Vani Jayate

പല ഭാഷകളിലായി ഫിക്ഷണൈസ്ഡ് ആയും ഡോക്യൂമെന്ററി ആയും വന്നിട്ടുള്ളതാണ് വീരപ്പന്റെ ജീവിത കഥ. രണ്ടു സംസ്ഥാനങ്ങളിലായി കിടക്കുന്ന വിസ്തൃതമായ വനപ്രദേശം രണ്ടു പതിറ്റാണ്ടോളം കാലം തന്റെ വിഹാരരംഗമാക്കി – ഭരണകൂടത്തെയും നിയമസംവിധാനങ്ങളെയും മുൾമുനയിൽ നിർത്തി വന്നിരുന്ന ഒരു പ്രതിഭാസമായിരുന്നു വീരപ്പൻ. രണ്ടു സംസ്ഥാനങ്ങൾ തങ്ങൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ഫോഴ്സിനെ ഒറ്റയ്ക്ക് ഒറ്റയ്ക്കും ഒരുമിച്ചു ചേർത്തും ഉപയോഗിച്ച് ശ്രമിച്ചിട്ടും വീരപ്പന്റെ പ്രതാപകാലത്ത് അയാളുടെ അടുത്തെത്താൻ പോലും അവർക്ക് സാധിച്ചിരുന്നില്ല. കുറെ ആളുകൾക്ക് വീരപ്പൻ ഒരു ഹീറോ ആണ്… അതിലേറെ ആളുകൾക്ക് അയാൾ ദയയില്ലാത്ത അന്തകനും. എന്നാൽ ഏത് രീതിയിൽ വായിച്ചാലും ലോകത്ത് വേറെയൊരിടത്തും ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു പ്രതിഭാസമാണ് വീരപ്പൻ.

നെറ്ഫ്ലിക്സിൽ എന്നെങ്കിലും ഒരു സീരീസായി വീരപ്പന്റെ കഥ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. വീരപ്പന്റെ ആരാധകരുടെയും, അല്ലെങ്കിൽ അയാളെ എതിർക്കുന്നവരുടെയും ഭാഷ്യങ്ങൾ അല്ലാതെ, വാസ്തവങ്ങളെ വാസ്തവങ്ങളായി സമീപിക്കുന്ന ഒരു ആവിഷ്കാരം. പ്രതീക്ഷിച്ച പോലെ തന്നെ നെറ്ഫ്ലിക്സിൽ വന്നപ്പോൾ കാണാൻ കഴിഞ്ഞതും അത് തന്നെയാണ്. ഒട്ടും നിറപ്പകിട്ട് കൊടുക്കാതെ, പ്രേക്ഷകർക്ക് നെല്ലും പതിരും വേർതിരിച്ചെടുക്കാവുന്ന വീക്ഷണങ്ങളാണ് പകർത്തി വെച്ചിട്ടുള്ളത്. അതെസമയം വീരപ്പൻ എന്ന പ്രതിഭാസം എങ്ങിനെ ഉരുവായി എന്നുള്ളത് കൗശലപൂർവ്വം ഒഴിവാക്കിയിട്ടുണ്ട്. കാട്ടിലുള്ള വീരപ്പന് തുണയായി നാട്ടിലൊരു ഇക്കോസിസ്റ്റം തന്നെ നിലനിന്നിരുന്നു എന്ന് ചിന്തിക്കുന്നവർക്കെല്ലാം ഊഹിക്കാവുന്ന കാര്യമാണ്. കൊന്ന് തള്ളുന്ന ആനകളുടെ കൊമ്പുകളും, വെട്ടി നിരത്തുന്ന ചന്ദനമരങ്ങളുമൊക്കെ വിപണിയിൽ എത്തിച്ചിരുന്ന ഒരു സിസ്റ്റം.. രാജ്യത്തിന് പുറത്ത് വരെ നീളുന്ന ഒരു ശ്രുംഖല… വീരപ്പൻ ഇല്ലാതായിട്ടും ആ ഒരു സിസ്റ്റത്തെക്കുറിച്ച് ഇന്നും ആർക്കും ഒരു ധാരണയുമില്ല.

അത് ഒഴിച്ച് നിർത്തിക്കൊണ്ട്, വീരപ്പനെ വേട്ടയാടുന്ന ദൗത്യത്തെക്കുറിച്ചാണ്, വസ്തുതകളിലേക്ക് വെളിച്ചം വീശുന്ന ഈ പരമ്പര. വീരപ്പൻ എങ്ങിനെ ഒരു സാധാരണക്കാരനായ ആനവേട്ടക്കാരനിൽ നിന്നും സാധാരണ ജനങ്ങളുടെ മുതൽ ഭരകൂടത്തിന്റെ വരെ പേടിസ്വപ്നമായി മാറി എന്നതിലേക്ക് ഓരോ ഘട്ടത്തിലെയും നാഴികക്കല്ലുകൾ ആയി മാറിയ സംഭവങ്ങളിലൂടെ, കൃത്യമായ ഒരു ധാരണ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി മുതൽ വീരപ്പനെ വീഴ്ത്തിയ കണ്ണൻ വരെയുള്ള ഓരോരുത്തരും തങ്ങളുടെ ഭാഗത്തു നിന്നുള്ള വസ്തുതകൾ നിരത്തുന്നുണ്ട്. വീരപ്പന്റെ ക്രൂരകൃത്യങ്ങളെ വെള്ള പൂശാൻ ശ്രമിക്കുന്നില്ല, അതെ സമയം എസ് ടി എഫിന്റെ ഭാഗത്ത് നിന്നും നടന്ന ക്രൂരതകളെയും പരാമർശിക്കാതെ വിടുന്നില്ല. വിലയിരുത്താനുള്ള അവകാശം പ്രേക്ഷകർക്ക് വിട്ടു കൊടുത്തിട്ടാണ് നാല് എപ്പിസോഡുകളുള്ള ഒറ്റ ഇരുപ്പിന് കാണാവുന്ന മിനി സീരീസ് അവസാനിക്കുന്നത്. ശങ്കർ ബിദ്രിയെപ്പോലുള്ള എസ് ടി എഫ് നേതൃത്വത്തിന്റെ, അന്വേഷണ ഉദ്യോഗസ്ഥർക്ക് നിരക്കാത്ത വിധത്തിലുള്ള ക്രൂരമായ മുറകൾ, വീരപ്പനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ച തമിഴ് ദേശീയ-കമ്മ്യൂണിസ്റ്റ് തീവ്രവാദ കോക്ക്ടെയിലിന്റെ ശ്രമങ്ങൾ, രാജ്‌കുമാറിനെ തട്ടിക്കൊണ്ട് പോയ സംഭവത്തിലെ ഉള്ളുകള്ളികൾ എന്നിവയൊക്കെ തുറന്നു കാട്ടുന്നുണ്ട്.

വീരപ്പന്റെത് ഒരു വീരഗാഥയല്ല. ഒരു ചട്ടക്കൂടിനകത്തും നിർത്താൻ കഴിയാത്ത അതിന്റെ വ്യാപ്തിയിലും ആഴത്തിലും മനസ്സിലാക്കാൻ കഴിയാത്ത ഒരു പ്രതിഭാസമാണത്. ഇപ്പോൾ ഭൂമുഖത്തില്ല എന്നതിൽ ആശ്വസിക്കാവുന്ന ഒരു പ്രതിഭാസം. അതുകൊണ്ട് തന്നെ ശെൽവമണി ശെൽവരാജ് എന്ന സംവിധായകൻ ഒരു പക്ഷവും പിടിക്കാതെയാണ് വിഷയത്തെ അപ്പ്രോച്ച് ചെയ്തിരിക്കുന്നത്. വീരപ്പൻ ഒരു സഹതാപവും പരിഗണനകളും അർഹിക്കാത്ത കൊടും ക്രിമിനൽ ആയിരുന്നുവെന്നതിൽ ഒരു സംശയത്തിനും ഇടയില്ല. മാനുഷികമായ രീതിയിൽ ഇടപെട്ടിരുന്ന ഡിഎഫ്ഓ ശ്രീനിവാസയോട് ചെയ്ത ക്രൂരതകൾ അതിന്റെ ദൃഷ്ടാന്തമാണ്. സീരീസിൽ പറയുന്ന പോലെ വീരപ്പൻ ഒരു മൃഗമായിരുന്നു… കാട്ടിനുള്ളതിൽ വെച്ച് ഒരിക്കലും മെരുക്കാൻ കഴിയുമായിരുന്നില്ലാത്ത ഒരു വന്യമൃഗം. ഹണ്ട് ഫോർ വീരപ്പൻ – നെറ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നുണ്ട് .

Leave a Reply
You May Also Like

ഭീഷ്മ മോഹന്‍ലാലിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ആറാട്ട് സന്തോഷിന്റെ റിവ്യൂ

ഭീഷ്മ മോഹന്‍ലാലിന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് ആറാട്ട് സന്തോഷിന്റെ റിവ്യൂ ആറാട്ട് സിനിമ റിലീസ് ആയപ്പോൾ തിയേറ്ററിൽ…

പണ്ടുതൊട്ടേ നമ്മൾ കേട്ട കഥ, അതിന് ഒരു തരത്തിലും യോജിക്കാത്ത നടനും വില്ലനും ബാക്കിയുള്ളവരും

The Warrior (Telugu/Tamil) വാരിയർ സിനിമയുടെ പ്രെസ്സ് റിലീസിന്റെ അന്ന് സംവിധായകൻ ലിങ്കുസാമി വളരെ ഇമോഷണൽ…

ഷാജോണിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ‘ദൃശ്യ’ത്തിലേതല്ല , ‘ഇനി ഉത്തര’ത്തിലേതാണ്

മലയാള ചലച്ചിത്ര അഭിനേതാവും സംവിധായകനുമാണ് ഷാജി ജോൺ എന്ന കലാഭവൻ ഷാജോൺ (ജനനം:30 നവംബർ 1977)…

ആരാധകരുടെ ചങ്കിടിപ്പ് കൂട്ടി മാരാറി ബീച്ചിൽ നിന്നും വീണ്ടും സാനിയ ഇയ്യപ്പൻ

മാരാറി ബീച്ചിൽ നിന്നും സാനിയ ഇയ്യപ്പന്റെ മറ്റൊരു ഗ്ലാമർ ഫോട്ടോ ഷൂട്ട്. ഇത്തവണ താരം ബിക്കിനിയിൽ…