ചൈന ബിസ്സിനസ്സ് – ഒരു വഴികാട്ടി

776

BPOVIA-China-Business-Development1

ഒരു മലയാളം ചാനലിന്‍റെ വിദേശ രാജ്യങ്ങളെ സംബന്ധിക്കുന്ന പരിപാടിയില്‍ ആസിയാന്‍ രാജ്യങ്ങളുടെ കൂട്ടായ്മയും അതിലെ രാഷ്ട്രീയവും, ഇന്ത്യയുടെ ഇടപെടലുകളും അമേരിക്കയുടെ നിലപാടുകളും മറ്റും ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ ചൈനയുടെ ആര്‍ക്കും വേണ്ടാത്ത ഉല്പന്നങ്ങള്‍ കൊണ്ട് വന്നു നിറയ്ക്കാനുള്ള ഡംപിങ്ങ് ഗ്രൌണ്ട് ആയി ഇന്ത്യ മാറി എന്ന പരാമര്‍ശം ഉണ്ടായി. വിമര്‍ശനത്തിലെ രാഷ്ട്രീയം എന്തുതന്നെ ആയാലും ഇന്ത്യന്‍ മാര്‍ക്കറ്റില്‍, പ്രത്യകിച്ച് കേരളത്തില്‍ സുലഭമായ പല ചൈനീസ്‌ ഉല്‍പ്പന്നങ്ങളും നിലവാരം കുറഞ്ഞതും ചൈനയുടെ അഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ ഇല്ലാത്തതും ആണ് എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. ഒന്നാംതരം മുതല്‍ മൂന്നാംതരം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന ചൈനയുടെ സ്വതന്ത്ര വിപണിയില്‍ നാലാംതരം ചരക്ക് പ്രത്യകം പറഞ്ഞുണ്ടാക്കി കുറഞ്ഞ വിലയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നമ്മുടെ വ്യാപാരികള്‍ ലാഭത്തിന്റെ കണക്കില്‍ അല്ലാതെ ഗുണമേന്മയില്‍ അഭിരമിക്കേണ്ട കാര്യമില്ലല്ലോ!

ചൈനയിലെ ഷാങ്ങ്ഹായില്‍ സയന്‍സ് ആന്‍ഡ്‌ ടെക്നോളജി മ്യൂസിയത്തിന് അടുത്തുള്ള മെട്രോ സ്റ്റേഷനോട് ചേര്‍ന്ന് ഭൂമിക്കടിയില്‍ ഒരു മാള്‍ ഉണ്ട്. വിദേശ സന്ദര്‍ശകര്‍ ഷോപ്പിംഗ്‌ നടത്താന്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രദേശം ആണ് ഷിന്‍യാങ്ങ് മാര്‍ക്കറ്റ്‌ എന്ന ഏക്കറുകളുടെ വിസ്തൃതിയില്‍ നിറഞ്ഞു കിടക്കുന്ന ഈ കമ്പോളം. ആഗോളതലത്തിലെ പ്രമുഖമായ ഒട്ടുമിക്ക ബ്രാന്‍ഡ്‌ കളുടെയും വില കുറഞ്ഞ വ്യാജ ഉലപ്പന്നങ്ങള്‍ പരസ്യമായി വാങ്ങാന്‍ കഴിയുന്ന ഒരു സ്ഥലം എന്ന നിലയില്‍ ആണ് ഷിന്‍യാങ്ങ് മാര്‍ക്കറ്റ്‌ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. ചൈനാക്കാര്‍ പൊതുവേ ഷോപ്പിംഗ്‌ നടത്താന്‍ ഇഷ്ടപ്പെടാത്ത, വിലപേശല്‍ മുഖമുദ്രയായ, ഈ മാര്‍ക്കറ്റ് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് പ്രിയങ്കരം ആണ്. നൂറു യുവാന്‍ വില പറയുന്ന ഒരു ഉല്‍പന്നം വിലപേശലിനു ശേഷം പതിനഞ്ചും ഇരുപതും യുവാന്‍ കൊടുത്ത്   മറ്റുരാജ്യക്കാര്‍ വാങ്ങുമ്പോള്‍ അത് അഞ്ചു യുവാനില്‍ താഴെ കിട്ടുമെങ്കില്‍ നോക്കാമെന്നാണ് ഇന്ത്യക്കാരുടെ നിലപാട്. നിലവാരം തീരെ കുറഞ്ഞതായാലും വില കുറച്ചു ലഭിച്ചാല്‍ മതി എന്ന കാഴ്ചപ്പാട് ഇവിടെയും നമുക്കു വേണ്ടി പ്രത്യകം ഉല്‍പ്പന്നം കാത്തു വെയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു ദശാബ്ദ കാലത്തില്‍ അധികമായി ചൈനയില്‍ താമസിച്ച് ഇക്കാലയളവില്‍ ഇവിടുത്തെ സാമൂഹ്യ സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ കുറച്ചൊക്കെ മനസ്സിലാകിയ വ്യക്തി എന്ന നിലയില്‍ ചൈനയില്‍ നിന്നും ഗുണമേന്മയുള്ള ഉലപ്പന്നങ്ങള്‍ കണ്ടെത്തി വിപണനം നടത്താന്‍ ഉദ്യമിക്കുന്നവര്‍ക്ക് വഴികാട്ടി ആകാവുന്ന ചില വിവരങ്ങള്‍ ഇവിടെ കുറിക്കുകയാണ്.

ഭൂലോകത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തി ആയി വളര്‍ന്ന് അമേരിക്കയ്ക്ക് തൊട്ടു പിന്നില്‍ സ്ഥാനം പിടിച്ച ചൈന ലോകത്തിലെ ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്ന രാജ്യമാണ്. ചെറുകളിപ്പാട്ടങ്ങള്‍ മുതല്‍ അത്യധുനീക യന്ത്ര ഭാഗങ്ങള്‍ വരെ നിര്‍മ്മിച്ചു നല്‍കുന്ന ലോകത്തിന്റെ ഈ ഫാക്ടറിയില്‍ നിന്നും ലക്ഷക്കണക്കിന് കണ്ടെയ്നറുകള്‍ ആണ് ദിനംപ്രതി കപ്പലേറുന്നത്. സുലഭമായ മനുഷ്യ പ്രയത്നവും ആധുനീകമായ സാങ്കേതിക വിദ്യകളും ഒന്നുചേര്‍ന്ന് ചിലവ് കുറച്ച് ഉത്പ്പന്നങ്ങള്‍ നിര്‍മ്മിച്ചതു മുതല്‍ ലോകവിപണിയില്‍ ചൈനയുടെ മുന്നേറ്റം ആരംഭിക്കുകയായിരുന്നു. അതിവികസിത രാജ്യങ്ങള്‍ തണുത്തുറഞ്ഞ മാന്ദ്യകാലത്ത് പോലും പതറാതെ, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വികസനം നേടുന്ന രാജ്യം എന്ന ഖ്യാതി ദശാബ്ദങ്ങളായി നിലനിര്‍ത്തിയ കമ്മ്യൂണിസ്റ്റ് ചൈന ലോകം എമ്പാടുമുള്ള ചെറുതും വലുതും ആയ വ്യവസായ സംരംഭകരുടെ ലാഭത്തിന്റെ ഉറവിടമായി നിലകൊള്ളുന്നു

ചൈനനിര്‍മ്മിത ഉലപ്പന്നങ്ങളുടെ വര്‍ധിച്ച പിപണി സാദ്ധ്യതകള്‍ പ്രയോജന പ്പെടുത്തിയ ഇന്ത്യന്‍ ഇറക്കുമതി സമൂഹത്തിന്‍റെ കൂട്ടത്തില്‍ സാമാന്യത്തില്‍ അധികം മലയാളി വ്യവസായികള്‍ ഉണ്ട്. കഴിഞ്ഞ വര്ഷം ഇന്ത്യയിലേക്ക്‌ ഇറക്കുമതി നടന്ന 2.5 ലക്ഷം കോടി രൂപയിലധികം വരുന്ന ചൈനീസ് ഉലപ്പന്നങ്ങളുടെ നല്ല ഒരു ശതമാനം കേരളത്തിലേക്കാണ് വന്നത്. കൊതുകിനെ കൊല്ലുന്ന വൈദ്യുതി ബാറ്റ് തുടങ്ങി മാന്ത്രിക ശക്തിയുണ്ടെന്ന് പറയുന്ന ഫെങ്ങ്‌സ്വയി വരെ ഇവിടെ കൊണ്ടുവന്നു വിലപ്പന നടത്തി ലാഭം കൊയ്യുന്നുണ്ട് അവര്‍.

ഡോളറിനു എതിരെ രൂപയുടെ മൂല്യം ഇടിഞ്ഞ സമീപ കാലത്ത് ഓഫീസ്  സ്റ്റേഷണറി, വിലകുറഞ്ഞ ഗിഫ്റ്റ്, അലങ്കാര വസ്തുക്കള്‍ എന്നിങ്ങനെ ഉള്ളവയുടെ ഇറക്കുമതി ചെറിയ തോതില്‍ കുറഞ്ഞിട്ടുണ്ട് എങ്കിലും ഇന്ത്യയിലേക്ക്‌ കപ്പല്‍ കയറുന്ന  കണ്ടെയ്നറുകളുടെ എണ്ണത്തെ അത് കാര്യമായി ബാധിച്ചിട്ടില്ല. വമ്പന്‍ പ്രോജക്റ്റ്കള്‍ക്ക് വേണ്ടിയുള്ള റിയാക്റ്ററുകള്‍, ബോയിലറുകള്‍, മിഷ്യനുകള്‍, സ്പെയര്‍ പാര്‍ട്ട്സുകള്‍, ഇലട്രിക്കല്‍ ഇലട്രോണിക്സ് സാമാനങ്ങള്‍, വസ്ത്രങ്ങള്‍, വളങ്ങള്‍,  രാസപദാര്‍ഥങ്ങള്‍, ഫര്‍ണീച്ചറുകള്‍ എന്നിങ്ങനെ നൂറുകണക്കിന് ഉലപ്പന്നങ്ങളുടെ ഇറക്കുമതി ഇനിയും ഏറെ കാലം തുടരും എന്നാണു കരുതുന്നത്.

വലിയ മൂലധന നിക്ഷേപം നടത്തി ചൈനയില്‍ സ്വന്തമായി ഫാക്റ്ററി നിര്‍മ്മിച്ച്‌ ഉല്‍പാദനം നടത്തുന്ന  ബഹുരാഷ്ട്ര കമ്പനികളും, ചൈനീസ്  കമ്പനികളുടെ നിര്‍മ്മാണ സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി സ്വന്തം രൂപകല്പനയിലും സാങ്കേതികവിദ്യയിലും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന അന്തര്‍ദേശീയ ബ്രാന്‍ഡുകളും കഴിഞ്ഞാല്‍ ഭൂരിഭാഗം വ്യാപാരികളും ചൈനീസ് ഫാക്ട്ടരികളില്‍ രൂപം കൊള്ളുന്ന പല തരം ഗുണ നിലവാരമുള്ള ചരക്കുകള്‍ ഇറക്കുമതി ചെയ്ത് വിപണനം നടത്തുന്നവര്‍ ആണ്. നിര്‍മ്മാണ ദശയില്‍ തന്നെ സ്വന്തം  ബ്രാന്‍ഡ് ഐഡെന്‍ഡിറ്റി ഉലപ്പന്നങ്ങളില്‍ രേഖപ്പെടുത്താന്‍ ഉള്ള സൗകര്യം ഉപയോഗപെടുത്തി നിരവധി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ചൈനയില്‍ ഉല്പാദിപ്പിച്ച്  ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നുണ്ട്.

വര്‍ഷാവര്‍ഷം ചൈനയില്‍ നടക്കുന്ന ട്രേഡ്‌ ഫെയറുകള്‍ പുതിയ ഉല്‍പ്പന്നങ്ങളെ അടുത്ത് അറിയുവാനും അവയുടെ സാദ്ധ്യതകള്‍ മനസ്സിലാക്കാനും ഉള്ള സുവര്‍ണ്ണാവസരങ്ങളാണ്. 1957 മുതല്‍ നടക്കുന്ന കാന്റണ്‍ ഫെയര്‍ (Canton Fair) എന്ന ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട കയറ്റുമതി-ഇറക്കുമതി ഉല്പന്ന മേള വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഗോങ്ങ്ഡോങ്ങ് (Guangdong) പ്രവിശ്യയിലെ ഗോങ്ങ്ചൊ (Guangzhou) നഗരത്തില്‍ അരങ്ങേറുന്നു. വസന്തകാല കാന്റണ്‍ മേള ഏപ്രില്‍ – മേയ് മാസങ്ങളിലും ശരത്കാലത്തേത് ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലും ആയാണ് നടക്കുന്നത്. 12 ലക്ഷം ചതുരശ്ര മീറ്ററില്‍ 60,000ല്‍ അധികം സ്റ്റാളുകള്‍ ഒരുക്കുന്ന കാന്റണ്‍ ഫെയറില്‍ വ്യത്യസ്ഥ ഉല്‍പ്പന്നങ്ങള്‍ മൂന്നു ഘട്ടങ്ങളായി പ്രദര്‍ശനത്തിന് എത്തുന്നു.

ഷാങ്ങ്‌ഹായില്‍ നടക്കുന്ന ബോമ ചൈന (Bauma China) എന്ന കെട്ടിട നിര്‍മ്മാണ യന്ത്രോ പകരണങ്ങളുടെയും സാമഗ്രികളുടെയും എക്സിബിഷന്‍ വളരെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. 2,30000 ചതുരശ്ര മീറ്ററില്‍ ഒരുങ്ങുന്ന  പ്രദര്‍ശനത്തില്‍ ലോകമെമ്പാടുമുള്ള രണ്ടായിരത്തില്‍ അധികം നിര്‍മ്മാതാക്കള്‍ ആണ്   പങ്കെടുക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ അരങ്ങേറുന്ന ചൈന ഇലട്രോണിക്സ്‌  ഫെയറും (CEF), ടോയ് എക്സ്പോയും (Toy & Hobby Fair), നവംബറില്‍ നടക്കുന്ന ബയോ ചൈന എന്ന മെഡിക്കല്‍ ഉലപ്പന്നങ്ങളുടെ മേള, ഡിസംബറില്‍ സംഘടിപ്പിക്കുന്ന ആട്ടോമെക്കാനിക്ക എന്ന ആട്ടോ മൊബൈല്‍ ഉലപ്പന്നങ്ങളുടെ പ്രദര്‍ശനം എന്നിങ്ങനെ നൂറു കണക്കിന് ട്രേഡ്‌ ഫെയറുകള്‍ ആണ് ചൈനയില്‍ അങ്ങോളം ഇങ്ങോളം അരങ്ങേറുന്നത്.

വ്യത്യസ്ഥ ഉല്‍പ്പന്നങ്ങള്‍ക്ക്‌ ചൈനയിലെ വ്യത്യസ്ഥമായ സ്ഥലങ്ങള്‍ പ്രസിദ്ധമാണ് എങ്കിലും കേരളത്തില്‍ നിന്നുള്ള കച്ചവടക്കാരെ സംബന്ധിച്ച് ശെജിയാങ്ങ് (Zhejiang) പ്രവിശ്യയിലുള്ള യിവു (Yiwu) നഗരം ഒരു പറുദീസ തന്നെയാണ്. വില കുറഞ്ഞ ഉലപ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണന കേന്ദ്രമായ യിവു ചൈനയുടെ പരിഷ്കൃതമായ തുറന്ന മാര്‍ക്കറ്റ് എന്നാണു അറിയപ്പെടുന്നത്. മൂന്നു കോടിയില്‍പരം തരത്തിലുള്ള വ്യത്യസ്തമായ ഉലപ്പന്നങ്ങള്‍ വിപണനം നടത്തുന്ന, 80,000-ല്‍ അധികം മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഉള്ള യിവു  ദിനംപ്രതി രണ്ടു ലക്ഷത്തില്‍ പരം വ്യാപാരികളെ വരവേല്‍ക്കുന്നു എന്നാണ് കണക്ക്. ഷാങ്ങ്‌ഹായി  നഗരത്തില്‍ നിന്നും രണ്ടു മണിക്കൂര്‍ അതിവേഗ തീവണ്ടിയില്‍ യാത്ര ചെയ്‌താല്‍ എത്താവുന്ന യിവു മാര്‍ക്കറ്റില്‍ മലയാളികളായ വ്യാപാരികളുടെ സേവനവും ഇപ്പോള്‍ ലഭ്യമാണ്.

ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ മൊത്ത വ്യാപാര മാര്‍ക്കറ്റ് സന്ദര്‍ശിക്കാന്‍ ഗോങ്ങ് ഡോങ്ങ്‌ (Guangdong) പ്രവിശ്യയിലെ ഫോഷാന്‍ നഗരത്തിലുള്ള, ഷുണ്‍ഡെ (Shunde) എന്ന സ്ഥലത്ത് പോകണം. പത്ത് മൈല്‍ നീളത്തില്‍ മുപ്പതു ലക്ഷം ചതുരശ്ര മീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന ലികോങ്ങ്  ഫര്‍ണീച്ചര്‍ മാര്‍ക്കറ്റില്‍ സ്വദേശിയും വിദേശിയും ആയ 3500ല്‍  കൂടുതല്‍ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ലോകമെമ്പാടുമുള്ള ഇടപാടുകാരെ കാത്തിരിക്കുന്നു. 1500ല്‍ അധികം ഉല്പാദകര്‍ നിര്‍മ്മിക്കുന്ന 20000ല്‍ പരം തരത്തിലുള്ള ഫര്‍ണീച്ചര്‍ ഉലപ്പന്നങ്ങള്‍ ഇവിടെ വിലപനയ്ക്കായി നിരത്തിയിട്ടുണ്ട്. മാര്‍ച്ചിലും, ഓഗസ്റ്റ്  മാസത്തിലുമായി വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഇവിടെ നടക്കുന്ന ഫര്‍ണീച്ചര്‍ ഫെയര്‍ പുതിയ ഉത്പന്നങ്ങള്‍ പരിചയപ്പെടുന്നതിനുള്ള അവസരം ഒരുക്കുന്നു.

ഡിജിറ്റല്‍, ഇലക്ട്രോണിക്സ്‌ ഉല്‍പ്പന്നങ്ങള്‍ക്ക്‌, ഹോങ്ങ് കോങ്ങിന് വളരെ ചേര്‍ന്ന് കിടക്കുന്ന, ഷെന്‍ചെനോളം (Shenzhen) അനുയോജ്യമായ മറ്റൊരു സ്ഥലം ഇല്ല. ഏഷ്യയിലെ ഏറ്റവും വലിയ ഇലട്രോണിക്സ് കമ്പോളം ആയ ഹ്വ ചിയാങ്ങ്‌ ബെയ് മാര്‍ക്കറ്റ് ചൈനയുടെ ആദ്യത്തെ സ്പെഷ്യല്‍ എക്കണോമിക്  സോണ്‍ ആയ ഷെന്‍ചനില്‍ ആണ്.  ദിവസേന അഞ്ച് ലക്ഷത്തില്‍ അധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഈ മാര്‍ക്കറ്റ് സെല്‍ ഫോണും, ക്യാമറയും, ലാപ് ടോപ്പും, ടാബ്ലറ്റും, എല്‍ ഇ ഡി-എല്‍ സി ഡി സ്ക്രീനികളും, മെമ്മറി കാര്‍ഡും, പെന്‍ ഡ്രൈവും അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത ഇലക്ട്രോണിക് ഉലപന്നങ്ങളുടെയും പാര്‍ട്സ്കളുടെയും മൊത്ത-ചില്ലറ വ്യാപാര കേന്ദ്രമാണ്. വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം അരങ്ങേറുന്ന, ചൈനയുടെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഫെയര്‍ ആയ CIF ന്റെ വസന്തകാല മേളക്ക് ഷെന്‍ചന്‍ ആണ് ആതിഥേയത്വം വഹിക്കുന്നത്. CIF ന്റെ മറ്റ് രണ്ടു എഡിഷനുകള്‍ വ്യത്യസ്ഥ കാലങ്ങളില്‍ ആയി ചെങ്ങ്ഡു വിലും ഷാങ്ങ്‌ഹായിലുമാണ് നടക്കുന്നത്.

കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ക്ക് ഫോഷാനും, സിറാമിക് ഉലപ്പന്നങ്ങള്‍ക്ക് ഗോങ്ങ് ഡോങ്ങ്‌ പ്രവിശ്യയിലെ തന്നെ ചൌചൊ (Chaozhou) എന്ന സ്ഥലവും പേരുകേട്ടതാണ്. ഇന്ത്യയിലെ പേരെടുത്ത പല ഹാര്ഡ് വെയര്‍, ടൈല്‍ ബ്രാന്‍ഡുകളും ഇവിടെയുള്ള ഫാക്റ്ററികളിലാണ് രൂപം കൊള്ളുന്നത്. ഫൂജിയാന്‍ പ്രവിശ്യയിലെ ഷാമന്‍ (Xiamen) എന്ന പ്രത്യക സാമ്പത്തിക മേഖല മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയുടെ കയറ്റുമതിയില്‍ മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യയില്‍ നിന്നും ഗ്രാനൈറ്റ് ബ്ലോക്കുകള്‍ ഇറക്കുമതി ചയ്തു ടൈല്‍ രൂപത്തില്‍ മുറിച്ചു ഷാമനില്‍ നിന്നും കയറ്റുമതി ചെയ്തിരുന്നത് ഇന്ത്യയുടെ അഭ്യന്തര വിപണിയില്‍ വില്‍ക്കുന്നതിലും വില കുറവില്‍ ആയിരുന്നു.

ചൈനയുമായി വ്യാപാര ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ഏറ്റവും വലിയ പ്രതിബന്ധം ആയി വര്‍ത്തിച്ചിരുന്ന സംഗതി നാവിനു വഴങ്ങാത്ത ഇവിടുത്തെ ഭാഷയാണ്‌. പഠിക്കാന്‍ ലോകത്തിലെ ഏറ്റവും വിഷമം ഏറിയ ഭാഷ ആയിരിക്കണം മാന്‍ഡറിന്‍ എന്ന ചൈനീസ് ഭാഷ. ഒരു പതിറ്റാണ്ട് മുന്‍പ് വരെ ചൈനക്കാരുടെ ഇങ്ങ്ലീഷ്‌ പരിജ്ഞാനവും വളരെ പരിമിതം ആയിരുന്നു. ഇപ്പോള്‍, ഒന്നിലധികം ഭാഷകള്‍ സംസാരിക്കുന്ന ജീവനക്കാരെ നിയമിച്ചു മറ്റ് രാജ്യക്കാര്‍ക്കായി പ്രത്യകം സെക്ഷനുകള്‍ തന്നെ സൃഷ്ടിച്ചിട്ടുണ്ട് ചൈനയിലെ  വ്യാപാരസ്ഥാപനങ്ങള്‍. കൂടാതെ, ഭാഷാ പരിമിതിയെ മറികടക്കാന്‍ ചൈനീസ് പഠിച്ച് സംസാരിക്കുന്ന വിദേശികളുടെ കൂട്ടത്തില്‍ ധാരാളം ഇന്ത്യക്കാരും അതില്‍ കുറവല്ലാത്ത ഒരു ശതമാനം മലയാളികളും ഈ മേഖലയില്‍  പ്രവര്‍ത്തിക്കുന്നുണ്ട്.

ആവശ്യത്തിന് അനുയോജ്യമായ ഉല്പന്നങ്ങള്‍ കണ്ടെത്താന്‍ ഏറ്റവും നല്ല മാധ്യമം ഇന്റര്‍നെറ്റ് ആണ്. ചൈനയിലെ ട്രേഡിംഗ് കമ്പനികള്‍ എല്ലാം തന്നെ നെറ്റ് പ്രസന്‍സ് ഉള്ളവയാണ്. ചിത്രങ്ങള്‍ സഹിതം വിവരങ്ങള്‍ വെബ്‌ സൈറ്റ് വഴി അറിയാനും ഓണ്‍ ലൈനില്‍ സപ്ലയറുമായി  ചര്‍ച്ചകള്‍ നടത്താനും ഉള്ള സൗകര്യം നാട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ഉപയോഗപ്പെടുത്താം. ചൈനയിലെ ഒട്ടുമിക്ക ട്രേഡിംഗ് കമ്പനികളും അവരുടെ പ്രൈസ് ലിസ്റ്റ് അയച്ച് തരാനുള്ള അഭ്യര്‍ഥന നിരസിക്കാറില്ല. ഇത് ഒരു ഉലപന്നത്തിന് ഒന്നില്‍ അധികം കമ്പനികള്‍ നല്‍കുന്ന വില താരതമ്യം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നു. ആലിബാബയും, മെയ്ഡ് ഇന്‍ ചൈനയും പോലെയുള്ള ബി ടു ബി വെബ് സൈറ്റ്കള്‍ ഉല്‍പ്പന്നങ്ങളും സപ്ലയര്‍ കമ്പനികളും കണ്ടെത്താന്‍ ഏറെ സഹായകരം. പ്രൈസ് നെഗോഷിയെഷനും, ക്വാളിറ്റി ഇന്സ്പെക്ഷനും, പാക്കിങ്ങും, ലോജിസ്റ്റിക്കും ഉള്‍പ്പെടെയുള്ള സേവനം നല്‍കി, ചൈന സോഴ്സിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സേവനവും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താം.

വ്യാപാര ആവശ്യങ്ങള്‍ക്കായി ചൈനയില്‍ എത്തുന്ന ഇന്ത്യക്കാരെ വല്ലാതെ വലച്ചിരുന്ന ഒരു സംഗതി ആണ് ഭക്ഷകണത്തിനായുള്ള അലച്ചില്‍. നഗരങ്ങളില്‍ നിന്നും ഏറെ ദൂരെയുള്ള ഫാക്റ്ററി പ്രദേശങ്ങളില്‍ വായില്‍ വയ്ക്കാവുന്ന ഭക്ഷണം കണ്ടെത്തുക ശ്രമകരമാണ്. കോഴിയുടെ പാദവും പന്നിയുടെ കുളമ്പും പശുവിന്റെ നാക്കും മുതല്‍ പാമ്പിനെയും പട്ടിയെയും വരെ ചില ഭോജനശാലകളില്‍ വിളമ്പുന്നുണ്ട്. വിദേശികള്‍ ഏറെ എത്തുന്ന സ്ഥലങ്ങളില്‍ ഇപ്പോള്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇന്ഗ്ലീഷിലും ഉള്ള മെനു കാര്‍ഡുകള്‍ പ്രചാരത്തില്‍ ആയിട്ടുണ്ട്‌.  ചൈനയുടെ ചെറിയ നഗരങ്ങളില്‍ പോലും കെ എഫ് സി, മാക് ഡോണാള്‍ പോലെയുള്ള ഫാസ്റ്റ് ഫുഡ് ഈറ്ററികളും അനവധി ഇന്ത്യന്‍ റസ്റ്റോറന്റ് കളും ഇപ്പോള്‍ തുറന്നിരിക്കുന്നു.

ചൈനയില്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ കരസ്ഥമാക്കുന്നതിന് നിയന്ത്രണങ്ങള്‍ ഇല്ല. പാതയോരങ്ങളിലെ കടകളില്‍ നിന്നും നമ്പര്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നതിന് ഐഡി കാര്‍ഡോ പാസ്സ് പോര്‍ട്ടോ നല്‍കേണ്ടതില്ല. ഷാങ്ങ്‌ ഹായി പോലുള്ള വലിയ നഗരങ്ങളില്‍ മൊബൈല്‍ ഫോണില്‍ നിന്നും ഇന്റര്‍നാഷണല്‍ കോളുകള്‍ വിളിക്കുന്നതിന് പ്രത്യകം രെജിസ്ട്രേഷന്‍ ആവശ്യമാണ്‌ എങ്കിലും അത്തരം കോളുകള്‍ സ്വീകരിക്കുന്നതിനും ചൈനയിലുള്ള നമ്പറുകളില്‍ വിളിക്കുന്നതിനും മറ്റും രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യം ഇല്ല. മിക്കവാറും ഹോട്ടലുകളിലും റെസ്റ്റോറന്റ്കളിലും സൌജന്യമായി വൈഫൈ ലഭ്യമാകുന്നത് വിദേശ സഞ്ചാരികള്‍ക്ക് വലിയ സൗകര്യം ആണ് നല്‍കുന്നത്.  ചൈനയിലെ ഇന്റര്‍നെറ്റിന്റെ വേഗത ഉത്കൃഷ്ടമായതാണ്, എങ്കിലും നിരവധി വെബ് സൈറ്റുകള്‍ക്ക് ഇവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഫെയ്സ് ബുക്കും ട്വീറ്ററും ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്ക് ചൈന ജീവിതം ഏറെ സുഖകരം ആകില്ല. യുട്യൂബും ഗൂഗിള്‍ പ്ലസും ബ്ലോഗ്‌ സ്പോട്ടും ഒക്കെ ചൈനയില്‍ തടയപ്പെട്ട വെബ്‌ സൈറ്റുകളുടെ കൂട്ടത്തില്‍ പെടുന്നു.

ചൈനയിലെ താമസത്തിന് തദ്ദേശീയമായ ചെറിയ ഹോട്ടലുകളെ ഒഴിവാക്കുന്നത് ആയിരിക്കും ഉത്തമം. ലോക്കല്‍ ഹോട്ടലുകളില്‍ ആശയ വിനിമയം ഇക്കാലത്തും വളരെ ശ്രമകരം. ഇരുന്നൂറു മുതല്‍ ആയിരമോ അയ്യായിരമോ യുവാന്‍ ദിവസ വാടക വരുന്ന ഹോട്ടല്‍ മുറികള്‍ ചൈനയില്‍ ലഭ്യമാണ്. മിക്കവാറും ഹോട്ടലുകള്‍ താമസക്കാര്‍ക്ക് പ്രാതല്‍ കൂടി നല്‍കുന്നത് കൊണ്ട് അതിനായി മറ്റ് സ്ഥലം അന്വേഷിച്ച് പോകേണ്ടതില്ല.

ചൈന സന്ദര്‍ശിക്കുന്നത്തിനുള്ള വിസ ലഭിക്കുന്നതിന് എംബസ്സിയിലോ കോണ്‍സുലേറ്റിലോ സമീപിക്കാം. നിരവധി ഏജന്റുമാര്‍ ഇപ്പോള്‍ ചൈന വിസ സര്‍വ്വീസ് ചെയ്യുന്നുണ്ട്. ബിസ്സിനസ്സ് വിസ ലഭിക്കുന്നതിന് ചൈനയിലെ സപ്ലയര്‍ കമ്പനിയില്‍ നിന്നുള്ള  ഇന്‍വിറ്റേഷന്‍ ലെറ്ററും അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും ആവശ്യമായി വന്നേക്കും. പ്രത്യക സാഹചര്യങ്ങളില്‍ ചൈനയിലെ ഹോട്ടലില്‍ അപേക്ഷകന് താമസ സൗകര്യം ബുക്ക് ചെയ്ത കണ്‍ഫര്‍മേഷന്‍ ലെറ്ററും ആവശ്യപ്പെടാറുണ്ട്.  അപേക്ഷിച്ച് പത്ത് – പതിനഞ്ച് ദിവസത്തിനുള്ളില്‍ സാധാരണ ഗതിയില്‍ വിസ ലഭിക്കാറുണ്ട്. മുപ്പതു ദിവസത്തെ താമസത്തിനായി ലഭിക്കുന്ന വിസ മൂന്ന് മാസത്തേക്ക് വരെ നീട്ടി വാങ്ങാന്‍ കഴിഞ്ഞേക്കും.

ഇന്ത്യയില്‍ ഡല്‍ഹി മുംബൈ ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് നേരിട്ട് ചൈനയിലേക്ക് ഫ്ലൈറ്റ് സര്‍വ്വീസ് ഉണ്ട്.  കൊച്ചിയില്‍ നിന്ന്,  സില്‍ക്ക് എയറില്‍ സിങ്കപ്പൂര്‍ വഴിയും, എയര്‍ ലങ്കയില്‍ കൊളംബോ വഴിയും, എയര്‍ ഏഷ്യ വിമാനത്തില്‍  കൊലാലമ്പൂര്‍ കൂടിയും ചൈനയിലേക്ക് പറക്കാം. ഗോങ്ങ് ഡോങ്ങിലെ, ഷെന്‍ചനിലോ ഗോന്‍ചൊയിലോ പോകുന്നവര്‍ക്ക് ബസ്സിലോ  ട്രെയിനിലോ കയറി ഒരു ഹോങ്ങ് കോങ്ങ് യാത്ര കൂടി നടത്താം.

ചൈന ഉലപ്പന്നങ്ങളുടെ ബിസ്സിനസ്സിനായി ആല്ലെങ്കിലും ചൈന സന്ദര്‍ശിക്കുന്നത് ഒരിക്കലും നഷ്ടകച്ചവടം ആകില്ല. ലോകാത്ഭുതങ്ങളില്‍ ഒന്നായ വന്‍ മതിലും, ഷിയാനിലെ ടെറാകോട്ട പടയാളികളും, ബെയ്ജിങ്ങിലെ ഉപേക്ഷിക്കപ്പെട്ട നഗരവും, ഷാങ്ങ്‌ ഹയിലെ ബണ്ടും, മാഗ്ലെവ് റെയിലും അങ്ങിനെ കാണാന്‍ ഏറെയുണ്ട് ചൈനയില്‍. ദിവസം തോറും വളരുന്ന ഒരു വലിയ രാജ്യം കടന്നു പോകുന്ന വഴികളില്‍ കാണാനും പഠിക്കാനും ധാരാളം.