ഹ്യൂമറസ് ഉർവശി=അൺബീറ്റബിൾ

0
122

Jithesh Mangalath

ഭീകരം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ചില ആർട്ടിസ്റ്റിക് പെർഫോമൻസുകൾ ഇടയ്ക്ക് സിനിമകളിൽ കാണാറുണ്ട്.അതുല്യം,അസാധാരണം, കണ്ണഞ്ചിപ്പിക്കുന്നത് എന്നൊന്നും വിശേഷിപ്പിക്കാതെ അതിനെ ഭീകരമായ പെർഫോമൻസെന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരുന്നത് ടെറിഫിക്കിന് വക്കു പൊട്ടാതെയുള്ള മറ്റൊരു മലയാള പദമില്ല എന്നതുകൊണ്ടു കൂടിയാണ്.അപ്പോൾ വിഷയത്തിലേക്ക് തിരിച്ചു വരാം.അമ്പരപ്പിക്കുന്ന വൈകാരിക തീവ്രതകൾ നിറഞ്ഞ സിനിമാ സന്ദർഭങ്ങളും, അതിനൊത്ത് ഉള്ളുലയ്ക്കുന്ന പെർഫോമൻസുകളും മലയാളത്തിൽ ദുർലഭമൊന്നുമല്ല.ഓരോ ഴോണറിലും അത്തരത്തിലുള്ള എണ്ണമറ്റ സ്പെസിമെനുകൾ നമുക്കു മുമ്പിലുണ്ട്.എന്നാൽ ഞാൻ പറയാൻ പോകുന്ന ശൈലിയിലുള്ള പെർഫോമൻസുകൾ തുലോം വിരളമാണ്.ഉദാഹരണത്തിന് നാടോടിക്കാറ്റിൽ മോഹൻലാൽ മണ്ണെണ്ണ വാങ്ങാൻ പോകുന്ന രംഗം.സിനിമയുടെ ടോട്ടാലിറ്റിയെ വെച്ചു നോക്കുമ്പോൾ, ആ പ്രത്യേക രംഗം ഉണ്ടെങ്കിലും ഇല്ലെങ്കിലും അയാളുടെ ദാരിദ്ര്യത്തിന്റെയും ഗതികേടിന്റേയും ആഴം പ്രേക്ഷകന് മനസ്സിലാകും.അതായത് ഒരു മോശം /ശരാശരി പെർഫോമൻസിന് എഡിറ്റിംഗ് ടേബിളിൽ കോമ്പൻസേറ്റ് ചെയ്യപ്പെടാവുന്നതേയുള്ളൂ , ഔട്ട്പുട്ടിനെ സംബന്ധിച്ചിടത്തോളം ഈ രംഗം.എന്നാൽ ലാലെന്ന നടൻ അത്രമേൽ മികവുറ്റ രീതിയിൽ ദാസന്റെ ദൈന്യതയിലൂടെയും, ആത്മാഭിമാനത്തിലൂടെയും കടന്നുപോയപ്പോൾ എക്കാലവും നമുക്കോർക്കാവുന്ന, ഭീകരമായ ഒരു സിനിമാറ്റിക് മൊമന്റ് കിട്ടുകയായിരുന്നു.

ഏറെക്കുറെ സമാനമെന്ന് എനിക്കു തോന്നിയിട്ടുള്ള ഒരു പ്രകടനമാണ് മൈ ഡിയർ മുത്തച്ഛൻ എന്ന സിനിമയിൽ ഉർവ്വശിയുടേത്.ചിത്രത്തിൽ അവർ നായികയല്ല.ശരിക്കു പറഞ്ഞാൽ ഉർവശിയുടെ വിന്റേജ് പിരിയഡിൽ അവർ നിരസിച്ചാൽ പോലും ഒന്നും തോന്നേണ്ടതില്ലാത്ത ഒരു കഥാപാത്രമായിരുന്നു ആ ചിത്രത്തിലേത്.എന്നാൽ നായികാ കഥാപാത്രത്തിനോടു കാണിക്കുന്ന അതേ ആത്മാർത്ഥതയോടെയായിരുന്നു അവർ ക്ലാരയേയും സമീപിച്ചത്.സത്യൻ അന്തിക്കാട് -ശ്രീനിവാസൻ സിനിമകളിൽ അത്ര മെച്ചമായി തോന്നാത്ത ചിത്രമായിട്ടും ഇപ്പോഴും മൈ ഡിയർ മുത്തച്ഛൻ ഓർമ്മയിൽ നിൽക്കുന്നത് ഉർവശിയുടെ അതിഭീകര പെർഫോമൻസു കൊണ്ടാണ്.ചിത്രത്തിൽ എന്തുകൊണ്ടാണ് തനിക്ക് നാട്ടിൽ നിൽക്കാനാകാതെ പോയതെന്ന് അവർ വിവരിക്കുന്ന ഒരു രംഗമുണ്ട്. തന്റെ ‘പ്രണയകഥ’ യെക്കുറിച്ചാണ് പറയുന്നതെന്നോർക്കണം.

“അഷ്റഫിനെ ഞാൻ കാണുന്നത് “എന്നു പറഞ്ഞ് ഒരു ചെറിയ അർദ്ധവിരാമമുണ്ട്. ആ സമയം ഒരു ചെറിയ നാണം ഉർവശിയുടെ മുഖത്തു വിടരുന്നതു കാണാം.(ആ വട്ടമുഖം അത്രമേൽ എക്സ്പ്രസീവായിരുന്നു താനും!) എന്നിട്ട് ഒരു മോഡുലേഷൻ ഷിഫ്റ്റുണ്ട് “അഷ്റഫ് എന്നാ പുള്ളിക്കാരന്റെ പേര് “.അത് തുടരുമ്പോൾ ആ നാണം മാറി വീണ്ടും ന്യായീകരണത്തിലേക്കെത്തുന്നതു കാണാം. ” ഞാനാണെങ്കിൽ വീട്ടീന്നിറങ്ങിയാൽ ഇടം വലം നോക്കുന്ന പ്രശ്നമില്ല. വീട് ഇൻസ്റ്റിറ്റ്യൂട്ട്,ഇൻസ്റ്റിറ്റ്യൂട്ട് വീട്, അങ്ങനാ ” ഇതു പറയുമ്പോൾ കൈ കൊണ്ടുള്ള ഉർവശിയുടെ ആംഗ്യങ്ങളുണ്ട്.ഒരു ലൗഡ് ഹ്യൂമർ സീനിൽ എങ്ങനെയാണ് ശരീരം കൊണ്ട് ഏറ്റവും വൃത്തിയായി പെർഫോം ചെയ്യുക എന്നുള്ളതിന്റെ ഒരു മാസ്റ്റർ ക്ലാസ് എക്സിബിഷൻ ആണത്.മലയാളത്തിൽ മോഹൻലാലിലൊഴിച്ച് മറ്റൊരു ലീഡ് ആക്ടറിലും ഞാനാ സ്കിൽ കണ്ടിട്ടില്ല.കൈയിലുള്ള ട്രേ അവരീ രംഗത്ത് പ്രോപ് ആയി ഉപയോഗിക്കുന്നതും കൗതുകകരമാണ്.”കത്തു കിട്ടിയ കാര്യം പറയുമ്പോൾ കവിളത്ത് അവർ കൈവെക്കുന്നത് ഉൽപാദിപ്പിക്കുന്ന ഹ്യൂമർ വർണനകൾക്കതീതമാണ്.അതു കഴിഞ്ഞ് ഉർവശി തുടരുന്ന മോഡുലേഷനാണ് ആ രംഗത്തെ എപിക് ആക്കി മാറ്റുന്നത്.”കരണക്കുറ്റി നോക്കി ഒന്നു പൊട്ടിക്കാനാ ആദ്യമെനിക്ക് തോന്നിയത്(ദേഷ്യം).പിന്നെ ഞാനാലോചിച്ചു(തിരിച്ചറിവ്).അതു വേണ്ട,കത്തിലെന്താ എഴുതിയിരിക്കുന്നതെന്ന് നമുക്കറിയണ്ടേ (ജിജ്ഞാസ) ?പിന്നെ ആ മനുഷ്യൻ കത്തോടു കത്താണ്.ഒരിക്കൽ വാങ്ങിച്ചു പോയില്ലേ? പിന്നെങ്ങനാ വേണ്ടെന്ന് പറയുന്നത്?(നിസ്സഹായാവസ്ഥ)” ഇതിനിടയ്ക്കൊക്കെ മിഴികൊണ്ടവർ വരയ്ക്കുന്ന ചില ചിത്രങ്ങളുണ്ട്. എന്തു ഭീകരമായ രീതിയിലാണവർ ഹാസ്യം ഉൽപ്പാദിപ്പിക്കുന്നതെന്ന ഞെട്ടിക്കുന്ന തിരിച്ചറിവിലാണ് ഞാനോരോ തവണയും ഈ രംഗം കണ്ടവസാനിപ്പിക്കാറ്.

ഉർവ്വശിയോളം ഇമ്മാക്യുലേറ്റ് ഹ്യൂമർ ടൈമിംഗുള്ള ഒരു നടിയെ ഞാൻ സിനിമയിൽ കണ്ടിട്ടില്ല.ഒരർത്ഥത്തിൽ ലേഡി മോഹൻലാലായിരുന്നു അവർ. സട്ടിലാവാനും(മിഥുനം), ഡ്രാമാറ്റിക്കാവാനും(തലയിണമന്ത്രം),ആനിമേറ്റഡാവാനും(പഞ്ചതന്ത്രം), സൈഡ് ട്രാക്ക് ആവാനും(യോദ്ധ)അവർക്കനായാസം സാധിക്കുമായിരുന്നു. വിന്റേജ് പിരിയഡിൽ മോഹൻലാൽ -ഉർവ്വശി കോമ്പിനേഷനിൽ ഒരു ഔട്ട് & ഔട്ട് ഹ്യൂമർ സബ്ജക്ട് വന്നില്ല എന്നതാണ് തൊണ്ണൂറുകളെക്കുറിച്ചോർക്കുമ്പോൾ എനിക്കു തോന്നാറുള്ള പ്രധാന നഷ്ടബോധം.

ഹ്യൂമറസ് ഉർവശി=അൺബീറ്റബിൾ🔥