സയണിസത്തിലേക്ക് ഇനി എത്ര ദൂരം?

263

SHAFI SALIM

ഇസ്രായേലിനോടും സയണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുമുള്ള ഹിന്ദു വലതുപക്ഷത്തിന്റെ ആദരവ് ജനിക്കുന്നത് മുസ്‌ലിംകളോടുള്ള വിരോധത്തിൽ നിന്നാണ്. ശത്രുവിന്റെ ശത്രു മിത്രം എന്ന സിദ്ധാന്തം തന്നെയാണ് ഇതിനും അടിസ്ഥാനം. നമ്മുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യക്കാർ സയണിസത്തിന്റെ അംഗീകരിക്കുകയെന്നത് തീർത്തും അപമാനകരമാണ്. 1895 ൽ തിയോഡോർ ഹെർസൽ ആവിഷ്കരിച്ച ഒരുതരം ആധുനിക രാഷ്ട്രീയവും ഭിന്നിപ്പും ഒരു പോലെ ബ്ലെൻഡ് ചെയ്ത ഒരു കാഴ്ചപ്പാടാണ് സയണിസം. 1923 ൽ വി.ഡി.സവർക്കർ സംഭാവന ചെയ്ത വിഷലിപ്ത രാഷ്ട്രീയ പ്രത്യയശാസ്ത്രമാണ് ഇന്നു നാം കാണുന്ന തീവ്രഹിന്ദുത്വ നിലപാട്. സയണിസത്തിനും ഹിന്ദുത്വത്തിനും വളരെയധികം സാമ്യമുണ്ട്. ചരിത്രത്തെയും വസ്തുതകളെയും വിശ്വാസത്തെയും പുരാണത്തെയും മനപ്പൂർവ്വം ആശയക്കുഴപ്പത്തിലാക്കുന്നതിലൂടെയാണ് ഇരു വിഭാഗവും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്ത കൊണ്ട് ഒരു പ്രധാനമന്ത്രി സംസാരിക്കുമ്പോൾ അതിൽ തുടർച്ചയായ അബദ്ധങ്ങൾ സംഭവിക്കുന്നതിൽ ഉള്ള അസ്വാഭികത ഇതിലേക്ക് ചേർത്ത് വായിക്കുന്നത് എന്ത് കൊണ്ടും ഉചിതം ആയിരിക്കും. പുരാതനമായ ഹാരപ്പൻ നാഗരികത ആര്യനാണെന്നും ആര്യന്മാർ എല്ലായ്പ്പോഴും ഇന്ത്യയിൽ ഉണ്ടായിരുന്നുവെന്നുമെന്ന തീവ്രഹിന്ദുത്വത്തിന്റെ അവകാശവാദം യഥാർത്ഥ ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതാണ് . ഈ അവകാശവാദം, ആര്യന്മാർ ഇവിടേക്ക് വന്നവരല്ലെന്നും ,ഭാരതം അവരുടെ പുണ്യഭൂമി ആണെന്നുമെല്ലാമുള്ള വാദങ്ങൾക്ക് പിൻബലം നൽകാനാണ്.

ഇന്ത്യയിൽ തീവ്ര ഹിന്ദുത്വത്തെ അംഗീകരിക്കാത്ത ആളുകലുള്ളത് പോലെ സയണിസത്തെ അംഗീകരിക്കാത്ത ജൂതന്മാർ ഇസ്രയേലിൽ ഇല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.ഇത്തരം ഒരു പ്രത്യയ ശാസ്ത്രത്തെ അനുധാവനം ചെയുമ്പോൾ രാഷ്ട്രം ഭാവിയിൽ എന്തായിത്തീരും എന്നത് തീർത്തും ആശങ്കാജനകമാണ്.2019 ജൂലൈ 5 ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു: “നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിനെ സൃഷ്ടിച്ച സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിതാവ് തിയോഡോർ ഹെർസലിന് മോദി ആദരാഞ്ജലി അർപ്പിച്ചു.മോദി സംസാരിച്ചത് ഇങ്ങനെയാണ് : ഇത് ശ്രദ്ധേയമായ ഒരു നിമിഷമാണ്. ”പ്രത്യേകിച്ചും,“ ഇസ്രായേൽ ജനത ജനാധിപത്യ തത്വങ്ങളിൽ ഒരു രാഷ്ട്രം കെട്ടിപ്പടുത്തിട്ടുണ്ട് ”എന്നു പറഞ്ഞതും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇസ്രായേലിലെ അറബികൾ തന്നെ ഒരു യഹൂദ രാഷ്ട്രത്തിലെ രണ്ടാംകിട പൗരന്മാരാണ്; 50 വർഷം മുമ്പ് 1967 ൽ ഇസ്രായേൽ കൈവശപ്പെടുത്തിയ പ്രദേശങ്ങളിലെ അറബികൾക്ക് ഇന്നും വോട്ടവകാശം ഇല്ല. അവർക്ക് സാധാരണ ജൂതന്മാർക്ക് ലഭിക്കുന്ന മൗലികമായ എല്ലാ അവകാശങ്ങളെയും നിഷേധിക്കുന്നു.

ഇത് തന്നെയാണ് ഇന്ന് ഇന്ത്യയിൽ കൊണ്ട് വന്നിരിക്കുന്ന ഈ പൗരത്വ ഭേദഗതി ബില്ലും അതിനോടനുബന്ധിച്ച ദേശീയ പൗരത്വ രജിസ്റ്ററും .പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന പ്രയോഗം എത്ര കൃത്യം.ഭീകരതയിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു രാഷ്ട്രം ജനാതിപത്യ രീതി പിന്തുടരുന്ന ഒരു രാഷ്ട്രത്തിനു മോഡൽ ആകുന്നത് എത്രത്തോളം അപകടകരം ആണെന്ന് നാം തിരിച്ചറിയണം . അറബ് ഭൂമിയിൽ അവർ എങ്ങനെ ഒരു ജൂത രാഷ്ട്രം സ്ഥാപിച്ചു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ മുസ്‌ലിംകളോടുള്ള ഗോൾവാൾക്കറുടെ മനോഭാവം അറിയപ്പെടുന്നതും രേഖപ്പെടുത്തപ്പെട്ടതുമാണ് .അതിപ്രകാരമാണ് – അവർക്ക് ഒന്നുകിൽ ഹിന്ദു മതവും അതിന്റെ എല്ലാ ആചാരങ്ങളും സ്വീകരിക്കാം, അതിന്റെ പൈതൃകത്തെ മഹത്ത്വപ്പെടുത്താൻ പഠിക്കാം, അല്ലെങ്കിൽ സഹിഷ്ണുതയോടെ ജീവിക്കാം, “പൂർണ്ണമായും കീഴ്‌പെട്ട്… പൗരന്റെ അവകാശങ്ങൾ പോലും അവകാശപ്പെടാനാകാതെ ”. ചുരുക്കി പറഞ്ഞാൽ സിയോണിസ്റ്റ് തങ്ങളുടെ ഭൂമി ഏറ്റെടുത്തതിനുശേഷം ഫലസ്തീനികളുടെ ജീവിതം എങ്ങനെയായിരിക്കുമെന്നതിന്റെ കൃത്യമായ ഒരു പ്രവചനവും, ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായാൽ ഉള്ള അവസ്ഥയും ഇതായിരിക്കും എന്ന് സാരം.

1920 കളിൽ സവർക്കർ എഴുതുകയുണ്ടായി : “സയണിസ്റ്റുകളുടെ സ്വപ്നങ്ങൾ എപ്പോഴെങ്കിലും സാക്ഷാത്കരിക്കപ്പെട്ടാൽ – പലസ്തീൻ ഒരു ജൂത രാഷ്ട്രമായി മാറിയാൽ – അത് നമ്മുടെ ജൂത സുഹൃത്തുക്കളെപ്പോലെ തന്നെ നമ്മളെയും സന്തോഷിപ്പിക്കും.”എന്നാൽ സയണിസ്റ്റുകളോടുള്ള മഹാത്മാഗാന്ധിയുടെ നിലപാട് വ്യക്തമായിരുന്നു: “എന്റെ സഹതാപം എല്ലാം ജൂതന്മാരോടാണ്…. അവർ ക്രിസ്തുമതത്തിന്റെ അടിസ്ഥാനത്തിൽ തൊട്ടുകൂടാത്തവരാണ്. ക്രിസ്ത്യാനികൾ അവരോട് കാണിക്കുന്ന തൊട്ടു കൂടായ്മയും ഹിന്ദുക്കളിലുള്ള ഹരിജനങ്ങളോടുള്ള വിവേചനവും തമ്മിലുള്ള സമാന്തരത വേർതിരിക്കാനാവാത്തതാണ് . മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ ന്യായീകരിക്കുന്നതിന് രണ്ട് കേസുകളിലും മതപരമായ കാരണങ്ങൾ നൽകിയിട്ടുണ്ട്. സൗഹൃദങ്ങൾക്ക് പുറമെ, യഹൂദന്മാരോടുള്ള എന്റെ സഹതാപത്തിന് കൂടുതൽ പൊതുവായ സാർവത്രിക കാരണവുമുണ്ട്. “പക്ഷേ, എന്റെ സഹതാപം നീതിയുടെ ആവശ്യകതകളിലേക്ക് എന്നെ അന്ധനാക്കുന്നില്ല. യഹൂദന്മാരുടെ മാതൃ രാഷ്ട്രത്തിനായുള്ള നിലവിളി എന്നെ കൂടുതൽ ആകർഷിക്കുന്നില്ല. ഫലസ്തീനിലേക്ക് മടങ്ങിയെത്തിയ ശേഷം യഹൂദന്മാർ എന്തുകൊണ്ട് ഭൂമിയിലെ മറ്റൊരു ജനവിഭാഗത്തെ പോലെ, ആ രാജ്യത്ത് ,അവർ ജനിച്ചത് എവിടെയോ അവിടെ അവർ സ്വന്തം രാജ്യമായി കാണുകയും ഉപജീവന മാർഗ്ഗത്തിനായി ശ്രമിക്കുന്നുമില്ല ?“.ഇംഗ്ലണ്ട് ഇംഗ്ലീഷുകരുടേതും ഫ്രാൻസ് ഫ്രഞ്ചുകാരന്റേതുമെന്നപോലെ , പലസ്തീൻ അറബികളുടേതാണ്. ജൂതന്മാരെ അറബികളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് തെറ്റും തീർത്തും മനുഷ്യത്വരഹിതവുമാണ്. ഇന്ന് പലസ്തീനിൽ നടക്കുന്നത് ഒരു ധാർമ്മിക പെരുമാറ്റച്ചട്ടം അനുസരിച്ചും ന്യായീകരിക്കാൻ കഴിയില്ല. ”(ഹരിജൻ, 1938).

എന്നാൽ ഇതിനു വിരുദ്ധമായിരുന്നു സവർക്കറുടെ നിലപാട് എന്ന് കാണാം . 1947 ഡിസംബർ 19 ന് സവർക്കർ ഒരു പ്രസ്താവനയിൽ വ്യകത്മാക്കി : “ലോകത്തെ പ്രമുഖ രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും പലസ്തീനിൽ ഒരു സ്വതന്ത്ര ജൂത രാഷ്ട്രം സ്ഥാപിക്കണമെന്ന ജൂത ജനതയുടെ അവകാശവാദം അംഗീകരിക്കുകയും സായുധ വാഗ്ദാനം നൽകുകയും ചെയ്യേണ്ടതുണ്ടെന്നതിൽ ഞാൻ സന്തോഷിക്കുന്നു. നൂറ്റാണ്ടുകളുടെ കഷ്ടപ്പാടുകൾക്കും ത്യാഗങ്ങൾക്കും പോരാട്ടങ്ങൾക്കും ശേഷം യഹൂദന്മാർ താമസിയാതെ പലസ്തീനിലെ അവരുടെ മാതൃ രാഷ്ട്രം വീണ്ടെടുക്കും, അത് അവരുടെ പിതൃഭൂമിയും ഹോളിലാന്റുമാണ്.…“യുഎൻ‌ഒയിൽ നമ്മുടെ ഹിന്ദുസ്ഥാനി സർക്കാരിനെ പ്രതിനിധീകരിച്ച പ്രതിനിധി സംഘം ജൂത രാഷ്ട്രം സൃഷ്ടിക്കുന്നതിനെതിരെ വോട്ട് ചെയ്‌തുവെന്നതിൽ ഖേദമുണ്ട്. പ്രത്യേക യഹൂദ രാഷ്ട്രം രൂപപ്പെടുത്തി പലസ്തീൻ ഭരണകൂടത്തിന്റെ ഐക്യവും സമഗ്രതയും പിന്നിലാക്കാൻ ഇന്ത്യൻ സർക്കാർ വിസമ്മതിച്ചതായിയുള്ള ശ്രീമതി വിജയലക്ഷ്മിയുടെ പ്രസംഗങ്ങൾ പ്രത്യേകിച്ചും പരിഹാസ്യമായിരുന്നു. ”ഇതാണ് സംഘപരിവറിന് പാരമ്പര്യമായി ലഭിച്ച കാഴ്ചപ്പാട് .

മഹാത്മാ ഗാന്ധിയുടെ ഇത്തരം കാഴ്ചപ്പാടുകൾ തന്നെയാവും തീവ്ര വലതുപക്ഷത്തെ അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതും. ആദർശപരമായി പോലും വ്യത്യസ്ത ചിന്ത ധാരകൾ പുലർത്തുന്ന ഗാന്ധിയൻ വീക്ഷണവും ,സവർക്കറുടെ വീക്ഷണവും ഒരു കുപ്പിയിലേക്കാക്കാൻ ശ്രമിക്കുമ്പോൾ വെളിച്ചെണ്ണയും ജലവും ഒന്നിപ്പിച്ചാലുള്ള അവസ്ഥ ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. ഇത്തരം ബ്ലെൻഡിങ്ങുകൾ നടത്താൻ ഇന്ത്യയിലെ തീവ്ര വലതുപക്ഷ വക്താക്കൾ നടത്തുന്ന ശ്രമങ്ങൾ സമൂഹത്തിനു മുന്നിൽ തുറന്ന് കാട്ടാനായില്ലെങ്കിൽ രാജ്യം നൽകേണ്ടി വരുന്ന വില കടുത്തതായി പോകും.2019 ഓഗസ്റ്റ് 26 നു ഇസ്രായേൽ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ മുംബൈ യൂണിവേഴ്സിറ്റിയുടെ കോൺവൊക്കേഷൻ ഹാളിൽ വെച്ച് നടന്ന ഹിന്ദുത്വവും സയണിസവും എന്ന ചർച്ച അധികം ശ്രദ്ധിക്കപ്പെടാതെ പോവുകയുണ്ടായി.സയണിസത്തിന്റെ പാതയിൽ രാജ്യത്തെ നയിക്കപ്പെട്ടാൽ ലോകം കണ്ടതിൽ വെച്ചു ഏറ്റവും വലിയ വംശ ഹത്യയും മനുഷ്യാവകാശ ലംഘനവും ആയിരിക്കും ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത് .

നോട്ട് : ഹിന്ദുത്വം എന്നത് കൊണ്ട് ലേഖനത്തിൽ വിവക്ഷിക്കുന്നത് തീവ്ര വലതു പക്ഷത്തെയാണ് .