ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part- 3

(മൂന്നാംദിവസം)

ഉണ്ണിയും രാമകൃഷ്ണനും തമ്മിലുള്ള ഈ ബഹളത്തിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്ന്  ഞാൻ തീരുമാനിച്ചു. പക്ഷേ രണ്ടുപേരും എന്നെ മുറുകെ പിടിച്ചിരിക്കുകയാണ് .ഞാൻ എത്ര തലപുകഞ്ഞാലോചിച്ചിട്ടും   ഒരു മാർഗവും കാണുന്നില്ല ഇവരിൽ നിന്നു രക്ഷപ്പെടാൻ. അവസാനം ഒരിക്കൽ കൂടി അവരെ കാണാൻ പോകാൻ ഞാൻ തീരുമാനിച്ചു.  ഒരു  ഒരു ജോലി കിട്ടുന്നതിനുള്ള തത്രപ്പാടിൽ ഈ ഗുലുമാലിൽ  എല്ലാം ചെന്ന് കയറേണ്ടിവന്നു.

കാലത്ത് ഉറങ്ങി എഴുന്നേറ്റപ്പോൾ ഒരു വല്ലാത്ത അസ്വസ്ഥത. ഏതായാലും കുറച്ചു നേരത്തെ പോയി രാമകൃഷ്ണനെ ഒന്നു കണ്ടു സംസാരിക്കണമെന്ന് തോന്നി.എങ്ങിനെയെങ്കിലും അവർ തമ്മിലുള്ള ശത്രുത അവസാനിപ്പിക്കണമെന്ന ശക്തമായ ഒരു തോന്നൽ .ഞാൻ ശിവാജിനഗർ ബസ്റ്റാൻഡിൽ  എത്തുമ്പോൾ സമയം പന്ത്രണ്ടുമണി.നന്നായി  വിശക്കുന്നുമുണ്ട് .അപ്പോഴാണ് ഓർമിച്ചത് ടെൻഷൻ കാരണം ഇന്ന് ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല എന്ന്.ബസ്‌സ്റ്റാന്റിനടുത്തായി മലയാളികൾ നടത്തുന്ന ഗ്രീൻലാൻഡ് എന്ന ഒരു വെജിറ്റേറിയൻ ഹോട്ടലുണ്ട്.അവിടെ പോയി ഉണുകഴിച്ചിട്ടു മലബാർ ലോഡ്ജിലെ രാമകൃഷന്റെ മെസ്സിൽ പോയി രാമകൃഷ്ണനെ കാണാം  എന്ന് തീരുമാനിച്ചു.ഹോട്ടലിലേക്കു പോകാൻ ജോസഫ് ജോലിചെയ്യുന്ന  ബാങ്കിൻറെ മുൻ ഭാഗത്തുകൂടി ഒരു എളുപ്പവഴിയുണ്ട്.പോകുന്ന വഴി  ബാങ്കിലേക്ക് വെറുതെ ഒന്ന് നോക്കിയതാണ്.

ഞാൻ ഞെട്ടിപ്പോയി.

 അവിടെ ജോസഫും ഉണ്ണിയും നിന്ന് സംസാരിക്കുന്നു. ജോസഫിന്റെ  ഒരു കൈ ഉണ്ണിയുടെ തോളിൽ വിശ്രമിക്കുന്നു . ഞാൻ അവിടെ നിറുത്തിയിട്ടിരുന്ന  ഒരു ടാക്സിയുടെ മറപറ്റി നിന്നു. വളരെ അടുത്ത സുഹൃത്തുക്കളെ പോലെ ആണ് അവർ പെരുമാറുന്നത് .അപ്പോഴാണ് എനിക്ക് ജോസഫ്  അടികൊണ്ട് കൂളായി ഒന്നും മിണ്ടാതെ പോകുന്നതിന്റെ  പൊരുൾ മനസിലാകുന്നത്.

 ഇത് അവർ തമ്മിലുള്ള ഒരു  അഡ്ജസ്റ്റ് മെൻറ് ആണ്. അതായത് എന്നെയും രാമകൃഷ്ണനെയും വെറുതെ പൊട്ടൻ കളിപ്പിക്കുകയായിരുന്നു. ജോസഫ് രണ്ടു വർഷങ്ങൾക്കു മുൻപ് മലബാർ ലോഡ്ജിൽ താമസിച്ചിരുന്നു എന്ന് രാമകൃഷ്ണൻ പറഞ്ഞത് ഞാൻ ഓർമ്മിച്ചു.

ഇവരെ രണ്ടുപേരെയും ഒരു പാഠം പഠിപ്പിക്കണം എന്ന് എനിക്ക് തോന്നി .ഭക്ഷണമൊന്നും കഴിക്കാതെ ഒരു  ഓട്ടോ പിടിച്ചു  രാമകൃഷ്ണനെ കാണാൻ ഞാൻ മലബാർ ലോഡ്ജിലേക്ക്  വച്ചുപിടിച്ചു.

ഉച്ചസമയമായതുകൊണ്ട് രാമകൃഷ്ണന് മെസ്സിൽ  സാമാന്യം തിരക്കുണ്ട് .രാമകൃഷ്ണൻ ചോദിച്ചു ,”ഇതെന്താ ഇത്രയും നേരത്തെ വന്നത് ?നമ്മൾ നാലുമണി എന്നല്ലേ പറഞ്ഞിരുന്നത്? നീ ഊണുകഴിച്ചില്ലങ്കിൽ,കഴിക്കൂ.”

 ഞാൻ കണ്ടകാര്യങ്ങൾ രാമകൃഷ്ണനു  വിവരിച്ചു കൊടുത്തു.യാതൊരു ഭാവമാറ്റവുമില്ലാതെ രാമകൃഷ്ണൻ എല്ലാം കേട്ടിരുന്നു. അവസാനം എന്നോടൊരു ചോദ്യം,”നിനക്ക് പേടിയാണ് അല്ലേ? എങ്കിൽ ഞാൻ തന്നെ മാനേജ് ചെയ്തോളാം. നീ പൊയ്ക്കോളൂ”

 കഷ്ടം, ഞാൻ പറയുന്നത് രാമകൃഷ്ണന് മനസ്സിലാകുന്നില്ല. എന്ത് ചെയ്യാനാണ്? എന്തെങ്കിലുമാകട്ടെ. ഞാൻ നാലുമണിക്ക് കാണാം എന്ന്  പറഞ്ഞു തിരിച്ചുപോന്നു.

കൃത്യം നാലുമണിയായപ്പോൾ രാമകൃഷ്ണൻ  ഞങ്ങൾ നേരത്തെ പറഞ്ഞിരുന്ന സ്പോട്ടിലെത്തി.

നാലുമണിക്കുതന്നെ  ഉണ്ണിയും വന്നു ചേർന്നു .

രണ്ടു പേരും നല്ല ടെൻഷനിൽ ആണ് എന്ന് മുഖം കണ്ടാലറിയാം.ഉണ്ണി  പറഞ്ഞു,”ഇന്ന്  സ്പോട്ടിനു അല്പം  മാറ്റംവരുത്തണം,ഒരു പുതുമയൊക്കെ വേണ്ടേ?”അവന്റെ പുളിച്ച തമാശ കേട്ട് ഞങ്ങൾ ചിരിക്കുമെന്ന് വിചാരിച്ചിട്ടുണ്ടാകും…

അടുത്ത സുഹൃത്തുക്കളായിരുന്ന അവർ പരസ്പരം മുഖത്തോടു മുഖം നോക്കുകപോലും ചെയ്തില്ല രാമകൃഷ്ണൻ പറഞ്ഞു,” ഇഷ്ടമുള്ള  സ്ഥലത്തേക്ക് മാറ്റിക്കോളൂ”

അവൻ തലേദിവസത്തെ സ്ഥലത്തുനിന്നും അല്പംകൂടി പുറകിലേക്ക് മാറി നിന്നു. ഞാനും രാമകൃഷ്ണൻ  ചേട്ടനും പഴയതുപോലെ പാൻപരാഗ് കടയുടെ  പുറകിലേക്കു മാറി.

 സമയം അഞ്ചു മണി.

 ജോസഫ് ഓഫീസിൽ നിന്നും    ഇറങ്ങി ബസ്സ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടക്കുകയാണ് . രാമകൃഷ്ണൻ ഒരു ഭാവമാറ്റവുമില്ലാതെ  വെറുതെ കയ്യുംകെട്ടി നോക്കിനിൽക്കുകയാണ്.ഇത്തവണ ജോസഫ് കുറച്ചു  മുമ്പിലേക്കു നടന്നശേഷം  ഉണ്ണി പുറകിൽ കൂടി ചെന്നിട്ട്  കഴുത്തിനു പിടിച്ചൊരു തള്ളും  ഒരു ചവിട്ടും കൊടുത്തു .ജോസഫ് മറിഞ്ഞുവീണപ്പോൾ  പഴയഡയലോഗ് വീണ്ടും തട്ടിവിട്ടു,” തരാനുള്ള കാശ് തരാതെ ആളെ പറ്റിച്ച് നടക്കുന്നോടാ  പട്ടി………….. അയ്യോ… ഇത്  സാറായിരുന്നോ? നമ്മളുടെ  സമയം ശരിയല്ലെന്നു തോന്നുന്നു………….. സാറേക്ഷമിക്കണം. ഞാൻ ആ  രാധാകൃഷ്ണനാണെന്ന് വിചാരിച്ചുപോയി “

.ജോസഫ് പറഞ്ഞു .” ഇനി ഒന്നുകൂടി ഇത് ആവർത്തിച്ചാൽ  നിൻറെ തല ഞാൻ കൊയ്യും “,

 ഉണ്ണി,” അയ്യോ സാറേ ഒരിക്കലുമില്ല….. എന്നോട് ക്ഷമിക്കണം അബദ്ധം പറ്റിപ്പോയതാണ്….. അതെങ്ങനെ സാറിനെപ്പോലെ  തന്നെ ഇരിക്കുന്നു രാധാകൃഷ്ണനും………… .ഞാൻ കാലു പിടിക്കാം ,സാർ ക്ഷമിക്കണം …….”

ജോസഫ് രൂക്ഷമായിട്ട് ഉണ്ണിയെ ഒന്ന് നോക്കിയിട്ട് മുമ്പിലേക്ക് നടന്നു .

പെട്ടെന്ന് രാമകൃഷ്ണൻ  വിളിച്ചുപറഞ്ഞു,”. നിൽക്കൂ…………”

ആ ആജ്ഞയിൽ  ജോസഫ് നിന്നുപോയി.

“നന്നായിരിക്കുന്നു നിന്റെ  അഭിനയം..”

പറഞ്ഞുതീർന്നതും  ഉണ്ണിയുടെ കരണത്ത്‌ അടി പൊട്ടിയതും   ഒന്നിച്ചായിരുന്നു .അപ്രതീക്ഷിതമായിരുന്ന അടികൊണ്ട്  ഉണ്ണി മുഖവും കുത്തി ഓടയിലേക്ക് വീണു.രാമകൃഷ്ണൻ നല്ല ആരോഗ്യമുള്ള ആളാണ്,അല്പം പൊക്കം കുറവുണ്ടന്നേയുള്ളു.

ജോസഫ് ഓടി ഉണ്ണിയുടെ അടുത്തേക്ക് ചെന്നു.

 രാമകൃഷ്ണൻ ഒട്ടും മടിച്ചില്ല,”ഇത് നിനക്കും ഇരിക്കട്ടെ “എന്നു പറഞ്ഞതും  ജോസഫിന്റെ മുഖമടച്ചു ഒന്നു പൊട്ടിച്ചതും ഒന്നിച്ചായിരുന്നു.ജോസഫിന്റെ ബാലൻസ് തെറ്റി  റോഡിനു സൈഡിൽ ഉള്ള ഇലക്ട്രിക്ക് പോസ്റ്റിൽ പിടിച്ചു..

ഉണ്ണികൃഷ്ണൻ വിളിച്ചു ,”രാമകൃഷ്ണൻ ചേട്ടാ……….”

“നീ  മിണ്ടിപ്പോകരുത്, രണ്ടുപേരും കൂടി എന്നെ വിഡ്ഢിയാക്കുകയായിരുന്നു.”ഉണ്ണി ചുറ്റും നോക്കി ആരെങ്കിലും കാണുന്നുണ്ടോ?

ജോസഫ് അമ്പരന്നുനിൽക്കുകയാണ് .രാമകൃഷ്ണൻ ചോദിച്ചു,”ഇനി ഞാൻ നിനക്ക് എത്ര രൂപ തരണം?”

എനിക്കൊരു സംശയം,ഇനി രാമകൃഷ്ണൻ  എന്നെയും ഉപദ്രവിക്കുമോ എന്ന് . ഏതാണ്ട് ഭ്രാന്ത് പിടിച്ചതുപോലെ ആയിരുന്നു രാമകൃഷ്ണന്റെ അപ്പോഴത്തെ പെരുമാറ്റം.ഞാൻ പതുക്കെ  പുറകിലേക്ക്  വലിഞ്ഞു.

അവർ തമ്മിലുള്ള വാക്കുതർക്കം കണ്ടുനിൽക്കുന്നതിൽ വലിയ കാര്യമില്ല.ഞാൻ ബസ്സ് സ്റ്റാണ്ടിലേക്കു നടക്കുമ്പോൾ  ഇതെല്ലം കണ്ടുനിന്നിരുന്ന പാൻപരാഗ് കടക്കാരൻ എന്നെ ആംഗ്യം കാട്ടി വിളിച്ചു.

ഞാൻ അടുത്ത് ചെന്നു.

“സർ,അവർ സാറിന്റെ ഗുണ്ടകളാണോ?,താല്പര്യമുണ്ടങ്കിൽ ഒരു വർക്ക് ഉണ്ട് ” ഒന്നും പറയാതെ ഞാൻ തിരിച്ചു നടന്നു.

എങ്കിലും ആ ചോദ്യം എന്നെ ഒരു വല്ലാത്ത മാനസിക അവസ്ഥയിൽ ആക്കിഎന്ന് പറയാം .

ഞാൻ എന്നോട് വീണ്ടും വീണ്ടും ചോദിച്ചു,ഞാൻ ഒരു ഗുണ്ടയാണോ?എന്റെ മുഖം ഒരു ഗുണ്ടയുടേതാണോ?

പുറകിൽ നിന്നും ആരോ വിളിക്കുന്നു.തിരിഞ്ഞുനോക്കിയപ്പോൾ രാമകൃഷ്ണൻ ചേട്ടൻ.എന്തുകൊണ്ട് എന്നറിയില്ല ഞാൻ നടപ്പിന് വേഗത കൂട്ടി.

അയാൾ വിളിച്ചു പറഞ്ഞു,”അനിയാ നിന്നോട് എനിക്ക്‌ ഒരു കാര്യം പറയാനുണ്ട്,നില്ക്കു”.എനിക്ക് ഇവരുമായിട്ടുള്ള സൗഹൃദം  ഇനിയും തുടരണമെന്ന് തോന്നിയില്ല.ഞാൻ  ശിവാജിനഗർ  സെൻമേരിസ് ചർച്ചിന് പുറകിൽ ഉള്ള ഇടവഴിയിൽ കൂടി അയാളുടെ കണ്ണുവെട്ടിച്ചു കൊമേർഷ്യൽ സ്ട്രീറ്റിൽ വന്ന് ഒരു ഓട്ടോ പിടിച്ചു എം.ജി. റോഡിലെത്തി . അവിടെനിന്നും കിട്ടിയ ബസ്സിൽ   മാർത്തഹള്ളിയിൽ  ഇറങ്ങി.

അവരിൽ നിന്നും രക്ഷപെട്ട ആശ്വാസത്തിൽ ഞാൻ അന്ന്  സുഖമായി ഉറങ്ങി.

പക്‌ഷേ ആ രക്ഷപെടൽ താൽക്കാലികമായിരുന്നു.

രാവിലെ ഉറക്കമുണർന്നപ്പോൾ ഒരു അപരിചിതൻ എന്നെയും കാത്തു പുറത്തു നിൽക്കുന്നു.

അയാൾ പറഞ്ഞു,”രാമകൃഷ്ണൻ ചേട്ടൻ നിങ്ങളെ വിളിച്ചുകൊണ്ട് ചെല്ലാൻ പറഞ്ഞിരിക്കുന്നു.”

 

(തുടരും

ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? part 4
ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? ( രണ്ടാം ഭാഗം )
ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part-1