I Still Hide to Smoke (2016)
Arabic
18+
ബി.ജി.എൻ വർക്കല
മതം മനുഷ്യനിൽ പ്രത്യേകിച്ചും സ്ത്രീ വർഗ്ഗത്തിൽ , തൻ്റെ ദ്രംഷ്ടങ്ങൾ എത്ര ആഴത്തിൽ പതിപ്പിച്ചിരിക്കുന്നു എന്ന് നാം തിരിച്ചറിയാൻ ശ്രമിക്കാറില്ല എന്നതാണ് വാസ്തവം. പുരുഷൻ്റെ പുരുഷദൈവം സ്ത്രീക്ക് കീഴടങ്ങി ജീവിക്കാൻ ഉള്ള ഒരടിമ ജീവിതമാണ് വാഗ്ദാനം ചെയ്യുന്നത്. അതിൽ അവർ സന്തുഷ്ടരാകണം എന്നൊരു അലിഖിത നിയമം മതം ദൈവം എന്നിവ നല്കുന്നുണ്ട്. അതിനാൽത്തന്നെ , അത്തരം ഇടങ്ങളിൽ നിന്നുള്ള ചെറിയ കുതറിമാറലുകൾ പോലും വലിയ ശബ്ദങ്ങളും വരാനിരിക്കുന്ന വിപ്ലവങ്ങളുമാണ്. അൾജീരിയയിൽ ആണ് ഈ സിനിമ പശ്ചാത്തലമാകുന്നത്. യുദ്ധത്തിൻ്റെ, പ്രക്ഷോഭങ്ങളുടെ അഗാധമായ വടുക്കൾ വീണ കെട്ടിടങ്ങളും നിരത്തും ജീവിതങ്ങളും കാണിച്ചു കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്.
വെറും ഭോഗവസ്തുവായ സ്ത്രീയെ തൻ്റെ സ്ഖലനയന്ത്രമാക്കുന്ന പുരുഷപ്രകൃതങ്ങളെ കാട്ടിക്കൊണ്ട് കഥയാരംഭിക്കുന്നു. നമ്മുടെ നാട്ടിൽ പണ്ടൊക്കെ സ്ത്രീകൾ അവരുടെ ജീവിത ഭാരത്തിൻ്റെ നോവും പുളിപ്പും മധുരവും ഒക്കെയും പങ്കുവച്ചിരുന്ന ഇടമായിരുന്നല്ലോ കുളിക്കടവുകൾ. ഇത്തരത്തിലൊരു സ്നാനഗ്രഹത്തിലേക്ക് മർദ്ദനമേറ്റു ചോരയൊലിപ്പിച്ചു കൊണ്ടു ഒരു ഗർഭിണിയായ യുവതി ഓടിക്കയറുന്നിടത്ത് കഥ ഉദ്വേഗജനകമാകുന്നു. പതിയെ അവിടേക്ക് സ്ത്രീകളും കുട്ടികളും കുളിക്കുവാനായി എത്തുന്നു. അവരിലൂടെ , അവരുടെ വർത്തമാനങ്ങളിലൂടെ ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളുടെ കാഴ്ചപ്പാടുകൾ, ഇസ്ലാമിലെ തീവ്രവാദമുഖവും പുരുഷ മേൽക്കോയ്മയുടെ ഇരുണ്ട വശങ്ങളും കാഴ്ചക്കാരിലേക്ക് പകരുന്നു. ഇസ്ലാംമതവിശ്വാസത്തിലെ സ്ത്രീവിരുദ്ധതയും കാഴ്ചപ്പാടുകളും ഖുറാൻ വിമർശനവുമൊക്കെ അവർക്കിടയിൽ വലിയ ചർച്ചകളാകുന്നതായി കാണാം. പുകവലിക്കുന്നത് വേശ്യാസ്ത്രീകൾ ആണെന്ന കാഴ്ചപ്പാടിനെയും, ഒളിച്ചെങ്കിലും ഒന്നു പുകവലിക്കാൻ ഉള്ള ത്വരകളും ചിത്രം പങ്കുവയ്ക്കുന്നു.
ദാമ്പത്യ ജീവിതത്തിൻ്റെ ക്രൗര്യതയെ ആശ്ളേഷിച്ചും വെറുത്തും പരസ്പരം ചിന്താഗതികളുടെ ശരിതെറ്റുകളെ വിലയിരുത്തിയും ആ സ്നാനഗേഹം ചടുലമായ് നില്ക്കുന്നു. ദുരഭിമാന കൊലയ്ക്കായി ഗർഭിണിയായ സഹോദരിയെ തേടി വരുന്ന ചെറുപ്പക്കാരനും മതമേധാവിയും യുവജന സംഘവും ദൈവനാമം ഉരുവിട്ട് കൊണ്ട് ആ സ്നാന ഗേഹത്തിൽ കടന്നുകയറ്റം ചെയ്യാൻ ശ്രമിക്കുമ്പോൾ , ഭയന്നു നില്ക്കുന്ന സ്ത്രീകളിൽ നിന്നും ഒരു യുവതി അവർക്കിടയിലേക്ക് കളം മാറി ചവിട്ടി ,ദൈത്തിന് വേണ്ടി രക്തസാക്ഷിയായ ഒരുവൻ്റെ വിധവയെന്ന ആദരവ് വാങ്ങി സുരക്ഷിതയാകുന്നു. പ്രസവവേദന കൊണ്ടു പുളയുന്ന ആ യുവതിയെ രക്ഷിക്കാൻ, അവളുടെ ചെരുപ്പും അണിഞ്ഞ്, ഗർഭിണിയായ് നടിച്ചു സ്നാന ഗൃഹത്തിൻ്റെ നടത്തിപ്പുകാരിയുടെ മകൾ പുറത്തു വരികയും സഹോദരൻ അവളെ കുത്തിക്കൊല്ലുകയും ചെയ്യുന്നു. മകൾ കൊല്ലപ്പെട്ടത് കണ്ട അമ്മ ആ യുവാവിനെ കൊല്ലുന്നതോടെ സംഘം പിരിഞ്ഞു പോകുന്നു.
ചിത്രം അവസാനിക്കുമ്പോൾ വിമോചനത്തിൻ്റെ പ്രതീക്ഷ പോലെ എല്ലാ വീടുകളിൽ നിന്നും പറന്നു പോകുന്ന കറുത്ത മേൽവസ്ത്രങ്ങളെ നോക്കി വിട പറഞ്ഞ് കൈ വീശുന്ന കൊച്ചു പെൺകുട്ടി മതത്തിൻ്റെ സ്ത്രീവിരുദ്ധതയ്ക്കുള്ളിൽ അവരെത്ര അടക്കിപ്പിടിക്കുന്നു എന്നത് വെളിവാക്കുന്നു. വസ്ത്രം എന്റെ സ്വാതന്ത്ര്യം എന്നു പറഞ്ഞ് ഇവിടെ സമരം ചെയ്യുന്നവർക്ക് മുന്നിൽ ഇറാനിലെ സ്ത്രീകൾ തെരുവിൽ മരണം വരിക്കുന്ന കാഴ്ച അലോസരപ്പെടുത്തുന്ന പോലെ ഈ ചിത്രവും ഉറക്കം നഷ്ടപ്പെടുത്തുക തന്നെ ചെയ്യും. സ്നാനഗേഹത്തിൻ്റെ പശ്ചാത്തലമായതിനാൽചെറിയ കുട്ടികൾ തൊട്ട് വൃദ്ധർ വരെയുള്ളവരുടെ നഗ്നത ചിത്രത്തിൽ വരുന്നതിനാൽ ചിത്രം 18+ കാറ്റഗറിയായി വിലയിരുത്തുന്നു. സംവിധാനം ചെയ്ത വനിതയുടെ ധീരതയെ അഭിനന്ദിക്കുന്നു.