KSEB ക്കാർക്ക് നിക്കോളാസ് താലെബിനെ കൊണ്ട് ക്ലാസെടുപ്പിക്കണം

44

എഴുതിയത്: ഇബ്രു മംഗലം

KSEB ക്കാർക്ക് നിക്കോളാസ് താലെബിനെ കൊണ്ട് ക്ലാസെടുപ്പിക്കണം.

 Nassim Nicholas Taleb
Nassim Nicholas Taleb

കേരളത്തിലെ വിദ്യുത്ഛക്തിക്കാർ, അതായത് കറന്റാപ്പീസുകാർ, നാട്ടുകാർക്ക് മീറ്റർ റീഡിംങ് വഴി പണി കൊടുക്കുന്നുവെന്ന് ഉപഭോക്താക്കൾ നെടു നീളെ നടന്ന് പരാതി പറയുന്നു. എന്നാൽ വൈദ്യതി വകുപ്പും ഇടത് പക്ഷാനുയായികളും ചേർന്ന് അങ്ങിനെയല്ലങ്ങിനയല്ലെന്ന് പറഞ്ഞ് പ്രതിരോധിക്കുന്നുമുണ്ട്. പ്രശ്നം തുടങ്ങിയത്, കോവിഡാനന്തരം മീറ്റർ റീഡിംഗ് എടുക്കാൻ വൈകിയതും വൈകിയെടുത്ത റീഡിംഗ് ആവറേജ് ചെയ്ത് സ്ലാബിനനുസരിച്ച് യൂണിറ്റ് റേറ്റ് കണക്കാക്കിയതുമാണ്.

അക്കാദമിക്കലി നോക്കുകയാണെങ്കിൽ വൈദ്യുതി ഉപയോഗത്തിന് സ്ലാബ് കണക്കാക്കുന്നതും റേറ്റ് നിശ്ചയിക്കുന്നതും ഉപഭോഗം കുറയ്ക്കാനും അതുവഴി ഉപഭോക്താവിന്റെ അശ്രദ്ധമൂലം വരുന്ന അമിതോപയോഗം കൊണ്ട്, ലോകത്തിനാകമാനമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നത്തിനുള്ള കടിഞ്ഞാണിടാനുമൊക്കെയായാണ്. എക്കണോമിക്സിൽ ഇതിനെ Price Discrimination എന്ന് പറയും. ഒരു തരം ‘Nudge’ ആണിത്. ക്ലാസിക്കൽ എക്കണോമിക്സിന്റെ ഓഫ്‌ഷൂട്ടായ behavioural economics ന്റെ ഭാഗമാണെന്ന് ഇതിനെ ഒരു വിഭാഗം എക്കണോമിസ്റ്റുകൾ കണക്കാക്കുന്നുണ്ട്. എക്കണോമിസ്റ്റുകൾ ലോകത്തില്ല എങ്കിൽ ഈ ലോകം കുറേ കൂടെ നല്ല നിലയിലാകുമെന്ന് എക്കണോമിസ്റ്റും The Black Swan എന്ന പ്രശസ്തമായ പുസ്തകമെഴുതിയ Nassim Nicholas Taleb ഈയിടെ വിമർശിച്ചിട്ടുണ്ട്. The Black Swan എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിച്ച ഒരു ഫാലസി (Fallacy)യാണ് യഥാർത്ഥത്തിൽ കെ എസ് ഇ ബിക്കാരെയും ഉപഭോക്താക്കളേയും ഇടതന്മാരെയും ഒരേ പോലെ വിഷമിപ്പിക്കുന്നത്.

Black Swan എന്ന പുസ്തകം അനിശ്ചിതാവസ്ഥകളുടെ (Uncertainty) സ്വഭാവം വിലയിരുത്തുന്നതിൽ വരുന്ന തെറ്റുകളെ കുറിച്ചുള്ളതാണെന്ന് ചുരുക്കത്തിൽ പറയാൻ കഴിയും. ഇതിലദ്ദേഹം Averaging എന്ന വളരെ സാധാരണമായി ഉപയോഗിക്കുന്ന ഒരു കണക്കുകൂട്ടലിനെ പറ്റിയും അതിലെ ഫാലസിയെ പറ്റി പറയുന്നതിങ്ങനെയാണ്,
“Don’t cross a river if it is four feet deep on average” എന്നാണ്. നമുക്കറിയാം ആവറേജ് കണക്കാക്കി നീന്താനറിയാത്തവർ 4 അടി ആവറേജ് ആഴം കണക്കാക്കി പുഴ കടക്കാൻ നോക്കിയാൽ എന്ത് സംഭവിക്കുമെന്ന്! ചിലയിടത്ത് 8 അടി ആഴമുണ്ടാകാം ചിലയിടത്തിത് അരയടിയേ കാണൂ. ഇങ്ങിനെ ആഴത്തിനെ ആവറേജ് ചെയ്യുമ്പോൾ പുഴ കടക്കുന്നവനെ എവിടെയാണ് തിരയേണ്ടതെന്ന് അന്നാട്ടുകാർ പറയും.

കെ എസ് ഇ ബിയ്ക്കാരും ഈ ഒരു ഫാലസിയിലാണ് ചെന്ന് പെട്ടിരിക്കുന്നത്. കോവിഡ് ബാധ ഭയന്ന് മീറ്റർ റീഡിംഗ് എടുക്കാൻ വൈകി. സാധാരണയിൽ നിന്നും കൂടുതൽ ദിവസം കഴിഞ്ഞ് റീഡിംഗ് എടുത്തു അത് ആവറേജ് ചെയ്ത് പ്രതിദിന ഉപയോഗം കണക്കാക്കി 30 ദിവസമോ 31 ദിവസം കൊണ്ട് ഗുണിച്ചു. സംഗതി ഒക്കെ കറക്റ്റായി, പക്ഷേ വൈദ്യതി നിരക്കിലെ സ്ലാബ് റേറ്റ് ചതിച്ചു. പോളിസി മേക്കേഴ്സ് വരുത്തിയ, അല്ലെങ്കിൽ ഈ ഒരു ഫാലസിയെ പറ്റി ധാരണയില്ലാത്ത ഉദ്യോഗസ്ഥർ വരുത്തിയ വിനയാണിത്. Price discrimation ഉള്ളയിടങ്ങളിൽ ഒരിക്കലും ആവറേജിംഗ് ഉപയോഗിക്കരുത്. ഉപയോഗിക്കുന്നുണ്ടെങ്കിൽ ഒന്നുകിൽ Price discrimination എന്ന variable താൽക്കാലികമായി എടുത്ത് കളയണം. അല്ലെങ്കിൽ വേറെ എന്തെങ്കിലും പരിഹാര മാർഗ്ഗം കാണണം. അതായത് വരും കാല ബില്ലിൽ ഡിസ്‌കൗണ്ടോ മറ്റോ എന്ന തരത്തിൽ, അതിനായി വകുപ്പിൽ സമ്മർദ്ദം ചെലുത്തണം. ജനാധിപത്യത്തിൽ കരയുന്ന കുട്ടിയ്ക്കേ പാലുള്ളൂ.

ഈ ആവറേജിംഗ് ചിലർക്ക് ഗുണകരമായി ഭവിച്ചു കാണും, അവർ മിണ്ടില്ല. കാരണം സൈക്കോളജിയിൽ Bad is greater than good എന്നാണ്. പണി കിട്ടിയവനേ അതെ പറ്റി കരയൂ. അതുകൊണ്ടാണ് ജനം മുഴുവൻ ഇപ്പോൾ വൈദ്യുത വകുപ്പിന് നേരെ തിരിയുന്നത്, അതുവഴി ഗവൺമെന്റിനെതിരെയും. Behaviour economics ലെ പഠനത്തിനാണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ എകണോമിക്സിലെ നൊബേൽ പ്രൈസ് കിട്ടിയത്. പുതിയ ലോകത്ത് പക്ഷേ, നമ്മുടെ വൈദ്യുതവകുപ്പ് ഈ സംഗതിയറിഞ്ഞിട്ടില്ല. നിക്കൊളാസ് താലെബിനെ കൊണ്ട് ഇവർക്കൊന്ന് ക്ലാസെടുപ്പിക്കുന്നത് നന്നായിരിക്കും.

Credit: wikipedia.