ആദ്യ മനുഷ്യന്‍ ചുവന്ന ഗ്രഹത്തില്‍ കാലു കുത്തുന്ന മുഹൂര്‍ത്തത്തിന് ഇനി വെറും ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് മതി

36

 

മനുഷ്യന്റെ ചൊവ്വ യാത്രകള്‍

2011 മുതലാണ് മനുഷ്യന്റെ ചൊവ്വ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഗൗരവം കൈവന്നത്. അമരിക്കന്‍ ശതകോടീശ്വരനായ ഡെന്നിസ് ടിറ്റോ 2018 ല്‍ ഒരു ജോഡി ദമ്പതികളെ ചൊവ്വ സന്ദര്‍ശനം നടത്തി തിരിച്ചു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. 2013 ലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. 501 ദിവസത്തെ ബഹിരാകാശ വാസമാണ് ഇതിനായി വേണ്ടി വരുന്നത്. അദ്ദേഹത്തിന്റെ പേടകം ചൊവ്വയിലിറങ്ങില്ല. ചുവന്ന ഗ്രഹത്തിന്റെ 160 കിലോമീറ്റര്‍ വരെ അടുത്തെത്തുകയും പിന്നീട് ഭൂമിയിലേക്ക് തിരിച്ചു പറക്കുകയും ചെയ്യും. പക്ഷെ ഈ പദ്ധതി നടന്നില്ല. നാസയേക്കാളും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയെക്കാളും ഉയര്‍ന്ന സാങ്കേതിക വിദ്യയൊന്നും ടിറ്റോയുടെ സ്വകാര്യ ഏജന്‍സിക്കില്ല.നാസ പറയുന്നത് 2030 കളില്‍ അത് സാധ്യമാകുമെന്നാണ്. ഇതിനിടയില്‍ ചില സ്വകാര്യ സ്‌പേസ് ഏജന്‍സികള്‍ തിരിച്ച് വരാന്‍ കഴിയാത്ത ചൊവ്വായാത്ര വാഗ്ദാനം ചെയ്യുന്നുണ്ട്. 2025 ലാണ് അവര്‍ ഈ യാത്ര പ്രവചിക്കുന്നത്. ഇതിനകം നിരവധി ആളുകള്‍ ഈ യാത്രയ്ക്ക് പേര് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു എന്നതാണ് ഏറെ കൗതുകം.

ഇന്നത്തെ പരിമിതികള്‍

ഒറയണ്‍ സ്‌പേസ് ക്രാഫ്റ്റില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ 21 ദിവസം മാത്രമേ ബഹിരാകാശ യാത്രകര്‍ക്ക് താമസിക്കാന്‍ കഴിയൂ. ചൊവ്വയിലേക്കുള്ള ദീര്‍ഘ ദൂരം യാത്രയ്ക്ക് ഇത് അഭികാമ്യമല്ല. എന്നാല്‍ ഭാവിയില്‍, കുറേക്കൂടി ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ പരിമിതി മറികടക്കാന്‍ കഴിയും. മാത്രവുമല്ല, ചൊവ്വാ ദൗത്യം നടത്തുമ്പോള്‍ 500 ടണ്ണിലധികം ഭാരമുള്ള അനുബന്ധ ഉപകരണങ്ങള്‍ പേടകത്തിലുണ്ടായിരിക്കണം. ഇപ്പോള്‍ ഒറയണ്‍ വിക്ഷേപിക്കാനുപയോഗിച്ച ഡെല്‍റ്റ IV ഹെവി റോക്കറ്റിന്റെ ഭാര വാഹക ശേഷി 130 ടണ്‍ മാത്രമാണ്. സ്‌പേസ് ലോഞ്ച് സിസ്റ്റവും ഇപ്പോള്‍ പര്യാപ്തമല്ലെന്നര്‍ഥം. 2030 ആകുമ്പോഴേക്കും ഇതും മറികടക്കാന്‍ കഴിയുമെന്നാണ് നാസ കരുതുന്നത്. മറ്റൊരു പ്രശ്‌നം ചൊവ്വയിലേക്കുള്ള ദീര്‍ഘദൂര യാത്രയില്‍ ബഹിരാകാശ സഞ്ചാരി നേരിടുന്ന ഉയര്‍ന്ന റേഡിയേഷന്‍ ലെവലാണ്. നിലവിലുള്ള സാങ്കേതിക വിദ്യയില്‍ ഇത് തരണം ചെയ്യാന്‍ കഴിയില്ല. സാമ്പത്തികമാണ് മറ്റൊരു വലിയ വെല്ലുവിളി. ലോകത്തെ ഏതൊരു ബഹിരാകാശ ഏജന്‍സിക്കും ഒറ്റക്ക് നേരിടാന്‍ കഴിയുന്നതല്ല അത്. ലോകത്തിലെ 14 ബഹിരാകാശ ഏജന്‍സികളും ചൊവ്വാ യാത്രയ്ക്ക് താത്പര്യം പ്രകടിപ്പിച്ചുട്ടുണ്ടെങ്കിലും ഒറ്റയ്‌ക്കൊരു യാത്ര അവരാരും തന്നെ ആഗ്രഹിക്കുന്നില്ല. ഒറിയണിന്റെ പരീക്ഷണപ്പറക്കലിനു മാത്രമുള്ള ചെലവ് 37 കോടി അമേരിക്കന്‍ ഡോളറാണെന്ന കാര്യം ഓര്‍മിക്കണം.

ഒറയണ്‍

നാല് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഒരേ സമയം സഞ്ചരിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ബഹിരാകാശ പേടകമാണ് ഒറയണ്‍ മള്‍ട്ടി പര്‍പ്പസ് ക്രൂ വെഹിക്കിള്‍. ഒരു കമാന്‍ഡ് മൊഡ്യൂളും, ഒരു സര്‍വ്വീസ് മൊഡ്യൂളും ചേര്‍ന്നുള്ള രൂപഘടനയാണ് ഒറിയണിന്. നാസയുടെ നിയന്ത്രണത്തിലുള്ള ലോക്ഹിഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷനാണ് കമാന്‍ഡ് മൊഡ്യൂള്‍ നിര്‍മ്മിക്കുന്നത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ നിയന്ത്രണത്തിലുള്ള എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസ് കോര്‍പ്പറേഷനാണ് സര്‍വ്വീസ് മൊഡ്യൂളിന്റെ നിര്‍മ്മാതാക്കള്‍. 2011 മെയ് 24 നാണ് നാസ ഒറയണ്‍ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. ചന്ദ്രന്‍, ഛിന്നഗ്രഹങ്ങള്‍, ചൊവ്വ എന്നിവിടങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രയാണ് ഒറയണ്‍ പദ്ധതികൊണ്ട് നാസ ലക്ഷ്യം വെക്കുന്നത്. 2014 ഡിസംബര്‍ 5ന് പേടകത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായി നടത്തി. ഈ യാത്രയില്‍ പേടകത്തില്‍ യാത്രികരുണ്ടായിരുന്നില്ല. ബഹിരാകാശ യാത്രികരുമായുള്ള ആദ്യ യാത്ര ഉദ്ദേശിക്കുന്നത് 2022 ലാണ്.

ആർട്ടമിസ് 4 ദൗത്യം.

23 ടണ്ണാണ് പേടകത്തിന്റെ ആകെ ഭാരം. ആംസ്‌ട്രോഗും, ആല്‍ഡ്രിനും, കോളിന്‍സും സഞ്ചരിച്ച മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്ര പേടകമായ അപ്പോളോ സ്‌പേസ്‌ക്രാഫ്റ്റിനേക്കാള്‍ കുറവാണിത്. അപ്പോളോ പേടകത്തിന്റെ ആകെ ഭാരം 30 ടണ്ണായിരുന്നു. ഒറയണില്‍ യാത്രികര്‍ ഇരിക്കുന്ന കമാന്‍ഡ് മൊഡ്യൂളിന്റെ ഭാരം 8.9 ടണ്ണാണ്. അപ്പോളോയില്‍ ഇത് 5.8 ടണ്ണായിരുന്നു. കമാന്‍ഡ് മൊഡ്യൂളിന്റെ ഭാരം ഒറയണിലാണ് കൂടുതല്‍ എന്നര്‍ത്ഥം. മൊഡ്യൂളിന്റെ വ്യാസം 5 മീറ്ററും ഉയരം 3.3 മീറ്ററുമാണ്. അപ്പോളോ കമാന്‍ഡ് മൊഡ്യൂളിന്റെ വ്യാസം 3.9 മീറ്ററായിരുന്നു. അതിനര്‍ത്ഥം ഒറയണിന്റെ വ്യാപ്തം അപ്പോളോയുടെ രണ്ടര മടങ്ങാണണെന്നാണ്. ദ്രാവക മീഥേയ്ന്‍ ആണ് ഒറയണില്‍ ഇന്ധനവുമായി ഉപയോഗിക്കുന്നത്. എന്നാല്‍ മീഥെയ്ന്‍ ഇന്ധനമായി ഉപയോഗിക്കുന്ന റോക്കറ്റ് സാങ്കേതിക വിദ്യ ഇപ്പോള്‍ ശൈശവദശയിലാണുള്ളത്. ഒറയണിന്റെ കമാന്‍ഡ് മൊഡ്യൂളിന് ഒരു വൃത്ത സ്തൂപികയുടെ ആകൃതിയാണുള്ളത്. ഒരു സിലിണ്ടറിന്റെ ആകൃതിയാണ് സര്‍വ്വീസ് മൊഡ്യൂളിന്. ഏറ്റവും ഉയര്‍ന്ന കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. അലുമിനിയം-ലിഥിയം ലോഹസങ്കരമുപയോഗിച്ചാണ് കമാന്‍ഡ് മൊഡ്യൂള്‍ നിര്‍മ്മിച്ചിട്ടുള്ളത്. നാസയുടെ മറ്റു ബഹിരാകാശ പേടകങ്ങളുമായും അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായും ഡോക്ക് ചെയ്യുന്നതിന് ഒറയണിനു കഴിയും. നാസ അവസാനിപ്പിച്ച സ്‌പേസ് ഷട്ടില്‍ ദൗത്യങ്ങളേക്കാള്‍ പത്ത് മടങ്ങ് സുരക്ഷിതമാണ് ഒറയണ്‍ മള്‍ട്ടി പര്‍പസ് ക്രൂ വെഹിക്കിള്‍. പുനരുപയോഗ ശേഷിയുമുണ്ടിതിന്.

ഇനി ചൊവ്വ യാത്രകൾ സ്വപ്നം കണ്ടു തുടങ്ങാം. ഒറയണിന്റെ ചിറകിലേറി ആദ്യ മനുഷ്യന്‍ ചുവന്ന ഗ്രഹത്തില്‍ കാലു കുത്തുന്ന മുഹൂര്‍ത്തത്തിന് ഇനി വെറും ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് മതി.