Sajna Ali
I still hide to smoke (Algerian)
സ്വാതന്ത്ര്യം എന്നത് ഏതൊരു മനുഷ്യനും ഏതൊരാവസ്ഥയിലും ആഗ്രഹിക്കുന്ന ഒന്നാണ്. പക്ഷെ ഒരു സ്ത്രീ എന്നത് കൊണ്ട് മാത്രം സ്വതന്ത്രയായിരിക്കുക എന്നത് ഇപ്പോഴും എല്ലാ ഇടങ്ങളിലും നടപ്പിലാക്കാൻ കഴിയാത്ത സമൂഹത്തിലാണ് നാമെല്ലാം ജീവിക്കുന്നത്. ഇതിന്റെ ഒരു നേർകാഴ്ച ആണ് സംവിധായകയായ റൈഹാനയുടെ ആദ്യ സിനിമ ആയ I Still Hide To Smoke.
ആഭ്യന്തര കലാപങ്ങൾ നടക്കുന്ന അൾജീരിയയിലെ, നമുക്കൊന്നും വലിയ പരിചിതമല്ലാത്ത ഒരു ലൊക്കേഷനായ ഒരു കുളിപ്പുരയിൽ നിന്നാണ് കഥ പറയുന്നത്. ഓരോ ദിവസവും സമൂഹത്തിലെ പല വിഭാഗക്കാരായ സ്ത്രീകൾ അവരുടെ ഇഷ്ടങ്ങളും രഹസ്യങ്ങളും ഭയവും പ്രതീക്ഷയും എല്ലാം പങ്കു വെക്കുന്ന ഒരിടം. അടുത്തിടെ വിവാഹമോചിത ആയ ഒരു യുവതിയും അവളുടെ മുൻ അമ്മായിയമ്മയും, ഒരു തീവ്രവാദ ഗ്രൂപ്പിന്റെ അന്തരിച്ച നേതാവിന്റെ വിധവയും, അവരുടെ കുടുംബം തുടച്ചുമാറ്റപ്പെടുന്നതിന് സാക്ഷ്യം വഹിച്ച ശേഷം സംസാരശേഷി നഷ്ടപ്പെട്ട ഒരു പെൺകുട്ടിയും അങ്ങനെ തികച്ചും വിപരീതങ്ങളായ കുറെ ജീവിതങ്ങൾ. എല്ലാവരിലും പൊതുവായി പറയാൻ ഉള്ളത് അസമത്വവും അന്യായവും നിറഞ്ഞ ലോകത്തു ജീവിക്കുന്നവർ എന്ന് മാത്രം.
ഈ തുർക്കിഷ് കുളിപ്പുരയുടെ നടത്തിപ്പുകാരിയായ ഫാത്തിമയെ ഭർത്താവ് ബലാത്സംഗം ചെയുന്നിടത്തു നിന്നാണ് സിനിമ തുടങ്ങുന്നത് ശേഷം കുളിപ്പുരയിൽ എത്തി കുളിച്ചു സിഗരറ്റ് വലിച്ചിരിക്കുന്നിടത്തു നിന്ന് തന്നെ ആ കുളിപ്പുര അത് പോലെ പല തരത്തിൽ ഉപയോഗിക്കപ്പെടുന്ന സ്ത്രീകൾക്കുള്ള ഒരു അഭയകേന്ദ്രമായി വർത്തിക്കുന്നു എന്ന് കാണിക്കുന്നുണ്ട്. അവരിൽ എല്ലാവരും തന്നെ അസന്തുഷ്ടരല്ല, എന്നാൽ ഇഷ്ട്ടങ്ങളോ ഇഷ്ടക്കേടുകളോ വ്യക്തമായി പ്രകടിപ്പിക്കാൻ കഴിയാത്തവരും അവരിൽ ഉണ്ട്. ഇവരുടെ ഇടയിലേക്ക് പതിനാറുകാരിയായ മരിയം എന്ന ഗർഭിണി വന്നു കയറുകയും അവളുടെ പിന്നാലെ വരുന്ന അവളുടെ സഹോദരനിൽ നിന്ന് അവളെ രക്ഷിക്കാൻ എല്ലാവരും ഒന്നാവുന്നു.
ഒരു സ്ത്രീപക്ഷ സിനിമ ആയതു കൊണ്ട് അണിയറയിൽ സ്ത്രീകളായതു കൊണ്ടും സംവിധായിക ഒരുപാട് പ്രശ്നങ്ങളെ അതിജീവിച്ചാണ് ഈ സിനിമ പൂർത്തിയാക്കിയത്. അൾജീരിയയിൽ ഇതിനു പ്രദർശനാനുമതി ഇല്ല. അവർക്കു നേരെ വധഭീഷണി വരെ ഉയർന്നിട്ടുണ്ട് എന്നും കേൾക്കുന്നു. ഇതിനെല്ലാം കാരണം ഈ സിനിമ മുസ്ലിം സ്ത്രീകളെ അതെ പടി കാണിക്കുന്നു എന്നതിനാലും.