ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? ( രണ്ടാം ഭാഗം )

(രണ്ടാം ദിവസം)

ഉണ്ണിയും രാമകൃഷ്ണൻചേട്ടനും വളരെ അടുത്ത സുഹൃത്തുക്കളും ഒരേ നാട്ടുകാരും ആയിരുന്നു.പക്ഷെ ഈ അപമാനം രാമകൃഷ്ണന് സഹിക്കാൻ കഴിഞ്ഞില്ല.കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഞാൻ രണ്ടുപേരെയും ഉപദേശിച്ചുനോക്കി.പക്ഷെ രണ്ടുപേരും ഒരടി പിന്നോട്ടുവയ്ക്കാൻ തയ്യാറായിരുന്നില്ല.തന്നെ പന്തയത്തിൽ തോൽപിച്ച ഉണ്ണിക്ക് ജോസെഫിന്റെ കയ്യിൽനിന്നും അടികിട്ടണം,അതാണ് രാമകൃഷ്ണന്റെ  മനസ്സിലിരിപ്പ്.

സമയം നാലുമണിയായപ്പോഴേ  ഉണ്ണി കുളിച്ചു കുറിയൊക്കെതൊട്ടു  ജോസഫിനെ കാണാൻ  റെഡിയായി.രാമകൃഷ്ണനു വേവലാതിയുണ്ട് എന്ന് ആ മുഖം കാണുമ്പോഴേ അറിയാം.ആയിരം രൂപ അയാളെ സംബന്ധിച്ചിടത്തോളം വലിയ തുകയാണ്.

രണ്ടുപേരുടെയും നടുവിൽ എന്ത് ചെയ്യണമെന്നറിയാതെ ഞാനും.സത്യം പറഞ്ഞാൽ ആ അടിപൊട്ടുന്നതു കാണാതിരിക്കാൻ  ഞാൻ  എന്നാൽ ആവും വിധം ശ്രമിച്ചു നോക്കി.ഉണ്ണി പറഞ്ഞു,”പോകാം.”

ഞങ്ങൾ മൂന്നുപേരും ബാങ്കിന്റെ അടുത്തെത്തിയപ്പോൾ  ഉണ്ണി പറഞ്ഞു.”ഇന്ന് ലൊക്കേഷൻ അല്പം മാറുന്നു.ബാങ്കിൽ നിന്നും ജോസഫിന്  നടന്നു വന്നു ബസ്‌സ്റ്റാണ്ടിലേക്കു കയറുന്നതിനുമുമ്പ്   മറ്റൊരു റോഡ് കൂടി ക്രോസ്സ്  ചെയ്യണം.ഒരു സൈഡിൽ ഹോട്ടൽ സെലക്ട്. ആ ഭാഗത്തു നിന്നാൽ മറു സൈഡിൽ നിന്ന് വരുന്നവരെ കാണാൻ വിഷമമാണ്. ഞാനും രാമകൃഷ്ണനും പഴയ ആ പാൻപരാഗ് കടയുടെ മറവിൽ നിന്നു.അവിടെ നിന്നാൽ റോഡിൽ നടക്കുന്നത് നന്നായി കാണാം.

 

അതാ, ജോസഫ് കൃത്യം അഞ്ചു മണിക്ക് പുറത്തിറങ്ങി.കയ്യിൽ കുറെ പുസ്തകങ്ങൾ.ജോസഫ് റോഡ് ക്രോസ്സ്  ചെയ്ത അതെ നിമിഷം  ഉണ്ണി എതിർ ഭാഗത്തുനിന്നു വേഗത്തിൽ വന്നിട്ട് ജോസെഫിന്റെ അടിവയറ്റിൽ കൈചുരുട്ടി ആഞ്ഞൊരു കുത്തു കൊടുത്തു. വീണ്ടും പഴയ ഡയലോഗ് ,”ചിട്ടിപിടിച്ചിട്ടു തിരിച്ചടയ്ക്കാതെ ഒളിച്ചു നടക്കുന്നോടാ? നീ  കാരണം ഞാൻ വെറുതെ ആ പാവം ജോസഫ് സാറിനെ ഉപദ്രവിച്ചു.നല്ലൊരു മനുഷ്യനായതുകൊണ്ട്  അദ്ദേഹം അത് ക്ഷമിച്ചു.എന്താടാ  ഒന്നും മിണ്ടാത്തതു് ? അയ്യോ ഇത് സാറായിരുന്നോ? സാറെ ക്ഷമിക്കണം.അല്ലങ്കിൽ വേണ്ട സാറ് എന്നെ ഒന്ന് തല്ലിക്കൊളു .”

ഉണ്ണി കയ്യുംകെട്ടി അങ്ങിനെ നിന്നു കൊടുത്തു.അരിശവും സങ്കടവും അപമാനവും കൂടിക്കലർന്ന ഒരു വല്ലാത്ത  അവസ്ഥയിലായി ജോസഫ്. ഒന്നും പറയാതെ നിലത്തുവീണുപോയ പുസ്തകങ്ങൾ  പെറുക്കിയെടുത്തു ഉണ്ണികൃഷ്ണനെ  രൂക്ഷമായി ഒന്ന് നോക്കിയിട്ട്  മുൻപോട്ടു നടന്നു.

ഞെട്ടിത്തരിച്ചുനിൽക്കുന്ന എന്നെയും രാമകൃഷ്ണനെയും ജോസഫ് കണ്ടോ എന്ന് ഞങ്ങൾക്ക് സംശയം തോന്നി.ഏതായാലും ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് അയാൾ നോക്കി എന്നത്  വാസ്തവം.അല്പം നടന്നിട്ടു വീണ്ടും വീണ്ടും  ജോസഫ് തിരിഞ്ഞു നോക്കികൊണ്ടിരുന്നു.

ജോസഫ് പോയി എന്ന്  ഉറപ്പുവരുത്തി ഉണ്ണികൃഷ്ണൻ ഞങ്ങളുടെ അടുത്തുവന്നു,”ചേട്ടാ ആയിരം രൂപ ”

ഒന്നും പറയാതെ രാമകൃഷ്ണൻ ആയിരം രൂപ എടുത്തു കൊടുത്തു.രാമകൃഷ്ണന്റെ അപ്പോഴത്തെ മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.

“ചെറ്റത്തരം കാണിക്കുന്നതിന് അതിരുണ്ട്,വലിയ ഗുണ്ടയാണെന്ന് പറഞ്ഞു നടക്കുന്നു.”

“ചേട്ടൻ തല്ലാൻ പറഞ്ഞു, ഞാൻ തല്ലി .ഇപ്പോൾ കാശു താരനെന്താ മടി?”

“ധൈര്യമുണ്ടാകിൽ നേരെ നിന്ന് തല്ലടാ.,അപ്പോൾ കാണാം നീ അയാളുടെ കയ്യിൽ നിന്നും മേടിച്ചുകൂട്ടുന്നത്.അതാണ് ആണത്തം.അല്ലാതെ അടിച്ചിട്ട് കാലുപിടിക്കുകയല്ല വേണ്ടത്.”..”.

രംഗം വീണ്ടും വഷളാവുകയാണോ?

ഞാൻ ദയനീയമായി വിളിച്ചു,രാമകൃഷ്ണൻ ചേട്ടാ,…………ഉണ്ണി ……………

 

രണ്ടുപേരും എന്നെ ശ്രദ്ധിക്കുന്നതേയില്ല.

“ശരി നേരെനിന്നു തല്ലും,പക്ഷേ റേറ്റ് അല്പം കൂടും ,രണ്ടായിരം രൂപ തരണം സാധിക്കുമോ?”ഉണ്ണി വെല്ലുവിളിച്ചു.

രാമകൃഷ്ണൻ ഒന്നും മിണ്ടിയില്ല.ഇപ്പോൾ തന്നെ ഞെരുക്കത്തിലാണ്.ഇനി എവിടെനിന്നും രണ്ടായിരം രൂപ കൊടുക്കാനാണ്?

“കാശില്ലെങ്കിൽ മിണ്ടാതിരിക്കണം. വെറുതെ വെല്ലുവിളിക്കരുത്”,ഉണ്ണി പറഞ്ഞു.അവനെ ഞെട്ടിച്ചുകൊണ്ട്  രാമകൃഷ്ണൻ പറഞ്ഞു,”ശരി സമ്മതിച്ചിരിക്കുന്നു”.കയ്യിൽകിടക്കുന്ന  വിവാഹമോതിരത്തിൽ നോക്കി രാമകൃഷ്ണൻ അത് പറഞ്ഞപ്പോൾ  ഞാൻ ഞെട്ടിപ്പോയി.ഉണ്ണികൃഷ്ണൻ ചിരിച്ചുകൊണ്ട്  പറഞ്ഞു,”അങ്ങനെയെങ്കിൽ നാളെ ഈ പരിപാടിയുടെ മൂന്നാം ഭാഗം.വൈകുന്നേരം അഞ്ചുമണിക്ക് ,മറക്കരുത് സമയം അഞ്ചുമണി”.അവന്റെ ശബ്ദത്തിലെ പരിഹാസം രാമകൃഷ്ണനെ വല്ലാതെ അസ്വാസ്ഥനാ ക്കി.

ഇവർ രണ്ടുപേരും ഇനി അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ. ഇവരിൽ നിന്നും രക്ഷപെടുക.ഞാൻ അങ്ങിനെ ഒരു തീരുമാനമെടുത്തു.എന്റെ ഭാവമാറ്റം മനസിലാക്കിയിട്ടാകണം  ഉണ്ണി  പറഞ്ഞു.”നീ മധ്യസ്ഥനായി നിൽക്കണം.രൂപ രണ്ടായിരമാണ്.”

എന്നെ  അത്ഭുതപ്പെടുത്തിക്കൊണ്ട്  രാമകൃഷ്ണനും പറഞ്ഞു,”നീ മുങ്ങാൻ നോക്കേണ്ട,നീയും വരണം.നീ കാരണമാണ് ഇതെല്ലം സംഭവിച്ചത് ”.

ഞാൻ തളർന്നു പോയി .രാമകൃഷ്ണന്  എന്തോ എന്നോട് പറയാനുണ്ട്  എന്ന് തോന്നുന്നു.അവസാന നിമിഷമെങ്കിലും  ഇവരെ പിന്തിരിപ്പിക്കാൻ കഴിഞ്ഞെങ്കിൽ എന്ന ഒരു ചിന്ത കൊണ്ട് അടുത്ത ദിവസവും വരാമെന്നു ഞാൻ സമ്മതിച്ചു.ഞാൻ മാറത്തഹള്ളിയിലെ എന്റെ താമസസ്ഥലേക്ക് ബസ്സ് കയറുവാനായി ബസ്സ് സ്റ്റാൻഡിലേക്ക് നടന്നു.രാമകൃഷ്ണനും ഉണ്ണിയും അവരുടെ താമസസ്ഥലമായ മലബാർ  ലോഡ്ജിലേക്കു പോയിട്ടുണ്ടാകും.വളരെ അടുത്തസുഹൃത്തുക്കളായിരുന്ന അവർ  എത്ര പെട്ടെന്നാണ് ശത്രുക്കളെപോലെ  പെരുമാറാൻ തുടങ്ങിയത് എന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.

മൂന്നാമത്തെ അടി എങ്ങിനെ  എന്ന് അവർ രണ്ടു പേരും പ്ലാൻ ചെയ്യുവാൻ തുടങ്ങി എന്ന് തോന്നുന്നു.

(നാളെ കാണാം)

( തുടരും )

 

ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part- 3

ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ?PART ONE