ആത്മഹത്യ ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ആരെങ്കിലും നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ ?

843

ഹണി ഭാസ്കരന്റെ മനോഹരമായ കുറിപ്പ്

ആത്മഹത്യ ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ആരെങ്കിലും നിങ്ങളോട് സംസാരിച്ചിട്ടുണ്ടോ ?(2018)

ആത്മഹത്യക്കും ജീവിതത്തിലും ഇടയിലുള്ള മുടിനാര് കനമുള്ള നൂൽപ്പാലത്തിലൂടെ എപ്പോഴെങ്കിലും കടന്നു പോയിട്ടുണ്ടോ ?

അതിജീവനത്തിനായുള്ള സകല വഴികളും ചിക്കിച്ചികഞ്ഞ് കിട്ടിയ കച്ചിത്തുരുമ്പിലൂടെ പിടിച്ചു കയറാൻ ശ്രമിക്കുമ്പോൾ ഒരിക്കലും രക്ഷപെടരുതെന്ന കൂർമ്മ ബുദ്ധിയോടെ പിന്നിൽ നിന്നാരെങ്കിലും തള്ളി താഴെയിട്ടിട്ടുണ്ടോ ?

അന്ധമായ വിശ്വാസങ്ങൾക്കും ഉൻമാദപൂർണ്ണമായ സ്നേഹ ബന്ധങ്ങൾക്കും ഇടയിൽ, വഞ്ചനയ്ക്കും ഒറ്റിനും ഇടയിൽ നിലം പൊത്തി വീണ് നിങ്ങളുടെ ലോകം എന്നന്നേക്കുമായി ഇരുണ്ടു പോയിട്ടുണ്ടോ ?

സ്നേഹിക്കുന്നവർക്കു വേണ്ടി സ്വയരക്ഷ നോക്കാതെ കവച കുണ്ഢലങ്ങളെല്ലാം ഊരി നൽകി ശൂന്യതയുടെ വലിയ വൃത്തത്തിനുള്ളിൽ നിന്നു പുറത്തു കടക്കാനാവാതെ തളർന്നു നിന്നിട്ടുണ്ടോ ?

അത്യഗാധമായ് പ്രണയിച്ചിട്ടും, ആ ശ്വാസത്തെ പോലും ആർത്തിയോടെ ജീവനിൽ കലർത്തിയിട്ടും ഒരിക്കലും പെറുക്കി കൂട്ടാനാവാത്തത്ര വികൃതമായ് നിങ്ങളെ ചിന്നിച്ചിതറിച്ച് കളഞ്ഞപ്പോൾ തൊണ്ടക്കുഴലിൽ കണ്ണീർ തടഞ്ഞ്, ഉറക്കമില്ലാതെ വിഭ്രാന്തിയോടെ, തേരട്ട പോലെ സ്വയം ചുരുങ്ങി കൂടിയിട്ടുണ്ടോ ?

എഴുത്തിനെക്കാൾ വലുതാണ് വിശപ്പെന്ന് പലയാവർത്തി ഉദരം ശബ്ദമില്ലാതെ കരയുമ്പോഴും ആത്മാഭിമാനത്തെ ഭയന്ന് വല്ലപ്പോഴും മധുരമില്ലാത്ത കാപ്പിയോ പൂത്ത ബ്രഡോ കഴിച്ചിരിക്കുമ്പോൾ പുറം പൂച്ച് വെച്ച് നിങ്ങളെ ജഡ്ജ് ചെയ്ത് നിങ്ങൾക്കെന്തിനാണ് ജോലിയെന്ന്, കഥയെഴുതി, കവിതയെഴുതി വായനക്കാരെ സന്തോഷിപ്പിക്കൂ എന്ന തമാശ കേട്ട് മറുപടി പറയാതെ കയ്പ്പോടെ ചിരിച്ചിട്ടുണ്ടോ ?

മരണത്തോളം തന്നെ മരവിപ്പിക്കുന്ന, അരക്ഷിതമാക്കുന്ന നിസ്സഹായതകളിൽ നിങ്ങൾക്ക് സഹായ ഹസ്തം നീട്ടിയ മനുഷ്യൻ നിങ്ങളുടെ ഉടൽച്ചൂട് വേണമെന്ന് ഉളിഭ്യ ചിരി എറിയുമ്പോൾ, മുഖമടച്ച് തിരിഞ്ഞു നടക്കുമ്പോൾ നന്ദി കെട്ടവൾ/ നന്ദികെട്ടവൻ എന്ന വിളിപ്പേര് കേട്ട് സ്തംഭിച്ച് നിന്നിട്ടുണ്ടോ ?

ജീവിതത്തിൽ ഒരിക്കലെങ്കിലും കുടുംബഭാരങ്ങൾ തോളിൽ തൂക്കി, കഴുതയാണെന്ന് വിഡ്ഢിവേഷം കെട്ടി വിളർത്തും ദാഹിച്ചും എത്തേണ്ട ലക്ഷ്യങ്ങളിൽ ഭാരം ഇറക്കി വെച്ച് അവരുടെ സന്തോഷങ്ങൾക്ക് ഭാഗഭാക്കായിട്ടുണ്ടോ ?

വീടില്ലാതെ, കൂടില്ലാതെ, ഒറ്റക്ക് നിലവിളിക്കുമ്പോൾ ശിരസ് ചായ്ക്കാൻ തോള് കാണാതെ “ഒറ്റ ” യെന്ന വാക്ക് ചുറ്റും ചേർന്നു നിൽക്കുന്ന ആൾക്കൂട്ടത്തിന് പരിഹരിക്കാനാവില്ല എന്ന് തീർച്ചപ്പെടുത്തിയിട്ടുണ്ടോ ?

അണ്ണാൻ ചൂടുകാലങ്ങളിൽ തണുപ്പുകാലത്തേക്ക് കപ്പലണ്ടി കരുതി വെയ്ക്കും പോലെ ഓരോ നാണയത്തുട്ടും കരുതി വെച്ച് ദുരിത പാലങ്ങൾ പതിയെ കടക്കുമ്പോൾ, പിന്നിലൊരാളില്ലാതെ അവന്/അവൾക്കത് സാധിക്കില്ലെന്ന പരിഹാസം കേട്ട് ലോകത്തെ തന്നെ വെറുത്തു പോയിട്ടുണ്ടോ ?

സ്നേഹത്തിനായ് യാചിച്ച് നിന്ന്, സാന്ത്വനത്തിനായ് വിധേയപ്പെട്ടിട്ടും നിരുപാധികം അവഞ്ജയോടെ നിരാസത്തിന്റെ ഗർത്തത്തിലേക്ക് വലിച്ചെറിയപ്പെട്ടിട്ടുണ്ടോ ?

നിങ്ങളുടെ സങ്കടങ്ങളെ, നിങ്ങളുടെ ജീവിതത്തിന്റെ ഒറ്റ അറ മാത്രം കണ്ടൊരാൾ കളവെന്ന് മുദ്ര വെയ്ക്കുമ്പോൾ മരണമാണ് ജീവിതത്തേക്കാൾ നല്ലതെന്ന് ഒരിക്കലെങ്കിലും കരുതിയിട്ടുണ്ടോ ?

ഏറ്റവും അടുത്ത മിത്രമെന്ന പങ്കു വഹിച്ച് നിങ്ങളുടെ ജീവിതത്തിന്റെ സ്വകാര്യ ദു:ഖങ്ങൾ മറ്റാർക്കെങ്കിലും വേണ്ടി വിൽക്കപ്പെടുമ്പോൾ, പിൽക്കാലങ്ങളിൽ ബ്ലാക്ക്മെയിൽ ചെയ്യുമ്പോൾ ഞെട്ടിയുലഞ്ഞ്, പെരുമഴ പോലെ അലറി പെയ്തിട്ടുണ്ടോ ?

ഏതോ നോവിൽ വീണ് കൈകാലിട്ടടിച്ച് രക്ഷപെടാനാവാതെ എല്ലാ വഴികളും അടഞ്ഞു പോയൊരാളുടെ അവസാനത്തെ വഴിയാണത്.

ജീവിതത്തിലേക്കൊരാളെ വലിച്ചടുപ്പിക്കാനുള്ള വഴിയെക്കാൾ അനായാസമാണല്ലോ മരണത്തിലേക്കൊരാളെ നടത്തിക്കാനുള്ള വഴി’

ഇതെല്ലാം അറിഞ്ഞിട്ടുണ്ട്. ജീവിതത്തിലെത്രയോ ഇടങ്ങളിൽ ജീവിതത്തെക്കാൾ എത്രയോ ഭേതമാണ് ആത്മഹത്യയെന്ന് തല തല്ലി കരഞ്ഞിട്ടുണ്ട്. ഒരാൾക്കൂട്ടവും തിരിച്ചറിയാതെ ഒരു കടലിനെയാകെ ഉള്ളിൽ പേറി കഴിച്ചു കൂട്ടിയ കാലങ്ങളുണ്ട്.

ഇതാ… ഞാനവസാനിപ്പിക്കുന്നുവെന്ന് എഴുതി വെച്ച അക്ഷരങ്ങളിൽക്കിടയിലൂടെ രക്ഷപെടാനുള്ള ഒരു വരി തെളിയുമോ എന്ന് കൊതിയോടെ കരഞ്ഞിട്ടുണ്ട്.

സഹതാപം ഒരു തരിമ്പും ആത്മഹത്യ ചെയ്യാനൊരുങ്ങുന്നവർ ആഗ്രഹിക്കുന്നില്ല. അവർക്ക് വേണ്ടത് പരിഹാരങ്ങളാണ്.

സ്നേഹം കൊണ്ടോ ദയ കൊണ്ടോ പോലും ഉണക്കാൻ പറ്റുന്ന മുറിവുകൾ ഉണ്ടായിട്ടുപോലും ആരുമില്ലാതെ മരണത്തെ സ്വയം ആശ്ശേഷിച്ചവർ.

മറ്റാരോ പടുത്തു നൽകിയ സ്വന്തം വീട്ടിൽ, പരിചാരകർക്കിടയിൽ, എല്ലാ പ്രിവില്ലേജുകളും അനുഭവിച്ച് മനുഷ്യരെ അധിക്ഷേപിക്കും പോലെ, ആത്മഹത്യക്ക് ഒരുക്കി നിർത്തും പോലെ നിസാരമല്ല സ്വന്തം ഇടപെടലുകളെ ഏറ്റവും ഭദ്രമായ്, ആത്മാർത്ഥമായ് മരണം വരെയും ചേർത്തു പിടിക്കുക എന്നത്. ഉള്ളറിയുക എന്നത്.

അഹങ്കാരങ്ങളുടെ ഉറപ്പിൽ മറ്റുള്ള മനുഷ്യരെ കൊണ്ട് ചോര തുപ്പിച്ച്, അവർ നടക്കുന്ന വഴികളിൽ പരിഹാസങ്ങളുടെ മഴുവെറിഞ്ഞ്, അവരുടെ കിതപ്പുകളെ പുലഭ്യം പറയുന്നത്ര എളുപ്പമേയല്ലത്.

ജീവിക്കൂ എന്ന് ഉപദേശിക്കും പോലെ ഒന്നല്ല അതിനായ് എന്റെ പങ്ക് ഏതു വിധം വേണമെന്ന് ചോദിക്കുന്നത്

പലയാവർത്തി ഒരാളുടെ ദുഃഖം കേട്ടിട്ടും ഒന്നും ചെയ്യാത്ത നമുക്ക് ജീവിതത്തെ റദ്ദു ചെയ്തു മരണം തിരഞ്ഞെടുത്തവരെ കുറ്റപ്പെടുത്താൻ എന്താണവകാശം ?

കവി തന്റെ കവിതയിലൂടെ പറഞ്ഞതു പോലെ

“ഒരാൾ ആത്മഹത്യ ചെയ്യുന്നതിനും എത്രയോ മുന്നേ അയാൾ മരിച്ചിരിക്കും. പിന്നെ നമ്മൾ കാണുന്നത് മരിച്ചവനെയാണ്”.

“ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
മരിച്ചിട്ടുണ്ടാവും

അതിലും എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
തീരുമാനിച്ചിരുന്നതിനാല്‍

മരിച്ച ഒരാള്‍ക്കാണല്ലോ
ഭക്ഷണം വിളന്പിയതെന്ന്
മരിച്ച ഒരാളുടെ കൂടെയാണല്ലോ
യാത്ര ചെയ്തതെന്ന്
മരിച്ച ഒരാളാണല്ലോ
ജീവനുള്ള ഒരാളായി
ചിരിച്ചും കരഞ്ഞും അഭിനയിച്ചതെന്ന്

കാലം വിസ്മയിക്കും

അയാളുടെയത്രയും
കനമുള്ള ജീവിതം
ജീവിച്ചിരിക്കുന്നവര്‍ക്കില്ല

താങ്ങിത്താങ്ങി തളരുന്പോള്‍
മാറ്റിപ്പിടിക്കാനാളില്ലാതെ
കുഴഞ്ഞുപോവുന്നതല്ലേ
സത്യമായും അയഞ്ഞുപോവുന്നതല്ലേ

അല്ലാതെ
ആരെങ്കിലും
ഇഷ്ടത്തോടെ……”

അതെ… അയാൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച നിമിഷം മുതൽ അയാൾ മാത്രം അനുഭവിച്ച ആ അസഹ്യമായ നോവോർത്താണ് നെഞ്ചുരുക്കം. 

ഒരാത്മാവും മരണശേഷം നമ്മളോതുന്ന സങ്കീർത്തനങ്ങൾക്ക്, വിലാപങ്ങൾക്ക് നന്ദി പറയാറില്ല.