ഗാന്ധിവധം: സവര്‍ക്കര്‍ എങ്ങനെ കുറ്റവിമുക്തനായി ?

0
451

Jekọb Jb

ഗാന്ധിവധം: സവര്‍ക്കര്‍ എങ്ങനെ കുറ്റവിമുക്തനായി?

ഗാന്ധി വധം ആസൂത്രണം ചെയ്ത നടപ്പാക്കിയതില്‍ ഹിന്ദുമഹാസഭ നേതാവ് വിഡി സവര്‍ക്കറിന് പങ്കുണ്ടായിരുന്നോ? കേസില്‍നിന്ന് സവര്‍ക്കര്‍ എങ്ങനെയാണ് ഒഴിവായത്.
ആഭ്യന്തര മന്ത്രികൂടിയായ ഇന്ത്യയുടെ പ്രഥമ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭ ഭായ് പട്ടേല്‍ 1948 ഫെബ്രുവരി 27 പ്രധാനമന്ത്രി ജവര്‍ലാല്‍ നെഹ്റുവിന് എഴുതിയ കത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി:

‘ബാപ്പു വധക്കേസിലെ അന്വേഷണ പുരോഗതി എല്ലാ ദിവസവും ഞാന്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്. ആര്‍എസ്എസിന് സംഭവവുമായി ഒരു ബന്ധവുമില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴികള്‍. സവര്‍ക്കറുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍, ഹിന്ദുമഹാസഭയിലെ മതഭ്രാന്തരായ ഒരുസംഘം ഗൂഢാലോചന നടത്തുകയും അത് നടപ്പാക്കുകയും ചെയ്തു.’ (സര്‍ദാര്‍ പട്ടേലിന്റെ കുറിപ്പുകള്‍, വോല്യം 6, പേജ് 56)

Image result for savarkarനെഹ്റു മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരുന്ന ഹിന്ദുമഹാസഭ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജി, സവര്‍ക്കര്‍ കേസില്‍ ഉള്‍പ്പെടുന്നത് തടയാന്‍ ആവോളം ശ്രമിച്ചതിന് രേഖകളുണ്ട്. സവര്‍ക്കര്‍ക്ക് പിന്നാലെ ഹിന്ദുമഹാസഭയുടെ അധ്യക്ഷനായത് ശ്യാമപ്രസാദ് മുഖര്‍ജി ആയിരുന്നു. ഗാന്ധി വധക്കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി നിലവില്‍ വന്ന മെയ് 4ന് – കുറ്റപത്രം സമര്‍പ്പിക്കുന്നതിന് 20 ദിവസം മുമ്പ്- ശ്യാമപ്രസാദ് മുഖര്‍ജി പട്ടേലിന് അയച്ച കത്തില്‍ ഇങ്ങനെ ആവശ്യപ്പെട്ടുവെന്ന് നിയമജ്ഞനും ചരിത്രകാരനുമായ എ ജി നൂറാനി രേഖപ്പെടുത്തുന്നു:

Image result for gandhi assassination and savarkar‘കുറ്റത്തില്‍ പങ്കുള്ളതായി സംശയിക്കുന്നവരുടെ കൂട്ടത്തില്‍ സവര്‍ക്കറുടെ പേരും ഉണ്ട് എന്ന് അറിയിയുന്നു. അദ്ദേഹത്തിനെതിരെ എന്ത് തെളിവുണ്ട് എന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശ്വാസത്തിന്റെ പേരില്‍ കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട് വിചാരണ ചെയ്യപ്പെടുന്ന രീതിയില്‍ ഒന്നും ചെയ്തുപോകാതിരിക്കാന്‍ താങ്കള്‍ ശ്രമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. തീരുമാനമെടുക്കുന്നതിന് മുമ്പ് രേഖകള്‍ താങ്കളുടെ മുന്നിലെത്തുന്നത് ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞകാലത്തെ അദ്ദേഹത്തിന്റെ ത്യാഗങ്ങള്‍ പരിഗണനാര്‍ഹമാണ്. വ്യക്തമായ തെളിവില്ലാതെ ഈ പ്രായത്തില്‍ അദ്ദേഹത്തെ വധഗൂഢാലോചന കുറ്റത്തില്‍ ഉള്‍പ്പെടുത്തരുത്.’

പട്ടേല്‍ ഇതിന് മറുപടി നല്‍കി:

വ്യക്തമായ തെളിവുകളുടെയും നിയമപിന്‍ബലത്തിന്റെയും അടിസ്ഥാനത്തില്‍ അല്ലാതെ സവര്‍ക്കറെ കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുത് എന്ന് അഡ്വക്കേറ്റ് ജനറലിനോടും അന്വേഷണ ഉദ്യോഗസ്ഥരോടും ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയകാരണങ്ങള്‍ ഇതിന് ഉണ്ടാകരുതെന്നും സവര്‍ക്കറെ ഉള്‍പ്പെടുത്തണം എന്നാണ് തോന്നുതെങ്കില്‍ നടപടിയെടുക്കും മുമ്പ് ഫയലുകളെല്ലാം എന്നെ കാണിച്ചിരിക്കണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഗൂഡാലോചനയിലെ സവര്‍ക്കര്‍

ഇന്ത്യ സ്വതന്ത്രയായി അഞ്ച് മാസത്തിന് ശേഷം, 1948 ജനുവരി 14ന് ഹിന്ദുമഹാസഭയുടെ മൂന്ന് അംഗങ്ങള്‍-നാഥൂറാം വിനായക് ഗോഡ്സെ, നാരായണ്‍ ആപ്തെ, ദിഗംബര്‍ ബാഡ്ജെ- എന്നിവര്‍ ബോംബെയിലെ സവര്‍ക്കര്‍ സദനിലെത്തി. ഹിന്ദുമഹാസഭയ്ക്ക് സ്ഥിരമായി ആയുധങ്ങള്‍ നല്‍കിയിരുന്ന ആളാണ് ദിംഗബര്‍ ബാഡ്ജെ. ഗാന്ധി വധക്കേസില്‍ മാപ്പുസാക്ഷിയായിരുന്നു ബാഡ്ജെ.

‘വളരെ കുറച്ചുപേര്‍ക്ക് മാത്രമേ സവര്‍ക്കറുടെ പ്രത്യേക മുറിയിലേക്ക് കടന്നുചെല്ലാനുള്ള അനുവാദമുണ്ടായിരുന്നുള്ളൂ. നാഥൂറാം ഗോഡ്സെയും നാരായണ്‍ ആപ്തെയും അതില്‍ ഉള്‍പ്പെട്ടിരുന്നു.’ എന്ന് ലാറി കോളിന്‍സും ഡൊമനിക് ലാപിയറും ചേര്‍ന്നഴെുതിയ ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

സവര്‍ക്കെതിരെ ബാഡ്ജെ നിരത്തിയ തെളിവുകള്‍:

ജനുവരി 14ന് ഗാന്ധിയെ വധിക്കുന്നതിനുള്ള ആദ്യ ശ്രമത്തില്‍ ഉപയോഗിച്ച തോക്കുകളുമായി ഗോഡ്സെയും ആപ്തെയും സവര്‍ക്കറെ കണ്ടിരുന്നു.
ഗാന്ധിയെ കൊല്ലണമെന്ന് സവര്‍ക്കര്‍ നിശ്ചയിച്ചിട്ടുണ്ടെന്നും അതിനായി തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തന്നെ ആപ്തെ അറിയിച്ചതായി ബാഡ്ജെ മൊഴികൊടുത്തു.
ജനുവരി 17ന് ഗോഡ്സെയും ആപ്തെയും വീണ്ടും സവര്‍ക്കറെ കണ്ടു. ബാഡ്ജെയുടെ സാന്നിധ്യത്തില്‍ സവര്‍ക്കര്‍ രണ്ടുപേരെയും ‘വിജയികളായി തിരിച്ചുവരൂ’ എന്ന് അനുഗ്രഹിച്ചു.
100 വര്‍ഷം ജീവിക്കണം എന്ന സ്വപ്നം അവസാനിച്ചതായി സവര്‍ക്കര്‍ പ്രവചിച്ചുവെന്ന് സവര്‍ക്കര്‍ സദനില്‍നിന്ന് മടങ്ങുമ്പോള്‍ ബാഡ്ജെ ആപ്തെയോട് പറഞ്ഞു.
ദൗത്യം വിജയിക്കുമെന്നതില്‍ സംശയമില്ലെന്നും സവര്‍ക്കര്‍ പറഞ്ഞതായി ആപ്‌തെ പറഞ്ഞതായും ബാഡ്‌ജെ മൊഴിനല്‍കി.

സവര്‍ക്കറുടെ പ്രതിരോധം
ബാഡ്ജെയുടെ മാപ്പുസാക്ഷി മൊഴികളെ സവര്‍ക്കര്‍ ഖണ്ഡിച്ചു. ജനുവരി 14ന്റെ യോഗം ബാഡ്ജെയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ കഴിയില്ല എന്നായിരുന്ന സവര്‍ക്കറുടെ പ്രതിരോധം. ബാഡ്ജെ യോഗത്തില്‍ പങ്കെടുത്തില്ല എന്നതാണ് സവര്‍ക്കര്‍ അതിനായി മുന്നോട്ടുവെച്ച വാദം. 14ന് ഗോഡ്സെക്കും ആപ്തെക്കും ഒപ്പം സവര്‍ക്കര്‍ സദനില്‍ എത്തിയ മറ്റ് രണ്ടുപേര്‍ സവര്‍ക്കറുടെ മുറിയിലേക്ക് പോയപ്പോള്‍ താന്‍ പുറത്തുകാത്തിരിക്കുകയായിരുന്നു എന്നുമാണെന്നായിരുന്നു ബാഡ്ജെ തന്നെ പറയുന്നതെന്നായിരിന്നു സവര്‍ക്കറുടെ വാദം.

‘സവര്‍ക്കര്‍ സദനില്‍ എത്തുക എന്നതിന്റെ അര്‍ത്ഥം സവര്‍ക്കറെ കാണുക എന്നതല്ല. അവിടെ അന്നുണ്ടായിരുന്ന ദംലെ, ഭിന്ദെ, കസര്‍ എന്നിവരുമായി വളരെ അടുപ്പമുള്ളവരായിരുന്നു ആപ്തെയും ഗോഡ്സെയും. അതുകൊണ്ട് ആപ്തെയും ഗോഡ്സെയും ചിലപ്പോള്‍ അവരുടെ സുഹൃത്തുക്കളെ കാണാനോ, ഹിന്ദുമഹാസഭയിലെ സഹപ്രവര്‍ത്തകരെ കാണാനോ ആയിരിക്കാം അവിടെ എത്തിയത്. ബാഡ്ജെയ്ക്കൊപ്പം ഒരിക്കലും തന്നെ കാണാനോ അയുധങ്ങള്‍ അടങ്ങിയ ബാഗ് കാണിക്കുകയോ ചെയ്തിട്ടുണ്ടായിട്ടില്ലെന്ന് ഗോഡ്സെയും ആപ്തെയും നിഷേധിച്ചിട്ടുണ്ട്.’

ജനുവരി 17ന് ആപ്തെയെയും ഗോഡ്സെയും ‘വിജയശ്രീലാളിതരായി തിരിച്ചുവരാന്‍’ അനുഗ്രഹിച്ചെന്ന ബാഡ്ജെയുടെയും മൊഴിയും സവര്‍ക്കര്‍ നിഷേധിച്ചു.

‘ഒന്ന്, ആപ്തെയും ഗോഡ്സെയും 1948 ജനുവരി 17നോ തൊട്ടടുത്ത ദിവസങ്ങളിലോ എന്നെ കണ്ടിട്ടില്ല. ഞാന്‍ അവരോട് വിജയശ്രീലാളിതരായി തിരിച്ചുവരൂ എന്ന് പറഞ്ഞിട്ടുമില്ല. രണ്ടാമത്തെ കാര്യം, ബാഡ്ജെയുടെ സന്ദര്‍ശനം അംഗീകരിച്ചാല്‍ തന്നെ, ആപ്തെയും ഗോഡെസെയും മാത്രമാണ് തന്റെ വീടിന്റെ മുകള്‍ നിലയിലേക്ക് വന്നതെന്നും അവിടെ എന്ത് നടന്നുവെന്ന് അദ്ദേഹത്തിന് നിശ്ചയമില്ലെന്നും വ്യക്തമാകും. എന്നെ കണ്ടാണോ, വീടിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന മറ്റ് വാടകക്കാരായ കുടുംബങ്ങളെ കണ്ടാണോ മടങ്ങിയത് എന്ന് വ്യക്തമല്ല.’

വിചാരണ ഘട്ടത്തില്‍ സവര്‍ക്കറുടെ പങ്ക് ജ്ഡ്ജി അത്മാ ചരണിന് ബോധ്യപ്പെട്ടില്ല. ദിഗംബര്‍ ബാഡ്ജെയെ ‘വിശ്വസിക്കാവുന്ന മാപ്പുസാക്ഷിയായി’ കോടതി വിലയിരുത്തിയെങ്കിലും സവര്‍ക്കുറുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് മതിയായ തെളിവുകളല്ല എന്നായിരുന്നു കോടതി വിധി.