Bucker Aboo

ഐ എസ് ഐ എസ് തലവന്‍ അല്‍-ബാഗ്ദാദി മരണത്തിലേക്ക് നടന്നു കയറിയ വഴികള്‍.

തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുള്ള ഇദ്ലിബ് പ്രൊവിന്‍സിലെ ബാരിശ വില്ലേജില്‍, അബൂബക്കര്‍ അല്‍-ബാഗ്ദാദി അമേരിക്കന്‍ സൈന്യത്തിന്‍റെ ആക്രമണത്തിനിടയില്‍ രക്ഷപ്പെടാനാവാതെ സ്വയം ബോംബ് പൊട്ടിച്ച് മരിച്ച വാര്‍ത്ത ഇറാക്ക്,ഖുര്‍ദ്,അമേരിക്കന്‍,റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരിക്കുന്നു.

ആ വാര്‍ത്ത ലോകത്തോട് പങ്കു വെയ്ക്കുമ്പോള്‍ ഈ ഓപറെഷന്‍ വിജയിപ്പിക്കാന്‍ കൂടെ നിന്ന രാജ്യങ്ങളെ അമേരിക്കന്‍ പ്രസിഡന്‍റ് ട്രമ്പ്‌ അഭിനന്ദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു.

“Russia was great, Iraq was excellent, Trump also thanked Kurdish forces in Syria.

ഒരല്പം,

നാല് വര്ഷം പിന്നോട്ട് പോയാല്‍ ആദ്യമായി ബാഗ്ദാദിയുടെ എല്ലാ നീക്കങ്ങളും അമേരിക്കക്ക് കൈമാറിയത് ബാഗ്ദാദിയുടെ കൂടെയുണ്ടായിരുന്നു ഒരു ഐ എസ് ഐ എസ് വനിത തന്നെയാണെന്ന സത്യം ഇനി എഴുതാന്‍ പോവുന്ന ചരിത്രത്തില്‍ അമേരിക്ക ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്നറിയില്ല. ചരിത്രാന്വേഷികളുടെ ആകാംക്ഷയ്ക്ക് ഉമ്മു സയ്യാഫ് അത് പുറം ലോകത്തെ അറിയിച്ചത് നമുക്കും ഇവിടെ വായിക്കാം.

നിസ്രിന്‍ ആസാദ് എന്ന ഉമ്മു സയ്യാഫ്, അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഏറ്റവും അടുത്ത സുഹൃത്തായ ഫാതി ജില്ദി മുറാദിന്‍റെ ഭാര്യയായിരുന്നു. ഫാതി ജില്ദി “അബു സയാഫ്” എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്‍റെ മീഡിയ ചീഫായിരുന്ന ഫാതിയെ കാണാന്‍ സെന്‍ട്രല്‍ ഇറാക്കിലെ താജിയിലുള്ള അവരുടെ വീട് ബാഗ്ദാദി പലതവണ സന്ദര്‍ശിച്ചിട്ടുണ്ട്. ഈ വീടില്‍ വെച്ചാണ് ലോകം കേട്ട പല ഓഡിയോ ടേപ്പുകളും റെക്കോര്‍ഡ് ചെയ്യപ്പെട്ടിരുന്നത്. ഒമര്‍ ഓയില്‍ ഫീല്‍ഡിന്‍റെ ചുമതല ഉണ്ടായിരുന്ന ഫാതി ജില്ദി, എണ്ണയുടെ വില്പനയിലൂടെയായിരുന്നു ഐസ് ഐസ് ഐ എസിന് ആയുധം എത്തിച്ചു കൊടുത്തിരുന്നത്. സിറിയയിലും ഇറാക്കിലും ബാഗ്ദാദി മാറി മാറി താമസിച്ചു വരുമ്പോള്‍ എല്ലാ നീക്കങ്ങളും അറിയാമായിരുന്നവരായിരുന്നു സയ്യാഫ് ദമ്പതികള്‍. 2014ല്‍ ഐസ് ഐ എസ്, Kayla Mueller എന്ന അമേരിക്കന്‍ വനിതയെ ഒന്‍പത് യസീദി സ്ത്രീകളോടൊപ്പം ബന്ദികളാക്കി കൊണ്ട് വന്നതോടെ ഉമ്മു സയ്യാഫിന്‍റെ ചരിത്രം തിരുത്തി എഴുതപ്പെട്ടു. യസീദി സ്ത്രീകളുടെ സൌന്ദര്യം കണ്ടപ്പോള്‍ സ്വന്തം ഭര്‍ത്താവും വന്യമൃഗത്തെപ്പോലെ അവരോട് പെരുമാറിയത് ഉമ്മു സയ്യാഫിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. 2015ല്‍ Kayla Mueller ന് വേണ്ടിയുള്ള അന്വേഷണത്തില്‍ അമേരിക്കന്‍ ഡെല്‍റ്റ ഫൊഴ്സിന്‍റെ ആക്രമണത്തില്‍ ഇവരുടെ ഭര്‍ത്താവ് കൊല്ലപ്പെടുകയും ഉമ്മു സയ്യാഫ് പിടിക്കപ്പെടുകയും ചെയ്തു. ആദ്യത്തെ ഒരു വര്ഷം ഒരു രഹസ്യവും പുറത്ത് വിടാതിരുന്ന ഇവര്‍ 2016 മുതല്‍ യു. എസ്/കുര്‍ദ് ഇന്‍റെലിജെന്‍സ് ഓഫീസര്‍മാരോട് സഹകരിക്കാന്‍ തയ്യാറായി. സാദിയ ഇബ്രാഹിം എന്ന തന്‍റെ ഒരു മുതിര്‍ന്ന ബന്ധു ബാഗ്ദാദിക്ക് ഒളിത്താവളം ഒരുക്കി കൊടുക്കുന്ന വിവരം ഉമ്മു സയാഫ് കുര്‍ദ്കളോട് കൈമാറുന്നത് അവിടെ നിന്നാണ്.

Image result for al baghdadiA Senior Kurdish intelligence official said of Umm Sayyaf’s collaboration:

She gave us really clear picture of Abu Bakr al-Bagdhadi’s family structure and the people who mattered most to him. We learned about the wives of the people around him in particular, and that has been very useful for us.

ബാഗ്ദാദിയുടെ ഗാര്‍ഡ്കളെ മൊസൂലിലെ തെരുവുകളില്‍ നിരീക്ഷണത്തിനു പറഞ്ഞയച്ചിട്ട് സുരക്ഷ ഉറപ്പായാല്‍ വെജിറ്റബില്‍ ട്രക്കില്‍ ബാഗ്ദാദി താമസയിടം മാറ്റാന്‍ യാത്ര ചെയ്യാറുള്ളതും, അയാള്‍ മാറി താമസിക്കാറുള്ള വീടിന്‍റെ ലൊക്കേഷനും ഉമ്മു സയ്യാഫ് കൈമാറിയിരുന്നു. കുര്‍ദുകള്‍ കൈമാറിയ ഈ വിവരം അമേരിക്ക മുഖവിലക്കെടുക്കാതെയിരുന്നത് കാരണം ബാഗ്ദാദി അന്ന് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് ഇതിന്‍റെ സത്യം തിരിച്ചറിഞ്ഞ CIA അവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും കുര്‍ദിഷ് ചാരന്മാരെ വിശ്വസിക്കാനും ഈ സംഭവം ഇടയാക്കി. ട്രമ്പിന്‍റെ ഒടുവിലത്തെ പ്രസ്താവനയില്‍ അത് അദ്ദേഹം പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടുണ്ട്.

ബാഗ്ദാദിയുടെ തൊട്ടടുത്ത കമാണ്ടിന്‍ഗ് ചീഫായി നില്‍ക്കുന്ന അഞ്ചുപേരില്‍ ഒരാളായിരുന്നു ഇസ്മായില്‍ അല്‍ എതാവി. എതാവിയെ ഇദ് ലിബിലെ മാര്‍ക്കെറ്റില്‍ നിന്ന് തിരിച്ചറിഞ്ഞ സിറിയന്‍ ചാരന്മാര്‍ അദ്ദേഹത്തെ പിന്തുടര്‍ന്ന് ബാഗ്ദാദി താമസിക്കുന്ന വീട് മനസ്സിലാക്കിയിരുന്നു. ഇറാക്ക് വഴി ഈ വിവരം അമേരിക്കക്ക് കൈമാറിയ മുതല്‍ കഴിഞ്ഞ അഞ്ചുമാസം സാറ്റലൈറ്റും ഡ്രോണും ഉപയോഗിച്ച് അമേരിക്ക അവരുടെ ഓരോ ചലനവും നിരീക്ഷിച്ചു പോന്നു.

ഇസ്മായില്‍ എതാവി പിടിക്കപ്പെട്ടപ്പോള്‍ ഇറാക്കിലെ സെക്യുരിറ്റി ഏജന്‍സികള്‍ക്ക് കൈമാറിയ വിവരങ്ങള്‍ ബാഗ്ദാദിയുടെ അടുത്ത നീക്കങ്ങളെ കുറിച്ച് അമേരിക്കക്ക് ഏകദേശ രൂപം കൈവരികയുണ്ടായി.

2019 ന്‍റെ മധ്യത്തില്‍, ഇദ്ലിബില്‍, തന്‍റെ ഏറ്റവും അടുത്ത മൂന്ന്‍ കമാണ്ടര്‍മാരുടെ കൂടെ കുടുംബവുമൊത്ത് വില്ലേജുകളില്‍ നിന്ന് വില്ലേജുകളിലേക്ക് ബാഗ്ദാദി മാറി താമസിക്കുന്നത് ഇറാക്കി ഇന്‍റെലിജെന്‍സ് ഏജന്‍സികള്‍ മനസ്സിലാക്കി.

ഇദ്ലിബ് നിയന്ത്രിച്ചിരുന്ന ഹയാത് താഹിര്‍ അല്‍ ഷാം എന്ന ഗ്രൂപ്പ് സിറിയ’യില്‍ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ കനത്ത യുദ്ധത്തില്‍ ഏര്‍പ്പെട്ടവരായിരുന്നു. ഗ്ലോബല്‍ ജിഹാദി നെറ്റ്വര്‍ക്കില്‍ നിന്ന് വേര്‍പെട്ടു പോയ അബു മുഹമ്മദ്‌ അല്‍ ഗൊലാനിയാണ് ഇതിന്‍റെ നേതാവ്. ഇവരുടെ ഗ്രൂപ്പ് ബാഗ്ദാദിയുടെ സഹായിയായ സുലൈമാല്‍ അല്‍ ഖാലിദിയെ പിടികൂടിയപ്പോള്‍ ഇന്‍റെലിജെന്‍സ് ഏജന്‍സികള്‍ക്ക് പുതിയതായി പല വിവരങ്ങളും ലഭിച്ചു. ബാഗ്ദാദി പുറത്ത് വിട്ട ഏറ്റവും അവസാനത്തെ വീഡിയോ ടേപ്പില്‍ കൂടെയിരിക്കുന്ന മൂന്ന് പേരില്‍ ഒരാളാണ് ഖാലിദി.

ഖാലിദി നല്‍കിയ വിവരത്തില്‍ ഇറാക്കിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ നഷ്ടപ്പെട്ടപ്പോള്‍ ബാഗ്ദാദിയുടെ നീക്കങ്ങള്‍ കഴിഞ്ഞ ആറുമാസമായി ഇദ്ലിബിൽ മാത്രമായി ഒതുങ്ങി നിന്നു എന്നാണ്. ആ ഒരു അറിവിന്‍റെ അടിസ്ഥാനത്തില്‍ ഹയാത് തഹിര്‍ അല്‍ ഷാം ഗ്രൂപ്പ് ബാഗ്ദാദിയെ പിടിക്കാന്‍ സര്‍മിന്‍ നഗരത്തില്‍ നടത്തിയ റെയിഡ് നിഷ്ഫലമായി.

ബാഗ്ദാദിയുടെ നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിച്ചിരുന്ന
കുര്‍ദുകളുടെ ചാരന്മാര്‍ ഒരു മാസം മുന്പ് ബാഗ്ദാദിയെക്കുറിച്ച് ഏറ്റവും പുതുതായ അറിവുകള്‍ അമേരിക്കക്ക് കൈമാറി.

ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ അല്ഖയിദയുടെ ശക്തമായ ചില കേന്ദ്രങ്ങളും സിറിയയുടെയും ഇറാക്കിന്‍റെയും വ്യോമ അതിര്‍ത്തിയും കടന്നു ബാഗ്ദാദിയെ പിടിക്കാന്‍ അമേരിക്കക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ഇതിന് മുൻപ് പല കാരണങ്ങൾ കൊണ്ടും ഇതേ മേഖലയില്‍ ബാഗ്ദാദിക്കെതിരെയുള്ള മിലിട്ടറി ഒപരെഷന്‍ രണ്ടു തവണ അമേരിക്ക ക്യാന്‍സല്‍ ചെയ്തിരുന്നു.

രണ്ടാഴ്ച മുന്പ് ബാഗ്ദാദിയുടെ കൃത്യമായ ലൊക്കേഷന്‍ മനസ്സിലാക്കിയ അമേരിക്ക റഷ്യയുടെയും ഇറാക്കിന്‍റെയും തുര്‍ക്കിയുടെയും വ്യോമമേഖലയിലൂടെ കടന്നു പോവാനുള്ള അനുവാദം വാങ്ങുമ്പോള്‍ അതെന്തിനാണെന്ന് അവരെ അറിയിച്ചിരുന്നില്ല. ബാഗ്ദാദിയും കുടുംബവും ഒരു മിനി ബസ്സില്‍, താമസിക്കുന്ന സ്ഥലത്ത് നിന്നും മറ്റൊരു വില്ലേജിലേക്ക് മാറിയതായിരുന്നു അയാളുടെ ഏറ്റവും ഒടുവിലത്തെ നീക്കം. ആ നീക്കത്തിലാണ് അമേരിക്ക ഇരുപത്തഞ്ച് മില്ലിയന്‍ ഡോളര്‍ വിലപറഞ്ഞ ടാര്‍ഗറ്റ് ലോക്ക് ചെയ്യുന്നത്.

മിലിട്ടറി ഓര്‍ഡര്‍ പ്രകാരം എട്ട് ഹെലിക്കോപ്റ്ററുകളിലായി അമേരിക്കന്‍ മിലിട്ടറി കമാന്‍ഡോകളും മിലിട്ടറി ഡോഗുകളും മിഡില്‍ ഈസ്റ്റിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നും ഇബ്ലിദ് ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ബാഗ്ദാദിയുടെ കോംപൌണ്ടിലേക്ക് അമേരിക്കയുടെ ടെററിസ്റ്റ് കൌണ്ടര്‍ സേന എന്നറിയപ്പെടുന്ന ഡെല്‍റ്റാ സേനാവിഭാഗമായിരുന്നു ആ ഹെലിക്കോപ്റ്ററില്‍ പറന്നുയര്‍ന്നത്. ഹെലിക്കോപ്റ്റര്‍ പറന്നിറങ്ങാനുള്ള ശ്രമത്തില്‍ ശക്തമായ പ്രതിരോധ വെടിവെപ്പായിരുന്നു അവരെ നേരിട്ടത്. ഒരതിവേഗ ആക്ഷനിലൂടെ ഡെല്‍റ്റാ കമാന്‍ഡോസ് വെടിയുതിര്‍ത്തവരെ നിഷ്പ്രഭരാക്കി കോപ്റ്റര്‍ ലാന്ഡ് ചെയ്യിച്ചു. പിന്നീട് നിമിഷങ്ങള്‍ക്കകം സേന മതിലുകള്‍ തകര്‍ത്ത് ബാഗ്ദാദിയും കുടുംബവും താമസിക്കുന്ന കൊമ്പ്ലെക്സിന്‍റെ അകത്തേക്ക് കടക്കുകയുണ്ടായി.

ഇതിനിടയില്‍ ഡെല്‍റ്റ ഫോഴ്സ് കോംപൌണ്ടില്‍ വെടിയേറ്റവരെയും കീഴടങ്ങിയവരെയും ഒഴിപ്പിച്ചു കൊണ്ട് ബാഗ്ദാദിയിലേക്കുള്ള വഴി മറ്റു കമാന്‍ഡോകള്‍ക്ക് തുറന്നിട്ടു കൊടുത്തു. തന്‍റെ മൂന്നു കുട്ടികളെ വലിച്ചിഴച്ചു കൊണ്ട് ബാഗ്ദാദി കൊമ്പ്ലെക്സിലെ ടണലിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ അമേരിക്കന്‍ സേന അദ്ദേഹത്തോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിനോട് പ്രതികരിച്ചില്ല. . ഡെല്‍റ്റ ഫോഴ്സിന്‍റെ ഡോഗ് സേനയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിയില്ലാതെ ടണലിന്‍റെ അവസാനം മരണത്തിന്‍റെ അറ്റം മുന്നില്‍ മുഖം കുത്തി നിന്നപ്പോള്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി ഭയപ്പാടില്‍ അലറി കരഞ്ഞുകൊണ്ട് അരയിലെ ബെല്‍റ്റ്‌ ബോബ് പൊട്ടിച്ച് സ്വയം പൊട്ടിച്ചിതറിത്തെറിച്ചവസാനിച്ചു.

രണ്ടായിരത്തി പതിനാലില്‍ ഇറാക്കിലെ മൊസൂളിലെ ഒരു മസ്ജിദില്‍ വെച്ച് സ്വയം ഖലീഫയായി പ്രഖ്യാപിച്ച അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണം തീവ്രവാദത്തിനെതിരെയുള്ള മനുഷ്യരാശിയുടെ വിജയമാണ്. അയാളുടെ പ്രഖ്യാപിത ഖിലാഫത്തില്‍ യസീദികള്‍ക്കും കുര്‍ദുകള്‍ക്കും ഇറാക്കികള്‍ക്കും സിറിയക്കാര്‍ക്കും ഇനി ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്തത്ര ആളപായവും നാശ നഷ്ടങ്ങളുമുണ്ടായി.

ബാഗ്ദാദി പിടിച്ചെടുത്തതൊന്നും അയാള്‍ക്കും കൊണ്ട് പോവാന്‍ കഴിഞ്ഞില്ല. “നേടിയവര്‍” ബാഗ്ദാദിയെ ആയുധമണിയിച്ച ഇരുപത്തി അഞ്ചോളം രാഷ്ട്രങ്ങളാണ്. കാലം അവരുടെ ചരിത്രവും രേഖപ്പെടുത്തിയെ നമ്മെ ഈ ഭൂമിയില്‍ നിന്ന് പറഞ്ഞയക്കുകയുള്ളൂ. “ബക്കര്‍ അബു”

Reference: Kurdish/Iraqui military reports/The Guadian/CNN/Reuters.

Advertisements