ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part 1

(ഒന്നാം ദിവസം)
അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില നിസ്സാരകാര്യങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റി മറി ച്ചുകളയും.അത്തരം ഒരു സംഭവത്തിലേക്ക് .
ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ എത്തിയതായിരുന്നു ഞാൻ ബാംഗളൂരിൽ.ഇന്റർവ്യൂ കഴിഞ്ഞപ്പോൾ മനസ്സി ലായി ഈ ജോലി എനിക്ക് കിട്ടില്ല എന്ന്.തിരിച്ചു നാട്ടിലേക്കു പോകാൻ തുടങ്ങമ്പോൾ സുഹൃത്ത് ചോദിച്ചു,”നീ നാട്ടിൽ പോയിട്ട് എന്ത് ചെയ്യാനാണ്?കുറച്ചു ദിവസം ഇവിടെ നിൽക്കൂ ,നമുക്കൊന്ന് ശ്രമിച്ചുനോക്കാം.”
ശരി .അങ്ങനെയെങ്കിൽ അങ്ങിനെ തന്നെ.
ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു ജോലി ശരിയായി.Appointment order കിട്ടിയപ്പോൾ ഒരു ചെറിയ പ്രശ്നം .ജോലി സ്ഥിരമാകുന്നതുവരെ നല്ലൊരു തുക ടെപ്പോസിറ്റ് കൊടുക്കണം അല്ലങ്കിൽ ഒരാൾ ജാമ്യം നിന്നാലും മതി. ഇന്ത്യയിലെ ലീഡിങ് ഷെയർ ബ്രോക്കേർസ് ആണ്.തരക്കേടില്ലാത്ത നല്ല ശമ്പളവും.നിർഭാഗ്യവശാൽ സുഹൃത്ത് എന്തോ കാര്യത്തിനായി തലേദിവസം നാട്ടിൽ പോയിരിക്കുകയാണ്.എനിക്ക് ബാംഗ്ലൂരിൽ കാര്യമായി പരിചയക്കാരുമില്ല.അപ്പോഴാണ് മറ്റൊരു സുഹൃത്തിന്റെ കാര്യം ഓര്മവരുന്നത്. ഉണ്ണികൃഷ്ണൻ .ശിവാജിനഗറിൽ മലബാർ ലോഡ്‌ജിൽ താമസിക്കുന്നു.ബസ്സ് സ്റാൻഡിൽനിന്നും അഞ്ചു മിനിട്ടു നടന്നാൽ മലബാർ ലോഡ്ജിൽ എത്തും.
അന്വേഷിച്ചു ചെല്ലുമ്പോൾ അവനവിടെയില്ല.ഉണ്ണി ആൾ നല്ലൊരു സംസാരപ്രിയനും സഹൃദയനുമാണ്.ഒരു വലിയ കുടുംബത്തിന്റെ ഏക ആശ്രയം.എങ്കിലും തന്റെ പ്രയാസങ്ങൾ പുറത്തുകാണിക്കില്ല.ആരെയും സഹായിക്കാൻ മുന്പിലുണ്ടാകും.ഒരു കമ്പനിയുടെ സർവീസ് ടെക്‌നിഷ്യൻ ആയതുകൊണ്ട് തുടർച്ചയായി യാത്രയിൽ ആയിരിക്കും..
അവിടെ മെസ്സ് നടത്തുന്ന രാമകൃഷ്ണനോട് ചോദിച്ചപ്പോൾ പുറത്തു എവിടെയോ പോയതാണ് എന്നുപറഞ്ഞു.രാമകൃഷ്ണൻ കറുത്ത് തടിച്ചു പൊക്കം കുറഞ്ഞആളാണ് വളരെ മര്യാദയോടെയും ബഹുമാനത്തോടെയും മറ്റുള്ളവരോട് പെരുമാറുന്ന രാമകൃഷ്ണനോട് ആർക്കും അല്പം ബഹുമാനമൊക്കെ തോന്നും.
“ഉണ്ണിയുടെ സുഹൃത്താണല്ലേ ,എപ്പോൾ വരുമെന്ന് പറയാൻ പറ്റില്ല.എന്തെങ്കിലും അത്യാവശ്യം?” രാമകൃഷ്ണൻ തിരക്കി.ഉണ്ണികൃഷ്ണനും രാമകൃഷ്ണനും ഒരേ നാട്ടുകാരാണ്.അതുകൊണ്ട് അടുത്ത സുഹൃത്തുക്കളും.
ഞാൻ കാര്യം പറഞ്ഞു.
.”അതിനെന്താ,നമുക്ക് ഒരാളെ കണ്ടു പിടിക്കാം.എനിക്ക് പരിചയമുള്ള ഒരു ജോസഫ് ഉണ്ട്.ഇവിടെ മലബാർ ലോഡ്ജിൽ താമസിച്ചിരുന്നതാണ്.ശിവാജിനഗറിലെ കർണാടക ബാങ്കിൽ ജോലി ചെയ്യുന്നു.ഞാൻ പറഞ്ഞാൽ ചെയ്തുതരാതിരിക്കില്ല.”
.അപ്പോഴേക്കും ഉണ്ണികൃഷ്ണൻ വന്നു.ബാങ്കിലെ തിരക്കൊഴിഞ്ഞു ഒരു നാലുമണിയാകുമ്പോൾ ജോസഫിനെ കാണാൻ പോകാൻ തീരുമാനിച്ചു.ഞങ്ങൾ ബാങ്കിൽ ചെല്ലുമ്പോൾ ജോസഫ് കൗണ്ടറിൽ തന്നെ ഉണ്ട്.. കണ്ടയുടനെ ജോസഫ് എഴുന്നേറ്റുവന്നു,”എന്താ രാമകൃഷ്ണൻചേട്ടാ വിശേഷം? ”
രാമകൃഷ്ണൻ വിവരങ്ങൾ വിശദമായി വിവരിച്ചു.ജോസഫിന്റെ മുഖത്തെ ചിരി മായുന്നതും ഗൗരവത്തിലാകുന്നതും ഞാൻ ശ്രദ്ധിച്ചു.
.അയാൾ ഒന്നും പറയാതെ സീറ്റിലേക്കുമടങ്ങി.എന്തൊക്കെയോ എഴുതുകയും തന്റെ ജോലി തുടരുകയും ചെയ്തു.ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കുന്നുപോലുമില്ല.ഏകദേശം അര മണിക്കൂർ ഞങ്ങൾ കാത്തുനിന്നു.കാര്യം നടക്കില്ല എന്ന് തോന്നിയതുകൊണ്ട് ഞാൻ പറഞ്ഞു,”രാമകൃഷ്ണൻചേട്ടാ നമുക്കുപോകാം”
.രാമകൃഷ്ണൻ പതുക്കെ വിളിച്ചു,”സാർ….ജോസഫ് സാർ ……..”
ജോസഫ് പതുക്കെ എഴുനേറ്റു ഞങ്ങളുടെ അടുത്തുവന്നു,”ചേട്ടൻ മറ്റൊന്നും വിചാരിക്കരുത് ചെറിയ സഹായം വല്ലതുമാണെങ്കിൽ ഞാൻ ചെയ്യാം ഇത്തരം കാര്യങ്ങളുമായിട്ടു ചേട്ടൻ ദയവായി എന്റെ അടുത്തുവരരുത്.ആവശ്യത്തിലധികം പ്രശനങ്ങൾ ഇപ്പോൾ തന്നെയുണ്ട്.സോറി “.
അയാൾ തിരിച്ചു തന്റെ സീറ്റിൽ പോയിരുന്നു, ജോലി തുടർന്നു
.പുറത്തേയ്ക്ക് നടക്കുമ്പോൾ രാമകൃഷ്ണൻ പറഞ്ഞു,”തെണ്ടി,അവനത് ആദ്യമേ പറയാമായിരുന്നു.വെറുതെ സമയം കളഞ്ഞു .”
“ഇത്തരം പണിക്ക് അടിച്ചു അവന്റെ കരണക്കുറ്റി പൊട്ടിക്കണം അതാ വേണ്ടത്.”,ഉണ്ണികൃഷ്ണൻ.
രാമകൃഷ്ണന് അരിശം അടങ്ങുന്നില്ല,”പോടാ തടിയാ,നിനക്കതിനു ധൈര്യം ഉണ്ടോ?വെറുതെ കിടന്നു ചവക്കാതെ “ഉണ്ണികൃഷ്ണൻ നന്നേ തടിച്ചിട്ടാണ് .അതുകൊണ്ട് ഞങ്ങൾ അവനെ കളിയാക്കി തടിയൻ എന്ന് വിളിക്കാറുണ്ട്.
“എന്താ സംശയം?വേണ്ടിവന്നാൽ അവന്റെ കരണകുറ്റിക്ക് ഞാൻ പൊട്ടിക്കും”.
രാമകൃഷ്ണൻ പോക്കറ്റിൽനിന്നും 500 രൂപയെടുത്തു പൊക്കിപിടിച്ചിട്ടു പറഞ്ഞു ,”ധൈര്യമുണ്ടങ്കിൽ അടിക്ക് അവനെ ,ഇത് നിനക്കുള്ളതാ.”
ഉണ്ണി ഒന്ന് പരുങ്ങി.
കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്നുതോന്നിയതുകൊണ്ടു ഞാൻ പറഞ്ഞു,”.നമുക്ക് ഇത് ഇവിടെ അവസാനിപ്പിക്കാം.ഇതിന്റെ പേരിൽ ഒരു വഴക്കുവേണ്ട”.
“നീ പോടാ ,നിന്നെയൊക്കെ എന്തിനുകൊള്ളാം?”രാമകൃഷ്ണന് താൻ അപമാനിക്കപ്പെട്ടതിലുള്ള അരിശം തീരുന്നില്ല.
ഉണ്ണി പറഞ്ഞു “അവൻ ഇറങ്ങി വരുമ്പോൾ ഞാൻ കരണകുറ്റിക്കു ഒന്നുപൊട്ടിക്കും ചേട്ടൻ അഞ്ഞൂറ് രൂപ തരും?
“തരും”,
“എങ്കിൽ ഞാൻ റെഡി .നമുക്ക് ആ പാൻപരാഗ് ഷോപ്പിന്റെ പുറകിലേക്ക് മാറിനിൽക്കാം.” ഉണ്ണി പറഞ്ഞു.ഇവർ ഇത് എന്തിന്റെ പുറപ്പാടാണ്?സഹായിക്കാൻ വിളിച്ചത് ഒരു പുലിവാലാകുമെന്നു തോന്നുന്നു.രണ്ടു പേരും എന്നെ മറന്നു കഴിഞ്ഞു.അവർ മുൻപോട്ടു നടന്നു .പാൻ പരാഗ് ഷോപ്പിന്റെ പിന്നിലെത്തിയപ്പോൾ നിന്നു.
ഞാനും പിന്നാലെ ചെന്നു.സമയം അഞ്ചുമണിയായിരിക്കുന്നു.ജോസഫ് ബാങ്കിൽ നിന്നും ഇറങ്ങി വരുന്നത് ദൂരെ നിന്ന് ഞങ്ങൾ കണ്ടു.
.എന്റെ ചങ്ക് പെരുമ്പറ കൊട്ടാൻ തുടങ്ങി.
ജോസഫ് പാൻഷോപിന്റെ മുൻപിലെത്തിയതും പുറകിൽനിന്നും ഉണ്ണി മുന്പോട്ടുകുതിച്ചു ചെന്നതും ഒന്നിച്ചായിരുന്നു..എന്താണ് സംഭവിക്കുന്നത് എന്ന് ജോസഫ് തിരിച്ചറിയുന്നതിനുമുൻപ് ഉണ്ണി അയാളുടെ കരണത്തടിച്ചിട്ടു പറഞ്ഞു,”ചിട്ടിപിടിച്ചിട്ടു തവണയടക്കാതെ ഒളിച്ചു നടക്കുന്നോടാ തെണ്ടി,നിന്നെ ഞാൻ നോക്കി നടക്കുകയായിരുന്നു.”പിടിച്ചൊരു തള്ളും ,അടിയുടെ ആഘാതവും കൊണ്ട് ജോസഫ് സൈഡിലെ ഓടയിലേക്കു വീണു.എങ്കിലും ജോസഫ് ഒരുവിധം എഴുനേറ്റു നിന്നു.ജോസഫ് നല്ല ആരോഗ്യമുള്ള ഒത്ത ശരീരപകൃതിയുള്ള ആളാണ്.ഷിർട്ടിന്റെ കൈ ചുരുട്ടിക്കയറ്റി അയാൾ ഉണ്ണിയുടെ നേരെ പാഞ്ഞുവന്നു..
ഒട്ടും താമസിച്ചില്ല ഉണ്ണികൃഷ്ണൻ അയാളുടെ കാൽക്കൽ വീണു,കാലിൽകെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു,”ആളുതെറ്റിപോയി സാറെ ക്ഷമിക്കണം ,ആ രാധാകൃഷ്ണൻ എന്നെ കാണാതെ മുങ്ങിനടക്കുവാ ഞാൻ ജാമ്യം നിന്ന് ചിട്ടി പിടിച്ചതാണ് ,ഇപ്പോൾ .ചിട്ടിയുടെ തവണ അവൻ അടക്കുന്നില്ല .അവനാണ് എന്ന് കരുതി അടിച്ചതാ ക്ഷമിക്കണം.സോറി”.
പാവം ജോസഫ്,ഒരുത്തൻ കാലിൽ കെട്ടിപിടിച്ചു ക്ഷമ ചോദിക്കുമ്പോൾ എന്ത് ചെയ്യും?ആരെങ്കിലും കാണുന്നുണ്ടോ എന്ന് ചുറ്റും നോക്കി.ഞാനും രാമകൃഷ്ണൻ ചേട്ടനും നിൽക്കുന്നത് അയാൾ കണ്ടോ എന്നൊരു സംശയം.അവിടെന്നും ഇവിടെന്നും ആളുകൾ കൂടാൻ തുടങ്ങിയിരിക്കുന്നു.ജോസഫ് ഒന്നും പറയാതെ അടുത്തുള്ള മഞ്ജുനാഥ കഫേയിലേക്കു കയറിപ്പോയി.
ജോസഫ് കണ്ണിൽ നിന്നും മറഞ്ഞപ്പോഴേ ഉണ്ണി വന്നു രാമകൃഷ്ണൻ ചേറ്ട്ടന്റെ കയ്യിൽനിന്നും അഞ്ഞൂറ് രൂപയും വാങ്ങി.
പാവം രാമകൃഷ്ണൻ,ഇത്തരമൊരു ചതി അയാൾ പ്രതീക്ഷിച്ചിരുന്നില്ല.അപമാനവും കോപവും കൊണ്ട് രാമകൃഷ്ണന്റെ മുഖം ചുവന്നു.
“പ് …ഫൂ …..ഇപ്പോൾ നീ ജയിച്ചു.ആളെ പറ്റിച്ചു.ജയിച്ചു.ധൈര്യമുണ്ടോ നിനക്കവനെ ഒന്നുകൂടി അടിക്കാൻ? അപ്പോൾ കാണാം കളി ”
“ഇനി അടിയില്ല വേണമെങ്കിൽ അവന്റെ അടിവയറിനു ഒരു കൈ ചുരുട്ടി ഒരു കുത്തു കൊടുക്കാം .എന്തുപറയുന്നു?പക്ഷെ നാളെ,ഇന്നത്തെ പരിപാടി ക്ലോസ്” ഉണ്ണി തന്നെ പരിഹസിക്കുകയാണെന്നു രാമകൃഷ്ണന് മനസിലായി.
“കുത്തെങ്കിൽ കുത്ത്‌ “തന്നെ തോൽപിച്ച ഉണ്ണിക്ക് എങ്ങിനെയും ജോസെഫിന്റെ കൈയ്യിൽ നിന്നും അടി കിട്ടണം,അതാണ് രാമകൃഷ്ണന്റെ മനസിലിരിപ്പ്.
ഉണ്ണി പറഞ്ഞു ” പക്ഷെ റേറ്റ് അല്പം കൂടും ആയിരം രൂപ.”
രാമകൃഷ്ണനെ സംബന്ധിച്ച് അത് വലിയ ഒരു തുകയാണ്.അതിന്റെ ചമ്മൽ ആ മുഖത്തുകാണാനുണ്ട് പക്ഷെ വെല്ലുവിളി ഏറ്റെടുക്കാതിരിക്കാനും പറ്റില്ല.
ഞാൻ പറഞ്ഞു”,നമ്മൾ ഇത് ഇവിടെ അവസാനിപ്പിക്കുന്നു.ഞാൻകരണമാണല്ലോ ഇത് ആ രംഭിച്ചത്.അതുകൊണ്ടു ദയവായി ഇത് നിർത്തു.കഴിഞ്ഞത് കഴിഞു.”
“നീ പോടാ ഇത് ഞങ്ങൾ തമ്മ്മിലുള്ള കാര്യം നിനക്കു വേണമെങ്കിൽ ജോസെഫിന്റെ കയ്യിൽ നിന്നുംഇവൻ തൊഴി വാങ്ങുന്നത് കണ്ടോ.”
ഞാൻ എന്ത് ചെയ്യാനാണ്?
“നാളെ ഇതേ സ്ഥലത്തു വച്ച് വീണ്ടും കാണാം.സമയം മറക്കരുത് അഞ്ചുമണി.”ഉണ്ണി വിളിച്ചു പറഞ്ഞു.
ഞങ്ങളുടെ ഇടയിൽ അകൽച്ചയുടെയും മൗനത്തിന്റെയും ഒരു വേലിക്കെട്ടുയർന്നു വന്നു.എല്ലാവരും നിശബ്ദരായി മലബാർ ലോഡ്‌ജിലേക്കു നടന്നു.
ഉണ്ണി ജോസെഫിന്റെ കയ്യിൽ നിന്നും തൊഴി വാങ്ങുന്നത് ഞാനും രാമകൃഷ്ണനും സ്വപ്നം കാണാൻ തുടങ്ങി.എങ്ങിനെ ആയിരം രൂപ അടിച്ചെടുക്കാം എന്ന് ഉണ്ണികൃഷ്ണനും പ്ലാൻ ചെയ്യാൻ തുടങ്ങി കഴിഞ്ഞു.
(നാളെ കാണാം)
( തുടരും
ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? part 4
ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part- 3PART TWO
ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part- 3