എന്താണ് ഐസ്‌ക്രീം ദോശ ?⭐
അറിവ് തേടുന്ന പാവം പ്രവാസി
👉ഒട്ടും ചേർച്ചയില്ലെന്നു തോന്നുന്ന രണ്ടു രുചികൾ ചേർത്ത് കഴിക്കുന്ന രീതി അത്ര പുത്തരിയല്ല പലർക്കും. പഴംപൊരിയും, ബീഫുമൊക്കെയാണ് ചിലയിടത്ത് ഹിറ്റെങ്കിൽ ബെംഗളൂരുവിലെ ജയനഗറിൽ അൽപം കൂടി കൗതുകം തോന്നുന്നൊരു ഭക്ഷണത്തിന് ആരാധകർ ഏറെയാണ്.
സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ രുചിയിഷ്ടങ്ങളിലേക്ക് പുതിയ രസക്കൂട്ടുകളുമായി എത്തിയിരിക്കുന്ന ആ ഡിഷ് ആണ് ഐസ്ക്രീം ദോശ.ചമ്മന്തിക്കും, സാമ്പാറിനും, ചിക്കൻ കറിക്കുമൊക്കെ കൂടെ ദോശ കഴിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ ഐസ്ക്രീമിനൊപ്പം എങ്ങനെ ദോശ കഴിക്കുമെന്ന് ചിന്തിക്കുന്നവർ ജയനഗറിലെ ചായക്കട നടത്തുന്ന മഞ്ജുനാഥിനെ കണ്ടാൽ ആ സംശയം തീരും. കാരണം അത്രത്തോളം പേരാണ് മഞ്ജുനാഥിന്റെ ഐസ്ക്രീം ദോശ കഴിക്കാനായി ദിവസവും എത്തുന്നത്. പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്രയാണ് ഐസ്ക്രീം ദോശയുടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ച് ഇത് വൈറൽ ആക്കിയത് .ദോശമാവ് പരത്തി അതിനു മുകളിലേക്ക് ചോക്ലേറ്റ് സിറപ്പ് ഒഴിച്ച് വശത്ത് ചമ്മന്തിക്കു പകരം വിവിധ ഫ്ളേവറിലുള്ള ക്രീമുകൾ നിരത്തിയാണ് പ്ലേറ്റിൽ വിളമ്പുന്നത്.
ദോശ മാത്രമല്ല വ്യത്യസ്തമായ ഇഡ്ഡലിയും ഇവിടെ കിട്ടും.ഐസ്ക്രീമിൽ മുക്കിയെടുത്ത ഇഡ്ഡലി, ബിസ്ക്കറ്റ് ദോശ, ഫ്രൈഡ് ഐസ്ക്രീം എന്നിവയ്ക്കെല്ലാം ആരാധകർ ഏറെയുണ്ട്. ഇനി ഇത്തരത്തിൽ ഒരു ആശയം ലഭിച്ചത് എങ്ങനെയാണെന്ന് ചോദിച്ചാൽ അതിനും മഞ്ജുനാഥിന് കൃത്യമായ ഉത്തരമുണ്ട്. ഒരിക്കൽ ഒരു കുട്ടിയാണ് തന്നോട് ഐസ്ക്രീം ദോശ വേണമെന്നു പറയുന്നത്, പിന്നെ മറ്റൊന്നും ആലോചിക്കാതെ അതുണ്ടാക്കുകയായിരുന്നു.മധുരം ചേർത്ത് ദോശ ആസ്വദിക്കുന്നവർക്കൊപ്പം തന്നെ ഈ രുചിയെ തള്ളിപ്പറയുന്നവരുമുണ്ട്. പരമ്പരാഗത ഭക്ഷണങ്ങളെ ഇത്തരത്തിൽ ചേർച്ചയില്ലാത്ത രുചികൾക്കൊപ്പം ചേർത്ത് നശിപ്പിക്കുകയാണെന്നു പറയുകയാണവർ.