പുലിമുരുകന് ശേഷം മോഹൻലാൽ വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മോൺസ്റ്റർ ഈ വരുന്ന വെള്ളിയാഴ്ച റിലീസ് ആകുകയാണ് . മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഈ അവസരത്തിൽ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും നടി ഹണി റോസ് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.
“മോൺസ്റ്റർ ഈ വരുന്ന 21-ാം തീയതി റിലീസ് ചെയ്യുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രതീക്ഷയുള്ളതും റിലീസ് ചെയ്യാനായി കാത്തിരിക്കുന്നതുമായി സിനിമയാണിത്. എന്റെ ഇത്രയും നാളത്തെ സിനിമാ കരിയറിലെ മികച്ച കഥാപാത്രമാകും മോൺസ്റ്ററിലെ ബാമിനി. ഇത്രയും വലിയൊരു ടീമിന്റെ കൂടെ മനോഹരമായൊരു കഥാപാത്രം അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം. ലാൽ സാറിന്റെ കൂടെ ഇത്രയും സ്ക്രീൻ സ്പേയ്സ് കിട്ടിയ വേറൊരു സിനിമ ഇല്ലെന്ന് തോന്നുന്നു. വൈശാഖ് സാറിന്റെ കൂടെ ആദ്യമായാണ് പ്രവർത്തിക്കുന്നത്. ആശിർവാദാണ് നിർമാണം. അങ്ങനെ വലിയൊരു ടീം ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. നിങ്ങളുടെ എല്ലാ അനുഗ്രഹവും പ്രാർത്ഥനയും ഞങ്ങളോടൊപ്പം ഉണ്ടാകണം”; ഹണി റോസ് പറഞ്ഞു.