ഇടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 5)

0
212

ടവഴികളിലൂടെ (തിരുവനന്തപുരം. ഭാഗം 5)

പ്രിയ അനിൽകുമാർ
തിരുവനന്തപുരം സ്വദേശി
അധ്യാപിക, കവയത്രി, കഥാകൃത്ത്

ഇരുളിനപ്പുറത്തെ കാന്തള്ളൂർ

പഴയഉച്ചക്കടയിൽ നിന്നും വലത്തോട്ട് ഉദിയൻകുളങ്ങരയിലേക്കുള്ള റോഡിലേക്ക് തിരിയുമ്പോൾ മനസ്സ് ആശങ്കയിൽ അമർന്നു തുടങ്ങിയിരുന്നു. എത്താനാഗ്രഹിക്കുന്ന ഇടം…
പുറം കാഴ്ചകൾ തിരഞ്ഞായിരുന്നെങ്കിൽ ഇങ്ങോട്ട് വരേണ്ടതില്ലായിരുന്നു. ഉള്ളറകളിലെ ഇരുളിൽ പക്ഷേ… പുറ്റുകൾക്കുള്ളിൽ സുഷുപ്തിയിലേക്കാണ്ടതൊക്കെയെന്നേ ദ്രവിച്ചു പോയിരിക്കുന്നു. വായ്മൊഴികളും, ഊഹകാഴ്ചകളും ഉമിയും തീയുമാക്കി ഊതികാച്ചിയെടുക്കാൻ
തിരുശേഷിപ്പുകളിൽ ഒരു തരിമ്പുപോലും അവശേഷിച്ചിട്ടില്ലെന്നതാണോ…,
അതോ നിക്ഷിപ്‌ത താൽപര്യക്കാർ മാറ്റിയെഴുതാൻ കൊതിച്ചു അവഗണനയുടെയും, സ്വാധീനത്തിന്റെയും കറുത്ത നീരൊഴുക്കി കെടുത്തിക്കളഞ്ഞതോ…
ഏതാണ് ശല്കങ്ങൾ പൊഴിച്ച് സൗകുമാര്യതയിലേക്കെത്താൻ ഈ നാടിനു മുന്നിലെ വെല്ലുവിളി?
‘അയിര’ ലേക്കുള്ള ദൂരം വ്യക്തമാക്കിയ പുതിയ ശിലാലിഖിതം റോഡിനോരത്ത് കാണായി. ‘ആയ് ‘ രാജ്യത്തിന്റെ അതിരായി കണക്കാക്കിയ പ്രദേശമായതിനാലാവാം ഈ പേര് വന്നതെന്ന് സ്ഥലനാമചരിത്രകാരന്മാർ വാദഗതി ഉന്നയിച്ചു പോരുന്നത്. അതിഭാവുകത്വങ്ങൾക്കുമേൽ പൊലിപ്പിക്കലുകൾ തോരണംതൂക്കി അലങ്കരിച്ചതാണെന്നു കാരോട് പഞ്ചായത്തിലെ വിവിധ സ്ഥലനാമങ്ങളും അവയുടെ ചരിത്രമായുള്ള നാട്ടറിവുകളും ചേർത്തുവായിച്ചാൽ നമുക്ക് തോന്നില്ല. മറിച്ചു ഇനിയും നിവർത്തിയിട്ടില്ലാത്ത ചരിത്രത്തിന്റെ താളുകളിലേക്കു നീളേണ്ട സൂഷ്മദർശിനികളിലേക്കു വിരൽ ചൂണ്ടാനെ തോന്നൂ. ആ ഓലക്കെട്ടുകൾ എവിടെപ്പോയി ഒളിച്ചുവോ… ! മുന്നോട്ടുള്ള എന്റെ കാലടികളിൽ കാലത്തിന്റെ പിന്നോട്ടുള്ള കുളമ്പടികൾ പശ്ചാത്തലമായി മുഴങ്ങുവാണോ… പഞ്ചായത്ത് കാര്യാലയവും, അതിനു തൊട്ടടുത്തുള്ള വെൺകുളോം പിന്നിട്ടാലെത്തിച്ചേരുന്നത് ചാരോട്ടുകോണമെന്ന നാൽക്കവലയിലേക്കാണ്. ചരിത്രത്തിന്റെ ഉൾവഴികളിലൂടെ നാം സഞ്ചരിച്ചിവിടേക്കെത്തിയാൽ ആ കവലക്ക് ‘തേരോട്ടുകൊണം’ എന്നായിരുന്നു വിളിപ്പേരെത്രേ. അത് ലോപിച്ചാണ് ചാരോട്ടുകോണം ആയതെന്നാണ് പഴമക്കാരുടെ പ്രമാണം. ആധുനികതയിലേക്ക് എത്തിനോക്കാൻ കൊതിച്ചിട്ടെന്നോണം നിർമാണപ്രവർത്തഞങ്ങളുടെ വികൃതതാളങ്ങൾ അന്തരീക്ഷത്തിൽ ലയിച്ചു തുടങ്ങിയിരിക്കുന്നു. അവിടെക്കണ്ട മൺചുമരുകളും, കൽചുമരുകളും ഗതകാല സ്മരണകളിലേക്കോടിയൊളിക്കാൻ ഇനി അധികം ദൂരമുണ്ടാകില്ല. തൊട്ടടുത്ത ചായക്കടയിലെ FM റേഡിയോക്കു വട്ടം പിടിക്കുന്ന വാർദ്ധക്യങ്ങൾ… ശേഷിപ്പുകളുടെ കൽക്കണ്ട തുണ്ടുകൾ അലിഞ്ഞു ചേർന്ന അവരുടെ നാവുകൾക്കു ജീവൻ വയ്പ്പിക്കണം. ഞാനവരുടെ അടുത്തേക്കെത്തി. നേടിയ
അറിവുകളിലേക്കെത്താൻ നടത്ത തുടർന്നു. വന്ന ദിശ തന്നെ കൂട്ടുപിടിച്ചാൽ അല്പം കഴിയുമ്പോൾ വലതുവശത്തായി കാന്തള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിന്റെ കമാനം കാണാം. ഒന്നു തിരിഞ്ഞാ നാട്ടുപാതയിലേക്കു കയറുകയേ വേണ്ടൂ അമ്പലം കാണാം. കാന്തള്ളൂർ ശാലയെന്നും പിന്നീട് കാന്തള്ളൂർ ദേശവുമെന്നൊക്കെ അറിയപ്പെട്ടിരുന്ന ഇന്നിന്റെ കാന്തള്ളൂർ. ഇടതു കരയിലെ വിശാലമായ പാടത്തു നിന്നും അരികുപറ്റിനിരന്ന വാഴകൈകളെ തഴുകിയെത്തുന്ന കാറ്റിനു പറയാനുണ്ടാകുമോ.., ഈ മണ്ണിനടിയിൽ ഉറങ്ങിക്കിടക്കുന്ന ചരിത്രത്തെപ്പറ്റി. 2011 – ലെ പുനഃപ്രതിഷ്ഠയോടെയാണ് അമ്പലം ഇന്നത്തെ രൂപത്തിലേക്കെത്തിയത്. അതിനുമപ്പുറം നൂറ്റാണ്ടുകൾക്കു മുൻപൊരു പുനഃപ്രതിഷ്ഠ നടന്നിട്ടുണ്ട്. അതിനുമപ്പുറം… വട്ടശ്രീകോവിലാണെന്നതുതന്നെ അതിനുമപ്പുറത്തേക്കൊരു ചരിത്രം ഈ അമ്പലത്തിനുണ്ടെന്ന ശക്തമായ തെളിവായി ഉയർത്തിക്കാട്ടാം. അതിനു ആയ് രാജവംശത്തിന്റെ ചരിത്രത്തോളം സഞ്ചരിക്കാനാകുമല്ലോ. എന്തെങ്കിലുമൊരു ശേഷിപ്പായി ഇവിടെ കാണാൻ കഴിയുന്നതായി ഇവിടുത്തുകാർ പറയുന്നത് മറുകരയിൽ വയലിന്റെ അരികിലായി അമ്പലത്തിലേക്ക് ഓവ് വഴി വെള്ളമെത്തിച്ചിരുന്നതായി കണക്കാക്കുന്ന കിണർ മാത്രമാണ്.

ദക്ഷിണനളന്ദ എന്ന തലത്തിൽ പുകൾ കേട്ടൊരു സർവകലാശാല ആയ്രാജാക്കന്മാരുടെ കാലത്ത് നിലകൊണ്ടിരുന്നു എന്ന വസ്തുത ചരിത്രത്തിൽ ജീവൻ തുടിച്ചു നിൽക്കുമ്പോഴും അതിന്റെ സ്ഥാനത്തെപറ്റിയുള്ള തർക്കങ്ങളാണ് തീരാത്തീർപ്പായി ഇന്നും തുടരുന്നത്. ആയ് രാജാക്കന്മാർ വിവിധയിടങ്ങളിൽ ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും അവയോടനുബന്ധിച്ചു വേദാധ്യാനത്തിനുള്ള ശാലകളും സ്ഥാപിച്ചിരുന്നു. അതിൽ പ്രധാനം കാന്തള്ളൂർ ശാല തന്നെയായിരുന്നു. എന്നാൽ അതിന്റെ ഉത്പത്തിയോ, നാൾവഴികളോ നോക്കിക്കാണാനാകുന്ന ശാസകനകളോ, ചെപ്പേടുകളോ ഇതുവരെ കണ്ടെത്താനായിട്ടില്ല താനും. ഒൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെ അന്നത്തെ ആയ് രാജാവായിരുന്ന ‘കരുനന്തടക്കനാൽ ‘ സ്ഥാപിച്ച ‘പാർത്ഥിവപുരം ശാല’ കാന്തള്ളൂർ ശാല,യുടെ ചട്ടം തന്നെയാണ് പിന്തുടരേണ്ടതെന്ന ചെപ്പേടിലാണ് കാന്തള്ളൂർ ശാലയുടെ ആദ്യ അറിവ് ജനിക്കുന്നത്. ആദ്യം സ്ഥാപിക്കപ്പെട്ടതും മാതൃസ്ഥാപനമായി വിളങ്ങിയിരുന്നതും കാന്തള്ളൂർ ശാല തന്നെയായിരുന്നു എന്ന് ഇതിൽ നിന്നനുമാനിക്കാം. ഒപ്പം കരുനന്തടക്കനാൽ തന്നെയാണ് ഇതിന്റെയും സ്ഥാപകനെന്നും ഇതിനാൽ ഊഹിച്ചു പോരുന്നു. കാന്തള്ളൂർ ശാലക്കു പതിമൂന്നോളം ഉപശാലകൾ ഉണ്ടായിരുന്നുവെന്നും അനുമാനിച്ചിട്ടുണ്ട്. വിവിധ ശാസ്ത്ര ശാഖകൾ, വ്യാകരണം, തത്വചിന്ത, നിയമം തുടങ്ങിയവയാരുന്നു പാഠ്യവിഷയങ്ങൾ. ഒപ്പം ആയോധന കലകളിലും പരിശീലനം നൽകിയിരുന്നതായി ശാസനകൾ വിളക്കുകാലേന്തുന്നില്ലെങ്കിലും ചില ചരിത്രകാരന്മാർ അടിവരയിടാൻ ശ്രമിച്ചിട്ടുണ്ട്. അധ്യാപകർ ഭട്ടന്മാർ (പട്ടൻ) എന്നും വിദ്യാർഥികൾ ചട്ടൻ (ചാത്തിരൻ) എന്നും അറിയപ്പെട്ടു. വിദ്യാർഥികൾക്ക് ഭക്ഷണവും, വസ്ത്രവും, താമസവും സൗജന്യമായിരുന്നു. ബ്രാഹ്‌മണ വിദ്യാർഥികൾക്ക് മാത്രമേ പ്രവേശനം ലഭിച്ചിരുന്നുള്ളൂത്രേ. അന്നത്തെ കാലത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ ഉയർന്നു നിൽക്കുമ്പോഴും രാജരാജ ചോളൻ മുതൽ ‘കലോത്തുങ്കൻ’ വരെയുള്ള ചോള രാജാക്കന്മാർ കാന്തള്ളൂർ ശാലയെ ‘കലമറുത്ത ‘തായുള്ള ശാസനകൾ പരിശോധിക്കുമ്പോഴാണ് കാന്തള്ളൂർ ശാലയെക്കുറിച്ചുള്ള അറിവുകൾക്ക് കുറച്ചുകൂടെ വ്യക്തതയും കൃത്യതയും വരുന്നത്. “കലമറുപ്പു ‘ ഒരു സൈനികനടപടിയാണെന്നും അങ്ങിനെ നിരന്തര ആക്രമണങ്ങൾക്കു ശാല വിധേയമായിട്ടുണ്ടെങ്കിൽ അതൊരു സൈനിക കേന്ദ്രം കൂടിയായിരിക്കാമെന്നും വിശ്വസിക്കേണ്ടിയിരിക്കുന്നു. പത്താം നൂറ്റാണ്ടോടു കൂടി ആയ് ഭരണം അവസ്സാനിക്കുകയും ചേരന്മാരുടെ അധീനതയിലേക്കു ഈ പ്രദേശങ്ങൾ എത്തിചേരുകയും ചെയ്തതോടെ ചോളന്മാരുടെ നിരന്തരാക്രമണങ്ങളെ നേരിടാനായി കാന്തള്ളൂർ ശാലയെ ഒരു സൈനീക കേന്ദ്രമായി മാറ്റിയിരിക്കാം. ഇതിന് ഉപോൽബലമാകുന്ന വാദങ്ങൾ തന്നെയാണ് ഈ പ്രദേശവാസികളും നിരത്തുന്നത്. അതിനവർ സ്ഥലനാമങ്ങൾക്കു പിന്നിലെ അവർക്കറിയാവുന്ന ചരിത്രത്തെ കൂട്ടുപിടിക്കുന്നു. തേരുവിള, തേരോട്ടുകോണം, വടകോട്ടുകോണം, പടവിള, പടനിലം തുടങ്ങിയവ കേൾക്കുമ്പോൾത്തന്നെ ചരിത്രം പറയാതെ പറയുകയാണോയെന്നു തോന്നിപ്പോകും. പടയാളികളെ സജ്ജരാക്കിയിരുന്ന ‘പടൈവിളൈ ‘എന്ന ഇന്നത്തെ പടവിള , യുദ്ധം നടന്നുവെന്ന് വിശ്വസിക്കുന്ന പടനിലം,പരിക്കേറ്റവരെ ചികിത്സിച്ചിരുന്ന വടവോട്ടുകോണം, തേർചക്രങ്ങളുടെ അലയൊലി മുഴങ്ങിയിരുന്ന തേരുവിള, തേരോട്ടുകോണം…, വായ്മൊഴി അറിവുകളിൽ യാഥാർഥ്യം ചേർന്നൊഴുകുകയല്ലേയെന്നു തോന്നിപ്പോകും. കാന്തള്ളൂരിനു അല്പം മാറി വിജനമായിരുന്ന പ്രദേശം വീടുവയ്പ്പിനും മറ്റുമായി കുഴിച്ചപ്പോൾ പഴയകാല മൃദദേഹസംസ്ക്കരണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെന്നും അത് യുദ്ധത്തിൽ മരിച്ചവരുടെതായിരിക്കാമെന്നും ഇവിടുത്തുകാർ ഉറച്ചു വിശ്വസിക്കുന്നു.

ഊഹങ്ങളും, നിരന്തര വിശകലനങ്ങളും വച്ചുനീട്ടുന്ന നിഗമനങ്ങൾ ചൂണ്ടി ചില ചരിത്രകാരന്മാർ കാന്തള്ളൂർ ശാല ഇവിടം തന്നെയാണെന്നുറപ്പിക്കുമ്പോൾ, ഹജൂർ ശാസനകളെ മുൻനിർത്തി തുരുവനന്തപുരത്തെ ‘വല്യശാല ‘യാണെന്നു മറ്റു ചിലർ. ‘വല്യശാലശിവനെ കാന്തള്ളൂർ ‘ ‘ ചാലൈ മഹാദേവൻ’ എന്ന് ഒൻപതാം നൂറ്റാണ്ടു മുതലുള്ള രേഖകൾ പരാമർശിക്കുന്നുണ്ട്. എന്നാൽ സ്ഥലനാമപഴമക്കൊപ്പം ശിവലിംഗപ്രതിഷ്ഠ തന്നെയാണ് ഇവിടുത്തെതെന്നും, അഞ്ചടിയിലധികം ഉയരമുള്ള പ്രതിഷ്ഠ ഈ അമ്പലത്തിന്റെ പ്രാധാന്യത്തെയാണ് വിളിച്ചോതുന്ന തെന്ന് എതിർവാദമുയർത്തുന്നു. എന്നാൽ വിഴിഞ്ഞം തുറമുഖം ആക്രമിക്കപ്പെട്ടത്തിനൊപ്പമാണ് കാന്തള്ളൂർ ശാലയും ആക്രമിക്കപ്പെട്ടതെന്ന ശാസന മുൻനിർത്തി വിഴിഞ്ഞത്തിനടുത്തുള്ള കാന്തള്ളൂരാണ് യഥാർത്ഥ കാന്തള്ളൂരെന്നും വാദിക്കുന്നവരുണ്ട്. ഒപ്പം കലമറുപ്പ് ഒരു സൈനീകനടപടിയല്ലെന്നും,ഭക്ഷണസമ്പ്രദായവുമായി ബന്ധപ്പെട്ടതാണെന്നും, ചോളന്മാർ തർക്കത്തിൽ ശാലയിലെ ബ്രാഹ്മണരെ തോൽപ്പിച്ചതാണെന്നുമൊക്കെയുള്ള വാദങ്ങൾ നിലനിൽക്കുന്നു. എന്തായാലും ശാലയുടെ ശോഭ കെടുത്തിയിരുന്നു എന്ന് വ്യക്തം.

തർക്കവിതർക്കങ്ങൾ എന്തൊക്കെത്തന്നെയായാലും തങ്ങൾ ഒരു മഹാസംസ്‌കൃതിയുടെ പൈതൃകം പേറുന്നവരാണെന്നു ഇന്നാട്ടുകാർ ഉറച്ചു വിശ്വസിക്കുന്നു. അതിലവർ അഭിമാനിക്കുകയും, ശക്തിയുക്തം വാദിക്കുകയും ചെയ്യുമ്പോൾത്തന്നെ സ്ഥാപിച്ചു കിട്ടാത്തതിലുള്ള നിരാശ പങ്കുവയ്ക്കുന്നു. കൈമാറി വന്ന അറിവിന്‌ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്, അതിൽ തുരുമ്പെടുത്തും, തേഞ്ഞു പൊടിഞ്ഞു പോയത്തിലും കാതലുണ്ടെങ്കിൽ…, ഇപ്പോഴുള്ളത് തന്നെ ഇനിയുമെത്രനാൾ … പുതിയ തലമുറക്കിപ്പോൾ ഇതിലൊന്നും താല്പര്യമില്ലല്ലോ… ചത്തുപോയതിന്റെയൊക്കെ ചുട്ടെരിക്കപ്പെട്ട ജാതകം പുനഃരെഴുത്തിനാവതുള്ളവർ ഉദയം ചെയ്തിരുന്നെങ്കിൽ…. എന്തിന് എന്നാണെങ്കിൽ ആ വെളിച്ചം തന്നെയല്ലേ അവിടെ നിന്നും നമ്മിലേക്കുള്ള ദൂരം മനസ്സിലാക്കിത്തരുന്നേ… അതുതന്നെയല്ലേ നാളേക്കുള്ള പ്രയാണത്തിന്റെ തയ്യാറെടുപ്പും…

(തുടരും)