മലയാള സിനിമ – 2022
(തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ)
(ഭാഗം – 5)
Santhosh Iriveri Parootty
“ജോ & ജോ”
ഈ സീരിസിന്റെ ആദ്യഭാഗമായി “പുഴു” എന്ന ചിത്രത്തേക്കുറിച്ച് 02.01.2023 നും ഭാഗം 2 ആയി “ഇലവീഴാപ്പൂഞ്ചിറ” എന്ന ചിത്രത്തെ കുറിച്ച് 08.01.2023 നും 15. 01 .2023 നു ‘ഡിയർ ഫ്രണ്ടി’നെ കുറിച്ചും എഴുതുകയുണ്ടായി. വായിക്കാത്തവർ വായിക്കുമല്ലോ.. (വായിക്കാം > പുഴു, വായിക്കാം > ഇലവീഴാപൂഞ്ചിറ , വായിക്കാം > ഡിയർ ഫ്രണ്ട്, വായിക്കാം > ഭൂതകാലം )
ഇതു വരെ എഴുതിയവയിൽ നിന്നും വ്യത്യസ്തമായി “ആസ്വാദനഭാര” മൊന്നും ഇല്ലാത്ത ഒരു കൊച്ചു കമേർഷ്യൽ ചിത്രത്തെ കുറിച്ചാണ് ഇന്ന് എഴുതുന്നത്. വളരെ രസകരമായ, എന്നാൽ വലിയ ബഹളങ്ങളൊന്നും ഇല്ലാതെ മനോഹരമായി ഒരുക്കിയ കൊച്ചു ചിത്രം കഴിഞ്ഞ വർഷത്തെ വൻ ബോക്സ് ഓഫീസ് വിഷയങ്ങളിൽ ഒന്നാണ്. നമുക്ക് പരിചിതമായ ജീവിത സാഹചര്യങ്ങളെ കലർപ്പില്ലാതെ അവതരിപ്പിച്ചു കയ്യടി നേടി “ജോ ആന്റ് ജോ” എന്ന ഈ കൊച്ചു ചിത്രം. കോവിഡ് ലോക്ക്ഡൗൺ കാലത്തെ ഒരു വീട്ടിലെ കാഴ്ചകളാണ് ചിത്രം പറഞ്ഞത്. എന്നാൽ രസകരമായ നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്നതിനിടയിലും ലിംഗസമത്വം പോലെയുള്ള വളരെ പ്രാധാന്യമുള്ള വിഷയങ്ങളും മുന്നോട്ട് വെക്കുകയുണ്ടായി “ജോ ആന്റ് ജോ”. എന്നാൽ അതൊരിക്കലും forced അല്ലെങ്കിൽ preaching എന്ന തലത്തിൽ ആയിരുന്നില്ല എന്നതാണ് ചിത്രത്തിന്റെ മനോഹാരിത. പലപ്പോഴും ഉപദേശം നൽകാൻ വേണ്ടി എടുക്കുന്ന സത്യൻ അന്തിക്കാട് മോഡൽ ചിത്രങ്ങളിൽ നിന്നും ഒരു വെൽക്കം റിലീഫ് ആയിരുന്നു ഈ ചിത്രം.
നാല് വയസ്സ് പ്രായവ്യത്യാസമുള്ള ചേച്ചിയും അനിയനുമായ ജോമോനും ജോമോളും ആയിരുന്നു ചിത്രത്തിലെ ടൈറ്റിൽ ആയ “ജോ ആന്റ് ജോ”. തമ്മിലടി കഴിഞ്ഞ് നേരം ബാക്കിയില്ലാത്ത ഈ ചേച്ചിയും അനിയനും ലോക്ഡൗൺ കൂടി ആയതോടെ വീട്ടുകാർക്ക് തലവേദനയാവുന്നു. ഇവരുടെ കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും പരിഭവങ്ങളും പരാതികളും കുസൃതികളുമൊക്ക പ്രേക്ഷകർ നന്നായി ആസ്വദിച്ചു. ‘ഒരു ലവ് ലെറ്റർ’ ആണ് ചിത്രത്തിൽ വഴിത്തിരിവാകുന്നത്.
കൗമാരക്കാരുടെ ചിന്തകളിലേക്ക് ഇറങ്ങിവന്ന് അവരുടെ ലോകത്തെ രസകരമായി അവതരിപ്പിച്ചു സംവിധായകൻ അരുൺ ഡി ജോസ്.ടൈറ്റിൽ റോളിൽ നിഖില വിമൽ മികച്ചു നിന്നു. മനോജ് സുന്ദരൻ എന്ന കഥാപാത്രമായി നസ്ലൻ ഗഫൂർ തകർത്തു. ജോമോനായി മാത്യു തോമസ് കൊള്ളാമായിരുന്നു. അത് പോലെ ബേബി എന്ന അച്ഛൻ കഥാപാത്രമായി വന്ന ജോണി ആന്റണിയും നന്നായിരുന്നു. ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്നു. ശക്തമായ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് കൂടി നടത്തി എന്നത് കൊണ്ട് കൂടി ശ്രദ്ധേയമായി ജോ ആന്റ് ജോ. സമൂഹം സ്‌ത്രീകൾക്ക് മാത്രമായി ചാർത്തി നൽകിയ കടമകളെയും ഉത്തരവാദിത്വങ്ങളെയും ചോദ്യം ചെയ്യുന്നുണ്ട് ചിത്രം. പെൺമക്കളെ നല്ല ഭാര്യമാരാക്കാൻ നോക്കുന്ന മാതാപിതാക്കൾ എന്തു കൊണ്ട് ആൺകുട്ടികൾക്ക് നല്ല ഭർത്താക്കന്മാരാകാൻ പരിശീലനം നൽകുന്നില്ല എന്ന ചോദ്യം ചിത്രം മുന്നോട്ട് വെയ്ക്കുന്നു.
ഇത്തരം പരാമർശങ്ങളൊന്നും തന്നെ ചിത്രത്തിന്റെ രസച്ചരട് പൊട്ടാതെയാണ് പറഞ്ഞു പോകുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ മേന്മയും.ലോക്ഡൗൺ കാലത്തിന്റെ കുസൃതികളും വികൃതികളും ഒന്നു കൂടി അയവിറക്കാൻ ചെറുപ്പക്കാർക്കായി. ചൂണ്ടയിടലും ഒളിച്ചുള്ള സിഗരറ്റ് വലിയുമൊക്കെ അതിൽ പെടുന്നു.കൂടാതെ വീട്ടിലിരിക്കാതെ വയലിൽ ഫുട്ബോൾ കളിച്ച് പൊലീസ് ഓടിച്ചിട്ടു പിടിക്കുന്നത്, ഇടക്കാലത്ത് വൈറലായ ക്ലബ് ഹൗസ്, ലൂഡോ, ബക്കറ്റ് ചിക്കൻ, എള്ളോളംതരി റീൽ ഒക്കെ വീണ്ടും പ്രേക്ഷകർ കാണുകയായിരുന്നു വെള്ളിത്തിരയിലൂടെ.
സൗഹൃദവും സഹോദരബന്ധവും മാതാപിതാക്കളുടെ സ്നേഹവുമൊക്കെ ചർച്ച ചെയ്ത ചിത്രം കൂടിയായിരുന്നു “ജോ ആന്റ് ജോ”. അത് പോലെ ആൺകുട്ടികൾക്കു കിട്ടുന്ന സ്വാതന്ത്ര്യം വീട്ടിൽ നിഷേധിക്കപ്പെടുന്ന പെൺകുട്ടികളുടെ മാനസിക സംഘർഷങ്ങളും ചിത്രം വരച്ചു കാട്ടി. വ്യത്യസ്തമായി ചിന്തിക്കുന്ന പുതിയ തലമുറയുടെ നിരവധി സ്റ്റേറ്റ്മെന്റുകൾ കൊണ്ട് കൂടി ശ്രദ്ധേയമായി ചിത്രം. അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്നായിരുന്നു തിരക്കഥ, സംഭാഷണം. അള്‍സര്‍ ഷാ ആയിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. എല്ലാ അർഥത്തിലും ഒരു ഫുൾ-ലെങ്ത് ഫൺ എന്റർടെയ്നർ – അതായിരുന്നു ജോ ആന്റ് ജോ.
(അടുത്തയാഴ്ച്ച – ഭാഗം 6 – ജനഗണമന)