ചവിട്ടി നടക്കാൻ പ്രതലമില്ലാത്ത ബഹിരാകാശത്ത് സഞ്ചാരികൾ എങ്ങനെ നടക്കും ? ബഹിരാകാശനിലയത്തിൽനിന്ന് പുറത്തിറങ്ങുന്ന സഞ്ചാരികൾ എങ്ങനെ തിരിച്ചുകയറും?ബഹിരാകാശത്തെ കൂരിരുട്ടിൽ എങ്ങനെ കണ്ണുകാണും ?

അറിവ് തേടുന്ന പാവം പ്രവാസി

മണിക്കൂറിൽ 27,000 കി.മീ. വേഗത്തിൽ ഭൂമിയെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികൾ വിവിധ ആവശ്യങ്ങൾക്കായി വാഹനത്തിന് പുറത്തിറങ്ങുന്നതിനെയാണ് ബഹിരാകാശ നടത്തം എന്നുവിളിക്കുന്നത്. ചവിട്ടാൻ പ്രതലവും , ഭാരവുമില്ലാത്തതിനാൽ നടത്തം പേരിൽ മാത്രമേയുള്ളൂ. ബഹിരാകാശ വാഹനത്തിൽ പുതിയ ഉപകരണങ്ങൾ ഘടിപ്പിക്കാനും , വാഹനത്തിന്റെ അറ്റകുറ്റ പ്പണികൾ നടത്താനുമാണ് സഞ്ചാരികൾ വാഹനത്തിന്റെ പുറത്തിറങ്ങുന്നത്. സാങ്കേതികമായി എക്സ്ട്രാവെഹിക്കുലാർ ആക്ടിവിറ്റി (EVA) എന്നാണ് ഇതിന് പറയുക.

സഞ്ചാരികൾ പുറത്തിറങ്ങുമ്പോൾ വാഹനത്തിനകത്തുള്ള വായു പുറത്തു പോകരുതല്ലോ. വായു നഷ്ടപ്പെടാത്ത രീതിയിൽ പ്രത്യേകമായി തയാറാക്കിയ ഒരു ഇരട്ട വാതിലിലൂടെയാണ് സഞ്ചാരികൾ പുറത്തിറങ്ങുക.ബഹിരാകാശ നടത്തം ഏറെ വെല്ലുവിളികൾ നിറഞ്ഞതാണ്. കാരണം, വാഹനത്തിൽ നിന്ന് പുറത്തിറങ്ങുന്നത് കുരിരുൾമുറ്റിയ അനന്തമായ ബഹിരാകാശ ത്തേക്കാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയം മണിക്കൂറിൽ ഏകദേശം 27,600 കിലോമീറ്റർ വേഗത്തിലാണ് ഭൂമിയെ ചുറ്റുന്നത്. ഇതിൽനിന്ന് പുറത്തിറങ്ങുന്ന സഞ്ചാരിക്ക് വാഹനവുമായുള്ള ബന്ധം നഷ്ടപ്പെട്ടാൽ അയാളെ ബഹിരാകാശത്ത് ഉപേക്ഷിക്കുകയേ മാർഗമുള്ളൂ.

ബഹിരാകാശ വാഹനം അത്യധികം വേഗത്തിൽ സഞ്ചരിക്കുമ്പോഴും അതിൽനിന്നു പുറത്തിറ ങ്ങുന്ന സഞ്ചാരിക്ക് ആശ്വാസകരമായ ഒരു കാര്യമുണ്ട്. ചലനജഡത്വം കാരണം സഞ്ചാരിയും ഇതേവേഗത്തിൽ വാഹനത്തിന്റെ കൂടെ ഭൂമിയെ ചുറ്റിക്കൊണ്ടേയിരിക്കും. അതായത് അയാളും ഭൂമിയുടെ ഒരു കൃത്രിമോപഗ്രഹമായി മാറുമെന്നർഥം. ജോലിചെയ്യേണ്ട ഭാഗത്തേക്കെത്താനും തിരിച്ച് വാഹനത്തിൽ കയറാനും വേണ്ട ചെറിയചില ചലനങ്ങളേ ഈ അവസ്ഥയിൽസഞ്ചാരിക്ക് സ്വയം നടത്തേണ്ടിവരൂ. ആദ്യകാലത്ത് ബഹിരാകാശ നടത്തത്തിലേർപ്പെടുന്ന സഞ്ചാരികളെ പൊക്കിൾക്കൊടി എന്ന് ഓമനപ്പേര് നൽകിയ നീളംകൂടിയ ഒരു നൈലോൺ ചരടുപയോഗിച്ച് വാഹനവുമായി ബന്ധിച്ചിരുന്നു.സഞ്ചാരികൾക്ക് ഉദ്ദേശിച്ച ഭാഗത്തേക്ക് നീങ്ങാൻ സഹായകമായ Manned Maneuvering Unit (MMU) എന്ന സംവിധാനം 1984ൽ നാസ വികസിപ്പിച്ചു.

  യാത്രാവേളകളിൽ ഉപയോഗിക്കുന്ന ഒരു ബാക്ക്പാക്കും , ആം ചെയറും ഒന്നിച്ചുചേർന്ന ആകൃതിയാണിതിന്. ഇതിലിരുന്ന് ചില ബട്ടണുകൾ അമർത്തി വശങ്ങളിൽ ഘടിപ്പിച്ച ചെറിയ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് സഞ്ചാരികൾക്ക് ബഹിരാകാശത്ത് ചലനങ്ങൾ നടത്താനാവും. വെസ്റ്റാർ-6, പാലപ്പാ ബി-2 എന്നീ തകരാറായ രണ്ട് ഉപഗ്രഹങ്ങളെ 1984ൽ നാസയുടെ സഞ്ചാരികൾ ഈ സംവിധാനം ഉപയോഗിച്ച് വീണ്ടെടുത്തിട്ടുണ്ട്.ബഹിരാകാശ നിലയത്തിന് പുറത്ത് വിവിധ ജോലികൾ ചെയ്യാനായി ഉദ്ദേശിച്ച സ്ഥലത്തേക്ക് സഞ്ചാരികൾ ഇന്ന് നീങ്ങുന്നത് വാഹനത്തിൽ ഘടിപ്പിച്ച റോബോട്ടിക് കരങ്ങൾ ഉപയോഗിച്ചാണ്. നാസക്കുവേണ്ടി കാനഡ നിർമിച്ചുനൽകിയ ഇവക്ക് ദ ഷട്ടിൽ റിമോട്ട് മാനിപ്പുലേറ്റിങ് സിസ്റ്റം (SRMS) എന്നാണ് പേര്.

കാനഡയുടെ കൈ എന്ന അർഥത്തിൽ കനാഡാം എന്നും ഇതിനെ വിളിക്കാറുണ്ട്. ബഹിരാകാശത്തെ ഇരുട്ട് സഞ്ചാരികളെ ഒട്ടുംതന്നെ ബാധിക്കുകയില്ല. വായുവില്ലാ ത്തതിനാൽ പ്രകാശത്തിന് വിസരണം സംഭവിക്കാത്തതു കൊണ്ടാണ് ബഹിരാകാശം ഇരുണ്ടിരിക്കുന്നത്. എന്നാൽ, സൂര്യപ്രകാശം തട്ടി പ്രതിപതിക്കുന്നതിനാൽ സഞ്ചാരികൾക്ക് പരസ്പരം കാണാനാവും. അതുപോലെ വാഹനവും വിവിധ ഉപകരണങ്ങളുമെല്ലാം വ്യക്തമായി കാണാനാവും. അപ്പോഴും അവക്കിടയിലുള്ള സ്ഥലം ഇരുണ്ടുതന്നെ യിരിക്കും.

You May Also Like

ഇന്ന് രാത്രി ആകാശത്ത് ഈ അപൂർവ കാഴ്ച കാണാൻ മറക്കരുത് !

വ്യാഴഗ്രഹം: ഭൂമിയുടെ കാവൽക്കാരനായ വാതക ഭീമൻ്റെ നിഗൂഢതകൾ.! Rafi Msm Muhammed അതിന്റെ അജ്ഞാതമായ അകക്കാമ്പ്…

രണ്ട് നിലകള്‍ തകര്‍ത്ത് വീടിനുള്ളില്‍ വീണ വസ്തു ബഹിരാകാശ നിലയത്തിലേതെന്ന് സ്ഥിരീകരിച്ച് നാസ

ഇത്രയും ഉയരത്തില്‍ നിന്നും ഭൂമിയിലേക്ക് പതിച്ച ലോഹം, അലജാന്ദ്രോ ഒട്ടെറോയുടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ത്ത് അകത്ത് വീണു. ഒന്നല്ല, രണ്ട് നിലകളുടെയും സീലിംഗിനെ തുളച്ച് ലോഹ വസ്തു കടന്ന് പോയെന്ന് അലജാന്ദ്രോ ഒട്ടെറോ പറയുന്നു.

എക്സ്ട്രീംലി ലാർജ് ടെലസ്കോപ്,  ഭൗമേതര ജീവന്‍ തിരയാൻ എല്‍റ്റ്

എക്സ്ട്രീംലി ലാർജ് ടെലസ്കോപ്,  ഭൗമേതര ജീവന്‍ തിരയാൻ എല്‍റ്റ് Sabu Jose ലോകത്തിന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച്…

ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡര്‍ മൊഡ്യൂളില്‍നിന്ന് റോവര്‍ ചന്ദ്രോപരിതലത്തില്‍ യാത്ര തുടങ്ങിയ വീഡിയോ പുറത്തുവിട്ട് ഇസ്രോ

ചന്ദ്രയാന്റെ വിജയം രാജ്യവും ലോകവും ആഘോഷിക്കുമ്പോൾ പുതിയ പുതിയ അപ്‌ഡേറ്റുകൾക്ക് കാതോർക്കുകയാണ് ലോകം. ചന്ദ്രയാന്‍ മൂന്നിലെ…