ജ്യോത്സ്യനെ ശശിയാക്കിയിട്ട് നൂറിൽ വണ്ടിവിട്ട രസകരമായ അനുഭവം

752
Ajith Neervilakan

ജ്യോത്സ്യൻമാരുടെ പ്രവചനങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ. ഇല്ലങ്കിൽ ശ്രദ്ധിക്കണം. വളരെ രസകരമാണ്. വീട്ടുകാരുടെ നിരന്തരമായ നിർബന്ധത്തിന് വഴങ്ങി ഒരിക്കൽ ഞാൻ ഒരു ചാരുംമൂട്ടിലുള്ള പ്രശസ്തനായ ഒരു ജ്യോത്സ്യനെ കാണാൻ പോകേണ്ടി വന്നു. പ്രശസ്തമായ ആറന്മുള വള്ളംകളി നടക്കുന്ന ദിവസമാണ്. തിരികെ വന്നിട്ട് വേണം അവിടെ പോകാൻ. അതിന്റെ ഒരു ആകാംഷ മനസ്സിലുണ്ടങ്കിലും ഒരു ജോൽസ്യാനുഭവം കൂടി ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് കരുതി വീട്ടുകാർക്കൊപ്പം ചാരുംമൂട്ടിലേക്ക് വിട്ടു.

മദ്ധ്യതിരുവിതാം കൂറിലെ പ്രശസ്തമായ ഒരു ഉത്സവം നടക്കുന്ന ദിവസം ആയത് കൊണ്ടാവാം അതിപ്രശസ്തനായ ജ്യോത്സ്യന്റെ തിരുനടയിൽ ഞങ്ങൾക്ക് മുന്നേ ഒന്നാേ രണ്ടോ പേർ മാത്രം. അധികം നിൽക്കേണ്ടി വന്നില്ല. മുറിയിൽ കയറി ധ്യാനനിമഗ്നനായ അദ്ദേഹത്തിന്റെ കാൽപ്പാദങ്ങളിൽ തൊട്ട് കൂടെ വന്നവർ എല്ലാം നമസ്കരിച്ചു. ഏതോ സിനിമയിൽ ജഗതി കാണിക്കും പോലെ കാലെപ്പിടി കാലെപ്പിടി എന്ന് കണ്ണുകൊണ്ട് അമ്മ കാണിക്കുന്നുണ്ടായിരുന്നു. അതുണ്ടാകാത്ത നീരസത്തിൽ ധ്യാനനിമഗ്നൻ എന്നെ പ്രത്യേകം ഒരു ചുവന്നവര വരച്ച് അടയാളപ്പെടുത്തി എന്ന് എനിക്ക് തോന്നി.

ഗ്രഹനാഥൻ ഞാനാണല്ലോ. എന്നെ അടുത്തിരുത്തി. ചോദിക്കുന്ന ഡീറ്റയിൽസിന് എല്ലാം അമ്മ മണിമണി പോലെ ഉത്തരം പറഞ്ഞു. കണ്ണടച്ചിരുന്ന് ശ്വാസം മൂക്കിൽ കൂടി വലിയ ശബ്ദത്തിൽ വലിച്ച് കയറ്റി അതിലും കിടിലം ശബ്ദത്തിൽ ഉച്ഛ്വാസം ചെയ്ത് എന്നോട് പറഞ്ഞു. “ദോഷങ്ങൾ പലതുണ്ട്” അമ്മ തൊട്ടടുത്തിരുന്ന് “ഓ” എന്ന് മറുപടി മൊഴിഞ്ഞു. ഞാൻ തിരിഞ്ഞ് അമ്മയെ ഒന്ന് നോക്കി എന്നിട്ട് ആംഗ്യത്തിൽ പറഞ്ഞു “അമ്മ പറയണ്ട ഞാൻ ഉത്തരം പറഞ്ഞോളാം” പ്രത്യേക സാഹചര്യത്തിൽ തർക്കിക്കാൻ അവസരം ഇല്ലാത്തത് കൊണ്ട് അമ്മ നിശബ്ദയായി.

“ദോഷമുണ്ട്….” ഈത്തവണ “ഓ” എന്റെ വകയായിരുന്നു.

“വീടിന്റെ കിഴക്ക് തെക്കേ മൂലയിൽ ഒരു കുളം ഉണ്ടോ”

“ഓ”

“അതിന്റെ അടുത്ത് ഒരു പ്ലാവ് നിൽപ്പുണ്ടോ?”

“ഓ”

“പ്ലാവിനോട് ചേർന്ന് ഒരു കണിക്കൊന്ന?”

“ഓ”

“അവിടേക്ക് പോകാൻ ഒരു വഴിയുണ്ടോ…?”

“ഓ”

“ആ വഴിയുടെ സൈഡിൽ ആരെയെങ്കിലും മരണാനന്തരം അടക്കിയിട്ടുണ്ടോ”

“ഓ”

“എങ്കിൽ അവിടെയാണ് ദോഷം കാണുന്നത്..?”

“എന്ത് ദോഷം”

“അല്ല പെണ്ണുങ്ങൾ തീണ്ടാരികൾ കുളിക്കാനായി ആവുമ്പോൾ ഈ അടക്കിയ ഇടം കടന്നാണ് അങ്ങോട്ട് പോകുന്നത് ”

തീണ്ടാരികൾ…?

അൽപ്പം പരിഹാസത്തോടെ “പിരീഡ്സ് ആകുമ്പോൾ”

”ഓ അങ്ങനെ…”

ആ ആത്മാവ് കോപിച്ചിരിക്കുകയാണ്… പരിഹാരം ഉണ്ട്…!

“ഓ”

“കുളം മൂടണം, പ്ലാവ് വെട്ടണം, കണിക്കൊന്ന വെട്ടണം. ഇതെല്ലാം കഴിഞ്ഞ് വരുമ്പോൾ ഇവിടെ 41 ദിവസം പൂജിച്ച ജന്മനക്ഷത്ര കല്ലുകൾ വച്ച മോതിരങ്ങൾ തരും… അത് ധരിക്കണം. ദോഷം എല്ലാം മാറും.”

“കുളം മൂടാം… പക്ഷേ ഈ പ്ലാവും കണിക്കൊന്നയും വെട്ടുന്നത് എന്തിനാണന്ന് മനസ്സിലായില്ല…” എന്നിലെ സംശയം വാസു

“അല്ല അവർ മൂന്ന് പേരും ഒന്നിച്ചല്ലേ. അപ്പോൾ ഒരാൾ പോയാൽ മറ്റു രണ്ടുപേർക്ക് വിഷമമാകും”

വീട്ടിലെ ഒരാൾക്ക് ക്യാൻസർ വന്നാൽ മറ്റുള്ളവരെ കൂടി കൊന്നേക്കാം എന്നൊരു ഉൽമൂലന സിദ്ധാന്തം എനിക്ക് ഇഷ്ടപ്പെട്ടു… ഞാൻ ശരിക്കും തല കുലുക്കി സമ്മതിച്ചു.

“ഇതാെക്കെ ചെയ്ത് കഴിഞ്ഞ് വന്ന് മോതിരമിട്ടാൽ മതിയാകുമല്ലോ അല്ലേ…?” എന്റെ സംശയം

“എന്താ കുളം മൂടാനും പ്ലാവ് വെട്ടാനും ബുദ്ധിമുട്ടാണങ്കിൽ അതിനും പരിഹാരമുണ്ട്…?”

“ഓ അതെന്താണ്…?”

“ഒരു പൂജ ചെയ്താൽ മതി.. യോഗ്യനായ ഒരാളെ എനിക്ക് അറിയാം.. അദ്ദേഹത്തെ വിളിച്ചാൽ നന്നായി ചെയ്ത് എല്ലാ ദോഷങ്ങളും മാറ്റി തരും…”

“എത്ര ചിലവാകും” കാശ് കൈയ്യിൽ കരുതണമല്ലോ…!

“അധികം ആവില്ല ഒരു ഒന്നര ലക്ഷം…”

“ഓ”

“അപ്പോൾ ഈ കുളവും കൊന്നയും പ്ലാവും പിന്നെ ആ ശവകുടീരവും അവിടില്ലങ്കിൽ ഈ പ്രശ്നം ഒഴിവാക്കാമല്ലോ അല്ലേ”

“ങ്ങേ” അപ്പോൾ നിങ്ങൾ എന്നോട് കള്ളം പറയുവാരുന്നു അല്ലേ” വലിച്ചു കയറ്റൽ നിർത്തി കക്ഷി യഥാർത്ഥ ചാരുംമൂട് ശശിയായി…

“അതിന് പ്രവചിച്ച് പറഞ്ഞത് താങ്കളല്ലേ” പിറകിലേക്ക് പതിയെ കാലുകൾ വച്ച് ഡോറിന്റെ അടുത്തേക്ക് ഞാൻ നീങ്ങിത്തുടങ്ങിയിരുന്നു… തിരിഞ്ഞ് നോക്കിയപ്പോൾ വീട്ടുകാർ എനിക്ക് മുന്നേ തന്നെ വണ്ടിയുടെ അടുത്ത് എത്തിയിരുന്നു…..

ചാരുംമൂട് ശശി പിന്നീട് നരസിംഹം ശശിയും ചുടല ശശിയും ആയി വന്നാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഓർത്ത് ഞാൻ നൂറേ നൂറിൽ വണ്ടി പറത്തി. വീട്ടിൽ എത്തുന്നതു വരെയും പിന്നീട് വള്ളം കളി കാണാൻ പോകുമ്പോഴും ആരും ഒരക്ഷരം ഉരിയാടാത്ത എത്ര ശാന്തമായ അന്തരീക്ഷം…

ഓം ശശിയയ നമ:….