ഭര്‍ത്താവിന്റെ ശമ്പളം അറിയാന്‍ ഭാര്യക്ക് അവകാശമുണ്ടോ ?
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി
👉പെണ്‍കുട്ടികളുടെ പ്രായവും, പുരുഷന്‍മാരുടെ ശമ്പളവും രഹസ്യമായിരിക്കണമെന്നാണ് വെപ്പ്. ഭർത്താവ് ശമ്പള വിവരങ്ങള്‍ പറയാറില്ലെന്നുള്ളത് പല ഭാര്യമാരുടെയും പരാതിയാണ്. പ്രത്യേകിച്ച് ഹൗസ് വൈഫ് ആയി ‘ജോലി’ ചെയ്യുന്നവരുടെ. പലപ്പോഴും തങ്ങളുടെയും, കുഞ്ഞുങ്ങളുടെയും ചെറിയ ആവശ്യങ്ങള്‍ വലിയ സ്വപ്‌നങ്ങളുമായി നടക്കുന്ന ഭര്‍ത്താക്കന്‍മാരുടെ ചിന്തയില്‍ വരാറില്ല.വിവാഹിതയായ സ്ത്രീ എന്നുള്ള നിലയ്ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ ഭാര്യയ്ക്കും ,കുട്ടികള്‍ക്കും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താന്‍ ഭര്‍ത്താവ് നിയമപരമായി ബാധ്യസ്ഥനാണ്.
എന്നാല്‍ ഇതെല്ലാം ലഭ്യമാണെന്നതു കൊണ്ട് മാത്രം ഭര്‍ത്താവിന്റെ വരുമാനത്തെ കുറിച്ചോ ,സാമ്പത്തിക പ്രവര്‍ത്തനത്തെ സംബന്ധിച്ചോ ഭാര്യ അറിയേണ്ടതില്ലെന്ന് കരുതരുത്. ഇതു സംബന്ധിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധിയാണ് ഭാര്യമാര്‍ക്ക് ഇവിടെ രക്ഷയാകുന്നത്.മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവനുസരിച്ച് ഭര്‍ത്താവിന്റെ ശമ്പളവിവരങ്ങള്‍ അറിയാന്‍ ഭാര്യമാര്‍ക്ക് അവകാശമുണ്ട്. ബി എസ് എന്‍ എല്ലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെതിരെ ജീവനാംശ തുക കൂട്ടണമെന്ന് കാണിച്ച് വേറിട്ട് ജീവിക്കുന്ന ഭാര്യയാണ് കോടതിയെ സമീപിച്ചത്.
വലിയ ശമ്പളം വാങ്ങിയിട്ടും മാസം കുറഞ്ഞ തുകയായ 7,000 രൂപ മാത്രമേ തനിക്ക് നല്‍കുന്നുള്ളുവെന്ന് കാണിച്ചാണ് ഭാര്യ കോടതിയെ സമീപിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് ശമ്പള വിവരം ചോദിച്ചത്. ഒടുവില്‍ രണ്ടംഗ ബഞ്ച് ഭാര്യയ്ക്ക് അനുകൂലമായി വിധിച്ചു.പല ഭര്‍ത്താക്കന്‍മാരും ശമ്പള വിവരം പങ്കുവയ്ക്കുന്നതില്‍ അറിഞ്ഞോ, അറിയാതെയോ കൃത്യത പുലര്‍ത്താറില്ല എന്നതാണ് സത്യം. ഇത്തരം കേസുകളില്‍ മരണമോ, ഗുരുതരാവസ്ഥയോ പോലുള്ള അവസരങ്ങളുണ്ടായാല്‍ സാമ്പത്തിക വിവരങ്ങള്‍ കൈമാറാതിരിക്കുന്നത് കുടുംബത്തില്‍ പ്രതിസന്ധിയുണ്ടാക്കിയേക്കാം എന്ന ആശങ്ക ഭര്‍ത്താവുമായി പങ്ക് വയ്ക്കാം. എന്നിട്ടും ഫലമില്ലെങ്കില്‍ മധ്യവര്‍ത്തികളായി നല്ല സുഹൃത്തുക്കളെ ബന്ധപ്പെടുത്താം. പക്ഷെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ശമ്പള വിവരത്തിന് ശാഠ്യം പിടിക്കുമ്പോള്‍ തന്നെ ഭര്‍ത്താവിന്റെ സാമ്പത്തിക ബാധ്യത പങ്ക് വെക്കാനുള്ള മനസ് കാണിക്കുകയും അത് ബോധ്യപ്പെടുത്തുകയും വേണം.
💢 വാൽ കഷ്ണം💢
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരുടെ ശമ്പള വിവരങ്ങള്‍ അറിയാന്‍ അവകാശമുണ്ടോ എന്ന് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ഇതേ ചോദ്യത്തിനും ഉണ്ട് എന്നാണ് മറുപടി ലഭിച്ചത്.പൊതുമേഖലയില്‍ ജോലി ചെയ്യുന്നയാളുടെ ശമ്പള വിവരങ്ങള്‍ അറിയാന്‍ അയാളുടെ ഭാര്യയ്ക്ക് അവകാശമുണ്ട്. വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4(1) പ്രകാരം ഈ വിവരം സ്വമേധയാ വെളിപ്പെടുത്തേണ്ടതാണ് .
ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം പുറത്തു പറയുന്നതില്‍ അപാകതയില്ല. വിവരാവകാശ നിയമപ്രകാരം ആരെങ്കിലും ഇത് ചോദിച്ചാല്‍ പുറത്തുവിട്ടേ മതിയാകൂ. പൊതുസ്ഥാപനങ്ങളുടേത് പോലെ തന്നെയാണ് പൊതുസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ വിവരവും.ഭര്‍ത്താവിന്റെ സാലറി സ്ലിപ് വേണമെന്നാവശ്യപ്പെട്ട് ദില്ലി സ്വദേശിനിയായ ജ്യോതി ശെരാവതാണ് അപേക്ഷ സമര്‍പ്പിച്ചത്. ഭാര്യയ്ക്ക് ശമ്പളവിവരങ്ങള്‍ നല്‍കരുത് എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഡിപ്പാര്‍ട്ട്‌മെന്റിന് കത്ത് നല്‍കിയതോടെയാണ് സംഭവം വിവരാവകാശ കമ്മീഷന് മുന്നിലെത്തിയത്.
📌 കടപ്പാട്: വിവരാവകാശ കമ്മീഷൻ