കപടതയുടെ പ്ലാസ്റ്റിക് സർജറി ചെയ്തു അഭിനയിക്കുന്നവർ.

552
അതീവ സുന്ദരിയായൊരു ചൈനീസ് യുവതി. ആ സൗന്ദര്യംകണ്ട്‌ സുന്ദരനും സമ്പന്നനുമായ ഒരു യുവാവ് അവളെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയുന്നു. അവർക്കൊരു കഞ്ഞുണ്ടായി. കുഞ്ഞിന്റെ മുഖം കണ്ടു അച്ഛൻ ഞെട്ടി. ഭാര്യയുടെ ഒരു സൗന്ദര്യവും കുഞ്ഞിനില്ല. കുഞ്ഞു വളരുന്തോറും ഒരു കോന്തൻ ലുക്ക്. കുറച്ചു കാലങ്ങൾക്കുശേഷം വീണ്ടുമൊരു കുഞ്ഞുണ്ടായി. ആ കുഞ്ഞും അതുപോലെ തന്നെ. അയാൾക്ക് ഭാര്യയിൽ സംശയമായി. ഈ പിള്ളേരുടെ തന്ത താനല്ലേ.. അമ്മ സുന്ദരി അച്ഛനും സുന്ദരൻ. പിന്നെ കുട്ടികൾക്കെന്തുപറ്റി. ഇങ്ങനെയുള്ള ആശയക്കുഴപ്പങ്ങൾ കാരണം അയാൾ ഡി.എൻ.എ ടെസ്റ്റ് നടത്തി. റിസൾട്ട് നെഗറ്റിവ്. അതായത്, ടെസ്റ്റും പറയുന്നു താൻ തന്നെ അച്ഛൻ, അവൾ തന്നെ ‘അമ്മ. ഒടുവിൽ ഭാര്യ അറിയാതെ അയാൾ അവളുടെ ഭൂതകാലം തിരക്കിപ്പോകുന്നു. അങ്ങനെ അന്വേഷണത്തിനൊടുവിൽ ഭാര്യയുടെ കുറേക്കാലം മുൻപുള്ള ഫോട്ടോകൾ ലഭിക്കുന്നു. അതെ, തന്റെ കുട്ടികളെ പോലെ, ഒരു കോന്തി ലുക്ക്. അവരുടെ അമ്മതന്നെ. ഒരു സൗന്ദര്യവുമില്ല. ആരും ഇഷ്ടപ്പെടുന്ന രൂപവുമല്ല. പിന്നെയാണ് അയാൾ കാര്യം മനസിലാക്കുന്നത്. അവൾ വലിയ തുക ചിലവഴിച്ചു മുഖം പ്ലാസ്റ്റിക്ക് സർജറി ചെയ്തു സുന്ദരിയായതാണ്. ചൈനീസ് സ്ത്രീകൾക്കിടയിൽ പ്ലാസ്റ്റിക് സർജറി ചെയ്തു സുന്ദരിയാകുന്നത് ഒരു ഫാഷനാണത്രെ. ബാഹ്യമായ രൂപം മാറിയാലും ആന്തരിക ഘടനകൾ മാറില്ല. പ്രകൃതിയുടെ ആ സങ്കീർണ്ണതകളിൽ കൈകടത്താൻ മനുഷ്യൻ വളർന്നിട്ടില്ലല്ലോ ഇതുവരെ. അങ്ങനെ ആ ആന്തരികഘടനകൾക്ക് അനുസരിച്ചല്ലേ കുഞ്ഞുങ്ങൾക്കും രൂപമുണ്ടാകൂ.
Rajesh Shiva
ഇത് പണ്ടൊരിക്കൽ നടന്ന സംഭവമാണ്. ചില വ്യക്തികളെ കാണുമ്പൊൾ നമുക്കാ സ്ത്രീയായി തോന്നുന്നില്ലേ ? .അവർ പ്രകടിപ്പിക്കുന്ന നല്ലചിന്തകളിലും മാനവികബോധങ്ങളിലും ആകൃഷ്ടരായി നമ്മളവരെ കൂടെക്കൂട്ടുന്നു, ബഹുമാനിക്കുന്നു,അവരിൽ അഭിമാനിക്കുന്നു . പക്ഷെ ചില സന്ദർഭങ്ങളിൽ അവർ പെറ്റിടുന്ന വാക്കുകൾ കാണുമ്പൊൾ ഇതവരുടെ ആശയം തന്നെയാണോ എന്നൊരു സംശയം നമ്മിൽ ഉടലെടുക്കുന്നു. അങ്ങനെ അവരെ മനസിലാക്കാൻ ശ്രമിക്കുമ്പോൾ, സ്വന്തം ജീവിതത്തിൽ ആദർശശുദ്ധിയും പുരോഗമനവും നന്മയും ഇതേവരെ പ്രവർത്തികമാക്കിയിട്ടില്ലാത്തവർ ആയിരുന്നെന്ന് മനസിലാകും. പുറത്തിറങ്ങുമ്പോൾ കപടതയുടെ പ്ലാസ്റ്റിക് സർജറി ചെയ്തു അഭിനയിക്കുന്ന അത്തരക്കാർ വലിയ ഇമേജുകൾ സമൂഹത്തിൽ സൃഷ്ടിക്കുന്നു. ആന്തരികമായ ചിന്താഘടനകളിൽ ഒന്നും ചെയ്യാതെയിരിക്കുമ്പോൾ അവരിൽ നിന്നും ബഹിർഗ്ഗമിക്കുന്നതൊക്കെയും വികലവും വിരൂപവും തന്നെ ആകുന്നു. എന്നാലോ പുറമെ ആശയ സൗന്ദര്യമില്ലാത്ത ചിലരുണ്ട്. അവരെ യാഥാസ്ഥിതികർ എന്നൊക്കെ നമ്മൾ പരിഹസിക്കും. പക്ഷെ ഒരവസരം വരുമ്പോൾ നമ്മെപോലും ഞെട്ടിച്ചുകൊണ്ട് അവർ ഉള്ളിൽനിന്നും സൗന്ദര്യമുള്ളവാക്കുകൾ പെറ്റിടും. ബാഹ്യതയൊക്കെ അങ്ങനെ നിന്നോട്ടെ പക്ഷെ ആന്തരികത കൊണ്ട് ഞാൻ ഇങ്ങനെയാണെന്ന് നമ്മെയവർ ഞെട്ടിച്ചുകളയും. ഉള്ളിലെ ബോധങ്ങളിൽ നിന്നുകൊണ്ടാണ് ഓരോന്ന് ഉരുത്തിരിയുന്നത്.ബാഹ്യമായതെല്ലാം പലപ്പോഴും കെട്ടുകാഴ്ചകൾ മാത്രമാകുന്നു .

Advertisements