നമ്മുടെ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യമുപയോഗപ്പെടുത്തി തനിക്കിഷ്ടപ്പെട്ട മതവിശ്വാസം സ്വീകരിച്ച തനിക്കിഷ്ടപ്പെട്ട വരനെ തിരെഞ്ഞെടുത്ത ഇരുപത്തിനാലുകാരിയായ ഒരു വനിതാ ഡോക്ടര്‍ മാസങ്ങളോളമായി വീട്ടുതടങ്കലിലാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഹാദിയയെ സന്ദര്‍ശിച്ച രാഹുല്‍ ഈശ്വര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയപോലെ സംഘപരിവാരത്തിന്‍റെയും അവരുടെ താളത്തിനൊത്ത് തുള്ളുന്ന പോലീസുകാരുടെയും; ഭീഷണിയുടെ നിഴലില്‍ കഴിയുന്ന അച്ഛന്‍ അശോകന്റെയും തടവറയില്‍ കഴിയുകയാണ് ഡോക്ടര്‍ ഹാദിയ.

അവരെ കുറിച്ചുള്ള നിറം പിടിപ്പിച്ച നുണകളും തെറ്റിദ്ധാരണകളും അവര്‍ സമൂഹത്തില്‍ നിന്നും നേരിടുന്ന ഭീഷണികളും പീഡനങ്ങളുമൊക്കെ മീഡിയകളിലും പരമോന്നത  കോടതിയിലുമൊക്കെ എത്തിക്കഴിഞ്ഞിട്ട്‌ മാസങ്ങള്‍ കഴിഞ്ഞു.

എന്നാല്‍ ഇത്തരം വിഷങ്ങളില്‍ സ്വമേധയാ കേസ്സെടുക്കാറുള്ള മനുഷ്യാവകാശ, വനിതാ കമ്മീഷനുകള്‍ ഈ വിഷയത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചത്.

സ്വമേധയാ കേസേടുക്കുന്നില്ലെങ്കില്‍ സാമൂഹ്യ സംഘടനകളോ വ്യക്തികളോ നല്‍കുന്ന പരാതി പ്രകാരം കേസെടുക്കുന്ന പതിവും ഹാദിയ വിഷയത്തില്‍ ഉണ്ടായില്ല. മാസങ്ങള്‍ക്ക് മുമ്പ് കൊടുത്ത പരാതി അവഗണിച്ചു തള്ളുകയും വീണ്ടും സമാനമായ പരാതിയുമായി സമീപിച്ചപ്പോഴാണ് മറ്റൊരന്വേഷണത്തിനു തയ്യാറാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍റെ മറ്റൊരു പ്രഖ്യാപനം കൂടി ഉണ്ടായത്. അതിനാല്‍ പരാതിക്കാരെയും അച്ഛനെയും വിളിച്ചു വരുത്തി വിസ്തരിക്കുന്നതിനു പകരം കമ്മീഷന്‍ അംഗങ്ങള്‍ നേരില്‍ പോയി കാര്യങ്ങള്‍ മനസ്സിലാക്കി സാധ്യമായ രീതില്‍ ഇടപെടുകയാണ് വേണ്ടത്.

Advertisements