മാവോയിസ്റ്റുകൾ എങ്ങിനെയാണ് കൊല്ലപ്പെട്ടത് ?

180

KJ Jacob

അട്ടപ്പാടി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു ഇന്നലെയുണ്ടായ ഹൈക്കോടതി വിധിയെക്കുറിച്ചുള്ള വാർത്തകൾ വായിച്ചുകാണും എന്ന് കരുതുന്നു,

വിധി ഇതാണ്.

ഏറ്റുമുട്ടലിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തണം. അതൊരു സ്വതന്ത്ര അന്വേഷണം ആയിരിക്കണം. മാവോയിസ്റ്റുകൾ എങ്ങിനെയാണ് കൊല്ലപ്പെട്ടത് എന്നത് കണ്ടുപിടിക്കണം. തണ്ടർബോൾട്ടിന്റെ ഭാഗത്തുനിന്ന് നിയമവിരുദ്ധമായ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഏറ്റുമുട്ടലിനുപയോഗിച്ച ആയുധങ്ങൾ പരിശോധിക്കണം. ബലിസ്റ്റിക്, ഫോറൻസിക്, വിരലടയാള പരിശോധനകൾ നടത്തണം. അന്വേഷണത്തിൽ തൃപ്തിയില്ലെങ്കിൽ ബന്ധുക്കൾക്ക് പാലക്കാട് ജില്ലാക്കോടതിയെ സമീപിക്കാം.

ഇത് സുപ്രീം കോടതി മാർഗ്ഗനിർദ്ദേശപ്രകാരം ചെയ്യേണ്ടതല്ലെ?

അത്രേയുള്ളൂ. സുപ്രീം കോടതി പറഞ്ഞതിൽ കൂടുതൽ ഒന്നും ചെയ്യാൻ ചെയ്യാൻ ഹൈക്കോടതിയും പറഞ്ഞില്ല. പിന്നെ ഇതിലെന്താണ് പ്രത്യേകത?

ഇതിലുല്ല പ്രത്യേകത വളരെ ലളിത്മാണ്: മാവോയിസ്റ്റുകൾക്ക് മനുഷ്യാവകാശമില്ലെന്ന കേരളം ചീഫ് സെക്രട്ടറിയുടെ ‘വ്യക്തിപരമായ ‘ കണ്ടെത്തൽ കോടതി അംഗീകരിച്ചില്ല. അത് നാട്ടിലെ നിയമമല്ല എന്നതുകൊണ്ട് കോടതിയ്ക്ക് അങ്ങിനെ ചെയ്തേ പറ്റൂ. ചീഫ് സെക്രട്ടറിയും നാട്ടിലെ നിയമത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കിവെക്കേണ്ടതാണ്, വ്യക്തിപരമാണെങ്കിലും മണ്ടത്തരം പറയുന്നത് ഒഴിവാക്കുന്നത് നല്ലതല്ലേ.

നാട്ടിൽ എന്ത് അക്രമം കാണിച്ചാലും അതിർത്തിയിലെ പട്ടാളക്കാരനെ ചാരി രക്ഷപ്പെടുന്ന പരിപാടി പണ്ടും നമ്മൾ കാണ്ടിട്ടുണ്ട്. അട്ടപ്പാടി വെടിവയ്പുണ്ടായപ്പോൾ അത് വ്യാജ ഏറ്റുമുട്ടലാണെന്നു പറഞ്ഞവരോട് ചീഫ് സെക്രട്ടറി ഇത്തിരി അസഹിഷ്ണുവായി; അതിർത്തിയിൽ പട്ടാളക്കാരൻ ശത്രുവിനെ കൊല്ലുമ്പോൾ ഇല്ലാത്ത പ്രശ്നം നാട്ടിൽ പോലീസുകാരൻ മാവോയിസ്റ്റിനെ കൊല്ലുമ്പോൾ എന്തിനു എന്ന് ശിശുസഹജമായ നിഷ്കളങ്കതയോടെ അദ്ദേഹം ചോദിച്ചത്. അതങ്ങിനെയല്ലെന്നും, രണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്നും ഭരണകൂടത്തിനും പൗരനുമിടയിൽ ഭരണഘടന എന്നൊന്നുണ്ട് എന്നും, അതിലെ അവകാശങ്ങൾ ആർക്കൊക്കെ എന്ന് ഭരണഘടനാ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും, അത് ചീഫ് സെക്രട്ടറിയ്ക്കു തീരുമാനിക്കാൻ അവകാശമില്ലെന്നും കോടതി പറഞ്ഞു.

ഡോ സെബാസ്റ്റ്യൻ പോൾ എഴുതിയിരുന്നതുപോലെ ചീഫ് സെക്രട്ടറിയുടെ ലേഖനം ഞെട്ടലോടെ വായിച്ചവർക്കു ഇന്നലത്തെ വിധി തെല്ലൊരാശ്വാസമാകും. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കും എന്നൊരു വലിയ അത്യാഗ്രഹം ആർക്കുമില്ല. എന്താണ് നടന്നതെന്ന് അറിയണം എന്ന പരിമിതമായ ആഗ്രഹം മാത്രമേയുള്ളൂ. ഒപ്പം, എന്ത് സംഭവവും ‘ഏറ്റുമുട്ടൽ’ എന്ന ഒരൊറ്റ പെയിന്റടിച്ചാൽ മാച്ചുകളയാം എന്ന തണ്ടർബോൾട്ടിന്റെയും സർക്കാരിന്റെയും ആഗ്രഹം നിയമവാഴ്ചയ്‌ക്കെതിരാണെന്ന ബോധ്യം അവർക്കുണ്ടാവുക എന്നതും പ്രധാനമാണ്. ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായിത്തന്നെ സൂക്ഷിക്കുന്നതാണ് നല്ലതെന്നു അദ്ദേഹത്തെ ഓർമ്മിപ്പിക്കാൻ മുഖ്യമന്ത്രിയ്ക്കും ഒരവസരം കോടതിയായിട്ടു നൽകിയിട്ടുണ്ട്. എത്ര കൊലകൾ മാവോയിസ്റ്റുകൾ ഇന്ത്യയിൽ നടത്തിയാലും അത് നടത്തിയവരെ പിടിക്കുക എന്നല്ലാതെ ആദ്യം കാണുന്ന മാവോയിസ്റ്റിനെ വെടിവച്ചുകൊല്ലാൻ പോലീസുകാർക്ക് അവകാശമില്ല എന്ന പ്രാഥമിക നിയമ തത്വം മുഖ്യ ഉദ്യോഗസ്‌ഥനെ അദ്ദേഹം ഓർമ്മിപ്പിക്കണം; അദ്ദേഹത്തിനും ആവശ്യമെങ്കിൽ ഓർക്കാം.

പോലീസുകാരന്റെ മനോവീര്യം എന്നത് ഒരു കൊച്ചുപെൺകുട്ടി രാത്രിയിൽ വണ്ടിയിറങ്ങി വീട്ടിലേക്കു നടന്നുപോകുന്ന ധൈര്യത്തിലാണ്, പതിനാലുകൊല്ലംകൊണ്ട് ആറുപേർ മരിച്ച കേസിൽ ഒരു കുറ്റകൃത്യമുണ്ടെന്നു കണ്ടുപിടിക്കുമ്പോഴാണ്; അത് ചെയ്തയാൾ പിടിക്കപ്പെടുമ്പോഴാണ്. വഴിതെറ്റിപ്പോയ കുട്ടിയെ വീട്ടിലെത്തിക്കുകയാണ് പോലീസിന്റെ പണി എന്ന് എഴുതിയത് ഓ വി വിജയനാണെന്നു തോന്നുന്നു.

ഇതെന്തിനാണ് വീണ്ടും വീണ്ടും പറയുന്നത് എന്ന് ചിലരെങ്കിലും ആലോചിക്കുന്നുണ്ടാകും. ഗുജറാത്തിൽ ഏറ്റുമുട്ടൽ കോല നടന്നപ്പോൾ മാർട്ടിൻ നെയ്മലറുടെ വരികൾ നമ്മൾ ഓർത്തു, മുഹമ്മദ് അഖ്‌ലാഖിനെ ഉത്തർപ്രദേശിൽ വീട്ടിൽക്കയറി വെട്ടിക്കൊന്നപ്പോൾ നമ്മൾ ആ വരികൾ ഓർത്തു. കാശ്മീരിനെപ്പറ്റി ഓരോ ദിവസവും നമ്മൾ ആ വരികൾ ഓർക്കുന്നു.

ആ വരികൾ വീണ്ടും വീണ്ടും ഓർക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ എന്ന് ഓർമ്മിപ്പിക്കുന്നു എന്ന് മാത്രം.