രണ്ടുലക്ഷം വര്‍ഷം മുമ്പത്തെ നമ്മുടെ ‘ആദിമാതാവ്’

0
204

രണ്ടുലക്ഷം വര്‍ഷം മുമ്പത്തെ നമ്മുടെ ‘ആദിമാതാവ്’

വടക്കൻ ബോട്സ്വാനയിലെ മാക്ഗഡിഗാദി പ്രദേശമായിരുന്നു ഹോമോ സാപ്പിയൻസിന്റെ ആദിഗേഹമെന്ന് . ചുറ്റും വിശാലമായ മരുപ്രദേശം ആയിരുന്നതിനാൽ 70,000 വർഷത്തോളം നമ്മുടെ പൂർവികർ ആ പ്രദേശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞു

സമീപകാല ശാസ്ത്രചരിത്രത്തിൽ ഏറ്റവും ആകാംക്ഷയുണർത്തിയ ഒന്നാകണം, നമ്മുടെയെല്ലാം ‘ആദിമാതാവ്’ ആഫ്രിക്കയിൽ ജീവിച്ചിരുന്നു എന്ന നിഗമനം! ജനിതകശാസ്ത്രമാണ് ഈ വസ്തുതയിലേക്ക് ശാസ്ത്രലോകത്തെ നയിച്ചത്.

തലമുറ തലമുറയായി അമ്മ വഴി മാത്രം മാറ്റമില്ലാതെ പകർന്നു കിട്ടുന്നതാണ് ‘മൈറ്റോകോൺഡ്രിയൽ ഡിഎൻഎ’ അഥവാ ‘മൈറ്റോജിനോം’ (Mitogenome). മൈറ്റോജിനോമിന്റെ സഹായത്തോടെ, ജനിതകവഴികളിലൂടെ പിന്നോട്ട് സഞ്ചരിച്ചാൽ നാമെത്തുക ആഫ്രിക്കയിലെ ആദിമാതാവിലേക്ക് ആയിരിക്കുമെന്ന്, അമേരിക്കൻ ഗവേഷകൻ അലൻ വിൽസൺ (Allan Wilson) ആണ് കണ്ടെത്തിയത്.

യുഎസിലെ ബർക്കലിയിൽ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായിരുന്നു വിൽസൺ. ഭൂമുഖത്തെ അഞ്ചു വ്യത്യസ്ത ജനതകളിൽപെട്ട 147 പേരിൽ നിന്ന് ശേഖരിച്ച മൈറ്റോജിനോം അദ്ദേഹം വിശകലനം ചെയ്തു. അവയിലെ മ്യൂട്ടേഷനുകൾ അഥവാ ജനിതക അക്ഷരത്തെറ്റുകൾ ആധാരമാക്കി ഒരു ‘വംശവൃക്ഷ’ത്തിന് രൂപംനൽകിയപ്പോൾ, അതിന്റെ ശാഖകൾ ഭൂമിയുടെ പലഭാഗങ്ങളിലേക്ക് ചായുന്നതായി കണ്ടു. പക്ഷേ, തായ്ത്തടി ആഫ്രിക്കയിലേക്കാണ് നീളുന്നത്.

ഭൂമിയിൽ ഇന്നുള്ളവരെല്ലാം, രണ്ടുലക്ഷം വർഷംമുമ്പ് ആഫ്രിക്കയിൽ ജീവിച്ചിരുന്ന ഒരു പ്രാചീനസ്ത്രീയുടെ വംശാവലിയിൽ പെട്ടവരാണെന്ന് വിൽസൺ നിഗമനത്തിലെത്തി. ആഫ്രിക്കൻ ആദിമാതാവിന് ‘മൈറ്റോകോൺഡ്രിയൽ ഹൗവ്വ’ (Mitochondrial Eve) എന്ന് പേരും നൽകി. നരവംശ ഗവേഷകർക്കിടയിൽ പുതിയ വിവാദങ്ങൾക്കും പുതിയ സാധ്യതകൾക്കും തുടക്കമിടുന്നതായിരുന്നു, വിൽസണും സംഘവും ‘നേച്ചർ’ ജേർണലിൽ 1987 ൽ പ്രസിദ്ധീകരിച്ച പഠനം.

മനുഷ്യന്റെ ഉത്ഭവം ആഫ്രിക്കയിൽ നിന്നാണെന്ന്, പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ചാൾസ് ഡാർവിൻ പ്രസ്താവിക്കുകയുണ്ടായി. പിൽക്കാലത്ത് ആർക്കയോളജി പഠനങ്ങളും പുരാവസ്തുശാസ്ത്രവും ആ വാദത്തെ പിന്തുണച്ചെങ്കിലും, ആധുനിക നരവംശമായ ഹോമോ സാപ്പിയൻസ് ഒരു ആഫ്രിക്കൻ ജീവിവർഗ്ഗമാണെന്ന് അസന്നിഗ്ധമായി തെളിയിച്ചത് വിൽസൺ നടത്തിയ പഠനമാണ്.

ആഫ്രിക്കയിൽ നമ്മുടെ പൂർവികർ ആദ്യചുവടുവെപ്പ് നടത്തിയ സ്ഥലമാകണം ‘ആദിമാതാവി’ന്റെ വാസഗേഹം. പക്ഷേ, അതെവിടെയായിരുന്നു? ഇത്രകാലവും ഉത്തരം ലഭിക്കാത്ത ആ ചോദ്യത്തിന് മറുപടി നൽകുകയാണ്, ഓസ്ട്രേലിയൻ ഗവേഷക വനിസ്സ ഹെയ്സ് (Vanessa Hayes).

ജനിതകപഠനം, പുരാവസ്തുശാസ്ത്രം, പ്രാചീനകാലാവസ്ഥ, ഭൗമശാസ്ത്രം, പ്രാചീന ഭൂമിശാസ്ത്രം-ഇങ്ങനെ വ്യത്യസ്ത പഠനമേഖലകളിൽ നിന്നുള്ള വിവരങ്ങൾ സമഗ്രമായി കൂട്ടിയിണക്കിയാണ് ഡോ.ഹെയ്സും സംഘവും പഠനം നടത്തിയത്. അതിന്റെ ഫലമായി അവരെത്തിയ പ്രധാന നിഗമനം ഇതാണ്: ഇപ്പോഴത്തെ ബോട്സ്വാനയുടെ വടക്കൻ മേഖലയിലാണ് രണ്ടുലക്ഷം വർഷം മുമ്പ് നമ്മുടെ ‘ആദിമാതാവ്’ ജീവിച്ചിരുന്നത്! അതായിരുന്നു ആധുനിക നരവംശത്തിന്റെ ആദിഗേഹം!

തെക്കൻ ആഫ്രിക്കയിലെ കലഹാരി മരുഭൂമി (Kalahari Desert) ഒരു സാവന്ന പ്രദേശമാണ്. അവിടെ, ബോട്സ്വാനയുടെ വടക്കൻ മേഖലയിൽ മാക്ഗഡിഗാദി (Makgadikgadi) എന്നൊരു പ്രദേശമുണ്ട്. ലോകത്ത് ലവണ അടരുകൾ (salt flats) നിറഞ്ഞ പ്രധാനസ്ഥലങ്ങളിലൊന്നാണ് ഇപ്പോൾ അവിടം. എന്നാൽ, ഏതാണ്ടു രണ്ടുലക്ഷം വർഷംമുമ്പ് ഇതായിരുന്നില്ല കഥ. അന്ന് തടാകങ്ങളും വനങ്ങളും പുൽമേടുകളും നിറഞ്ഞ ഫലഭൂയിഷ്ഠമായ പ്രദേശമായിരുന്നു അത്.

ആദിമ നരവംശങ്ങളുടെ വാസസ്ഥലമായിരുന്നു മാക്ഗഡിഗാദി എന്നകാര്യം ഗവേഷകർക്ക് മുമ്പുതന്നെ അറിവുള്ളതാണ്. അവിടെ നിന്ന് കണ്ടെത്തിയിട്ടുള്ള ശിലായുധങ്ങൾ തെളിവാണ്. ശിലായുധങ്ങൾ ഉപയോഗിച്ചിരുന്ന ആദിമ നരവംശങ്ങളിൽ ഏതാണ് അവിടെ കഴിഞ്ഞിരുന്നതെന്ന് പക്ഷേ, വ്യക്തമല്ല.

ഇരുകാലിൽ നിവർന്നു നടന്ന ഹോമോ ഇറക്ടസ് (Homo erectus) വർഗ്ഗം, 18 ലക്ഷം വർഷം മുമ്പുതന്നെ ശിലായുധങ്ങൾ ഉപയോഗിച്ചു തുടങ്ങിയതിന് തെളിവുണ്ട്. ആഫ്രിക്കയുടെ മിക്ക ഭാഗങ്ങളിലും ഇറക്ടസ് വർഗ്ഗം വ്യാപിച്ചു, ഏഷ്യയിലും എത്തി. ഇറക്ടസുകൾ പരിണമിച്ച് മറ്റ് നരവംശങ്ങൾ രൂപപ്പെട്ടു. അതിൽ ആഫ്രിക്കയിലെ ഏതോ ഒരു കൈവഴി ആധുനിക നരവംശമായ ഹോമോ സാപ്പിയൻസ് ആയി മാറിയെന്ന് പൊതുവെ കരുതപ്പെടുന്നു.

ഡോ.ഹെയ്സും സംഘവും നടത്തിയ പഠനം അനുസരിച്ച്, രണ്ടുലക്ഷം വർഷം മുമ്പ് വടക്കൻ ബോട്സ്വാനയിലെ മാക്ഗഡിഗാദി പ്രദേശം ഹോമോ സാപ്പിയൻസിന്റെ ആധിപത്യത്തിൻ കീഴിലായി. മാക്ഗഡിഗാദിയിലെ പ്രാചീനതടാകം ഭൗമപ്രവർത്തനങ്ങളാൽ നശിച്ച് ചതുപ്പുകളായി മാറുന്ന കാലമായിരുന്നു അത്. ചുറ്റും വിശാലമായ മരുപ്രദേശം ആയിരുന്നതിനാൽ 70,000 വർഷത്തോളം വർഷം നമ്മുടെ പൂർവികർ മാക്ഗഡിഗാദി പ്രദേശത്ത് ഒറ്റപ്പെട്ടു കഴിഞ്ഞു. അതായിരുന്നു, ആധുനിക മനുഷ്യന്റെ ആദിഗേഹം!

കാലാവസ്ഥയിൽ വന്ന മാറ്റം മൂലം 130,000 വർഷം മുമ്പ് മാക്ഗഡിഗാദിയുടെ വടക്കുകിഴക്കൻ ഭാഗത്ത് ഒരു ഹരിതഇടനാഴി രൂപപ്പെട്ടു. വനങ്ങളും വന്യമൃഗങ്ങളും നിറഞ്ഞ ആ ഇടനാഴി വേട്ടയാടാൻ പറ്റിയ ഇടമായി. അതിനെ പിന്തുടർന്ന് നമ്മുടെ പൂർവികരിൽ ഒരു ഭാഗം മാക്ഗഡിഗാദിയിൽ നിന്ന് വടക്കുകിഴക്കൻ പ്രദേശത്തേക്ക് കുടിയേറി. സമാനമായ സംഗതി 110,000 വർഷംമുമ്പും സംഭവിച്ചു. ഇത്തവണ പക്ഷേ, അത് തെക്കുപടിഞ്ഞാറൻ ദിക്കിലേക്കായിരുന്നു. വിശാലമായ ലോകത്തേക്ക് ഹോമോ സാപ്പിയൻസ് എത്തുന്നതിന്റെ തുടക്കം ഇതാണെന്ന് പഠനം പറയുന്നു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കൻ പ്രദേശത്തെ 1200 ലേറെ ഗോത്രവർഗ്ഗക്കാരുടെ മൈറ്റോകോൺഡ്രിയൽ ഡിഎൻഎ ശേഖരിച്ച് വിശകലനം ചെയ്തായിരുന്നു പഠനം. മൈറ്റോകോൺഡ്രിയൽ ഡിഎൻഎ യിൽ കാണപ്പെടുന്ന പ്രാചീന ജനിതകത്തുടർച്ചകളിൽ (lineages) പ്രധാനപ്പെട്ട ‘L0 ഗ്രൂപ്പി’ന്റെ വ്യത്യസ്ത വകഭേദങ്ങളെ ഗവേഷകർ പിന്തുടർന്നു. അതുവഴിയാണ് കാര്യങ്ങൾക്ക് വ്യക്തത ലഭിച്ചത്.

ഫോസിൽ പഠനങ്ങളിൽ മിക്കതും ആദിമമനുഷ്യൻ പിറവിയെടുത്തത് കിഴക്കൻ ആഫ്രിക്കയിലാണെന്ന് പറയുമ്പോൾ, ജനിതകപഠനങ്ങൾ ശാസ്ത്രത്തെ നയിക്കുന്നത് തെക്കേആഫ്രിക്കയിലേക്കാണ്’-ഡോ.ഹെയ്സ് എഴുതുന്നു. ‘ഇക്കാര്യത്തിൽ വ്യക്തത ലഭിക്കാനായി, ‘ഖോസാൻ’ (KhoeSan) എന്ന പ്രാചീന ജനവിഭാഗത്തിലേക്ക് ഞങ്ങൾ ശ്രദ്ധതിരിച്ചു. നമ്മുടെ പൊതുപൂർവികരുമായി ഏറ്റവുമധികം ജനിതകസാമ്യം ഈ ഗ്രൂപ്പിനുണ്ട്. മനുഷ്യന്റെ വംശവൃക്ഷത്തിന്റെ കൊമ്പുകളിലാണ് നമ്മളിരിക്കുന്നതെങ്കിൽ, അതിന്റെ തായ്ത്തടിയാണ് ഖോസാൻ ജനതയുടെ സ്ഥാനം’.

ആ പ്രാചീന ജനതയ്ക്കൊപ്പം ഗവേഷകസംഘത്തിലെ അംഗങ്ങൾ ഒരു പതിറ്റാണ്ടോളം പ്രവർത്തിച്ചു. നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളെലെ മറ്റ് വംശീയ, ഭാഷാ ഗ്രൂപ്പുകളെയും പഠനത്തിൽ ഉൾപ്പെടുത്തി. പുതിയതായി തിരിച്ചറിഞ്ഞതോ, അപൂർവ്വമായതോ ആയ 200 ഖോസാൻ വംശശാഖകളിൽ നിന്നുള്ള മൈറ്റോജീനോമുകൾ (മൈറ്റോകോൺഡ്രിയൽ ഡിഎൻഎ) വിശകലനം ചെയ്തു.

ആ വിവരങ്ങൾ, നിലവിൽ ലഭ്യമായ മൈറ്റോജീനോം ഡേറ്റയുമായി താരതമ്യം ചെയ്ത് ഒരു ‘വംശവൃക്ഷത്തി’ന് ഡോ.ഹെയ്സും സംഘവും രൂപംനൽകി. ജനിതകശാഖകൾ എവിടെ നിന്നെല്ലാം എത്തുന്നുവെന്നും, അവയുടെ വേരുകൾ എങ്ങോട്ടെല്ലാം നീളുന്നുവെന്നും പരിശോധിച്ചപ്പോൾ, ‘പരിണാമവൃക്ഷത്തിന്റെ തായ്ത്തടിയിലേക്ക് സൂം ചെയ്തെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു’-ഡോ.ഹെയ്സ് വെളിപ്പെടുത്തി.

രണ്ടുലക്ഷം വർഷം പിന്നിലേക്കാണ് അവർ എത്തിയത്, ഒപ്പം വടക്കൻ ബോട്സ്വാനയിലെ മാക്ഗഡിഗാദിയിലേക്കും! അക്കാലത്ത് വളരെ ഫലഭൂയിഷ്ഠമായ പ്രദേശമായിരുന്നു അതെന്ന കാര്യംകൂടി ചേർത്തുവായിക്കുക.

പുരാതന ഭൂമിശാസ്ത്രം, ഹിമയുഗങ്ങൾക്ക് കാരണമായ ഭൂമിയുടെ ഭ്രമണപഥത്തിലെ ചാഞ്ചാട്ടങ്ങൾ, ഭൗമഅച്ചുതണ്ടിന്റെ വ്യതിചലനം, അതുവഴി പ്രാചീന കാലാവസ്ഥയ്ക്ക് സംഭവിച്ച വ്യതിയാനങ്ങൾ, മാക്ഗഡിഗാദി മേഖലയുടെ ഭൗമചരിത്രം ഒക്കെ സമഗ്രമായി പരിശോധിച്ചു. പഠനത്തിൽ പങ്കാളിയായ ദക്ഷിണകൊറിയൻ കാലാവസ്ഥ വിദഗ്ധൻ ആക്സൽ ടിമ്മർമാൻ (Axel Timmermann) ആണ് ഇക്കാര്യങ്ങൾ പരിശോധിച്ചത്. മൈറ്റോജിനോം ഡേറ്റയും കാലാവസ്ഥാ ചരിത്രവും ചേർന്നു പോകുന്നതായി ഗവേഷകർ കണ്ടു.

70,000 വർഷത്തോളം മാക്ഗഡിഗാദിയിൽ ഒറ്റപ്പെട്ടു കഴിഞ്ഞ നമ്മുടെ പൂർവികർ, മുകളിൽ സൂചിപ്പിച്ചതു പോലെ രണ്ടുഘട്ടങ്ങളിലായി പുറംലോകത്തേക്ക് കുടിയേറിയ കാര്യം ഇത്തരം വിശകലനം വഴിയാണ് കണ്ടെത്തിയത്. തെക്കേആഫ്രിക്കയുടെ വിവിധ മേഖലകളിലേക്ക് ഹോമോ സാപ്പിയൻസ് എത്തിയത് തെക്കുപടിഞ്ഞാറൻ കുടിയേറ്റം വഴിയാകണം. വടക്കുകിഴക്കൻ ദിക്കിലേക്കുണ്ടായ കുടിയേറ്റമായിരിക്കണം കൂടുതൽ വിശാലമായ ലോകത്തേക്ക് മാക്ഗഡിഗാദി സന്തതികളെ എത്തിച്ചത്.

ഈ സംഭവങ്ങൾ അരങ്ങേറി സഹസ്രാബ്ദങ്ങൾ കഴിഞ്ഞപ്പോൾ ഈ ഗ്രൂപ്പിലെ ധൈര്യശാലികളായ ചില സാഹസികർ ഏഷ്യയിലേക്ക് കുടിയേറി പാർപ്പുറപ്പിച്ചു. അവരുടെ പിൻഗാമികൾ ഓസ്ട്രേലിയ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ ഇടങ്ങളിലേക്ക് വ്യാപിച്ചു. പൂർവിക നരവംശങ്ങളിൽ പെട്ട നിയാണ്ടെർത്തലുകൾ യൂറോപ്പിലും, ഡെനിസോവൻസുകൾ ഏഷ്യയിലും ഉള്ള കാലമാണത്. ആ പൂർവികവംശങ്ങളുമായി ചില ‘അവിഹിതങ്ങൾ’ സംഭവിക്കുകയും, പുതിയ കുടിയേറ്റക്കാരുടെ ജിനോമിൽ കൂടുതൽ കലർപ്പുകൾ ഉണ്ടാവുകയും ചെയ്തു.