നിങ്ങൾക്ക് എങ്ങിനെ ഒരു കോടീശ്വരനാകാം ?

134

Nazeer Hussain Kizhakkedathu

നിങ്ങൾക്ക് എങ്ങിനെ ഒരു കോടീശ്വരനാകാം.

ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം അയ്യായിരം രൂപ ലാഭം കിട്ടുന്ന ഒരു സ്റ്റോക്ക് മാർക്കറ്റ് ഫണ്ടിനെ കുറിച്ചാണ് ഞാൻ ഈ പോസ്റ്റിൽ പരിചയപ്പെടുത്താൻ പോകുന്നത്. അമേരിക്കയിൽ വാറൻ ബഫറ്റ്‌ മാനേജ് ചെയ്യുന്ന ഒരു ഫണ്ടാണിത്. കറൻസി ഫ്യൂച്ചറുകൾ ഉപയോഗിച്ചാണ് ഇവർ ഇത്രമാത്രം ലാഭമുണ്ടാകുന്നത്. ഇതുവഴി കോടീശ്വരന്മാരായ അനേകം പേര് എന്റെ സുഹൃത്തുക്കളാണ്.
നിങ്ങളുടെ ഒരടുത്ത സുഹൃത്തോ ബന്ധുവോ, ഫേസ്ബുക്കിൽ പ്രമുഖനായ ഒരു വ്യക്തിയോ ഇതുപോലെ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും? പ്രത്യകിച്ച് സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചോ, കറൻസി ഫ്യൂച്ചർ, ഓപ്ഷൻ എന്നൊക്കെ കേട്ടിട്ട് പോലുമില്ലാത്ത ഒരാളാണ് നിങ്ങളെങ്കിൽ? പലരും വിശ്വസിക്കും. പൈസ ഇടുകയും ചെയ്യും. സ്വന്തം പൈസ കൂടാതെ ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ , അല്ലെങ്കിൽ ലോൺ എടുത്തു പോലുമോ നിക്ഷേപിക്കാൻ സാധ്യതയുണ്ട്. കാരണം ഒരു ലക്ഷ്യമിട്ട് മാസം പതിനായിരം കിട്ടുന്നത് സ്വപ്നതുല്യമാണ്. പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട്.
ഒരു ലക്ഷത്തിനു മാസം അയ്യായിരം രൂപ എന്നാൽ വർഷത്തിൽ അറുപതിനായിരം രൂപ, 60 ശതമാനം റിട്ടേൺ. 2008 ലെ മാർക്കറ്റ് ക്രാഷ് കഴിഞ്ഞ് റോക്കറ്റ് പോലെ മേലോട്ട് കുതിക്കുന്ന അമേരിക്കൻ സ്റ്റോക്ക് മാർക്കറ്റ് പോലും കഴിഞ്ഞ പത്തു വർഷത്തിൽ ശരാശരി 12 ശതമാനം ലാഭമാണ് തരുന്നത്. കഴിഞ്ഞ വർഷം എനിക്ക് കിട്ടിയത് 20 ശതമാനത്തിനു മുകളിലാണ്, പക്ഷെ ഇത് വല്ലപ്പോഴും സംഭവിക്കുന്ന കാര്യമാണ്. 2008 ലെ നഷ്ടം 30 ശതമാനം ആയിരുന്നു. ശരാശരി എടുക്കുമ്പോൾ ഏതാണ്ട് 11 – 12 ശതമാനമാണ് ലാഭം കിട്ടുന്നത്. 60 ശതമാനം വരുമാനം സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് വർഷങ്ങളോളം സ്ഥിരമായി കിട്ടുന്നത് അസംഭ്യവമാണ്. സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് അറിയാത്തവർക്ക് ഈ കണക്കുകൾ അറിയാൻ കഴിയണമെന്നില്ല. ടെസ്ല സ്റ്റോക്ക് കഴിഞ്ഞ കുറച്ചു മാസങ്ങൾ കൊണ്ട് പല ഇരട്ടിയായി പോയതൊക്കെ മാത്രം കാണുന്ന സാധാരണക്കാർ ഒരുപക്ഷെ ഇത്തരം ചതികളിൽ വീണുപോവാം.

അത് പക്ഷെ സാധാരണ മാർക്കറ്റ് ഫണ്ടുകളിൽ S&P 500 , NASDAQ 100 തുടങ്ങിയ ഇൻഡക്സ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് കൊണ്ടല്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം.( ഞാൻ നിക്ഷേപിക്കുന്നത്. ഇന്ത്യയിൽ അത് BSE അല്ലെങ്കിൽ NSE ഇൻഡക്സ് ഫണ്ടുകൾ ആയിരിക്കും. ഇത്തരം ഫണ്ടുകൾക്ക് മാനേജ്‌മന്റ് ഫീ കുറവായിരിക്കും.) പക്ഷെ വളരെ ദീർഘകാല നിക്ഷേപങ്ങളുടെ യാഥാർഥ്യം ഒരു ഫണ്ടിനും മാർക്കറ്റ് നൽകുന്ന വരുമാനം നൽകാൻ കഴിയില്ല എന്നതാണ്. ജോർജ് സൊറോസ് തുടങ്ങിയ ഫണ്ട് , കറൻസി ഫ്യൂച്ചറുകൾ ഉപയോഗിച്ച് വലിയ ലാഭം ഉണ്ടാക്കിയ സമയത്ത് പോലും വർഷത്തിൽ ഇരുപത് ശതമാനം ആയിരുന്നു അവരുടെ വാർഷിക ലാഭം. Oracle of Omaha എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന വാറൻ ബഫറ്റിന്റെ ബെർക്ഷയർ ഹാത്ത്വെ ഫണ്ടിന് പോലും കഴിഞ്ഞ കുറെ നാളുകളയായി മാർക്കറ്റ് ശരാശരിയിൽ കൂടുതൽ ലാഭം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
എന്ന് വച്ചാൽ മേല്പറഞ്ഞ തരത്തിലുള്ള വാഗ്ദാനങ്ങൾ ആര് തന്നാലും അത് ഒരു തട്ടിപ്പിന്റെ തുടക്കമാണ്. എങ്ങിനെ തട്ടിപ്പുകാരെ തിരിച്ചറിയാം എന്നത് വളരെ എളുപ്പമാണ്.

  1. സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുന്ന ആരും സ്ഥിര നിക്ഷേപം വാഗ്ദാനം നൽകില്ല, അതും മാർക്കറ്റ് ലാഭത്തേക്കാൾ വളരെ ഉയർന്ന ലാഭത്തിൽ. കാരണം സ്റ്റോക്ക് മാർകെറ്റിൽ ലാഭവും നഷ്ടവും ഉണ്ടാവും. മാർക്കറ്റ് ടൈം ചെയ്യുന്നത് (സ്റ്റോക്ക് മാർക്കറ്റ് ഏറ്റവും താഴെ നിൽക്കുമ്പോൾ പണം നിക്ഷേപിച്ച്, ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോൾ പണം പിൻവലിക്കുന്നത്) വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.

2 . ബാങ്കിൽ കിട്ടൂന്ന നിരക്കിന്റെ ഇരട്ടിയോളം നിരക്ക് സ്ഥിരമായി കിട്ടും എന്ന വാഗ്ദാനം. ഇങ്ങിനെ ഒരു വാഗ്ദാനം കിട്ടിയാൽ ഇതെങ്ങനെയാണ് ഇവർ ചെയ്യന്നത് എന്ന് വിശദമായി ചോദിക്കുക. ഫ്യൂച്ചർ, ഫോർവേഡ്, ഓപ്‌ഷൻ, സ്വർണ നിക്ഷേപം തുടങ്ങി നമുക്ക് മനസിലാകാത്ത സംഗതികളാണ് പറയുന്നതെങ്കിൽ രക്ഷപ്പെടുക.

  1. ട്രേഡിങ്ങ് അക്കൗണ്ടിന്റെ മുഴുവൻ അധികാരവും നൽകുന്ന പവർ ഓഫ് അറ്റോർണി, യൂസർ ഐഡി / പാസ്സ്‌വേർഡ് തുടങ്ങിയ കാര്യങ്ങൾ ഒരു കാരണവശാലും മറ്റൊരാൾക്ക് കൊടുക്കരുത്.
  2. ഏറ്റവും സുരക്ഷിതമായ സ്റ്റോക്ക് നിക്ഷേപം മാർക്കറ്റ് ഇൻഡക്സ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ്. മാർകെറ്റിൽ എത്ര സമയം നിങ്ങളുടെ നിക്ഷേപം ഉണ്ട് എന്നുള്ളതാണ്, അല്ലാതെ മാർക്കറ്റ് മുകളിലേക്കോ താഴേക്കോ പോകുന്നത് നോക്കി നിക്ഷേപിക്കുന്നതല്ല ദീർഘകാല നിക്ഷേപങ്ങൾക്ക് നല്ലത്. (Time in the Market is Better Than Timing the Market)
  3. Don’t Put All your Eggs in One Basket. എല്ലാ മുട്ടകളും ഒരേ ബാസ്ക്കെറ്റിൽ ഇടരുത്, എന്ന് വച്ചാൽ കയ്യിലുള്ള പണം എല്ലാം സ്റ്റോക്ക് മാർകെറ്റിൽ മാത്രമോ, സ്വർണത്തിൽ മാത്രമോ നിക്ഷേപിക്കരുത്. നിക്ഷേപങ്ങൾ നിങ്ങളുടെ പ്രായം അനുസരിച്ച് സ്റ്റോക്ക്, സ്ഥിര നിക്ഷേപം, ബോണ്ട്, ഭൂമി, സ്വർണം എന്നിങ്ങനെ പല ഇടങ്ങളിലായി ചെയ്യുക.
    സോറി, എങ്ങിനെ ഒരു കോടീശ്വരനാകാം എന്ന് പറയാനല്ല, കൈയിലുള്ള പൈസ പോകാതെ നോക്കാൻ പറയാനാണ് ഞാനീ പോസ്റ്റെഴുതിയത്. ഇന്നലെ ആറു ലക്ഷം ഇട്ടാൽ മാസം മുപ്പതിനായിരം രൂപ വച്ച് കിട്ടും എന്ന വാക്കു കേട്ട് മുഴുവൻ പണവും പോയ ഒരാൾ എന്നെ വിളിച്ചു സംസാരിച്ചിരുന്നു. ചിലർ സ്ത്രീകളുടെ ഫേസ്ബുക് ഐഡി ഉപയോഗിച്ച് ഇതുപോലെ ചതിയിൽ വീഴ്ത്തി പണം തട്ടുന്ന രീതിയുമുണ്ട്.

എന്റെ മാമാന്റെ മോന്റെ ഒരു ലക്ഷം പോയത് മേൽപ്പറഞ്ഞ പോലെ ജോർജ് സോറോസിന്റെ ഫണ്ട് എന്ന് പറഞ്ഞു കളിപ്പിച്ചിട്ടാണ്. എന്റെ ഒരു അടുത്ത സുഹൃത്ത് ആത്മഹത്യ ചെയ്യാൻ തന്നെ കാരണം ഇതുപോലെ സ്വർണ നിക്ഷേപത്തിൽ വിശ്വസിച്ച് അവൻ അവന്റെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും പണം കളഞ്ഞതിന്റെ നാണക്കേട് താങ്ങാതെയാണ്.
ഒരുപക്ഷെ നിങ്ങളോടും പലരും ഇതൊക്കെ പറഞ്ഞു കാണും. ദയവായി സൂക്ഷിക്കുക. നിങ്ങൾ കഷ്ടപെട്ടുണ്ടാക്കുന്ന പണമാണ്. ഇനി ഇങ്ങിനെയുള്ള തട്ടിപ്പുകളിൽ പെട്ട് ആർക്കെങ്കിലും പണം നഷ്ടപെട്ടിട്ടുണ്ട്നെകിൽ ദയവായി മറ്റുള്ളവരുമായി പങ്കുവയ്ക്കുക, മറ്റുള്ളവർക്കൊരു പാഠമാകും.
Note : ഇങ്ങിനെ സ്റ്റോക്ക് മാർക്കറ്റ് വഴി നിങ്ങൾ പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ( NSE) , സെബി തുടങ്ങിയ ഇടങ്ങളിൽ നിങ്ങൾക്ക് പരാതിപ്പെടാവുന്നതാണ്.