ഒരു വീമാന കഥ

55

ഒരു വീമാന കഥ

ഞാൻ ഭരത്. വിദേശത്തുനിന്ന് വരുന്ന നരേട്ടനോടും ഷാജി ഏട്ടനോടും ഒരു കളിപ്പാട്ട വിമാനം വാങ്ങാൻ പറഞ്ഞതനുസരിച്ച് അവർ കൊണ്ടുതന്ന വിമാനത്തിന് അതിന്റെ വിലയായ 1650 രൂപ കൊടുത്തു .എന്നാൽ എന്റെ കയ്യിലെ അതേ വിമാനം അയവാസിയായ ഷെയ്ക്കിന്റെ കയ്യിൽ.ഒരേ കമ്പനിയുടെ ഒരേ മോഡൽ ഒരേ ഫീച്ചേഴ്സ് ഒരേ പെര്ഫോമെൻസ്. രണ്ടും അടുത്തുവെച്ചാൽ ഒരു രീതിയിലും തിരിച്ചറിയാനാകില്ല.അയാൾക്ക് ചിലവായതാകട്ടെ വെറും 600 രൂപ മാത്രം. അദ്ദേഹവും ഞാനും വാങ്ങിയത് ഒരേ ദിവസം ഒരേ ബാച്ചിൽ പെട്ട,കമ്പനിക്കുപോലും വ്യത്യാസം അടയാളപ്പെടുത്താനാവാത്ത 2വിമാനങ്ങൾ. ഞാൻ കബളിക്കപ്പെട്ടിരിക്കുന്നു ഏതാണ്ട് 3 ഇരിട്ടി അധികം കൊടുത്തിരിക്കുന്നു. 600 രൂപയുടെ വിമാനത്തിന് 1050 രൂപ അധികം കൊടുത്തിരിക്കുന്നു.

നരേട്ടനും ഷാജിയേട്ടനും ആ പണം എടുത്തുകാണുമോ ? വിമാനം നിർമിച്ച കമ്പനിയെക്കാൾ ലാഭം വാങ്ങികൊണ്ടുവന്നവനോ ?? ചോദിച്ചിട്ടുതന്നെ കാര്യം. ആശങ്ക നരേട്ടനോടും ഷാജിയേട്ടനോടും പങ്കു വെച്ചു ..പക്ഷെ അവർ നിരപരാധികൾ ആണെന്നും എന്നോടും എന്റെ വീടിനോടും വീട്ടുകാരോടുമുള്ള സ്നേഹവും ആദരവും ഒക്കെ പറഞ്ഞു ഇരുവരും കണ്ണീരു തുടച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞുവോ ?? എന്നാലും ഈ തുകയിലെ വ്യത്യാസം എനിക്ക് അറിഞ്ഞേ പറ്റു എന്ന് പറഞ്ഞപ്പോൾ നരേട്ടനാണ് എന്നോട് പറഞ്ഞത് .” ഈ വിമാനത്തിന് ഷെയ്ക്കിന്റ ബീമാനത്തേക്കാൾ ഒരുപാട് ഫീച്ചേഴ്സ് ഉണ്ട്. പക്ഷെ അത് പറഞ്ഞാൽ ആ നിമിഷം അതിന്റ ഫലം നഷ്ടപ്പെടും ന്ന് .. പണ്ട് പണിക്കരോ കൈനോട്ടക്കാരനോ അങ്ങനെയാരോ ഇതുപോലെ എന്തോ പറഞ്ഞൊട്ടില്ലേ എന്തിനെ പറ്റിയായിരുന്നു അത് .. പുറത്തു പറഞ്ഞാൽ ഫലം നഷ്ടപ്പെടുന്നത്.

ആ ഓർമ്മയില്ല ..ഏതായാലും എന്നെയും എന്റെ വീട്ടുകാരെയും ഇത്രേം സ്നേഹിക്കുന്ന നരേട്ടനും ഷാജിയേട്ടനും ചതിക്കില്ല..അവർ പറഞ്ഞത് സത്യമായിരിക്കും .. ഞാൻ തലയുയർത്തി നോക്കുമ്പോൾ കാണുന്നത് ഞാൻ സംശയിച്ചതിൽ നൊമ്പരപെട്ടു കണ്ണുനിറയുന്ന നരേട്ടനെ ആശ്വസിപ്പിക്കുന്ന ഷാജിയേട്ടനെയാണ് അതോടു കൂടി അങ്കം കാണാൻ ഒത്തുകൂടിയവരും വീട്ടുകാരും എന്നെ കുറ്റപ്പെടുത്തി .. ഛെ പുല്ല് സംശയിക്കേണ്ടായിരുന്നു .. തലകുനിച്ചിരിക്കുന്ന എന്റെ തോളിൽ തട്ടികൊണ്ട്- ഷാജിയേട്ടന്റെ അടുത്ത സുഹൃത്തായ രാജു ഏട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന രാജ്‌നാഥ് – പറഞ്ഞു നീ കഴിഞ്ഞത് വിട് .. ആ വിമാനം കൊണ്ടുപോയി പറത്തി കളിക്ക് .. പോയ് ആഘോഷിക്ക് … പിന്നെ ആഘോഷത്തിന്റ പൂരമായിരുന്നു പലരും ആഘോഷം കണ്ട് അന്തം വിട്ടു .. അതിനിടയിലും ഞാൻ ഷെയ്ക്കിന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ നോക്കി..ഇല്യ അങ്ങേര് ആഘോഷിക്കുന്നില്ല .. എടുത്ത് വല്ല ഷോകേസിൽ വെച്ച് കാണും .. അല്ലേലും 600 രൂപക്ക്‌ വാങ്ങിയതിന് എന്ത് ആഘോഷിക്കാൻ.

അതുപോലെയാണോ എന്റേത് .. എങ്കിലും നരേട്ടനെ സംശയിക്കരുതായിരുന്നു .. വിമാനം പറത്തുന്നതിന്റിടെ അയൽവാസിയെ നോക്കിയപ്പോൾ ഷെയ്ക്കിനെ കണ്ണിലുടക്കി എന്തോ ഒരു പുഛ്ച ഭാവം ഉണ്ടോ ആ കണ്ണുകളിൽ .. എയ് അങ്ങേരും ചിലപ്പോൾ അറിഞ്ഞുകാണും അയാളുടെ വീമാനത്തിനെക്കാളും എന്തെക്കെയോ പ്രത്യേകതയുള്ളതാണ് എന്റെ വിമാനം എന്ന് ..ചുമ്മാതല്ല പുള്ളി ഷോകേസിൽ വെച്ച് പൂട്ടിയത്.ആഘോഷങ്ങൾക്കിടയിലും ചെറിയ നൊമ്പരം അവശേഷിച്ചിരുന്നു.ആഘോഷങ്ങൾക്കിടെ ഒരു സുഹൃത്ത് വന്നു പറഞ്ഞു അപ്പുറത്ത് നമ്മുടെ നരേട്ടനും ഷാജിയേട്ടനും പിന്നെയാ രാജുവും കൂടി ഗംഭീര ആഘോഷത്തിലാണ്. മിക്കവാറും നിന്നെ പറ്റിച്ചു കിട്ടിയ പണം അടിച്ചുപൊളിക്കുകയായിരിക്കും …ദേഷ്യം കൊണ്ട് സ്വയം നിയന്ത്രിക്കാനാവാതെ ഞാൻ സുഹൃത്തിന്റ കോളറിൽ കടന്നുപിടിച്ചു ആക്രോശിച്ചു … “എനിക്കറിയാം എന്റെ നരേട്ടനെ അങ്ങേര് ഞാൻ സന്തോഷിക്കുന്നത് കണ്ടുള്ള സന്തോഷത്തിന്റ ആഘോഷമാണ് നടത്തുന്നത് അല്ലാതെ നീ പറയുന്ന പോലെ പറ്റിച്ചിട്ടൊന്നുമില്ല. അപ്പോൾ എന്റെ ആക്രോശത്തിനും മുകളിയായി ആ മൂവർ ‘സംഘ’ത്തിന്റെ പൊട്ടിച്ചിരി മുഴങ്ങി നിന്നു .എന്താണെന്നറിയാത്ത എന്തോ ഒരു പ്രത്യേകതയുള്ള വിമാനവുമായി ഞാൻ ആഘോഷം തുടർന്നു