എന്തുകൊണ്ട് വാളയാർ കേസിൽ തോറ്റു; നിയമപരമായൊരു അന്വേഷണം ഭാഗം -4

266

Adv Sreejith Perumana

എന്തുകൊണ്ട് വാളയാർ കേസിൽ തോറ്റു; നിയമപരമായൊരു അന്വേഷണം ഭാഗം -4

കള്ള സാക്ഷികൾ എന്ന് കോടതി പച്ചയ്ക്ക് വിളിച്ച പ്രോസികൂഷൻ സാക്ഷികൾ കേസ് തോൽപിച്ചതിങ്ങനെ.., 

പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് തെളിയിക്കാൻ പ്രോസിക്കൂഷൻ അടിസ്ഥാനപ്പെടുത്തിയത് പ്രധാനമായും ഇക്കോരയുടെ അയൽവാസികളായ മൂന്നു സ്ത്രീകളുടെ സാക്ഷി മൊഴികളായിരുന്നു. എന്നാൽ കോടതിയിലെത്തിയപ്പോൾ മൂന്ന് സാക്ഷികളും പറഞ്ഞത് വിചിത്രമായതും, പരസ്പര വിരുദ്ധമായതുമായ മൊഴികളാണ് എന്നുമാത്രമല്ല. പൊലീസിന് കൊടുത്ത മൊഴിയിൽ ഇല്ലാത്ത പല കാര്യങ്ങളും മാറ്റി പറയുകയും ചെയ്തു. പീഡനം തെളിയിക്കാൻ അവതരിപ്പിച്ച സാക്ഷികളുടെ പര്സപരവിരുദ്ധമായ മൊഴികൾ ഇങ്ങനെ …

🗣പ്രോസിക്കൂഷൻ സാക്ഷി നമ്പർ PW9 (അയൽവാസിയായ സ്ത്രീ) :-

👉ഞാനും, അയൽവാസികളായ രണ്ടു സ്ത്രീകളും (PW10 , PW12 ), ഇരയായ പെൺകുട്ടിയോടൊപ്പം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് പോകുന്ന വഴിയിൽ വെച്ച്‌ പ്രതിയെ കണ്ടുമുട്ടി. അപ്പോൾ ഇരയായ പെൺകുട്ടി ഭയപ്പെട്ടുകൊണ്ട് എന്റെ പുറകിലേക്ക് ഒളിക്കാൻ ശ്രമിച്ചു. അതിനുള്ള കാരണം പെൺകുട്ടിയോട് ചോദിച്ചപ്പോൾ “അയാൾ എന്റെ അയാളവാസിയാണെന്നും, അയാളുടെ സ്വഭാവം ശരിയല്ലെന്നുമാണ് ” പെൺകുട്ടി എന്നോട് മറുപടി പറഞ്ഞത്. “കൂടാതെ ഒരിക്കൽ പ്രതിയുടെ വീട്ടിൽ പോയപ്പോൾ പ്രതി ഇരയായ പെൺകുട്ടിയെ റൂമിൽ അടയ്ക്കുകയും തന്റെ നഗ്നത ഇരയായ പെൺകുട്ടിയെ കാണിക്കുകയും ചെയ്തതായും” പെൺകുട്ടി എന്നോട് പറഞ്ഞിട്ടുണ്ട്.

ഇതായിരുന്നു സ്ത്രീയായ ആദ്യത്തെ സാക്ഷിയുടെ കോടതിയിലെ മൊഴി. ഈ സ്ത്രീയോടൊപ്പം പ്രചാരണത്തിന് പോയ അയൽവാസിയായ മറ്റൊരു സ്ത്രീയുടെ PW10 മൊഴി ഇങ്ങനെ..

🗣പ്രോസിക്കൂഷൻ സാക്ഷി നമ്പർ PW10 (അയൽവാസിയായ സ്ത്രീ) :-

👉ഞാനും, അയൽവാസികളായ രണ്ടു സ്ത്രീകളും (PW9 , PW12 ), ഇരയായ പെൺകുട്ടിയോടൊപ്പം വിദ്യാർത്ഥി സംഘടനയായ SFI ക്കുവേണ്ടി പ്രചാരണത്തിന് പോകുന്ന വഴിയിൽ വെച്ച്‌ പ്രതിയെ കണ്ടുമുട്ടി. അപ്പോൾ ഇരയായ പെൺകുട്ടി ഭയപ്പെട്ടുകൊണ്ട് ഒളിക്കാൻ ശ്രമിച്ചു

ഇതായിരുന്നു ആ സംഘത്തിലെ രണ്ടാമത്തെ സ്ത്രീയുടെ കോടതിയിലെ മൊഴി. ഇനി അവരോടൊപ്പമുണ്ടായിരുന്ന പ്രചാരണത്തിന് പോയ അയൽവാസിയായ മറ്റൊരു സ്ത്രീയുടെ PW12 ന്റെ മൊഴി ഇങ്ങനെ

🗣പ്രോസിക്കൂഷൻ സാക്ഷി നമ്പർ PW12 (അയൽവാസിയായ സ്ത്രീ) :-

👉ഞാനും, അയൽവാസികളായ രണ്ടു സ്ത്രീകളും (PW9 , PW12 ), ഇരയായ പെൺകുട്ടിയോടൊപ്പം എന്റെ ‘അമ്മ വാർഡ് മെമ്പറായി മത്സരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് പോകുന്ന വഴിയിൽ വെച്ച്‌ പ്രതിയെ കണ്ടുമുട്ടി. അപ്പോൾ ഇരയായ പെൺകുട്ടി ഭയപ്പെട്ടുകൊണ്ട് എന്റെ പുറകിലേക്ക് ഒളിക്കാൻ ശ്രമിച്ചു. അതിനുള്ള കാരണം പെൺകുട്ടിയോട് ചോദിച്ചപ്പോൾ “അയാൾ എന്റെ അയാളവാസിയാണെന്നും, അയാളുടെ സ്വഭാവം ശരിയല്ലെന്നുമാണ് ” പെൺകുട്ടി എന്നോട് മറുപടി പറഞ്ഞത്. “കൂടാതെ ഒരിക്കൽ പ്രതി പെൺകുട്ടിയെ അയാളുടെ വീട്ടിലേക്ക് വിളിക്കുകയും തുടർന്ന് റൂമിൽ അടച്ചിട്ട ശേഷം മൊബൈൽ ഫോൺ പെൺകുട്ടിക്ക് നൽകി നഗ്നനായ പ്രതിയുടെ ചിത്രങ്ങൾ എടുക്കാൻ ആവശ്യപ്പെട്ടു. പെൺകുട്ടി ഷാംടം ഉണ്ടാക്കിയപ്പോൾ പ്രതി പെൺകുട്ടിയെ റൂം തുറന്നു പുറത്തുവിട്ടു” .ഇതായിരുന്നു സംഘത്തിലെ മൂന്നാമത്തെ സ്ത്രീയുടെ മൊഴി.

ഇനി ഈ മൊഴികളിൽ കോടതി കണ്ടെത്തിയ പരസ്പര വിരുദ്ധത നോക്കാം.

1 . ഒരേ സമയത്ത് ഇരയായ പെൺകുട്ടിയുമായി ഇലക്ഷൻ പ്രചാരണത്തിന് പോയ മൂന്ന് ആളുകളും പറഞ്ഞത് വ്യത്യസ്ത കാര്യങ്ങളായിരുന്നു. ഒരു സാക്ഷി പറഞ്ഞത് തങ്ങൾ കേരള നിയമ സഭ ഇലക്ഷൻ പ്രചാരണത്തിന് പോയതാണ് എന്നും, അടുത്ത സാക്ഷി പറഞ്ഞത് തങ്ങൾ വിദ്യാർത്ഥി സംഘടനയായ SFI യുടെ പ്രചാരണത്തിന് പോയതാണെന്നും, മൂന്നാമത്തെ സാക്ഷി പറഞ്ഞത് എന്റെ ‘അമ്മ വാർഡിലേക്ക് മത്സരിക്കുന്ന പഞ്ചായത്ത് ഇലക്ഷന് വോട്ടുപിടിക്കാൻ പോയതാണ് എന്നതുമാണ്.

2 മൊബൈൽ ഫോണിൽ നഗ്ന ഫോട്ടോ എടുക്കാൻ പ്രതി പെൺകുട്ടിയോട് ആവശ്യപ്പെട്ടു എന്ന കാര്യം കോടതിയിൽ മൊഴി നൽകിയ PW12 പക്ഷെ ഇക്കാര്യം നേരത്തെ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ അത് മൊഴികളിലെ വൈരുധ്യത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു.

3 സാക്ഷികൾ മൂന്നാളും പറഞ്ഞത് രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഇരയായ പെൺകുട്ടി ഇലക്ഷൻ പ്രചാരണത്തിന് പോയപ്പോൾ തങ്ങളോട് ഈ കാര്യങ്ങൾ പറഞ്ഞത് എന്നാണ്. അതായത് എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴികളും, ഈ മൂന്ന് സാക്ഷികളുടെ മൊഴികളും പ്രകാരം 2014 -2015 കാലയളവിലാണ് മൂന്ന് സാക്ഷികളും ഇരയും കേരള നിയമസഭാ ഇലക്ഷൻ പ്രചാരണത്തിന് പോയത്. എന്നാൽ പ്രോസിക്കൂഷൻ കേസിൽ പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് പറയുന്നത് 2016 ജനുവരി മുതൽ 2016 സെപ്റ്റംബർ വരെയാണ്. അതായത് പീഡിപ്പിക്കുന്നതിനു രണ്ടു വര്ഷം മുൻപ് തന്നെ പീഡിപ്പിച്ചു എന്ന വിവരം പെൺകുട്ടി സാക്ഷികളോട് പറഞ്ഞു എന്ന് അർഥം.

ഒറ്റവാക്കിൽ പറഞ്ഞാൽ 2016 ൽ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന് പ്രോസിക്കൂഷൻ വാദിക്കുന്നു. ഇത് സ്ഥാപിക്കാൻ പ്രോസിക്കൂഷൻ വിസ്തരിച്ച സാക്ഷികൾ പറയുന്നു 2016 ൽ പീഡിപ്പിക്കപ്പെട്ട കാര്യം ഇരയായ പെൺകുട്ടി 2014 -15 ൽ അവരോടു പറഞ്ഞു എന്ന്.

എങ്ങനെയുണ്ട്  ഏത് സാധാരണക്കാരനും മനസിലാകുന്ന മുകളിൽ സൂചിപ്പിച്ച വിഡ്ഢിത്തപരമായ സാക്ഷി മൊഴികൾ കേട്ട കോടതി പ്രോസിക്കൂഷൻ ഉണ്ടാക്കിയ കഥകൾക്ക് വേണ്ടി നട്ടു നനച്ചു വളർത്തിയെടുത്ത നുണകൾ പറയുന്ന വിശ്വസിക്കാൻ സാധ്യമല്ലാത്ത സാക്ഷികളാണ് അയൽവാസികളായ മൂന്ന് സ്ത്രീകളും എന്ന് നിരീക്ഷിച്ചു. മൂന്ന് പ്രധാന സാക്ഷികളുടെയും സാക്ഷിമൊഴികൾ നുണകളാണെന്നു കണ്ടെത്തി തള്ളി.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ശാസ്ത്രീയ പരോശോധന റിപ്പോർട്ട് ആയിരുന്നു.

പ്രതിയുടെ DNA പരിശോധിച്ചതിൽ നിന്നും, പ്രതിയുടെ വസ്ത്രങ്ങളും, ഇരയുടെ വസ്ത്രങ്ങളും പരിശോധിച്ചതിൽ നിന്നും യാതൊരുവിധ സ്രവങ്ങളും കണ്ടെത്താൻ സാധിച്ചില്ല. രണ്ട ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും പ്രതിക്ക് അനുകൂലമായി നെഗറ്റിവ് ആയിരുന്നു.

#വാൽ :- കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ് എന്നുള്ളതുകൊണ്ടാണ് സിബിഐ അല്ല ഇന്റർപോൾ വന്നാലും ഈ കേസിൽ പുതിയ തുമ്പുണ്ടാക്കാനോ ശാസ്ത്രീയ തെളിവുകൾ കൊണ്ടുവരാണോ സാധിക്കില്ല എന്ന് ഞാൻ കരുതുന്നത്. പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ഒരു പുനരന്വേഷണം നടത്താം എന്നല്ലാതെ സാക്ഷിമൊഴികളും, ഇൻക്വസ്റ്റ്, പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളും, ഫോറസ്റൻസിക് റിപ്പോർട്ടുകളും നെഗറ്റിവ് ആയ കേസിലെ പ്രതികളെ ശിക്ഷിക്കാൻ സാധിക്കില്ല എന്നത് ഒരു വിഷമകരമായ അപ്രിയ സത്യമാണ് എന്ന് പറയാതെ വയ്യ !

“പ്രോസിക്കൂഷൻ കേസ് തെളിയിക്കാൻ ശ്രമിച്ചപ്പോൾ കൈവശമുണ്ടായിരുന്നതെന്ത് ” ഇക്കാര്യങ്ങൾ അടുത്ത ഭാഗത്തിൽ എഴുതാം

Image may contain: text

Image may contain: text

Image may contain: text

 

അഡ്വ ശ്രീജിത്ത് പെരുമന