ഹാക്ക് ചെയ്യാനാവാത്ത വിധം നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളെ എങ്ങിനെ സുരക്ഷിതമാക്കാം ?

1013

01

നമ്മുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഹാക്ക് ചെയ്യപ്പെടുക എന്നത് നമ്മുടെ വീട്ടില്‍ കവര്‍ച്ച നടത്തുന്നതിന് തുല്യമാണ്. എന്നാല്‍ വീട്ടില്‍ കയറിയവന്‍ കഴിയുന്നത്ര സാധനവും എടുത്ത് വീടുപേക്ഷിച്ച് പോകുമെങ്കില്‍ നമ്മുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്തവന്‍ നമ്മുടെ രഹസ്യങ്ങളുടെ കലവറയായ ആ പ്രൊഫൈലും എടുത്തു കൊണ്ടായിരിക്കും പോവുക. അതില്‍ നിന്നും ഒരു രക്ഷ വേണ്ടേ നമുക്ക് ? ഹാക്കര്‍മാരെ പടിക്ക് പുറത്ത് നിര്‍ത്തുവാനുള്ള ഏതാനും കാര്യങ്ങള്‍ ആണ് നമ്മള്‍ ചുവടെ പറയുന്നത്.

ഒരു കാര്യം ആദ്യമേ പറയട്ടെ, വെബ്‌ എന്ന മായാലോകത്ത് ഒരു സുരക്ഷയും നമുക്ക് 100 ശതമാനം സുരക്ഷിതത്വം ഉറപ്പു നല്‍കുന്നില്ല. എന്നാല്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളിലേക്കുള്ള ഹാക്കര്‍മാരുടെ ഒഴുക്ക് തടയുകയും നിങ്ങള്‍ക്ക് കൂടുതല്‍ സുന്ദരമായി ഉറങ്ങാന്‍ സാധിക്കുകയും ചെയ്യും. ഇനി നിങ്ങള്‍ക്ക് താഴെ പറയുന്ന കാര്യങ്ങള്‍ക്ക് പുറമേ നിങ്ങളുടേതായ സെക്യൂരിറ്റി ടിപ്പുകള്‍ പറയാനുണ്ടെങ്കില്‍ അത് താഴെ കമന്റ് ആയി പറയാം, അല്ലെങ്കില്‍ ബൂലോകത്തില്‍ തന്നെ ഒരു പോസ്റ്റായി എഴുതുകയും ചെയ്യാം.

ടു സ്റ്റെപ് വെരിഫിക്കേഷന്‍

ഒട്ടുമിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ഇപ്പോള്‍ അവയുടെ യൂസര്‍മാര്‍ക്ക് ടൂ സ്റ്റെപ് വെരിഫിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോഗിന്‍ സമയത്ത് ഒരു എക്സ്ട്ര സ്റ്റെപ്പ് കൂടി ചെയ്യേണ്ടുന്ന പരിപാടി ആണിത്. ഇത് കമ്പ്യൂട്ടറില്‍ ആണെങ്കില്‍ മറ്റേതെങ്കിലും ഡിവൈസുകളില്‍ ആണെങ്കില്‍ ഒരേ പോലെ തന്നെയാണ്. അതിനര്‍ത്ഥം നിങ്ങളെ ഹാക്ക് ചെയ്യാന്‍ നോക്കുന്നവര്‍ക്ക് നിങ്ങളുടെ യൂസര്‍നേമും പാസ്സ്‌വേര്‍ഡും മാത്രം കിട്ടിയാല്‍ പോരെന്നു ചുരുക്കം. കാരണം എക്സ്ട്ര കോഡ് നിങ്ങള്‍ക്ക് ലഭിക്കുക എസ് എം എസ് വഴിയോ മൊബൈല്‍ ആപ്പ് വഴി ജനറേറ്റ് ചെയ്തോ ആയിരിക്കും.

ഇതെങ്ങിനെ ഫേസ്ബുക്കില്‍ ചെയ്യാം എന്നറിയേണ്ടേ, ഫേസ്ബുക്കില്‍ Settings പേജില്‍ Security എന്ന ടാബ് എടുക്കുക. അതില്‍ Login Approvals എന്ന ഒപ്ഷനെടുത്ത് നിങ്ങള്‍ക്കിത് ആക്ടിവെറ്റ് ചെയ്യാം. Code Generator എന്ന ടാബിലാണ് ഇപ്പോള്‍ പല യൂസര്‍മാര്‍ക്കും ഈ സൗകര്യം ലഭിക്കുന്നത്.

04

ട്വിറ്റെറില്‍ ആണെങ്കില്‍ Settings പേജില്‍ Security and privacy ടാബെടുത്ത് അതില്‍ Login Verification ആക്ടിവേറ്റ് ചെയ്യാം.

03

ജിമെയിലില്‍ ആണെങ്കിലും ഗൂഗിളില്‍ ആണെങ്കിലും നിങ്ങളുടെ Google Account പേജില്‍ കയറി Security ടാബെടുത്ത് അതില്‍ നിന്നും 2-step Verification എടുക്കുക.

Google 2 Step Verification

ഇത്രയൊക്കെ പറഞ്ഞത് ഇങ്ങനെയൊക്കെ ചെയ്താല്‍ പിന്നീടൊരിക്കലും ഹാക്ക് ചെയ്യപ്പെടില്ല എന്നല്ല, കാരണം നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ വിചാരിച്ചാല്‍ അക്കാര്യം കൂളായി ചെയ്യാവുന്ന ഒരു പരിപാടി മാത്രമാണ്. എങ്കിലും മുകളില്‍ പറഞ്ഞ ടു സ്റ്റെപ് വെരിഫിക്കേഷന്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകള്‍ക്ക് ചുറ്റും ഒരു ചുറ്റുമതില്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട തന്നെ.

തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഡിസ്കണക്റ്റ് ചെയ്യൂ

നിങ്ങളുടെ ഫേസ്ബുക്ക്, ട്വിറ്റെര്‍, ഇന്‍സ്റ്റാഗ്രാം, ഗൂഗിള്‍ അക്കൌണ്ടുകള്‍ തുടങ്ങിയവ ചില തേര്‍ഡ് പാര്‍ട്ടി ആപ്പുകളുമായി ലിങ്ക് ചെയ്യപ്പെട്ടു കിടക്കുകയാകും ഇപ്പോഴും. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എന്തെങ്കിലും ചെറിയ ആവശ്യങ്ങള്‍ക്ക് വേണ്ടി കണക്റ്റ് ചെയ്ത ആ ആപ്പുകള്‍ ഇപ്പോഴും നിങ്ങളുടെ അക്കൌണ്ടുമായി ലിങ്ക് ചെയ്യപ്പെട്ടിരിക്കുന്നത് നിങ്ങളുടെ അക്കൌണ്ടുകളുടെ സുരക്ഷയെ ബാധിക്കുന്ന ഒരു കാര്യം തന്നെയാണ്. ഈ ആപ്പുകള്‍ നിങ്ങള്‍ക്ക് ചില സ്ഥലങ്ങളില്‍ ലൊഗിനും മറ്റും എളുപ്പമാക്കിയേക്കാം എങ്കിലും അവയെ നമ്മുടെ പ്രൊഫൈലിലേക്ക് പിന്‍വാതിലിലൂടെ കടക്കുവാനുള്ള അനുമതിയാണ് നിങ്ങളതിലൂടെ നല്‍കുന്നതെന്ന് എന്ന സത്യം നിങ്ങള്‍ മനസിലാക്കണം. ഇത് മനസ്സില്‍ വെച്ച് കൊണ്ട് തന്നെ ഈ കണക്റ്റ് ചെയ്യപ്പെട്ട ആപ്പുകളെ നിങ്ങളൊന്ന് റിവ്യൂ ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഏറെക്കാലമായി നിങ്ങള്‍ ഉപയോഗിക്കാത്ത ആപ്പുകളെ ആദ്യം റിമൂവ് ചെയ്യുക. ഏറെക്കാലമായി അപ്ഡേറ്റ് ചെയ്യാത്തതും റിമൂവ് ചെയ്യാം. പല ആപ്പുകളെയും നമുക്ക് ശുദ്ധരായി തോന്നാമെങ്കിലും അവയുടെ ഡാറ്റബേസില്‍ നമ്മുടെ പാസ്സ്‌വേര്‍ഡ്‌ അടക്കം അടിച്ചു മാറ്റുവാനുള്ള വിദ്യകള്‍ അവര്‍ സ്റ്റോര്‍ ചെയ്തിട്ടുണ്ടാകും എന്ന സത്യം നിങ്ങള്‍ മനസിലാക്കുക.

ഫേസ്ബുക്കില്‍ ആണെങ്കില്‍ Settings പേജില്‍ Apps എന്ന ടാബില്‍ കയറി നമുക്ക് ശുദ്ധീകരണം നടത്താം.

02

ട്വിറ്റെറില്‍ ആണെങ്കിലും Settings പേജില്‍ Apps എന്ന ടാബില്‍ കയറി നമുക്ക് ശുദ്ധീകരണം നടത്താം.

revoke access

ഇനി ഇന്‍സ്റ്റാഗ്രാമില്‍ ആണെങ്കില്‍ നിങ്ങളുടെ അവതാറിനു താഴെ Edit Profile ലിങ്കില്‍ കയറി Manage Applications സെലക്റ്റ് ചെയ്തും ശുദ്ധീകരണം നടത്താം.

ഫിഷിംഗ് സൈറ്റുകളില്‍ നിന്നും അകലം പ്രാപിക്കാം.

02

ഏറെക്കാലമായി മുന്നറിയിപ്പ് നല്‍കുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണ്. നിങ്ങളുടെ ഇമെയില്‍ വഴിയോ സോഷ്യല്‍ മീഡിയ ഇന്‍ബോക്സ് വഴിയോ ലഭിക്കുന്ന സംശയം തോന്നിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. കാരണം യാഥാര്‍ത്ഥ്യം എന്ന് തോന്നിക്കുന്ന വിധത്തില്‍ നിര്‍മ്മിക്കപ്പെട്ട ഫിഷിംഗ് സൈറ്റുകളില്‍ ആയിരിക്കും അത് നിങ്ങളെ കൊണ്ടെത്തിക്കുക. ഫേസ്ബുക്ക്, ജിമെയില്‍ പോലുള്ളവയുടെ ഫിഷിംഗ് സൈറ്റ് ആണെങ്കില്‍ പിന്നെ പറയേണ്ടല്ലോ. നിങ്ങളവിടെ പാസ്സ്‌വേര്‍ഡ്‌ അടിക്കുകയും ചെയ്യും അവരത് ചോര്‍ത്തുകയും ചെയ്യും.

ലോകത്തെ പ്രമുഖ ബ്രൌസറുകള്‍ ഇത്തരം സൈറ്റുകളെ തടയാന്‍ വേണ്ടി ദിനേന എന്നോണം അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവയുടെ ഏറ്റവും ലേറ്റസ്റ്റ് വേര്‍ഷന്‍ സോഫ്റ്റ്‌വെയര്‍ തന്നെ ഉപയോഗിച്ചാല്‍ ഇത്തരം കെണികളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാം.

വിശ്വസനീയമായ ഉപകരണങ്ങള്‍ ലോക്ക് ചെയ്യാം

02

ഒരിക്കല്‍ നിങ്ങളുടെ ലാപ്ടോപ്പില്‍ നിന്നും ഫേസ്ബുക്ക്, ട്വിറ്റെര്‍ എന്നീ അക്കൌണ്ടുകളില്‍ ലോഗിന്‍ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ലാപ്പിനെ വിശ്വസനീയമായ ഉപകരണം അല്ലെങ്കില്‍ ട്രസ്റ്റഡ് ഡിവൈസ് ആക്കി ലോക്ക് ചെയ്യാം. അത് ആ ലാപ്പില്‍ പിന്നെ നിങ്ങള്‍ക്ക് സുഖമായി ലോഗിന്‍ ചെയ്യാം. നിങ്ങളുടെ ഫോണിന്റെ കാര്യത്തിലും ടാബിന്റെ കാര്യത്തിലും ഇത് തന്നെ ചെയ്യാം. കൂടാതെ മറ്റു കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അതും ഇക്കൂട്ടത്തില്‍ പെടുത്താം. ഇത് ഇത്തരം സോഷ്യല്‍ മീഡിയകളില്‍ ഒരേസമയം പെട്ടെന്നുള്ള ലോഗിന്‍ സാധ്യമാക്കുകയും അതെ സമയം തന്നെ മറ്റൊരു ഉപകരണത്തില്‍ നിന്നും നിങ്ങളുടെ അക്കൌണ്ടിലേക്കുള്ള ഹാക്കിംഗ് ശ്രമം തടയുകയും ചെയ്യും. എന്നാല്‍ ഈ ഉപകരണങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് തടഞ്ഞില്ലെങ്കില്‍ അത് കൂടുതല്‍ പണിയാകും എന്ന് ഉറപ്പാണ്.

അത് കൊണ്ട് തന്നെ നിങ്ങളുടെ ഓരോ ട്രസ്റ്റഡ് ഡിവൈസും ഒരു പാസ്സ്‌വേര്‍ഡ്‌ കൊണ്ട് സുരക്ഷിതമാക്കുവാന്‍ ശ്രമിക്കണം. കൂടാതെ ചെറിയ സമയം ഇനാക്ടീവ് ആയാല്‍ അത് ഓട്ടോമാറ്റിക് ആയി ലോക്ക് ആകാനുള്ള പരിപാടിയും ചെയ്തു വെക്കണം. ഐഫോണിലെ ഫിംഗര്‍പ്രിന്റ്‌ ലോക്കായാലും വിന്‍ഡോസിലെ പിക്ചര്‍ പാസ്സ്‌വേര്‍ഡ്‌ ആയാലും നല്ലത് തന്നെ. അല്ലെങ്കില്‍ നിങ്ങള്‍ ഫോണും എടുത്ത് നിങ്ങളുടെ അടുത്ത സുഹൃത്ത് അങ്ങ് പോസ്റ്റിംഗ് തുടങ്ങിയാല്‍ പിന്നെ പറയേണ്ടല്ലോ.

ഇത് സാധാരണ നടക്കുന്ന സംഗതി മാത്രമാണ്. എന്നാല്‍ ഇപ്പോഴും പഠനങ്ങള്‍ കാണിക്കുന്നത് 60% ആളുകളും ഇത്തരമൊരു പാസ്സ്‌വേര്‍ഡ്‌ വെക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ലെന്നാണ്. അതാണ്‌ ഇതിന്റെ ഗുരുതരാവസ്ഥയായി പറയാനുള്ളത്. കാരണം നിങ്ങളുടെ കമ്പ്യൂട്ടറും മൊബൈലും നിങ്ങള്‍ മാത്രമാണ് ഉപയോഗിക്കുകയുള്ളൂ എങ്കിലും അത് മോഷണം പോകുവാനോ അല്ലെങ്കില്‍ നിങ്ങളില്ലാത്ത സമയത്ത് നിങ്ങളുടെ സുഹൃത്തുക്കള്‍ അത് ഉപയോഗിക്കുവാനോ ഉള്ള സാധ്യതയെ നമുക്ക് തള്ളിക്കളയാനാവില്ല.

പാസ്സ്‌വേര്‍ഡുകള്‍

03

പാസ്സ്‌വേര്‍ഡിനെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോള്‍ ആദ്യമേ പറയാനുള്ളത് എല്ലാ സൈറ്റുകളിലും ഒരേ പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കരുത് എന്നാണ്. ഏതെങ്കിലും ഒരു സൈറ്റ് ഹാക്കിംഗിനു വിധേയമായാല്‍ അത് നിങ്ങളുടെ മറ്റെല്ലാ പ്രൊഫൈലുകളും നഷ്ടപ്പെടുത്താന്‍ വഴി കാണിച്ചു കൊടുക്കുന്ന പരിപാടിയായി മാറിയേക്കും.

ഉദാഹരണമായി നിങ്ങളുടെ കാറിനും സേഫിനും വീടിനും ഒരേ കീ ഉണ്ടായാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. അത്രത്തോളം അപകടകരമായ അവസ്ഥയാണ് ഒരേ പാസ്സ്‌വേര്‍ഡ്‌ എല്ലാ അക്കൌണ്ടുകള്‍ക്കും വെച്ചാല്‍ ഉണ്ടായിത്തീരുക. ഓരോ പാസ്സ്‌വേര്‍ഡിന്റെയും അറ്റത്ത് ഓരോ പ്രൊഫൈലുകള്‍ക്കും വ്യത്യസ്ത അക്കങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ വരെ വന്‍തോതിലാണ് സുരക്ഷ വര്‍ദ്ധിക്കുന്നത്. അത് കൊണ്ട് ഇപ്പോള്‍ തന്നെ ഓരോ പാസ്സ്‌വേര്‍ഡും മാറ്റി തുടങ്ങൂ. പെട്ടെന്ന് ഓര്‍മ്മിച്ചു വെക്കാന്‍ കഴിയുന്നതും എന്നാല്‍ മറ്റുള്ളവര്‍ക്ക് കണ്ടു പിടിക്കാന്‍ സാധിക്കാത്തതുമായ പാസ്സ്‌വേര്‍ഡ്‌ വെച്ചോളൂ. ഓരോ പ്രൊഫൈലിന് വേണ്ടിയും ചില കണക്കിലെ സൂത്രങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ചില അക്കങ്ങള്‍ അവസാനം കൂട്ടി ചേര്‍ത്താല്‍ മറ്റൊരു പാസ്സ്‌വേര്‍ഡ്‌ ആകും. അല്ലെങ്കില്‍ ഓരോന്നിനും വ്യത്യസ്ത പാറ്റെണ്‍ തന്നെ വേണമെങ്കില്‍ അതും ചെയ്യാം.

പാസ്സ്‌വേര്‍ഡ്‌ റീസെറ്റ് ചെയ്യേണ്ടുന്ന മാര്‍ഗങ്ങളും ഈ പ്രൊഫൈലുകളില്‍ ചെയ്ത് വെക്കണം. ഇമെയിലിലെക്കും മൊബൈലിലേക്കും റീസെറ്റ് ഓപ്ഷന്‍ വരുന്ന വിധത്തില്‍. അഥവാ ആരെങ്കില്‍ റീസെറ്റ് ട്രൈ ചെയ്താല്‍ അത് ഇത് വഴി നമുക്ക് പിടികിട്ടുകയും ചെയ്യും അത് വഴി പാസ്സ്‌വേര്‍ഡ്‌ മാറ്റുകയും ചെയ്യാം. അതെ സമയം റീസെറ്റ് ഓപ്ഷന്‍ വരുന്ന ഇമെയിലിലും ഫോണിലും ഇതേ പാസ്സ്‌വേര്‍ഡ്‌ വെക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ആ പണിയും പാളും.

ഇനി ഇത്തരം സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിങ്ങള്‍ക്ക് മറ്റേതെങ്കിലും സെക്യൂരിറ്റി ഓപ്ഷന്‍ കാണാനായാല്‍ അത് ചെയ്ത് വെച്ചേക്കുക. ഉദാഹരണമായി ഫേസ്ബുക്കില്‍ ട്രസ്റ്റഡ് കോണ്ടാക്റ്റ് ഫീച്ചര്‍ എന്നൊരു ഓപ്ഷന്‍ കാണാം. നിങ്ങളുടെ അടുത്ത ബന്ധുക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ക്ക് അത് വഴി നിങ്ങളെ വെരിഫൈ ചെയ്യാന്‍ സാധിക്കും, നിങ്ങളുടെ പ്രൊഫൈല്‍ ലോക്ക് ആകുകയാണെങ്കില്‍.

ഒന്ന് കൂടി പറഞ്ഞു കൊള്ളട്ടെ, മുകളില്‍ പറഞ്ഞ വഴികള്‍ നിങ്ങളുടെ പ്രൊഫൈലിനെ ഒരിക്കലും 100% സുരക്ഷിതമാക്കുന്നില്ല. എന്നിരുന്നാലും അത് ഹാക്കര്‍മാരില്‍ നിന്നും നിങ്ങളെ ദൂരേക്ക് മാറ്റി നിര്‍ത്തുന്നു.