുക്ക് ചെയ്യാനും സൗകര്യമുണ്ട്……എന്താ അല്ലെ……ഓരോത്തരുടെ ഓരോ സമയം…..

(കടപ്പാട് TR sivakumar)