DSLR ലെന്‍സ്‌ സ്പെസിഫിക്കേഷന്‍ വായിച്ചു മനസിലാക്കുന്ന വിധം

0
1051

01

ധാരാളം ഫോട്ടോഗ്രഫി പ്രേമികള്‍ അവരുടെ കുഞ്ഞു കുഞ്ഞു സംശയങ്ങള്‍ ചോദിച്ച് എനിക്ക് ധാരാളം മെസ്സേജുകള്‍ അയക്കാറുണ്ട്. ചില അവസരങ്ങളില്‍ താമസിച്ചാണെങ്കില്‍ കൂടിയും ഒരെണ്ണം പോലും ഒഴിവാക്കാതെ ഞാന്‍ അവര്‍ക്ക് തൃപ്തികരമാം വണ്ണം മറുപടിയും കൊടുക്കാറുണ്ട്. ഫേസ്ബുക്ക് ചില അവസരങ്ങളില്‍ എന്‍റെ മെസ്സേജ് ബ്ലോക്ക് ആക്കുന്ന സമയത്താണ് മറുപടികള്‍ പതിവിലും വൈകുന്നത്. കൂടുതല്‍ ആളുകളുടെയും സംശയം ക്യാമറ ബോഡിയെ പറ്റിയും ഏതു ലെന്‍സ്‌ തിരഞ്ഞെടുക്കണം എന്നതിനെ പറ്റിയുമാണ്. അവര്‍ വെബ്‌ സൈറ്റുകളില്‍ റിവ്യൂകള്‍ അന്വേഷിക്കാറുണ്ടെങ്കിലും അവിടെ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക പദങ്ങള്‍ ശരിയായി മനസിലാകാത്തത് കൊണ്ട് അന്തിമമായി തീരുമാനത്തിലെത്താന്‍ കഴിയാറില്ല. പലര്‍ക്കും compatibile അല്ലാത്ത ലെന്‍സുകള്‍ വാങ്ങി അബദ്ധം പറ്റിയതായും ശ്രദ്ധയില്‍ പെട്ടു.

അതിനു പരിഹാരമായിട്ടായിരുന്നു കുറെ നാള്‍ മുന്‍പ് എന്‍റെ ഫേസ് ബുക്കില്‍ നിക്കോണ്‍, ക്യാനോണ്‍ ലെന്‍സിന്‍റെ സ്പെസിഫിക്കേഷന്‍ സാധാരണക്കാര്‍ക്കും എങ്ങനെ വായിച്ചു മനസിലാക്കാം എന്നതിനെ പറ്റി ഒരു പോസ്റ്റ്‌ ആര്‍ട്ട്‌ വര്‍ക്ക്‌ സഹിതം പോസ്റ്റ്‌ ചെയ്തിരുന്നത്. പലരും അത് ഉപകാരപ്പെട്ടു എന്നറിയിച്ചു മെസ്സേജ് അയച്ചിരുന്നു. ബൂലോകം വായനക്കാര്‍ക്കും അത് പ്രയോജനകരമാം വണ്ണം അതേ പോസ്റ്റ്‌ അല്‍പ്പം കൂടി വിപുലമാക്കി പോസ്റ്റ്‌ ചെയ്യുന്നു.. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ…

വിഷയത്തിലേക്ക് കടക്കും മുന്‍പ്:  ബൂലോകത്തിലെ എന്‍റെ പഴയ ഫോട്ടോഗ്രഫി ടോപ്പിക്കുകള്‍ വായിക്കാന്‍, മുകളില്‍ വലതു വശത്തു കാണുന്ന Tinu Simi എന്ന പേരില്‍ ക്ലിക്ക് ചെയ്യുക. പുതിയ പുതിയ ടോപ്പിക്കുകള്‍ ചൂടോടെ ലഭിക്കുവാന്‍ ഫേസ് ബുക്കില്‍ എന്നോട് കൂട്ടു കൂടുക അല്ലെങ്കില്‍ FOLLOW ചെയ്യുക.

ഈ പോസ്റ്റ്‌ വായിക്കുന്നതിനോടൊപ്പം ബൂലോകത്തില്‍ പ്രസിദ്ധീകരിച്ച DSLR ക്യാമറാ ലെന്‍സുകള്‍ എന്ന ടോപ്പിക് കൂടി വായിക്കുന്നത് നിങ്ങള്‍ക്കു കൂടുതല്‍ പ്രയോജനം ചെയ്യും. അതു വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഒരു ലെന്‍സ്‌ വാങ്ങാന്‍ ആഗ്രഹിക്കുമ്പോള്‍ ആദ്യം തന്നെ എന്തൊക്കെയാണ് ആ ലെന്‍സിന്‍റെ പ്രത്യേകതകള്‍ എന്നും, തന്‍റെ ആവശ്യങ്ങള്‍ക്ക്, താല്പര്യങ്ങള്‍ക്ക്, ആ ലെന്‍സ്‌ ഉതകുമോ എന്നും , അതിന്‍റെ ബോക്സിന്റെ പുറത്തു രേഖപ്പെടുത്തിയിരിക്കുന്ന മാര്‍ക്കിംഗുകള്‍ എന്തൊക്കെ ആണെന്നും ശരിയായി മനസിലാക്കിയിരുന്നാല്‍, compatible അല്ലാത്ത ലെന്‍സുകള്‍ വാങ്ങി അബദ്ധം പറ്റുന്നത് ഒഴിവാക്കാന്‍ സാധിക്കും. അതിനു വേണ്ടിയായിരുന്നു ഞാന്‍ ആദ്യം നിക്കോര്‍ ലെന്‍സ്‌ സ്പെസിഫിക്കേഷന്‍ പോസ്റ്റ്‌ ചെയ്തിരുന്നത്.

അന്നതു വായിച്ച പല ക്യാനോണിയന്മാരും, ക്യാനോണ്‍ ലെന്‍സുകളുടെ ബോക്സില്‍, അല്ലെങ്കില്‍ സ്പെസിഫിക്കേഷനില്‍, മാര്‍ക്ക് ചെയ്തിരിക്കുന്ന കാര്യങ്ങള്‍ കൂടി വിശദമാക്കി ഒരു പോസ്റ്റ്‌ ചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ പോസ്റ്റ്‌ ചെയ്ത ക്യാനോണ്‍ സ്പെസിഫിക്കേഷനും കൂടി കൂട്ടിച്ചേര്‍ത്തു തയ്യാറാക്കിയതാണ് ഈ പോസ്റ്റ്‌.

നിക്കോര്‍ ലെന്‍സുകള്‍

ചിത്രത്തിലെ നിക്കോണ്‍ ലെന്‍സ്‌ സ്പെസിഫിക്കേഷന്‍ രണ്ടാവര്‍ത്തി വായിക്കുക….

01. AF-S എന്നു വച്ചാല്‍ AUTO FOCUS- SILENTWAVE MOTOR- ഈ ലെന്‍സില്‍ ഓട്ടോമാറ്റിക് ആയി ഫോക്കസ് ചെയ്യാന്‍ വേണ്ടി SILENT ആയ ഒരു മോട്ടോര്‍ ഉണ്ട്. AF എന്ന് മാത്രമാണ് ലെന്‍സില്‍ എഴുതിയിരിക്കുന്നത് എങ്കില്‍, ഈ ലെന്‍സ്‌ ഓട്ടോ ഫോക്കസ് ചെയ്യും, പക്ഷെ ക്യാമറ ബോഡിയിലെ മോട്ടോറിന്‍റെ സഹായത്തോടു കൂടി മാത്രം… നിക്കോണ്‍ എന്‍ട്രി ലെവല്‍ ബോഡികളില്‍ AF ലെന്‍സുകള്‍ ഓട്ടോ ഫോക്കസ് ചെയ്യില്ല എന്ന് സാരം.

നിക്കോണ്‍ എന്‍ട്രി ലെവല്‍ ബോഡികള്‍ക്ക് ഉദാഹരണം ; D3100, D3200, D5100, D5200, D5300

അപ്പോള്‍ മേല്‍പ്പറഞ്ഞ ബോഡികള്‍ സ്വന്തമായി ഉള്ളവര്‍ AF-S എന്നു രേഖപ്പെടുത്തിയ ലെന്‍സുകള്‍ തന്നെ തിരഞ്ഞെടുക്കണം.

02. DX എന്നത് ഫോര്‍മാറ്റ് COMPATIBILITY ആണ്.  സെന്‍സര്‍ വലുപ്പത്തിന്‍റെ  അടിസ്ഥാനത്തില്‍ പ്രധാനമായും രണ്ടു തരത്തിലുള്ള DSLR ക്യാമറകള്‍ ഉണ്ട് എന്ന് ഞാന്‍ “DSLR ക്യാമറകളെ പറ്റി ഒരല്‍പ്പം” എന്ന ലേഖനത്തില്‍ എഴുതിയിരുന്നല്ലോ. അപ്പോള്‍ DX എന്ന് രേഖപ്പെടുതിയിരുന്നാല്‍ ആ ലെന്‍സ്‌ DX FORMAT DSLR കളില്‍, അതായത് CROPPED SENSOR ഉള്ള ബോഡികളില്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ.

നിക്കോണ്‍ DX FORMAT DSLR ബോഡികള്‍ക്ക് ഉദാഹരണം ; D3100, D3200, D5100, D5200, D5300, D90, D7000, D7100, D300

03. നിക്കോര്‍ – നിക്കോണിന്‍റെ ലെന്‍സ്‌ ബ്രാന്‍ഡ് ആണ് നിക്കോര്‍…..,..

04. 18mm എന്നത് ഈ ലെന്‍സില്‍ കിട്ടുന്ന ഏറ്റവും കുറഞ്ഞ ഫോക്കല്‍ ദൂരമാണ്, (Field of View എന്നും പറയാം.) അല്ലെങ്കില്‍ ആ ലെന്‍സില്‍ കിട്ടാവുന്ന ഏറ്റവും വൈഡ് ആംഗിള്‍..,. 105mm എന്നത് ഈ ലെന്‍സില്‍ കിട്ടുന്ന ഏറ്റവും കൂടിയ ഫോക്കല്‍ ദൂരമാണ്, അല്ലെങ്കില്‍ ആ ലെന്‍സില്‍ കിട്ടാവുന്ന ഏറ്റവും കൂടിയ ടെലിഫോട്ടോ ആംഗിള്‍..,.

ചുരുക്കത്തില്‍, 18mm മുതല്‍ 105mm വരെയുള്ള ഫോക്കല്‍ ദൂരം ഈ ലെന്‍സില്‍ സൂം ചെയ്തെടുക്കാം…..

05. f/3.5-5.6- എന്നു വച്ചാല്‍, ഈ ലെന്‍സ്‌ 18mm ഫോക്കല്‍ ലെങ്ങ്തില്‍ സൂം ചെയ്തിരിക്കുമ്പോള്‍, തുറക്കാവുന്ന മാക്സിമം അപ്പര്‍ച്ചര്‍ ആണ് f/3.5, അതെ സമയം ലെന്‍സിന്‍റെ മറ്റേ എന്‍ഡില്‍ സൂം ചെയ്തിരിക്കുമ്പോള്‍, (105mm ഇല്‍),) തുറക്കാന്‍ പറ്റുന്ന മാക്സിമം അപ്പര്‍ച്ചര്‍ ആണ് f/5.6.

06. G- അപ്പര്‍ച്ചര്‍ റിംഗ് ഇല്ലാത്ത ന്യൂ ജനറേഷന്‍ ലെന്‍സ്‌ ആണ് ഇത് എന്ന് സൂചിപ്പിക്കുന്നു…

07. ED- (Extra low Dispersion Control) എന്നത് നിക്കോണിന്‍റെ ലെന്‍സുമായി ബന്ധപ്പെട്ട ഒരു ടെക്നോളജിയാണ്.. Chromatic Aberrations പോലെയുള്ള കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന കളര്‍ ഡിഫക്ടുകള്‍ പരിഹരിക്കാന്‍ ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു,..

08. VR- ഈ ലെന്‍സ്‌ VR (VIBRATION REDUCTION SYSTEM) ഉള്ളതാണ്..ഒരു പരിധി വരെയുള്ള കുറഞ്ഞ ഷട്ടര്‍ സ്പീഡിലും ക്യാമറ കയ്യില്‍ പിടിച്ചു കൊണ്ട് തന്നെ ഫോട്ടോ ഷൂട്ട്‌ ചെയ്യാം.. VR ഇല്ലാത്ത ലെന്‍സുകള്‍ കൊണ്ട്, സുരക്ഷിതമായി 1/60 എന്ന ഷട്ടര്‍ സ്പീഡ് വരെ മാത്രം കയ്യില്‍ പിടിച്ചു കൊണ്ട് ഷൂട്ട്‌ ചെയ്യാന്‍ സാധിക്കുമ്പോള്‍, VR സാങ്കതിക വിദ്യ ഉള്ള ലെന്‍സുകള്‍ കൊണ്ട് 1/30 വരെ കയ്യില്‍ പിടിച്ചു കൊണ്ട് സുരക്ഷിതമായി ഷൂട്ട്‌ ചെയ്യാന്‍ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ക്യാനോണ്‍ ലെന്‍സുകള്‍

ചിത്രത്തിലെ ക്യാനോണ്‍ ലെന്‍സ്‌ സ്പെസിഫിക്കേഷന്‍ രണ്ടാവര്‍ത്തി വായിക്കുക….

01. EF- ഇതില്‍ EF എന്ന് രേഖപ്പെടുതിയിരിക്കുന്നതിന്‍റെ അര്‍ഥം, ഈ ലെന്‍സ്‌ എല്ലാ Canon EOS ഡിജിറ്റല്‍ SLR ക്യാമറകളിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് എന്നാണു. പക്ഷെ EF എന്നതിന് പകരം EF-S എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എങ്കില്‍ അതിന്‍റെ അര്‍ഥം അത് APS-C സെന്‍സറോട് കൂടിയ Canon EOS ഡിജിറ്റല്‍ SLR ക്യാമറകളില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. (APS-C എന്നു കേട്ട് ബേജാറാകണ്ടാ, നമ്മള്‍ തുടക്കക്കാര്‍ ഉപയോഗിക്കുന്ന മിക്ക DSLR കളും APS-C, അതായത് CROPPED SENSOR ആണ്,)

APS-C ക്ക് ഉദാ; 1100D, 600D,60D, 70D, 7D.

02. 70-300mm-  70mm എന്നത് ഈ ലെന്‍സില്‍ കിട്ടുന്ന ഏറ്റവും കുറഞ്ഞ ഫോക്കല്‍ ദൂരമാണ്, (Field of View എന്നും പറയാം.) അല്ലെങ്കില്‍ ആ ലെന്‍സില്‍ കിട്ടാവുന്ന ഏറ്റവും വൈഡ് ആംഗിള്‍..,.
300mm എന്നത് ഈ ലെന്‍സില്‍ കിട്ടുന്ന ഏറ്റവും കൂടിയ ഫോക്കല്‍ ദൂരമാണ്, അല്ലെങ്കില്‍ ആ ലെന്‍സില്‍ കിട്ടാവുന്ന ഏറ്റവും കൂടിയ ടെലിഫോട്ടോ ആംഗിള്‍..,.

ഒന്നു കൂടി ലളിതമായി പറഞ്ഞാല്‍ 70mm മുതല്‍ 300mm വരെയുള്ള ഫോക്കല്‍ ദൂരം ഈ ലെന്‍സില്‍ സൂം ചെയ്തെടുക്കാം….

03. f/4-5.6- ഈ അളവുകള്‍ അപ്പര്‍ച്ചറിനെ സൂചിപ്പിക്കുന്നു.എന്നു വച്ചാല്‍, ഈ ലെന്‍സ്‌ 70mm ഫോക്കല്‍ ലെങ്ങ്തില്‍ സൂം ചെയ്തിരിക്കുമ്പോള്‍, തുറക്കാവുന്ന മാക്സിമം അപ്പര്‍ച്ചര്‍ ആണ് f/4, അതെ സമയം ലെന്‍സിന്റെന്‍റെ മറ്റേ എന്‍ഡില്‍ സൂം ചെയ്തിരിക്കുമ്പോള്‍, (300mm ഇല്‍),) തുറക്കാന്‍ പറ്റുന്ന മാക്സിമം അപ്പര്‍ച്ചര്‍ ആണ് f/5.6.

അപ്പര്‍ച്ചര്‍ ഒരു തലതിരിഞ്ഞവന്‍ ആണെന്ന് അറിയാമല്ലോ. എന്നു വച്ചാല്‍, f/2 എന്നത് f/16 നേക്കാള്‍ വലുതാണ്..

04. L Series- ഈ ലെന്‍സ്‌ ക്യാനോണിന്‍റെ ആഡംബര ലെന്‍സ്‌ (L Series) വിഭാഗത്തില്‍പെട്ടതാണെന്ന് സൂചിപ്പിക്കുന്നു. L എന്നാല്‍ LUXURY- ; L Series ലെന്‍സുകള്‍ വളരെ വിലപിടിപ്പുള്ളവയാണ്. ലെന്‍സ്‌ ബാരലിന്‍റെ അഗ്രഭാഗത്തുള്ള ചുവന്ന വളയം L സീരീസില്‍ പെട്ട ലെന്‍സ്‌ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നു.

05. IS എന്നു വച്ചാല്‍ IMAGE STABILIZATION. നിക്കോറിലെ VR നും സിഗ്മയിലെ OS നും (Optical Stabilization) ടാംറോണിലെ VC ക്കും (Vibration compensation) തുല്യമായ ക്യാനോന്‍ ടെക്നോളജി. വെളിച്ചം കുറഞ്ഞ സമയത്ത് കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍, ക്യാമറ ഷേക്ക്‌ മൂലം ഉണ്ടാകുന്ന ചിത്രത്തിന്റെ നിലവാരത്തകര്‍ച്ച തടയാന്‍ ഒരു പരിധി വരെ ‘IS’ സഹായിക്കുന്നു.

06.DO(Diffractive Optic lens) ; ഈ പ്രത്യേകത, പരമ്പരാഗത ലെന്‍സുകള്‍ക്ക് തുല്യമായ ഫോക്കല്‍ ലെങ്ങ്ത് നിലനിര്‍ത്തി കൊണ്ട്, തന്നെ ഗുണനിലവാരം കൂട്ടി, ലെന്‍സിന്‍റെ ഭാരവും വലുപ്പവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു എന്നതാണ് നിര്‍മ്മാതാക്കളുടെ വിവക്ഷ.

07. USM-  അതീവ കൃത്യതയുള്ളതും അതിവേഗതയുമാര്‍ന്ന ഓട്ടോഫോക്കസിനായി ഇതിനുള്ളില്‍ ഒരു ULTRA SONIC MOTOR (USM) ഉണ്ട് എന്ന് സൂചിപ്പിക്കുന്നു,.