ബി.ജി.എൻ. വർക്കല
Huesera: The Bone Woman(2022)
Spanish
18 +
ഗർഭിണിയായിരിക്കുമ്പോഴും ,പ്രസവശേഷവും സ്ത്രീകളിൽ ചിലർക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങളെ നമ്മുടെ സമൂഹം എത്രത്തോളം സീരിയസ്സായി എടുക്കുന്നുണ്ടെന്ന ചോദ്യത്തിനുത്തരം വളരെ നിസാരമായിരിക്കും. അങ്ങനെ ഒരു സംഗതി പോലും പൊതു സമൂഹം അനുവദിച്ചു തരുന്നുണ്ടാകില്ല. പകരം അവർ ആ സ്ത്രീകളെ കൂടുതൽ ഭയാനകമായ അവസ്ഥകളിലേക്കാകും കൊണ്ടു ചെന്നെത്തിക്കുക. പലപ്പോഴും നാം കേൾക്കാറുള്ളതാണ് നവജാത ശിശുവിനെ കൊല്ലുന്ന മാതാവിനെക്കുറിച്ചുള്ള വാർത്തകൾ ഒക്കെ. പക്ഷേ, ഇനിയും അതിൽ ശ്രദ്ധ കൊടുക്കാൻ ബോധവത്കരണം തുടങ്ങിയിട്ടുണ്ടോ നാം? ഈ സ്പാനിഷ് ചിത്രം കൈകാര്യം ചെയ്യുന്നതും ഇതേ വിഷയമാണ്. ഇതിൽപ്പോലും പക്ഷേ ഈ വിഷയത്തെ അവർ കെകാര്യം ചെയ്യുന്നത് മണി ചിത്രത്താഴ് രീതിയിലാണ്. മെക്സിക്കോയുടെ പശ്ചാത്തലത്തിൽ എടുത്ത ഈ ചിത്രത്തിൽ വലേറിയ എന്ന യുവതിയുടെ ഗർഭകാലത്തിൻ്റെ കഥയാണ് പറയുന്നത്. വളരെ സന്തോഷത്തോടെ ജീവിച്ചിരുന്ന വലേറിയയും റൗലും.
അവർക്കിടയിലേക്ക് ഒരാൾ വരികയാണ്. ഇരുവരും വളരെ സന്തോഷം കൊള്ളുന്നു. പക്ഷേ പതിയെ പതിയെ വലേറിയയുടെ രീതികൾ മാറുന്നു. ഒരു ചെയിൻ സ്മോക്കറായിരുന്ന വലേറിയ ഗർഭിണിയായതിനാൽ അത് നിർത്തുന്നു. അതുപോലെ അവൾടെ ഇഷ്ട ജോലിയായിരുന്ന കാർപ്പെൻ്റർവർക്കും. അവൾ ഒരു രാത്രിയിൽ ഉറക്കം ഇല്ലാതെ ജാലകത്തിനരികിൽ വന്നു നില്ക്കുമ്പോൾ അടുത്ത ബിൽഡിംഗിൽ നിന്നും ഒരു സ്ത്രീ താഴേക്ക് ചാടുന്നതും കൈകാലുകൾ ഒടിഞ്ഞ് തറയിൽ കിടന്ന ആ സ്ത്രീ അവൾക്ക് നേരെ തല ഉയർത്തി നോക്കുന്നതും കാണുന്നു. ഭയന്നു വിറച്ച അവൾ റൗലിനെ ഉണർത്തിക്കൊണ്ടു വന്നെങ്കിലും അയാൾക്ക് ഒന്നും കാണാൻ പറ്റിയില്ല. അസ്ഥികൾ ഒടിഞ്ഞ ഈ സ്ത്രീയുടെ ഇഴയുന്ന രൂപം വീട്ടിനുള്ളിലും വലേറിയയുടെ രാത്രികളെ ഭീതിദമാക്കുന്നു. വീട്ടിൽ നിന്നും മാറി നിൽക്കുമ്പോഴും ഇതവളെ വേട്ടയാടുന്നു. പക്ഷേ കൂട്ടുകാരിയോടൊപ്പം ഉള്ള നിമിഷങ്ങളിൽ അവൾ സുരക്ഷിതയുമാണ്. അവളിലെ രോഗത്തെ ശരിയായി ചികിത്സിക്കാതെ ഡോക്ടറും അവളുടെ കുടുംബവും മുന്നോട്ടു പോകുന്നു.
അവളുടെ ഒരു ആൻ്റി അവളെ ഒരു മന്ത്രവാദിനിയുടെ അടുത്ത് കൊണ്ടു പോകുന്നു. പക്ഷേ അതുകൊണ്ടൊന്നും അവൾക്ക് പ്രശ്നം ഒഴിയുന്നില്ല. പ്രസവം കഴിഞ്ഞിട്ടും കുട്ടിയെ അവൾ ശ്രദ്ധിക്കുന്നില്ല. കുട്ടി പാലിനു വേണ്ടി കരയുമ്പോൾ അവൾ മുലപ്പാലു പിഴിഞ്ഞ് കുപ്പിയിലടച്ചു കുട്ടിക്കു കൊടുക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. കുട്ടിയുടെ കരച്ചിൽ സഹിക്കാനാവാതെ ഫ്രിഡ്ജിൽ എടുത്തടച്ച ശേഷം സുഖമായി ഉറങ്ങുന്നുണ്ട് വലേറിയ. ഇതിൽ നിന്നും രക്ഷ നേടാൻ വീണ്ടും അവൾ മന്ത്രവാദിനിയുടെ അടുത്തു കുഞ്ഞിനെയും കൊണ്ടു പോകുകയും മന്ത്രവാദം നടക്കുകയും ചെയ്യുന്നു.
അവളിലെ ബാധകൾ ഒഴിപ്പിച്ച് തിരിച്ചു വരുമ്പോൾ പക്ഷേ റൗല് കുട്ടിയെ വാങ്ങി അവളെ വീട്ടിൽ നിന്നും പറഞ്ഞയക്കുന്നു. തൻ്റെ പണിയായുധങ്ങളും പെട്ടിയുമായി അവൾ പുറത്തു പോകുന്നു. ഒരു ഹൊറർ ചിത്രം എന്ന ലേബലിലാണ് ഈ ചിത്രം വന്നിരിക്കുന്നതെങ്കിലും ഈ ചിത്രം കാണുമ്പോൾ എനിക്ക് മനസ്സിലാകുന്നത് ചിത്രം പേറുന്ന തീം ഹൊറർ അല്ല പകരം ഗർഭിണികളിലെ മാനസിക പ്രശ്നങ്ങളെ പ്രതിപാദിക്കുന്നതും എന്നാൽ അതിനെ മനസ്സിലാക്കാതെ അശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന സമൂഹത്തിനെയും തുറന്നു കാട്ടുന്നു എന്നാണ്. വയലൻസല്ല എങ്കിലും കാഴ്ചക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രംഗങ്ങളും ന്യൂഡിറ്റിയും ഒക്കെ ഉള്ള ഈ ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടും എന്നു തോന്നുന്നില്ല.