കടപ്പാട്  : Raiza Shajitha Ummer Mohammed

2008ലാണ് ഒരാള് കൊല്ലപ്പെടുകയും കുറച്ച് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്ത ബാംഗ്ലൂര് സ്ഫോടനമുണ്ടായത്.

പത്താം ക്ലാസ്സ് കഴിഞ്ഞ് തുടര്പഠനത്തിനെപ്പറ്റി ആലോചിക്കുമ്പോഴാണ് സുഹൃത്തുക്കളിലാരോ തൊഴിലധിഷ്ഠിത കോഴ്സ് പഠിച്ചാല് എളുപ്പം ജോലി കിട്ടുമെന്ന് പറയുന്നത് കേട്ട്, വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാല് ഉപ്പ മരിച്ച് തന്നെ കഷ്ടപ്പെട്ട് വളര്ത്തുന്ന ഉമ്മാക്കൊരു സഹായത്തിന് വേണ്ടി സക്കരിയ മൊബൈല് ടെക്നീഷ്യന് കോഴ്സ് പഠിക്കുന്നതും ഒരു മൊബൈല്ഷോപ്പില് ജോലിക്ക് കേറുന്നതും.

2009ലെ ഫെബ്രുവരി മാസത്തിലാണ് രണ്ട് മൂന്ന് പേര് സക്കരിയയെ അന്വേഷിച്ച് പരപ്പനങ്ങാടിയിലെ വീട്ടിലെത്തുന്നത്.ഉമ്മയോട് വീട്ടിലെ കാര്യങ്ങളും മറ്റും അന്വേഷിച്ചും സക്കരിയയെക്കുറിച്ച് ചോദിച്ചും അവര് മടങ്ങിപ്പോയി.
“ഇങ്ങള് പോലീസാണോ” എന്ന സക്കരിയയുടെ സഹോദരന്റെ ചോദ്യത്തിന് “അതെ”എന്നായിരുന്നു അവരുടെ ഉത്തരം.
സക്കരിയ വീട്ടില് തിരിച്ചെത്തിയപ്പോള് പോലീസുകാര് വന്ന് അന്വേഷിച്ചിരുന്നെന്ന് ഉമ്മ പറഞ്ഞു.എന്തിനാണെന്ന് ചോദിച്ചപ്പോള് സക്കരിയ അറിയില്ലെന്ന് പറഞ്ഞു.പിറ്റേന്ന് സക്കരിയ ജോലി ചെയ്തിരുന്ന കടയില് വന്നും തന്നെപ്പറ്റി പോലീസുകാര് അന്വേഷിച്ചിരുന്നതായും എന്തിനാണെന്നറിയില്ലെന്നും സക്കരിയ തന്റെ ഉമ്മ ബിയ്യുമ്മയോട് പറഞ്ഞു.
അവിടെ നിന്ന് മൂന്നാം ദിവസം സക്കരിയയുടെ സഹോദരീ ഭര്ത്താക്കന്മാരുടെ നമ്പറുകള് വാങ്ങിച്ച് അവരുടെ വിവരങ്ങള് ചോദിച്ചറിഞ്ഞു.

നിങ്ങള് വന്നന്വേഷിച്ചതിന് ശേഷ എന്റുമ്മ ഉറങ്ങിയിട്ടില്ലെന്ന് സക്കരിയ അവരോട് പറഞ്ഞപ്പോള് “ഉമ്മാനോട് ഉറങ്ങാന് പറ,പ്രശ്നങ്ങളൊന്നൂല്ല” എന്ന തരത്തിലായിരുന്നു അവരുടെ മറുപടി.
സക്കരിയെപ്പറ്റി അന്വേഷിച്ച് പോലീസ് സക്കരിയയുടെ സുഹൃത്തുകള്ക്കിടയിലും എത്തിയിരുന്നു.

രണ്ട് ദിവസങ്ങള്ക്ക് ശേഷം സക്കരിയ തന്റെ ഉമ്മയുടെ സഹോദരന്റെ വീട്ടിലേക്ക് ഫോണ് ചെയ്ത് “ഞാനിപ്പോ ബാംഗ്ലൂരാണ്.ഞാന് പ്രതിയാണെന്നാണിവര് പറയുന്നത്.എനിക്കറിയില്ല ഒന്നും” എന്ന് പറഞ്ഞു.അതായിരുന്നു സക്കരിയയെക്കുറിച്ച് വീട്ടുകാര്ക്ക് ലഭിച്ച ഏക വിവരം.

പിന്നീടാണ് ബാംഗ്ലൂര് സ്ഫോടനക്കേസിലെ ഒമ്പതാം പ്രതിയായിട്ടാണ് തിരൂരിലെ ജോലിസ്ഥലത്ത് നിന്ന് പത്തൊമ്പത്കാരനായ സക്കരിയയെ കര്ണാടക പോലീസ് പിടിച്ച് കൊണ്ടു പോയിരിക്കുന്നതെന്ന് വീട്ടുകാരറിഞ്ഞത്.ബോംബ് നിര്മ്മാണത്തിനാവശ്യമായ മൈക്രോ ചിപ്പ് നിര്മ്മിച്ച് കൊടുത്തു,ഗൂഢാലോചന
മീറ്റിംഗില് പങ്കെടുത്തു എന്നിവയായിരുന്നു സക്കരിയക്ക് മേല് ചുമത്തപ്പെട്ട കുറ്റങ്ങള്.

കര്ണാടക പോലീസ് കൊണ്ടു പോയ സക്കരിയ ഏതാണ്ട് ഒരാഴ്ച്ചക്കാലത്തോളം പോലീസ് സ്റ്റേഷനിലായിരുന്നു.അതിന് ശേഷം ജയിലിലേക്ക് മാറ്റി.

പ്രോസിക്യൂഷന് അന്ന് സക്കരിയക്കെതിരെ രണ്ട് സാക്ഷികളെയാണ് കൊണ്ട് വന്നത്.ഹരിദാസും നിസാമുദ്ധീനും.

എന്നാല് എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നും കന്നഡയില് എഴുതിയ പേപ്പറില് പോലീസുകാര് തന്നെക്കൊണ്ട് ഒപ്പിടീക്കുകയായിരുന്നുവെന്നും ഹരിദാസ് പിന്നീട് പറഞ്ഞു.”പോലീസുകാര് സാക്ഷികളെ സൃഷ്ടിക്കല്ലേ ചെയ്യാ,അറിയാത്ത കാര്യത്തിന് എങ്ങനെ ഉണ്ടെന്ന് പറയാ”എന്നായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള് ഹരിദാസിന്റെ മറുപടി.സക്കരിയ എന്നയാള് എവിടെയുള്ളതാണെന്ന് പോലും എനിക്കറിയില്ല,പിന്നെ എവിടെയോ ഒരു കടയില് നടന്നത് ഞാനെങ്ങനെ അറിയാനാണെന്നും ഹരിദാസ് ചോദിച്ചു.

രണ്ടാം സാക്ഷിയായി പറയപ്പെടുന്ന നിസാമുദ്ധീനും പറയുന്നത് താനറിയില്ല ഇതിനെപ്പറ്റി എന്നും,സക്കരിയയെപ്പോലെ വിദ്യാഭ്യാസം കുറഞ്ഞൊരാള്ക്ക് ടൈമറോ മൈക്രോചിപ്പോ ഉണ്ടാക്കാന് കഴിയില്ല എന്നാണ്.

അറസ്റ്റ് നടന്ന് കുറച്ച് നാളുകള്ക്ക് ശേഷം ഫ്രീ സക്കരിയ ആക്ഷന് ഫോറം രുപീകരിക്കുകയുണ്ടായി.കേസില് വിചാരണ നടക്കുന്ന സമയത്ത് ഒരുദ്യോഗസ്ഥന് വന്ന് നീ ഇതില് നിരപരാധിയാണെന്ന് തങ്ങള്ക്കറിയാമെന്നും നിന്നെ വെറുതെ വിടുകയും ചെയ്യാം,നിനക്കൊരു മൊബൈല് ഷോപ്പ് തുടങ്ങാനുള്ള പണം തരികയും ചെയ്യാം, പകരം ഞങ്ങള്ക്ക് പരപ്പനങ്ങാടിയിലെ മുസ്ലിം സംഘടനകളെപ്പറ്റി ഞങ്ങള് ചോദിക്കുന്ന വിവരം തരണമെന്ന് പറഞ്ഞുവത്രേ.എന്നാല് സക്കരിയ അത് നിരസിക്കുകയാണുണ്ടായത്.

കുടിക്കാന് നല്ല വെള്ളം പോലുമില്ലാതിരുന്ന ജയിലില് നിന്നും തന്നെ മാറ്റണമെന്ന സക്കരിയയുടെ അപേക്ഷ കോടതി ചെവിക്കൊണ്ടില്ല.ഇനിയും ഈ ജയിലില് പാര്പ്പിച്ചാല് താന് മാനസിക രോഗിയായിത്തീരുമെന്നും അതിന് കോടതിയായിരിക്കും ഉത്തരവാദി എന്നും പറഞ്ഞപ്പോഴാണ് അത് വരെയുണ്ടായിരുന്ന ജയിലില് നിന്നും സക്കരിയയെ മാറ്റിയത്.

കേസിന്റെ അവസാന ഘട്ടത്തിലെത്തിയപ്പോള് പ്രോസിക്യൂട്ടര് രാജി വെച്ചു.അതേത്തുടര്ന്ന് സക്കരിയയുടെ കേസ് വീണ്ടും ആദ്യം മുതല് തുടങ്ങേണ്ട സ്ഥിതിയായി.

സക്കരിയയുടെ അറസ്റ്റിന് ശേഷം നാട്ടിലുള്ളവരാകെ ഒറ്റപ്പെടുത്തിയ പോലെയായെന്നും,മക്കളുടെ കല്ല്യാണക്കാര്യം വരെ മുടങ്ങിയെന്നും,അവര് തീവ്രവാദക്കാരാണെന്ന് പറയുന്നെന്നും ബിയ്യുമ്മ രണ്ട് വര്ഷങ്ങള്ക്ക് മുമ്പ് ഒരു അഭിമുഖത്തില് പറയുന്നു. പറയുന്നു.പക്ഷേ അപ്പോഴൊന്നും അവര് കരയുന്നില്ല. വര്ഷങ്ങളായി ആ ഉമ്മ കരയുകയും പറയുകയും ചെയ്യുന്നു.കണ്ണീര് വറ്റിപ്പോയതാവും…

പിന്നീട് സഹോദരന്
മരിച്ചപ്പോഴാണ് സക്കരിയ നാട്ടിലെത്തുന്നതും ഉമ്മയെ കാണുന്നതും.അതിന് ശേഷം അവര് പരസ്പരം കാണുന്നത് ഇന്നലെയാണ്. വരെ തളര്ന്ന് കിടപ്പിലായ തന്റെ ഉമ്മയെ കാണാന്,അതും ഒരൊറ്റ ദിവസം കാണാന് കര്ണാടക സര്ക്കാര് ഈടാക്കിയത് ലക്ഷമാണ്.

സക്കരിയയുടെ വീട്ടുകാരും ഫ്രീ സക്കരിയ ആക്ഷന് ഫോറവും പറയുന്നത് പോലെ തെറ്റ് ചെയ്തിട്ടുണ്ടെങ്കില് സക്കരിയ ശിക്ഷിക്കപ്പെടണം.എന്നാല്
തെളിവുകളൊന്നിനും ബലമില്ലാത്ത ഈ സാഹചര്യത്തിലും സക്കരിയ ഇപ്പോഴുമവര്ക്ക് തീവ്രവാദിയാണ്.മാധ്യമങ്ങളില് ചില പുഴുക്കള്ക്കയാള് പ്രതിയാണ്.

സക്കരിയ,അയാളൊരു അടയാളമാണ്.പത്ത് വര്ഷങ്ങളായി നിഷേധിക്കപ്പെടുന്ന നീതിയുടെ,മനുഷ്യനാണെന്ന പരിഗണനയില്ലായ്മയുടെ,എല്ലാത്തിനുമപ്പുറത്തേക്ക് പേരിലൊരു മുസ്ലിം ഐഡന്റിറ്റി വന്നാലതിനെ തീവ്രവാദവത്ക്കരിക്കാനുള്ള പരിശ്രമത്തിന്റെ…

ഉറപ്പാണ്..നിങ്ങളൊരിക്കല് പുറത്ത് വരും.അന്ന് തെറ്റുകാരനെന്ന് വിളിച്ചവരെ നോക്കി നിങ്ങളുടെയൊരു ചിരിയുണ്ടാവും..അത് മതി…🙂💚

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.