ഭൂമിയെ മുറിച്ച് സമയമേഖലകള്‍ ഉണ്ടായ കഥ

950

timezone
ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം എന്ന് കേള്‍ക്കാത്തവര്‍ ഉണ്ടാവില്ല. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം ഗ്രീന്‍വിച്ച് മീന്‍ ടൈമിനേക്കാള്‍ അഞ്ചര മണിക്കൂര്‍ മുന്നിലാണെന്നും നമ്മള്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. സമയം അറിയുവാനുള്ള സൂത്രങ്ങള്‍ ആദിമസംസ്‌കാരങ്ങളില്‍ പോലും ഉണ്ടായിരുന്നു എന്നും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഭൂമിയെ വ്യത്യസ്ത സമയരേഖകളായി തിരിച്ചത് ആരെന്നോ എന്നെന്നോ അറിയാമോ? സമയമേഖലകളെക്കുറിച്ച് രസകരവും വിജ്ഞാനപ്രദവുമായ ചില വിശേഷങ്ങള്‍:

 • ലണ്ടനിലെ ഗ്രീന്‍വിച്ച് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റോയല്‍ ഒബ്‌സര്‍വേറ്ററിയില്‍ ആണ് ഗ്രീന്‍വിച്ച് മീന്‍ ടൈം ആദ്യമായി നടപ്പിലാക്കിയത്. ഗ്രീന്‍വിച്ച് മെറിഡിയനില്‍ക്കൂടി സൂര്യന്‍ കടന്നുപോകുന്ന സമയം ആണ് ഈ സമയവ്യവസ്ഥയില്‍ അടിസ്ഥാനസമയമായി കണക്കാക്കിയിരുന്നത്.
 • ആറ്റോമിക് ക്ലോക്കുകളുടെ വരവോടെ കൂടുതല്‍ കൃത്യമായി സമയം അളക്കുവാന്‍ സാധ്യമായപ്പോള്‍ ഗ്രീന്‍വിച്ച് മീന്‍ ടൈം മാറി പകരം കോര്‍ഡിനേറ്റഡ് യൂണിവേഴ്‌സല്‍ ടൈം എന്ന യു.റ്റി.സി. പ്രചാരത്തില്‍ വന്നു.
 • ക്വിറിക്കോ ഫിലോപാന്തി എന്ന ഇറ്റാലിയന്‍ ഗണിതശാസ്ത്രഞ്ജന്‍ ആണ് ആദ്യമായി സമയമേഖലകള്‍ എന്ന ആശയം മുന്നോട്ടു വയ്ക്കുന്നത്; 1858ല്‍. എന്നാല്‍, അദ്ദേഹത്തിന്റെ രചനകള്‍ പുറം ലോകം അറിയാന്‍ പിന്നെയും ഒരുപാട് കാലം കഴിഞ്ഞു. സര്‍ സ്റ്റാന്‍ഫോര്‍ഡ് ഫ്‌ലെമിംഗ് എന്ന കാനഡക്കാരനാണ് സമയമെഖലകളെപ്പറ്റി പറയുമ്പോള്‍ നമ്മള്‍ ക്രെഡിറ്റ് നല്‍കുക.
 • ഒരുപാട് വര്‍ഷങ്ങള്‍ക്കൊണ്ടാണ് ലോകത്തിലെ എല്ലാരാജ്യങ്ങളിലും പൊതുവായ ഒരു സമയവ്യവസ്ഥ നിലവില്‍ വന്നത്. ഗ്രീന്‍വിച്ച് മീന്‍ ടൈം നിലവില്‍ ഉപയോഗത്തില്‍ ഇല്ലെങ്കിലും സമയവ്യവസ്ഥയുടെ അടിസ്ഥാനം ഇപ്പോഴും ഗ്രീന്‍വിച്ച്മെറിഡിയന്‍ തന്നെയാണ്.
 • ശരത്കാലത്തില്‍ സൂര്യപ്രകാശം കൂടുതല്‍ ലഭ്യമാക്കുവാന്‍ സമയം ഒരു മണിക്കൂര്‍ മുന്‍പിലേയ്ക്ക് ആക്കുന്ന സമ്പ്രദായം ചില രാജ്യങ്ങളില്‍ ഉണ്ട്. ഡേലൈറ്റ് സേവിംഗ് ടൈം എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഇതനുസരിച്ച് ബ്രിട്ടനില്‍ വേനല്‍ക്കാലത്ത്ഡേലൈറ്റ് സേവിംഗ് ടൈം നടപ്പാക്കുമ്പോള്‍ ഗ്രീന്‍വിച്ചിലെ സമയം ഗ്രീന്‍വിച്ച് മീന്‍ ടൈമിനേക്കാള്‍ ഒരു മണിക്കൂര്‍ കൂടുതല്‍ ആയിരിക്കും!

  timezone1
  ഗ്രീന്‍വിച്ച് മെറിഡിയന്‍
 • വ്യത്യസ്ത സമയമേഖലകള്‍ ഗ്രീന്‍വിച്ചിലെ സമയത്തെക്കാള്‍ ഓരോ മണിക്കൂര്‍ വീതം കൂട്ടിയാണ് സാധാരണ കണക്കാക്കുന്നത്. എന്നാല്‍, ഇപ്പോഴും ഇങ്ങനെയല്ല സ്ഥിതി. നമ്മുടെ സ്വന്തം ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം തന്നെ അഞ്ചര മണിക്കൂര്‍ മുന്‍പോട്ട് ആണല്ലോ!
 • ശ്രീലങ്കയും ഇന്ത്യയും ഒരേ സമയക്രമം തന്നെയാണ് ഉപയോഗിക്കുന്നത്.
 • ചില സ്ഥലങ്ങളില്‍ സമയമേഖലകള്‍ തമ്മിലുള്ള വ്യത്യാസം കാല്‍, മുക്കാല്‍ മണിക്കൂറുകള്‍ ഒക്കെയാവാറുണ്ട്. നേപ്പാളിലെ സമയം സ്റ്റാന്‍ഡേര്‍ഡ് സമയത്തെക്കാള്‍ അഞ്ചേമുക്കാല്‍ മണിക്കൂര്‍ ആണ് മുന്നില്‍.
 • റഷ്യയില്‍ ആകെ 12 സമയമേഖലകള്‍ കടന്നുപോകുന്നുണ്ട് എങ്കിലും ഔദ്യോഗികമായി 9 സമയമേഖലകളേ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ.
 • ചൈനയില്‍ ആകെ ഒരു സമയക്രമമേ അംഗീകരിക്കപ്പെട്ടിട്ടുള്ളൂ. ഇതുകാരണം, സൂര്യന്‍ ഏറ്റവും ഉച്ചസ്ഥായിയില്‍ എത്തുന്ന സമയം ചൈനയുടെ പടിഞ്ഞാറേഅറ്റത്ത് 3 മണിയും കിഴക്കേഅറ്റത്ത് 11 മണിയും ആയിരിക്കും.