ആ 130 കോടിയിൽ ഞാനില്ല, ഞാനില്ല എന്ന് ഇപ്പോൾ മാത്രം പറഞ്ഞിട്ട് കാര്യമില്ല

172

ആ 130 കോടിയിൽഞാനില്ല എന്ന് പ്രഖ്യാപിക്കുന്ന മല്ലുപ്രൊഫൈലുകളാണ് ഇന്നലത്തെ എഫ്ബി ഹൈലൈറ്റ്. അതിൻ്റെ ഉദ്ദേശശുദ്ധിയെയും പ്രതിഷേധസ്വഭാവത്തെയും മാനിച്ചുകൊണ്ട് തന്നെ പറയട്ടെ, സഹതാപാർഹമാണ് നമ്മുടെ നില. ഒരു മതേതര ജനാധിപത്യരാജ്യമാണ് ഇന്ത്യ എന്ന ബോധമുള്ള ആരും പ്രധാനമന്ത്രിയുടെ നിലപാടിനോടും കേന്ദ്രത്തിൻ്റെ പ്രവർത്തിയോടും ഐക്യപ്പെടാനാകില്ലയെന്നിരിക്കെ, “ഞാൻ” “ഞാൻ” എന്ന് വിളിച്ചുചൊല്ലി പ്രതിഷേധിക്കുന്നതിൽ വല്ലാത്ത ആത്മവിശ്വാസക്കുറവ് പ്രകടമാണ്.

ഇങ്ങനെ സത്യവാങ്ങ്മൂലം എഴുതി പോസ്റ്റ് ചെയ്യാത്തവർ 130 കോടിയിൽ പെടുന്നു എന്നാണോ?!സംഘികളിൽ തന്നെ ഒരു വലിയവിഭാഗം നിശബ്ദരാണെന്നതും സംഘികൾക്ക് വെള്ളവും വളവും നൽകിപ്പോരുന്ന നിഷ്പക്ഷയോളികൾ പതിവുപോലെ ചത്തുകുത്തിയിരിക്കയാണ് എന്നതും കാണാതെ പോകരുത്. കാരണം, അഭിമാനബോധമുള്ള ഇന്ത്യക്കാരനാണോ, ഇത് അപമാനനിമിഷമാണ് എന്നതാണ് സാമാന്യബോധം.അത് വിശേഷിച്ചു പറയേണ്ടതില്ലാത്ത രാജ്യമാണ് നാം എന്നതാണ് പ്രതിഷേധസ്വരമായുയർത്തേണ്ടത്. ഇന്ത്യയെന്ന മതേതര-ജനാധിപത്യ റിപ്പബ്ലിക്കിൻ്റെ എല്ലാ സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും അനുഭവിച്ച ജീവിച്ചിട്ടും രാജ്യത്തെ ലോകസമക്ഷം അപമാനിച്ചതിൽ അഭിമാനിക്കുന്ന രാജ്യദ്രോഹികളുണ്ടെങ്കിൽ അവർ തുറന്നുപറയട്ടെ, ഞാൻ അഭിമാനിക്കുന്നുവെന്ന്. നമുക്ക് വേണ്ടി സംസാരിക്കാൻ ഈ മഹാരാജ്യത്തിൻ്റെ ചരിത്രമുണ്ട്, സ്വാതന്ത്ര്യസമരപോരാട്ടങ്ങളുണ്ട്, ഭരണഘടനയുണ്ട്.അവ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ മുദ്രാവാക്യങ്ങളെ വ്യക്തിപരതയിലൊതുക്കി ദുർബലമാക്കരുത്. കുപ്രസിദ്ധിയും കുറ്റകൃത്യങ്ങളും കുത്സിതപ്രവർത്തികളും നുണകളും കൊണ്ട് വളർച്ച നേടുന്നവർക്ക് അതൊരു സാധൂകരണമായി മാറും. നാമാണിന്ത്യയുടെ അവകാശികൾ. നമ്മുടെ മുൻതലമുറ നാടിനായി രക്തം ചിന്തുമ്പോൾ സായിപ്പിൻ്റെ ഷൂ നക്കിയവരുടെ പിന്മുറക്കാർ നമ്മെ അഭിമാനം പഠിപ്പിക്കാൻ വരേണ്ടതില്ല.

ആ 130 കോടിയിൽ ഞാനില്ല, ഞാനില്ല എന്ന് ഇപ്പോൾ മാത്രം പറഞ്ഞിട്ട് കാര്യമില്ല. പറയേണ്ട സമയങ്ങളിൽ പറയാനോ തിരുത്തി ക്കേണ്ട വ തിരുത്തിക്കാനോ നമുക്ക് കഴിഞ്ഞിരുന്നോ ? മൗനം കൊണ്ട് സമ്മതം നല്കുകയായിരുന്നില്ലേ നാം ഇന്ത്യൻ ജനതയെ ഇത്രമേൽ മതാതിഷ്ഠിത സമൂഹ മാക്കി മാറ്റാൻ വർഗീയ ശക്തികൾക്ക് കഴിഞ്ഞു എന്നതാണ് വസ്തുത. അധികാരത്തിനു വേണ്ടി മത വികാരത്തെയും ജാതിബോധത്തെയും താലോലിക്കുകയും പ്രീണിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കോൺഗ്രസ്സും സിപി എമ്മും ഒക്കെ ഇതിന്റെ ഉത്തരവാദികളാണ്. നെഹ്‌റുവിനു ശേഷം വന്ന കോൺഗ്രസ് സർക്കാരുകൾ അധികാരം നിലനിർത്താൻ വർഗീയ വാദികൾക്ക് കീഴടങ്ങുകയായിരുന്നു എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.

കേരളത്തിലും ചേകന്നൂരും അഭയയും തൊട്ട് പാലത്തായി വരെ യുള്ള സംഭവങ്ങളും സി പി സുഗതനും തുഷാർ വെള്ളാപ്പിള്ളി യും പോലെ യുള്ള വ്യക്തികളുമൊക്ക ചില സമീപകാല ഉദാഹരണങ്ങളായി നമുക്ക് മുന്നിലുണ്ട്. ലോക്നാഥ് ബെഹ്‌റ യെപോലെ ഒരാൾ തന്നെ കേരളത്തിന്റ ഡിജിപി യായി വന്നതും സീതാറാം യച്ചൂരി യെപ്പോലൊരു നേതാവ് രാജ്യസഭയിൽ ഇല്ലാതെ പോയതിനു പിന്നിലും വർഗീയ ശക്തികളുമായുള്ള ഒത്തുതീർപ്പു കഥകളുണ്ടായിരിക്കാം. ഇനിയും വർത്തമാനകാല യാഥാർഥ്യങ്ങൾ ഉൾകൊള്ളാൻ മതേതര രാഷ്ട്രീയ സമൂഹം തയ്യാറാകണം. താൽക്കാലികനേട്ടങ്ങൾക്കും ന്യായവാദങ്ങൾക്കും വേണ്ടിയുള്ള വിഴുപ്പലക്കൽകൊണ്ട് വർഗീയവാദികൾ ക്കാണ് നേട്ടമുണ്ടാകുന്നത്. ഒന്നിച്ചുനിൽക്കാൻ പ്രതിപക്ഷങ്ങൾക്ക് കഴിയണം. ഇപ്പോഴത്തെ അവസ്ഥ യിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നത് ശരിയാണോ എന്ന് ഇടതു പക്ഷം പരിശോധിക്കണം
അതു കൊണ്ട് ആ കോടികളിൽ ഞാനില്ല ഞാനില്ല എന്ന് പ്രഖ്യാപിക്കുമ്പോഴും ഞാനുമുണ്ട് ഞാനുമുണ്ട് എന്ന് വിളിച്ചു പറയാനുമുള്ള കോടികളും നമുക്ക് ഇവിടെ ഉണ്ടാകണം, ഉണ്ടാക്കണം.