ബിജെപിയ്ക്കുവേണ്ടി നീരാഹാരം കിടക്കാൻ ആളില്ലെങ്കിൽ ഞാൻ തയ്യാറാണ് . അതിനായി ചില എഗ്രിമെന്റുകൾ

1148

 

Rajesh Shiva

1. ദിവസവും 5000രൂപ രാവിലെ തന്നെ എന്നെ ഏൽപ്പിക്കണം. മോദിജി നിരോധിച്ച നോട്ടുകൾ തരാൻ പാടില്ല. നല്ല ചൂട് മാറാത്ത നോട്ടു തന്നെ വേണം.

2. രാവിലെ ഒരു കാരറ്റ് ജ്യൂസ് (വെളുക്കാൻ നല്ലതാണത്രേ) , പത്തുമണിയോടെ ഒരു ആപ്പിൾ ജ്യൂസ്, പന്ത്രണ്ടുമണിക്കു മിൽക്ക് ഷേക് , രണ്ടു മണിയോടെ പൈനാപ്പിൾ ജ്യൂസ്, നാലുമണിക്ക് ഗോമാതാവിന്റെ പാലൊഴിച്ച ബ്രൂകോഫി, ഏഴുമണിയോടെ ഓറഞ്ച് ജ്യൂസ്, പത്തു മണിക്ക് മാതള ജ്യൂസ് (ആ സമയത്തു അത് പലതിനും നല്ലതാണു. വയാഗ്രയുടെ ഗുണമത്രേ) എന്നിവ നീരാഹാരമായി നൽകണം.

3. മോദിജി എന്നെ സന്ദർശിക്കണം. എന്നെ പുകഴ്ത്തി പുകഴ്ത്തി പറയണം . പയിനഞ്ചു ലക്ഷം എന്റെ അക്കൗണ്ടിൽ ഇട്ടുതരണം. ഹിമാലയത്തിൽ മൈനസ് ഡിഗ്രിയിൽ കുളിച്ച കഥ പറഞ്ഞുതന്നെന്നെ വിജൃംഭിതനാക്കണം. ആ കൈകൾ കൊണ്ടൊരു ചായ അടിച്ചുതരണം. മുതലയെ കൊന്ന ആ പോരാട്ടം അഭിനയിച്ചു കാണിക്കണം.

4. സ്ത്രീകളെ ആക്രമിച്ച സകല സംഘിഗുണ്ടകളും അതാതു സ്ത്രീകളുടെ വീട്ടിൽ ചെന്ന് മാപ്പു പറയണം. ധ്വജപ്രണാമം എന്ന് പറയുന്ന പോലെ അമ്മേ പ്രണാമം എന്ന് പറഞ്ഞായിരിക്കണം മാപ്പുപറച്ചിൽ തുടങ്ങേണ്ടത്. മാപ്പൊരു ശീലമായതിനാൽ അവർക്കതു ബുദ്ധിമുട്ടുണ്ടാകില്ല.

5 . എന്റെ ഫ്ളക്സ് കേരളം മുഴുവൻ വയ്ക്കണം… എന്റെ തല , എന്റെ ഫുൾ ഫിഗർ …..എന്റെ തല, എന്റെ ഫുൾ ഫിഗർ …..(അതിനടിയിൽ, നീരാഹാരം പ്രൊഫഷനായി സ്വീകരിച്ച ഇന്ത്യയിലെ ആദ്യത്തെ യുവാവ് എന്നുകൂടി എഴുതണം)

6 . ശബരിമലയിലെ യുവതീപ്രവേശനം പാർട്ടി അംഗീകരിക്കുന്നു. ഇനി പ്രക്ഷോഭങ്ങൾ ഉണ്ടാകില്ലെന്നും മലകയറുന്ന യുവതികൾക്ക് ഹനുമാൻ സീതയ്ക്കെന്നപോലെ സുരക്ഷയൊരുക്കാൻ അണികളോട് പറയുമെന്നും സമ്മതിക്കണം.

7 . പിന്നെന്തിനാണ് ഈ സമരം എന്ന് എന്നോട് ചോദിക്കാൻ പാടില്ല. എനിക്കാ ചോദ്യം കേൾക്കുന്നതേ അലർജിയാണ് . നമുക്ക് നീരാഹാരം വിജയിപ്പിക്കേണ്ടതുണ്ട്. മറ്റൊന്നും നമ്മുടെ മുന്നിലില്ല.

8 . സെക്രട്ടറിയേറ്റിനു മുന്നിലെ റോഡിലൂടെ നല്ല സുന്ദരിമാരായ സ്ത്രീകൾ എപ്പോഴും നടന്നുപോകും . അവരെ വീക്ഷിക്കാൻ സൗകര്യമൊരുക്കണം. എന്റെ മുന്നിൽ കാഴ്ച മുടക്കി പ്രവർത്തകർ ആരും ഇരിക്കാനും പാടില്ല.

9 . ബിജെപി നേതാക്കൾക്കും അണികൾക്കും എല്ലാ വാർഡുകളിലും ദിനംതോറും ഇന്ത്യാചരിത്ര പഠന ക്ളാസുകൾ, ശാസ്ത്ര ക്ളാസുകൾ, ഭരണഘടനാവബോധ ക്ളാസുകൾ എന്നിവ ഏർപ്പെടുത്തും എന്ന് സമ്മതിക്കണം. നേതാക്കൾ വായിക്കുന്ന ശുപ്പാണ്ടി കഥകൾ വേഗംതന്നെ പിൻവലിക്കാനും നിർദ്ദേശം നൽകണം.

10. മുകളിലെ ഒമ്പതു നിർദ്ദേശങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നെ പഞ്ഞിക്കിടരുതെന്ന് ജില്ലകൾ തോറും പ്രവർത്തകർക്ക് നിർദ്ദേശം നൽകണം. സത്യമായും അതൊന്നും പരിഹാസമല്ല. അംഗീകരിക്കുകയാണെങ്കിൽ, ഇപ്പോൾ നിരാഹാരം കിടക്കുന്ന നേതാവിന് “എടിയേ ചോറിൽ വെള്ളമൊഴിക്കണ്ടാ” എന്ന് ധൈര്യമായി വീട്ടിലേക്കു ഫോൺ ചെയ്യാം .