മനുഷ്യൻ ദൈവങ്ങളെ സൃഷ്ടിക്കുന്നതെങ്ങനെ ?

3346
Rajesh Padmini എഴുതുന്നു
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു…എന്ന വയലാറിന്റെ ഗാനം കേൾക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാൽ മനുഷ്യനെ ദൈവമാണ് സൃഷ്ടിച്ചതെന്നുള്ള വാദം എല്ലാമതങ്ങളും ഒരുപോലെ മുന്നോട്ടുവയ്ക്കുന്നു. എന്നും മനുഷ്യനെ അടിമച്ചങ്ങലയിൽ തളച്ചു ദൈവകോപം പറഞ്ഞു ഭയപ്പെടുത്തി മതങ്ങൾ ഭീതിയൊരായുധമാക്കി വളരുമ്പോൾ കാലം തളർന്നുകൊണ്ടിരിക്കുന്നു. നാവോഥാനം എവിടെയോ കിതച്ചുനിൽക്കുന്നു.
തങ്ങളേക്കാൾ ശക്തിയുള്ളതിനെയും തങ്ങൾക്കു പേടിതോന്നുന്നവയെയും ആരാധിക്കുക എന്ന രീതി മനുഷ്യൻ എന്നും പിന്തുടർന്നിരുന്നു. കാറ്റിനെയും മഴയെയും ഇടിമിന്നലിനെയും പാമ്പിനെയും ..തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങൾ അവനെന്നും ഉണ്ടായിരുന്നു. അധിനിവേശങ്ങളും ആക്രമണങ്ങളും ദൈവങ്ങളെയും വിശ്വാസങ്ങളെയും പലയിടങ്ങളിലും മാറ്റിമാറ്റി പ്രതിഷ്ഠിച്ചു എങ്കിലും വിശ്വാസം എന്നത് അങ്ങനെതന്നെ തുടർന്നു. എന്നാൽ ദൈവങ്ങളുടെ വസ്തുത എന്താണ്? സങ്കല്പകഥകളിലെ കഥാപാത്രങ്ങളെ ആരാധിക്കുന്നവർ ഏതു ലോകത്തിലാണ് ജീവിക്കുന്നത്.ആധുനിക കാലത്തിൽ ദൈവവിശ്വാസങ്ങളും ആചാരങ്ങളും രൂപപ്പെടുന്നത് എങ്ങനെയെന്ന് ചില രസകരമായ കഥകളും സത്യങ്ങളും ചുവടെ വിവരിക്കുന്നു.

ആദ്യത്തേത് മനോരമവാർത്തയെ അടിസ്ഥാനമാക്കി ഞാൻ തന്നെ എഫ്ബിയിലിട്ട ഒരു പോസ്റ്റാണ്.

1 . തിരുവനന്തപുരം എസ് എ ടി ആശുപത്രിക്കുമുന്നിലെ ‘അമ്മയുംകുഞ്ഞും’ പ്രതിമ ആരാധനയ്ക്കു പാത്രമായിക്കൊണ്ടിരിക്കുന്നു. ആശുപത്രി നവീകരണത്തിന്റെ ഭാഗമായി 1990ൽ ആര്യനാട് രാജേന്ദ്രൻ എന്ന ശില്പിയെക്കൊണ്ടു ചെയ്യിച്ച, 22 അടി ഉയരമുള്ള പ്രതിമയ്ക്കാണ് ഈ ദുര്യോഗം. ‘സുഖപ്രസവം’ സാധ്യമാകാൻ അതിന്റെ മുന്നിൽ മെഴുകുതിരിയും ചന്ദനത്തിരിയും കത്തിക്കുന്നത് പതിവായിക്കൊണ്ടിരിക്കുന്നു. ഏറ്റവും ഒടുവിൽ രൂപപ്പെട്ട ഈ അന്ധവിശ്വാസത്തിന്റെ ഉറവിടം എവിടെനിന്നെന്ന് അറിയില്ല. പ്രതിമയെ ആരാധിക്കരുതെന്നു ആശുപത്രി സൂപ്രണ്ടിന് ബോർഡ് വയ്‌ക്കേണ്ടി വന്നിരിക്കുന്നു. കഴിഞ്ഞവർഷം മന്ത്രി ശൈലജ ഇടപെട്ടു നിരോധിച്ച ഈ ആരാധന ഇപ്പോൾ പൂർവ്വാധികം ശക്തിയോടെ നടക്കുന്നു. ആശുപത്രിക്കാർ ഇപ്പോൾ വിലക്കാറില്ലത്രേ. ആൾക്കൂട്ടവും പ്രാർത്ഥനയും അതിനുമുന്നിൽ പതിവായിരിക്കുന്നു. ഇനി കാലംകുറച്ചു കഴിയുമ്പോൾ…
തിരുവനന്തപുരം എസ് എ ടി ആശുപത്രിക്കുമുന്നിലെ ‘അമ്മയുംകുഞ്ഞും’ പ്രതിമ.
 1. ഹിന്ദുക്കൾക്ക് ‘പ്രസവദേവി’ എന്നൊരു പുതിയ ദൈവം രൂപംകൊള്ളും ക്രിസ്ത്യാനികൾക്കതു ‘പ്രസവമാതാവ് ‘ ആകും.
A.പുതിയ ദേവതയ്ക്കു ഒരു സീറ്റ് കൊടുക്കാൻ പുരാണങ്ങൾ പരിശോധിക്കും. വിഷ്ണു മോഹിനിവേഷം കൊണ്ടപ്പോൾ ശിവന്റെ കാമത്തിനിരയാകുകയും ഗർഭിണിയാകുകയും പ്രസവിക്കുകയും ചെയ്തപ്പോൾ ആ കുഞ്ഞിനെ എന്തുചെയ്യും എന്ന ചിന്തയാൽ പരവശയായപ്പോൾ വന്നിരുന്ന സ്ഥലമാണ് അതെന്ന് കഥയുണ്ടാകും.
B. ദേവി ഗർഭിണിയായിരുന്ന സമയത്തു ആകാശത്തുകൂടി പരദൂഷണം പറയാൻ സഞ്ചരിച്ച നാരദന് കഠിനമായ മൂലാർത്തവം (പൈൽസ്) ഉണ്ടായതായും അതുകണ്ട ദേവിക്ക് ഛർദ്ദി ഉണ്ടായതായും പുരാണത്തിൽ എഴുതപ്പെട്ടതിനാൽ പൈൽസ് ഉള്ള പുരുഷന്മാർക്ക് അവിടെ നിരോധനവും ഏർപ്പെടുത്തും. (ഇരുപതുവയസുമുതൽ മരണംവരെ )
C. എസ് എ ടി, സമീപത്തുള്ള മെഡിക്കൽ കോളേജ് , ശ്രീചിത്രമെഡിക്കൽ സെന്റർ, ആർ.സി.സി …എന്നിവ ക്ഷേത്രനിർമ്മാണത്തിന് വേണ്ടി പൊളിച്ചു മാറ്റണം എന്നാവശ്യപ്പെട്ടു വൻസമരങ്ങൾ അരങ്ങേറും.
D.തീർത്ഥാടനം അതിശക്തമാകുകയും ഭക്തലക്ഷങ്ങളെകാരണം ചികിത്സതേടിവരുന്ന ലക്ഷങ്ങൾ വലയുകയും ചെയ്യും.
E. ഞങ്ങളുടെ ദേവത, ഞങ്ങളുടെ മാതാവ് എന്ന് വാദിച്ചു മതങ്ങൾ കലാപങ്ങൾ സംഘടിപ്പിക്കുകയും പ്രദേശം അതീവസുരക്ഷയുടെ പരിധിയിൽ വരികയും ചെയ്യും. നൂറ്റാണ്ടുകൾക്കു മുമ്പ് കത്തിച്ച മെഴുകുതിരിയുടെ പാട് എവിടെയുണ്ടെന്ന് ഒരുകൂട്ടരും, അല്ല വിളക്കു കത്തിച്ചതിന്റെ കരിയുടെ പാടാണ് അതെന്നു മറ്റൊരുകൂട്ടരും ശക്തമായി വാദിക്കും.
2 . അടുത്തസംഭവം ഈയടുത്ത ദിവസങ്ങളിൽ എഫ്ബിവഴിയും വാട്സാപ്പ് വഴിയും വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നതാണ് . സുധീഷ് തട്ടേക്കാട് എന്ന വൈൽഡ് ഫോട്ടോഗ്രാഫറുടെ ആ പോസ്റ്റൊന്നു വായിച്ചുനോക്കൂ. പൂർണമായിട്ടും മനുഷ്യരായിട്ടില്ല നമ്മൾ ഇതുവരെ. ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം… മൂന്നു മണിയ്ക്കേ ഗുഹയ്ക്ക് മുന്നിൽ നിലയുറപ്പിച്ചതാണ്… കുറേ വെള്ളക്കാർ ഗുഹയ്ക്കകത്തേക്ക് നോക്കി നിൽക്കുന്നത് കണ്ട് ധാരാളം ടാക്സികൾ വന്ന് നിർത്തുന്നു. എന്താണെന്ന ആകാംഷയിൽ അവർ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലർക്ക് ഗുഹയ്ക്കുള്ളിൽ കയറണം, മറ്റു ചിലർക്ക് ഗുഹയുടെ മുന്നിൽ കയറി ഫോട്ടോ എടുക്കണം.
സുധീഷ് തട്ടേക്കാട്
പക്ഷികൾ ഗുഹക്കു മുന്നിലെ വെള്ളത്തിൽ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നിൽക്കുന്നു. എന്താണൊരു വഴി. പിന്നെ ചെയ്തതാണ് ചിത്രത്തിൽ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയിൽ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേർച്ചയുമിട്ടു,.. പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായിൽ വന്നത് പരശുരാമൻ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണു4.30 മുതൽ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ. 4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു. NB ഞാൻ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്. 
3. അടുത്ത പോസ്റ്റ്. നമ്മൾ കണ്ടുപിടിക്കുന്ന ദൈവങ്ങൾക്ക് ഇനിയൊരു കഥ എഴുതിച്ചേർക്കണം. എന്നാലേ വിശ്വാസികൾ അത് വിശ്വസിക്കൂ. കഥ മസ്റ്റായും വേണം. അപ്പോളെന്തു ചെയ്യും . രാഹുൽ ഹമ്പിൾ സനൽ എഫ്ബിയിലിട്ടൊരു പോസ്റ്റ് നോക്കൂ ‘എന്റെ നാട്ടുകാരി ആയ സുഹൃത്ത് അവർ അഭിനയിച്ച സീരിയൽ കാണണം എന്നു പറഞ്ഞത് കൊണ്ട് ആണ് ഏഷ്യാനെറ്റിലെ അയ്യപ്പൻ സീരിയൽ കണ്ടത്… കഥാസന്ദർഭം ഇതാണ്… ഒരു കുഞ്ഞിന് രണ്ട് സ്ത്രീകൾ അവകാശവാദം ഉന്നയിക്കുന്നു… തർക്കം ആകുന്നു… അയ്യപ്പൻ കുഞ്ഞിനെ മുറിക്കാൻ നിർദ്ദേശിക്കുന്നു… മുറിക്കാൻ വാളോങ്ങുമ്പോഴേക്കും യഥാർത്ഥ അമ്മ ഇടയിൽ വന്നു തടയുന്നു… യഥാർത്ഥ അമ്മ അവർ ആണെന്ന് തെളിയുന്നു… ഈ കഥ എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് തോന്നി ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ ഹീബ്രു ബൈബിളിലെ കഥ അതാ കിടക്കുന്നു… judgment of Solomon… ചരിത്രം ഉണ്ടാകുന്നത് ഇങ്ങനെയാണ്… ‘
രാഹുൽ ഹമ്പിൾ സനൽ
ചിലയിടങ്ങളിൽ നിന്നുകേട്ട മറ്റു രണ്ടു ചെറിയ കഥകൾ കൂടി പറയാം.
ഒരിക്കൽ ശബരിമലയിൽ പോയി അയ്യപ്പനെ തൊഴുതിട്ടു ഒരാൾ മലയിറങ്ങുമ്പോൾ കാലിൽ മസിൽ പിടിച്ചു കഠിനമായ വേദന തുടങ്ങി. അയാളോട് ആരോ പറഞ്ഞിരുന്നത്രെ അങ്ങനെ വേദന വരികയാണെങ്കിൽ തിരിഞ്ഞു പിന്നിലേക്ക് മലയിറങ്ങാൻ. അതായതു പതിനെട്ടാംപടിയിലൂടെ ഒരാൾ ഇറങ്ങുമ്പോൾ അയ്യപ്പന് അഭിമുഖമായി ഇറങ്ങുമ്പോലെ. അയാൾ അങ്ങനെ മല ഇറങ്ങാൻ ആരംഭിച്ചു. അപ്പോൾ വേദനയ്ക്ക് കുറവുണ്ടായി. എന്നാൽ അയാൾ ചുറ്റിനും നോക്കുമ്പോൾ കാണാൻ കഴിയുന്നത് മറ്റുപലരും തന്നെപോലെ തിരിഞ്ഞു മലയിറങ്ങുന്നതാണ്. അതൊരു ആചാരമെന്നുള്ള ധാരണയിലാണ് ഒരാൾ ചെയ്തതിനെ മറ്റുള്ളവർ അനുകരിച്ചത്.
വേറൊരു സംഭവം. ഒരാൾ അമ്പലത്തിൽ നിന്നും പ്രസാദം വാങ്ങി . ചന്ദനം നെറ്റിയിലിട്ടശേഷം ബാക്കിവന്നത് അടുത്തുള്ള ആല്മരത്തിൽ തേച്ചു. പിൽക്കാലത്തു അതും ഒരു ആചാരമായത്രേ. ഇങ്ങനെ ഈ നാട്ടിൽ എത്രയെത്ര ദൈവങ്ങളും ആചാരങ്ങളുമാണ് രൂപം കൊണ്ടിട്ടുള്ളത് . നിങ്ങൾ തന്നെ പറയുക.