പലരും ആരോപിക്കുന്നതുപോലെ ഞാൻ ഒരു നിർമതനോ നിരീശ്വരവാദിയോ അല്ല.

 

ഞാൻ, ദൈവത്തിലും ദൈവവിധികളിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരു വിനീതഭക്തൻ!പലരും ആരോപിക്കുന്നതുപോലെ ഞാൻ ഒരു നിർമതനോ നിരീശ്വരവാദിയോ അല്ല. ഞാനും ഒരു മത പശ്ചാത്തലത്തിൽ ജനിച്ചവനാണ്. അതുകൊണ്ടുതന്നെ ഞാൻ നിരമതനാണെന്ന് പറഞ്ഞാലും എന്നിൽ ജന്മനാ ആരൊപിതമായ മതക്കാരനായേ ആളുകൾ എന്നെ കണക്കാക്കുകയുള്ളൂ. എനിക്ക് മതമില്ലെന്നൊക്കെ പറഞ്ഞാൽ അതിന്റെ അർത്ഥം എനിക്ക് എല്ലാ മതക്കാരും ഒരുപോലെയാണ് എല്ലാവരെയും മനുഷ്യരായി കാണുന്നു എന്നൊക്കെയേ അതിനർത്ഥമുള്ളൂ. നിർമതനല്ല എന്നതുപോലെ ഞാൻ ദൈവനിഷേധിയും അല്ല. ദൈവം ഉണ്ടെന്നു തന്നെയാണ് വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നത്. ദൈവത്തിനു ശക്തിയുള്ളതുകൊണ്ടണല്ലോ ദൈവത്തിൽ വിശ്വസിക്കുന്നത്. അപ്പോൾ ദൈവത്തിന്റെ ശക്തിയിൽ ഞാൻ ഒട്ടും തന്നെ സംശയാലുവല്ല. ദൈവം സർവ്വശക്തനാണ്. സർവ്വം സൃഷ്ടിച്ച് പരിപാലിക്കുന്നവനാണ്. പിന്നെ എന്തൊകൊണ്ട് ഞാൻ പ്രാർത്ഥിക്കുന്നില്ല എന്നാണ് ചോദ്യമെങ്കിൽ ദൈവത്തെ എനിക്ക് നന്നായി അറിയാവുന്നതിനാൽ പ്രാർത്ഥന നിരർത്ഥകമണെന്ന് ഞാൻ വിശ്വസിക്കുന്നു എന്നാണ് എന്റെ ഉത്തരം.

അതായത് ആർക്കും പ്രാർത്ഥിച്ച് കീഴടക്കാവുന്ന ഒരാളല്ല ദൈവം എന്നാണ് എന്റെ വിശ്വാസം. കാരണം ദൈവവിശ്വസിയാകുന്നിടത്ത് നിർബന്ധമായും ഞാനൊരു വിധി വിശ്വാസികൂടിയാകുന്നു. ദൈവം എല്ലാം മുൻകൂട്ടി നിശ്ചയിച്ചു വച്ചിട്ടുണ്ട്. എത്ര പ്രാർത്ഥിച്ചാലും ദൈവം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളത് മാത്രമേ നടക്കൂ. ദൈവത്തിന്റെ ഓരോ നിശ്ചയത്തിനും ഓരോ അർത്ഥങ്ങളുണ്ടാകും. ലക്ഷ്യങ്ങളുണ്ടാകും. ഞാൻ ഏത് അച്ഛന്റെ മകനായി ഏത് അമ്മയുടെ മകനായി എവിടെ ജനിക്കണമെന്നും എവിടെ എങ്ങനെയെല്ലാം ജീവിക്കണമെന്നും ഞാൻ ജീവിതത്തിൽ എന്തൊക്കെ ചെയ്യണമെന്നും എന്തൊക്കെ ആകണമെന്നും എവിടെ വച്ച് എപ്പോൾ എങ്ങിനെ മരിക്കണം എന്നും എല്ലാം ദൈവം നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ട്. അതിനാണല്ലോ തലേലെഴുത്ത് തലേലെഴുത്ത് എന്നു പറയുന്നത്. തലേലെഴുത്തിന് പിടലീൽ ചൊറിഞ്ഞിട്ട് കാര്യമില്ലെന്ന് പറയുന്നതും അതുകൊണ്ടാണ്. ഞാൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും ദൈവം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. അത് മാത്രമേ എന്റെ ജീവിതത്തിൽ ഉടനീളം എനിക്ക് ചെയ്യാൻ കഴിയുകയുള്ളൂ. ഞാൻ ചെയ്യുന്ന ഒരു കാര്യം പാതിവഴിക്ക് ഉപേക്ഷിച്ചാൽ അതും ദൈവം അങ്ങനെ നിശ്ചയിച്ചിട്ടുള്ളതുകൊണ്ടാണ്. ഞാനെടുക്കുന്ന ഓരോ തീരുമാനവും ദൈവത്തിന്റെ കൈയ്യൊപ്പുള്ളതും നേരത്തേ കൂട്ടി ദൈവത്താൽ വിധിക്കപ്പെട്ടിട്ടുള്ളതുമാണ്.

പിന്നെ ഞാൻ യുക്തിവാദികളുടെ പക്ഷം ചേർന്ന് ദൈവ നിഷേധവും നിർമതത്വവും പറഞ്ഞ് നടക്കുന്നതെന്തുകൊണ്ടെന്ന് ചോദിച്ചാൽ അതും ദൈവം മുമ്പേ തന്നെ എന്റെ തലയിൽ എഴുതി വച്ചിരിക്കുന്നതാണ്. ഞാൻ യുക്തിവാദവും നിരീശ്വരവാദവും നിർമതത്വവും അവകാശപ്പെടാൻ കഴിയും വിധം ജീവിച്ചുകൊള്ളണമെന്നാണ് ദൈവ നിശ്ചയം. ഇനി മറിച്ച് ഞാൻ മത പക്ഷപാതിയും ഈശ്വരവാദിയുമായി എപ്പോഴെങ്കിലും ജീവിക്കണമെന്ന് ദൈവം തലേലെഴുതി വച്ചിട്ടുണ്ടെങ്കിൽ ഞാൻ ആ രൂപത്തിലേക്ക് പരിവർത്തിതനാകുക തന്നെ ചെയ്യും. അതിനെ എനിക്ക് തടയാനാകില്ല. കാരണം ദൈവ നിശ്ചയം തന്നെ. മുൻകൂട്ടി അപേക്ഷകൊടുത്ത് എനിക്കിഷ്ടപ്പെട്ട രീതിയിൽ ജനിച്ച് വളർന്ന് മരിക്കാൻ കഴിയില്ല എന്നതുപോലെ തന്നെ അപേക്ഷകൊടുത്ത് എന്റെ തലേലെഴുത്തുകളെ അഥവാ വിധികളെ മാറ്റി വാങ്ങാനും കഴിയില്ല. കാരണം ദൈവത്തിന്റെ തീരുമാനങ്ങൾ അത്രമേൽ ഉറച്ചതാണ്.
ഞാൻ ഒരാളാൽ കൊല്ലപ്പെടണമെന്ന് നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഞാൻ ഭൂഗർഭ അറയുണ്ടാക്കി അതിനുള്ളിൽ ഒളിച്ചിരുന്നാലും ഞാൻ കൊല്ലപ്പെടുകതന്നെ ചെയ്യും. പക്ഷെ ആ കൊല്ലപ്പെടുന്നവൻ പിടിക്കപ്പെട്ട് ജയിലിൽ അടയ്ക്കപ്പെടണമെന്നാണ് ദൈവ നിശ്ചയമെങ്കിൽ അപ്രകാരം സംഭവിക്കും. അതല്ല അവന് ആയുഷ്കാലം പിടികിട്ടാപ്പുള്ളിയായി സ്വസ്ഥം ജീവിച്ചു പോകാനാണ് ദൈവ വിധിയെങ്കിൽ അവൻ രക്ഷപെട്ട് ജീവിക്കും. എന്നെ കൊന്നതാരെന്ന് തന്നെ തെളിയിക്കപ്പെടാതെ പോകാനാണ് ദൈവ നിശ്ചയമെങ്കിൽ പിന്നെ പോലീസ് അന്വേഷണങ്ങൾ കൊണ്ടൊന്നും ഒരു പ്രയോജനവും ഇല്ല. പക്ഷെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കണം എന്ന ദൈവ വിധിയിൽ നിന്ന് പുറത്തു കടക്കാൻ പോലീസിനുമാകില്ല. ദൈവവിധിപ്രകാരം നിഷ്ഫലമെങ്കിലും അന്വേഷിച്ചുകൊണ്ടിരിക്കുകയല്ലാതെ തരമില്ലല്ലോ! ഒരുത്തനെ കൊല്ലുന്നത് ദൈവ വിധിയാണെങ്കിൽ പിന്നെ കൊലയാളിയെ ശിക്ഷിക്കേണ്ടല്ലോ എന്ന് കരുതിയെങ്കിൽ തെറ്റി. അവൻ ജയിലിൽ കിടക്കണമെന്ന് ദൈവം മുന്നേ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അവൻ എത്ര വക്കീലിനെ വച്ച് വാദിച്ചിട്ടും കാര്യമില്ല. ചിലപ്പോൾ കേസ് വാദിച്ച് വാദിച്ച് ആ വക്കീലും വാദം കേട്ട് കേട്ട് സ്വയം ശിക്ഷ വിധിച്ച് മജിസ്ട്രേറ്റ് പോലും അകത്തു പോയിരിക്കും. കാരണം ദൈവവവിധി അവരുടെ കാര്യത്തിൽ അങ്ങനെയൊക്കെ ആകാം.

ഇനി ഇതൊക്കെ വായിച്ച് എനിക്ക് വട്ടാണെന്ന് നിങ്ങൾ കരുതുന്നെങ്കിൽ നിങ്ങൾ അങ്ങനെ കരുതണമെന്ന് ദൈവം നിങ്ങളുടെ തലയിൽ എഴുതി വച്ചിട്ടുള്ളതും അത് സമ്മതിച്ചു തരാതിരിക്കാനുള്ള ദൈവവിധി എന്നിലും ഉൾച്ചേർന്നിട്ടുള്ളതുമാകുന്നു. എന്നെ വന്ന് പിടിച്ച് വല്ല ഭ്രാന്താശുപത്രിയിലോ കൊണ്ടു പോകാനാണ് നിങ്ങളുടെ പരിപാടിയെങ്കിൽ, അവിടെ കൊണ്ടുചെല്ലുമ്പോൾ എന്റെ മറുവാദം സ്വീകരിച്ച് ഡോക്ടർ നിങ്ങളെ പിടിച്ച് അകത്തിട്ട് ചികിത്സിക്കണമെന്നാണ് ആ ഡോക്ടറുടെ തലയിൽ ദൈവം എഴുതി വച്ചിട്ടുള്ളതെങ്കിൽ നിങ്ങൾ പെട്ടതുതന്നെ. പിന്നെ അവിടെ കിടന്ന് നിങ്ങൾക്കല്ല, എനിക്കാണ് വട്ടെന്നൊന്നും പുലമ്പിയിട്ട് ഒരു കാര്യവുമില്ല. ദൈവത്തെയോ ദൈവത്തിന്റെ വിധികളേയോ മറികടക്കാൻ ആർക്കും കഴിയില്ല. ഇതൊക്കെ എന്നെക്കൊണ്ട് എഴുതിക്കാനുള്ള മുൻവിധി തലേകെഴുതിവച്ച ദൈവം ഇത് വായിച്ച് കൺഫ്യൂഷനിലായി എല്ലാം ഇട്ടെറിഞ്ഞ് പോകുമോ എന്നാണ് ഇപ്പോൾ എന്റെ ഒടുക്കത്തെ സംശയം!