ഭാര്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ കൈ കടത്താതെ തന്നെ ഭാര്യയെ എങ്ങനെ സാമ്പത്തികമായി ചൂഷണം ചെയ്യാം ?

0
420

അജിത് സുദേവൻ

സാമ്പത്തിക രംഗത്തെ കുറിച്ച് സമഗ്രവും ആധികാരികവും ആയ വാർത്തകൾ കൊടുക്കുന്ന Dow Jones & Company യുടെ ഉടമസ്ഥതയിൽ ഉള്ള The Wall Street Journal, Barron’, എന്നിവയിലേക്ക് വരുന്ന സ്ത്രീകളുടെ കത്തുകൾ നിരീക്ഷിച്ചാൽ, സ്ത്രീകളെ സാമ്പത്തികമായി ചൂഷണം ചെയ്യാൻ അത്യാവശ്യം തന്ത്ര ശാലിയായ ഒര് പുരുഷന് നിസാരമാണ് എന്നും, അതിൽ ഇന്ത്യയെന്നോ അമേരിക്കയെന്നോ ഭേദം ഇല്ല എന്നും മനസിലാക്കാം.

Dow Jones & Company യുടെ തന്നെ ഉടമസ്ഥതയിൽ ഉള്ള MarketWatch ൽ അടുത്തിടെ വന്ന ഒര് സ്ത്രീയുടെ കത്തും അതിന്റെ ഉത്തരവും വായിച്ചാൽ ഭാര്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ കൈ കടത്താതെ തന്നെ, ഭർത്താവിന് വീടും, ജോലിയും ഉള്ള ഭാര്യയെ എങ്ങനെ സാമ്പത്തികമായി ചൂഷണം ചെയ്യാം എന്ന് മനസിലാകും.

2 വർഷത്തെ പ്രണയത്തിന് ശേഷം വിവാഹിതരായ പ്രസ്തുത ദമ്പതികൾ വിവാഹത്തിന് മുമ്പ് തന്നെ സാമ്പത്തിക വിഷയങ്ങളിൽ വ്യക്തമായ കരാറുകൾ ഉണ്ടാക്കിയിരുന്നു. ഭാര്യയുടെ ഉടമസ്ഥതയിൽ ഉള്ള വീട്ടിൽ വന്ന് ഭർത്താവ് താമസിക്കും. വീട് ഭാര്യയുടെ ഉടമസ്ഥതയിൽ ആയതിനാൽ അതിന്റെ അറ്റകുറ്റപ്പണി അടക്കം ഭാര്യ വഹിക്കണം.

വീട്ടിലെ ചെലവുകൾക്കായി ഭർത്താവ് മാസം 2000 ഡോളർ നൽകും. ശേഷിക്കുന്ന വരുമാനം അദ്ദേഹം സ്വന്തം ഇഷ്ടത്തിന് ചെലവഴിക്കും. ഭാര്യയുടെ വരുമാനം പൂർണമായും ഭാര്യയുടെ ഇഷ്ടത്തിന് ചെലവഴിക്കാം. അപ്പോളത്തെ ആവേശ പുറത്ത് ഭാര്യ ഈ വ്യവസ്ഥകൾ എല്ലാം അംഗീകരിച്ചു.

എന്നാൽ വിവാഹം കഴിഞ്ഞു 2 വർഷം കഴിഞ്ഞപ്പോൾ ആണ് ഭാര്യ തനിക്ക് പറ്റിയ മണ്ടത്തരം മനസിലാക്കിയത്. കാരണം പ്രസ്തുത കരാർ അനുസരിച്ചു വർഷം ഒര് ലക്ഷം ഡോളറിൽ ഉള്ള ഭർത്താവ് വരുമാനത്തിന്റെ കേവലം 25% മാത്രമേ കുടുബത്തിനായി ചെലവഴിക്കുന്നുള്ളു.

എന്നാൽ സമാന വരുമാനം ഉള്ള ഭാര്യ വീടിന്റെ വായ്പാ അടയ്ക്കാനും അറ്റകുറ്റപണികൾ എന്നിവയ്ക്കായി തന്നെ വർഷം വരുമാനത്തിന്റെ 30% ചെലവഴിക്കണം. വീട്ടിലെ ഇതര ചെലവുകളും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും ഒക്കെ കഴിയുമ്പോൾ ഭാര്യക്ക് പറയത്തക്ക വലിയ മെച്ചം ഒന്നും ഇല്ല. വീടിന്റെ ചെലവിന്റെ പകുതി എടുത്താൽ ഉടമസ്ഥതതയുടെ പകുതി നല്കാൻ ഭാര്യ തയ്യാറാണ് എന്നാൽ ഭർത്താവ് അതിന് തയ്യാറല്ല.

ഇതിലെ നായകനും നായികയും രണ്ടാം വിവാഹം കഴിച്ചവർ ആണ് 40 ന് അടുത്ത് പ്രായം ഉള്ളവരും ആണ്. അതായത് പ്രായവും ജീവിത അനുഭവങ്ങളും തുല്യതുല്യം. പ്രസ്തുത കരാർ അവർ രണ്ടിന്റെയും തീരുമാനത്തിൽ ഉണ്ടായതാണ്. എന്നിട്ടും ഭർത്താവിന് ഭാര്യയെ തികച്ചും ഏകപക്ഷീയമായ ഒര് സാമ്പത്തിക കരാറിൽ വിവാഹത്തിന് മുമ്പ് തന്നെ എത്തിക്കാൻ കഴിഞ്ഞു.

എന്താവും അതിന് കാരണം. അതിന് രണ്ട് സാധ്യതകളാണ് ഉള്ളത്. ഒന്നുകിൽ ഇവിടെയുള്ള എന്റെ വിയറ്റ്നാം കാരിയായ കൂട്ടുകാരി പറഞ്ഞപോലെ, സ്ത്രീകൾ സ്നേഹിക്കുന്നത് ഹൃദയം കൊണ്ടും പുരുഷൻ സ്നേഹിക്കുന്നത് തലച്ചോറ് കൊണ്ടുമാണ് എന്ന വാദം അംഗീകരിക്കേണ്ടി വരും.

അതല്ല എങ്കിൽ അതിനെ എതിർത്ത് ഞാൻ ഉയർത്തിയ വാദമായ മിക്ക സ്ത്രീകൾക്കും വേണ്ടത് തങ്ങളെ അംഗീകരിക്കുന്ന പങ്കാളിയെ അല്ല, മറിച്ചു സമൂഹം അംഗീകരിക്കുന്ന പങ്കാളിയെ ആണ്. അതുകൊണ്ടാണ് വിവാഹത്തിൽ സ്ത്രീകൾ കൂടുതൽ വിട്ട് വീഴ്ച ചെയ്യേണ്ടി വരുന്നത് എന്ന വാദം അഗീകരിക്കേണ്ടിവരും.