01

ഒരു പക്ഷെ നമ്മുടെ മക്കളും പേരമക്കളും അവരുടെ അറുപതുകളില്‍ യുവാവായി നില്‍ക്കുന്ന ഒരു അവസ്ഥയെ നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ. 2050 ഓടെ തീര്‍ത്തും വ്യത്യസ്തമായ ഒരു മനുഷ്യ പരിണാമത്തിനാണ് ലോകം സാക്ഷ്യം വഹിക്കുകയെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ടെക്നോളജി രംഗത്തെ വികാസവും വൈദ്യശാസ്ത്ര രംഗത്തെ പുരോഗതിയും മനുഷ്യന്റെ ആയുസ്സ് ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടിയായി വര്‍ദ്ധിക്കും എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

മനുഷ്യ വംശം ഒരു വലിയ പരിണാമത്തിന് സാക്ഷ്യം വഹിക്കുവാന്‍ പോവുകയാണെന്ന് ഇതിനെ സംബന്ധിച്ച് പഠനം നടത്തിയ ഗ്ലോബല്‍ ബ്രെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ചറായ കേഡല്‍ ലാസ്റ്റ് പറയുന്നത്. അടുത്ത 4 ദശകത്തിനുള്ളില്‍ മനുഷ്യന്‍ കൂടുതല്‍ കാലം, അതായത് ഇപ്പോഴുള്ളതിന്റെ ഇരട്ടിയോളം കാലം ജീവിക്കും എന്നാണ് വിപ്ലവകരമായ വെളിപ്പെടുത്തലിലൂടെ അദ്ദേഹം പറയുന്നത്. കൂടാതെ വാര്‍ധക്യാവസ്ഥയില്‍ കുട്ടികള്‍ ഉണ്ടായി തുടങ്ങുമെന്നും ആര്‍ടിഫിഷ്യല്‍ ഇന്‍ടെലിജെന്‍സിനെ മനുഷ്യന്‍ സാധാരണയായി ആശ്രയിക്കുവാന്‍ തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.

02

കുരങ്ങനില്‍ നിന്നും ആള്‍ക്കുരങ്ങിലേക്കും ആള്‍ കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കും ഉണ്ടായ പരിണാമം പോലെ ഇതും മറ്റൊരു പരിണാമം ആയിരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. നമ്മുടെ മുത്തച്ഛന്‍മാരുടെ 80 കളില്‍ നിന്നും 100 ല്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും അന്ന് ജീവിക്കുന്നവരുടെ 80 കളും 100 മെന്നും അദ്ദേഹം പ്രവചിക്കുന്നു. വെര്‍ച്വല്‍ റിയാലിറ്റിയില്‍ ആയിരിക്കും മനുഷ്യന്‍ കൂടുതല്‍ സമയം ചിലവഴിക്കുകയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. അങ്ങിനെ വരുമ്പോള്‍ മനുഷ്യന്റെ ജീവിതകാലം 120 വയസ്സ് വരെ ആകാമെന്നും അദ്ദേഹം പറയുന്നു.

അദ്ദേഹം പറയുന്ന മറ്റൊരു സംഗതി ലൈംഗികമായ പ്രായപൂര്‍ത്തി ആകുന്നത് ഏറെ വൈകുമെന്നാണ്. അതായത് ഒരു മനുഷ്യന്റെ മുപ്പതുകള്‍ കഴിഞ്ഞ ശേഷമായിരിക്കും ഈ അവസ്ഥ വരികയെന്ന് അദ്ദേഹം പ്രവചിക്കുന്നു. മനുഷ്യന്റെ പ്രത്യുല്‍പാദനശേഷി കുറയുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഇത് കാരണം 120 വയസ്സ് വരെ ജീവിക്കുന്നത് ഭൂമിയില്‍ മനുഷ്യ വര്‍ധനവിന് ഇടയാക്കില്ലെന്നും ഓരോരുത്തര്‍ക്കും ഏറിയാല്‍ 2 മക്കളെ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പ്രവചിക്കുന്നു. തലച്ചോറിന്റെ വലുപ്പം കൂടുന്നത് കാരണം ലൈംഗിക സുഖം ലഭിക്കുവാന്‍ കൂടുതല്‍ എനര്‍ജി വേണ്ടി വരുമെന്നും ലൈംഗിക പരിസമാപ്തിക്ക് കൂടുതല്‍ സമയം വേണ്ടി വരുമെന്നും അത് കാരണമാണ് പ്രത്യുല്‍പാദനശേഷി കുറയുന്നതെന്നും അദ്ദേഹം ന്യായം നികത്തുന്നുണ്ട്.

പെട്ടെന്ന് ജീവിച്ചു ചെറുപ്പത്തില്‍ മരിക്കുക എന്നതില്‍ നിന്നും മാറി സാവധാനം ജീവിച്ചു ഏറെ പ്രായമായി മരിക്കുക എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് മനുഷ്യന്‍ എത്തിച്ചേരും. ഈ യാഥാര്‍ത്ഥ്യത്തിലേക്ക് മനുഷ്യന്‍ ഇപ്പഴേ യാത്ര തുടങ്ങിയതായി അദ്ദേഹം ഉദാഹരണ സഹിതം വ്യക്തമാക്കുന്നു. ബ്രിട്ടനില്‍ യുവതികള്‍ക്ക് ആദ്യ കുഞ്ഞ് ജനിക്കുന്ന പ്രായം ഇപ്പോള്‍ 29.8 ആയിട്ടുണ്ട്‌. അമേരിക്കയില്‍ ആണെങ്കില്‍ 1970 കളില്‍ 35 മത്തെ വയസ്സില്‍ ആദ്യ കുഞ്ഞെന്ന സ്ഥിതി ഉണ്ടായിരുന്നത് കേവലം ഒരു ശതമാനം ആളുകളില്‍ ആയിരുന്നു. എന്നാല്‍ ഇന്നത് 15% ആയിട്ടുണ്ടത്രേ.

ഇത്തരം ഒട്ടേറെ വിവാദ കാഴ്ചപ്പാടുകള്‍ അടങ്ങിയ അദ്ദേഹത്തിന്റെ പഠന റിപ്പോര്‍ട്ട്‌ ‘Human Evolution, Life History Theory, and the End of Biological Reproduction’ എന്ന പേരില്‍ Current Aging Science ലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Advertisements