“ഞാന്‍ ബ്ലോഗ്ഗ് വകുപ്പ് മന്ത്രിയായാല്‍ …!”

പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ സഹോദരങ്ങളേ, അമ്മപെങ്ങന്‍ ബ്ലോഗ്ഗിണികളേ.. അടുത്ത് നടക്കാനിരിക്കുന്ന കേരളാ ബൂലോക നിയസഭാ തെരെഞ്ഞെടുപ്പില്‍ അഞ്ഞൂറു ഫോളോവേഴ്സിനു മുകളിലുള്ള ബ്ലോഗ്ഗര്‍മാര്‍ക്ക് മല്‍സരിക്കുവാന്‍ അവസരമൊരുക്കിയിരിക്കുന്ന വിവരം ഇതിനകം നിങ്ങളെല്ലാം അറിഞ്ഞിട്ടുണ്ടാവുമല്ലോ.

രണ്ടായിരം ഫോളോവേഴ്സ് ഉള്ള ബ്ലോഗ്ഗറെ പുപ്പുലി കാറ്റഗറിയിലും ആയിരത്തിനുമേല്‍ ഉള്ളവരെ പുലി കാറ്റഗറിയിലും അഞ്ഞൂറ് മുതല്‍ക്കുള്ള വരെ ഫുലി വിഭാഗത്തിലുമാണൂ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അഞ്ഞൂറിനു താഴെ ഫോളോവേഴ്സിനെ സമ്പാദിച്ചവരെ എന്തു പേര്‍ നല്‍കി ഏതു വിഭാഗത്തില്‍ പ്പെടുത്തും എന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഇനിയും പിടികിട്ടാത്തതിനാല്‍ അവരെക്കുറിച്ച ഗസറ്റ് അറിയിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല. ഈ അവസരത്തില്‍ മുന്നൂറിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന എന്റെ ബ്ലോഗ്ഗിനെ ഫോളോ ചെയ്യാത്ത ബ്ലോഗ്ഗര്‍മാരും ബ്ലോഗ്ഗിണികളും ഈ കനകാവസരം ഉപയോഗപ്പെടുത്തി എത്രയും പെട്ടന്ന് അഞ്ഞൂറ് (കൂടിയാലും വിരോധമില്ല) ഫോളോവേഴ്സ് ആക്കി തന്ന് ഈ ഇലക്ഷനില്‍ മല്‍സരികാന്‍ എനിക്ക് അവസരമൊരുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ആയതിലേക്കുള്ള എന്റെ പ്രകടന പത്രികയിലെ പ്രധാന ഭാഗങ്ങള്‍ ഇവിടെ സമര്‍പ്പിക്കുന്നു.

ഞാന്‍ ജയിച്ചാല്‍ എന്റെ ഓരോ ഫോളോവര്‍ക്കും വെറും രണ്ട് രൂപക്ക് ഓരോ ലാപ്പ് ടോപ്പും സൗജന്യ നിരക്കില്‍ ബ്ലോഗ്ഗറുടെ വീട്ടില്‍ ഹൈ സ്പീഡ് ഇന്റര്‍ നെറ്റ് കണക്ഷനും.

തൊഴിലില്ലാത്ത രണ്ടു ലക്ഷം ബ്ലോഗ്ഗര്‍മാക്ക് തൊഴില്‍ (എന്റെ ഓരോ പോസ്റ്റിനും കമന്റ് ചെയ്യുക എന്നതാണു ജോലി)

സ്കൂള്‍ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ബ്ലോഗ്ഗര്‍മാര്‍ക്ക് മലയാളം എഴുതുവാനുള്ള തറ പറ പുസ്തകം. വ്യാകരണ ഭാഷാ സഹായി, ഓരോ ബ്ലോഗ്ഗര്‍ക്കും ‘തെറ്റില്ലാത്ത മലയാളം’ എന്ന പുസ്തകം സൗജന്യമായി നല്‍കും.
മലയാളം നേരേ ചൊവ്വേ എഴുതാന്‍ പഠിക്കനാണിത്.

ബൂലോകത്ത് നിന്നും സൃഷ്ടികള്‍ അടിച്ചു മാറ്റി പ്രസിദ്ധീകരിക്കുന്ന പത്രമാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള സഹായം, ബ്ലോഗ്ഗറെ കാണുമ്പോള്‍ ആദരവും ബഹുമാനവും കാണിക്കാത്ത മുഖ്യധാരാ സാഹിത്യകാരന്മാരെ തെറിവിളിക്കാനും കയ്യേറ്റം ചെയ്യാനുമുള്ള നിയമ പരിരക്ഷ തുടങ്ങിയവക്കായി ശ്രമിക്കും.

ഭാര്യമാരുടെ തെറി,തൊഴി,പ്രാക്ക് തുടങ്ങിയവ സഹിച്ച് ബ്ലോഗ്ഗെഴുതുന്നവരുടെ കഷ്ടപ്പാടുകള്‍ പരിഗണിച്ച് ചെവിയില്‍ വെക്കാനൂള്ള പഞ്ഞി സൗജന്യമായി ബ്ലോഗ്ഗ് സഹായ സമിതിയുടെ ഓഫീസിലൂടെ വിതരണം ചെയ്യും. ഒപ്പം മര്‍ദ്ദനമേല്‍ക്കുന്ന ബ്ലോഗ്ഗര്‍മാര്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തും.
അതിലൂടെ ഭാര്യമാരുടെ കണ്ണില്‍ പ്പെടാതെ എങ്ങനെ ബ്ലോഗ്ഗിങ്ങില്‍ വിജയിക്കാം എന്നും അപകട സന്ധികളില്‍ തൊഴിയില്‍ നിന്നും എങ്ങനെ ഒഴിഞ്ഞുമാറി രക്ഷപ്പെടാം എന്നും ഈ രംഗത്തെ പരിചയ സമ്പന്നര്‍ ക്ലാസ്സെടുക്കുന്നതായിരിക്കും. ബ്ലോഗ്ഗിങ് ലഹരിയായി കൊണ്ടു നടക്കുന്ന ബ്ലോഗ്ഗര്‍മാരുടെ വീട്ടില്‍ കണ്ടുവരാന്‍ സാധ്യതയുള്ള പട്ടിണി, പരിവട്ടം, കഷ്ടപ്പാടുകള്‍ പരിഗണിച്ച് സൗജന്യ റേഷന് ശുപാര്‍ശ ചെയ്യും.
ഫുള്‍ടൈം ബ്ലോഗ്ഗെഴുത്തിനുള്ള സാമ്പത്തിക സഹായം, കുഞ്ഞുങ്ങളേയുംബ്ലോഗ്ഗര്‍മാരാക്കുന്നതിനായി പരിശീലന കളരികള്‍ തുടങ്ങും .

ബ്ലോഗ്ഗെഴുത്ത് കുട്ടികളില്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഠിപ്പില്‍ ഉഴപ്പി
സ്ഥിരമായി പോസ്റ്റുകളെഴുതുന്ന കുട്ടി ബ്ലോഗ്ഗര്‍മാരെ പരീക്ഷക്കിരുത്താതെ ജയിപ്പിക്കനുള്ള നിയമം കൊണ്ടുവരും.

ബ്ലോഗ്ഗര്‍-ബ്ലോഗ്ഗിണി മാര്‍ക്കിടയില്‍ പ്രണയം വിവാഹം പോലുള്ള കാര്യങ്ങളെ പ്രോല്‍സാഹിപ്പിക്കും.
എന്നാല്‍ വായനക്കാരെ വിഡ്ഡികളാക്കി സ്വന്തം പ്രണയലേഖനങ്ങള്‍ പോസ്റ്റെന്ന പേരില്‍ ബ്ലോഗ്ഗില്‍ ഇട്ട് പ്രണയത്തെ വില്പ്പന ചരക്കാക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് ഒരോ ചമ്മട്ടി ഫ്രീ ആയി നല്‍കും.മക്കളെ അടിച്ചു വളര്‍ത്തനാണത്. ഓരോ വര്‍ഷവും ബെസ്റ്റ് ബ്ലോഗ്ഗേഴ്സ് ഫാമിലിയെ തെരെഞ്ഞെടുത്ത് അവാര്‍ഡ് നല്‍കും.

സ്വദേശ ബ്ലോഗ്ഗര്‍മാര്‍ക്ക് ജോലിക്കിടയില്‍ ബ്ലോഗ്ഗിങ്ങിനുള്ള നിയമം കൊണ്ടുവരും.
പ്രവാസി ബ്ലോഗ്ഗര്‍മാര്‍ക്ക് ജോലിക്കിടയില്‍ ബ്ലോഗ്ഗിങ്ങ് മൂലം ജോലി നഷ്ടപ്പെടുകയാണെങ്കില്‍ നാട്ടില്‍ വന്നാല്‍ തേരാ പാരാ നടക്കാനുള്ള ഓരോ ജോഡി ഹവായ് ചെരുപ്പ് സൗജന്യമായി നല്‍കും.

തൂലിക പടവാളാക്കി ബ്ലോഗ്ഗെഴുതുന്ന ഈ രംഗത്തെ പ്രഗല്‍ഭര്‍ക്ക് ഓരോ പരിച കൂടി സമ്മാനിക്കും.
ഏറ് വരുന്നത് തടയാന്‍ ഇത് ഉപകരിക്കുമെന്ന പ്രതീക്ഷയിലാണത്.

പുതു ബ്ലോഗ്ഗര്‍മാര്‍ക്ക് കമന്റ് കാണാത്തതിലുള്ള നിരാശ ബോധം, ആരുംതിരിഞ്ഞു നോക്കാത്ത ബ്ലോഗ്ഗര്‍മാര്‍ക്ക് പൊതുവേ കാണപ്പെടുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയവ ഉണ്ടാവുന്നതിനെതിരെ ഒരോ ഫോളോവേഴ്സിന്റേയും ബ്ലോഗ്ഗുകള്‍ ചെക്ക് ചെയ്ത് അവിടെ പോസ്റ്റ് ഉണ്ടെങ്കിലും ഇല്ലെങ്കിലും കിടിലന്‍ കമന്റുകള്‍ കൊടുക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും.

അവശബ്ലോഗ്ഗര്‍ എഴുത്തുകാര്‍ക്കായി വൃദ്ധ ബ്ലോഗ്ഗര്‍ സദനങ്ങള്‍ ഓരോ പഞ്ചായത്ത് തോറും തുറക്കും.
കണ്ണിനു കാഴ്ച്ചക്കുറവ്,നടുവേദന,ജീവിതം വെറുതെ തുലച്ചു എന്ന് തോന്നലില്‍ നിന്നുണ്ടായ ജീവിതവിരക്തി, നിരാശാബോധം ഇവക്കൊക്കെ അവിടെ പ്രത്യേക ചികില്‍സ ഉണ്ടായിരിക്കുന്നതാണു.

ബൂലോകത്ത് അവാര്‍ഡുദാനങ്ങള്‍ വര്‍ദ്ധിപ്പിക്കും. ബെസ്റ്റ് ബ്ലോഗ്ഗര്‍ , ബെസ്റ്റ് കമന്റര്‍ , ബെസ്റ്റ് അനോണി കമന്റര്‍ , ബെസ്റ്റ് പോസ്റ്റ് തസ്ക്കര ബ്ലോഗ്ഗര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ അവാര്‍ഡ് പ്രഖ്യാപിക്കും. സ്വന്തം വീരഗാഥകള്‍ എഴുതി പോസ്റ്റിട്ട് വായനക്കാരെ ബോറടിപ്പിക്കുന്ന ബ്ലോഗ്ഗര്‍മാര്‍ക്ക് പൊങ്ങച്ചത്തിനുള്ള അവാര്‍ഡായി ഒരോ കുട നല്‍കുന്നതാണു.അര്‍ധരാത്രിക്ക് പിടിക്കാനാണത്. ഒപ്പം പോസ്റ്റ് വായിക്കതെ മികച്ച കമന്റ് എഴുതുന്നവരെ പരിഗണിച്ച് ജനപ്രീതി അവാര്‍ഡും നല്‍കും.

പല പോസ്റ്റുകളിലും ജാതി വര്‍ഗ്ഗീയ ചിന്തകള്‍ കുത്തിത്തിരുകി കമന്റ് ബോക്സില്‍ അടിയുണ്‍ടാക്കിപ്പിക്കുന്നവര്‍ക്ക് പ്രത്യേക കേഷ് അവാര്‍ഡ് സമ്മാനിക്കും (അടി കിട്ടി ആശുപത്രിയിലാകുമ്പോള്‍ ഈ തുക ഉപകരിക്കും)ഒപ്പം പ്രശസ്ത ശില്പ്പി വെങ്കിടി രൂപകല്പ്പന ചെയ്ത രണ്ടാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനെത്തുന്ന കുറുക്കന്റെ മനോഹരമായ ശിലപവും നല്‍കും.

ആരാന്റെ പോസ്റ്റ് മോഷ്ടിച്ച് സ്വന്തം പേരില്‍ പോസ്റ്റ് ചെയ്ത് കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന ദരിദ്രനാരായണന്മാരായ ബ്ലോഗ്ഗര്‍മാര്‍ക്ക് ആദ്യ തവണ അറിയിപ്പും രണ്ടാം തവണ മുന്നറിയിപ്പും
പിന്നേയും ആവര്‍ത്തിച്ചാല്‍ ബ്ലോഗ്ഗ് തസ്ക്കര വീരന്‍ അവാര്‍ഡ്നല്‍കി അഭിനന്ദിക്കുന്നതായിരിക്കും.
ഒരേ കമന്റ് തന്നെ പല ബ്ലോഗ്ഗിലും കോപ്പി & പേസ്റ്റ് ചെയ്യുന്ന കമന്റര്‍മാര്‍ക്ക് പ്രത്യേക പ്രോല്‍സാഹനസമ്മാനവും സ്വന്തം പേര്‍ വെച്ച് അഭിപ്രായം എഴുതാന്‍ കഴിവില്ലാത്ത അനോണി കമന്റേഴ്സിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവര്‍ക്കായി സ്റ്റീലില്‍ പണിത നട്ടെല്ലും കേന്ദ്ര സഹായത്തോടെ വിതരണം ചെയ്യും.

ഒപ്പം എന്റെ ബ്ലോഗ്ഗില്‍ കൂടുതല്‍ കമന്റ് എഴുതുന്നവര്‍ക്ക് മികച്ച തൊലിക്കട്ടിക്കുള്ള ക്യാഷ് അവാര്‍ഡ്,
സ്ഥിരം വായനക്കാര്‍ക്ക് ബെസ്റ്റ് സഹന ശക്തിക്കുള്ള അവാര്‍ഡ്, തുടങ്ങി ഒരോവര്‍ഷാവസാനത്തിലും മികച്ച റേറ്റിംഗ് രേഖപ്പെടുത്തുന്ന കമന്റര്‍ക്ക് ന്യൂ മൂണ്‍ ബില്‍ഡേഴ്സ് സ്പോണ്‍സര്‍ ചെയ്യുന്ന നാലു കോടി രൂപ വില മതിക്കുന്ന ഒരു ഫ്ലാറ്റിന്റെ വര്‍ണ്ണ ചിത്രം സമ്മാനമായി നല്‍കുന്നതാണു.

എന്റെ ബ്ലോഗ്ഗിനെ ഫോളോ ചെയ്യുന്ന ഫോളൊവേഴ്സില്‍നിന്നും തെരഞ്ഞെടുത്ത പത്ത് പേര്‍ക്ക് മലേഷ്യാ, സിംങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും തിരിച്ചും പറക്കുവാനുള്ള വിമാനത്തിന്റെ ഉപയോഗിച്ച ടിക്കറ്റിന്റെ കോപ്പി നല്‍കുന്നതാണു.

ലോക ബ്ലോഗ്ഗിംഗ് രം‌ഗത്ത് മലയാളം നേരെ ചൊവ്വേ എഴുതാനും വായിക്കാനും അറിയാവുന്ന ഒരു ബ്ലോഗ്ഗര്‍ തലമുറയെ വാര്‍ത്തെടുക്കാന്‍ ഗള്‍ഫ് മേഖലകളില്‍ അറബി മുതലാളി മാരെ പറ്റിച്ച് കമ്പനികളില്‍ ജോലി സമയത്ത് ബ്ലൊഗ്ഗിങ്ങിനു കഴിയാതെ കഷ്ടപ്പെടുന്നവര്‍ക്ക് യഥേഷ്ടം ബ്ലോഗ്ഗിംഗ് നടത്തുവാന്‍ കഴിയുന്ന ഒരു സുപ്രഭാതത്തിനായി..

എന്നെ ഫോളോ ചെയ്യൂ…വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കൂ!

ജയ് ബൂലോകം!
ജയ് ‘എന്റെ വര…!!’

ഒരു പ്രത്യേക അറിയിപ്പ് :

ഞാന്‍ മലയാള ബൂലോക ബ്ലോഗ് വികസന വകുപ്പിന്റെ മന്ത്രിയായാല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള
മുകളില്‍ പറഞ്ഞ എല്ലാ ആനുകൂല്യങ്ങളും ഈ ബ്ലോഗ്ഗിനെ ഫോളോ ചെയ്യുന്ന ബ്ലോഗ്ഗേഴ്സിനു മാത്രമേ ബാധകമാവൂ…ആയതിനാല്‍ പിന്നീട് വകുപ്പ് മന്ത്രി പക്ഷ പാതം കാട്ടി പക്ഷ പാതം കാട്ടി എന്ന് കണകുണ പരാതി പറയാന്‍ ഇടവരാതെ ഇപ്പോള്‍ തന്നെ എന്നെ ഫോളോ ചെയ്ത് മല്‍സരിപ്പിച്ച് വന്‍പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് എല്ലാ വോട്ടര്‍മാരോടും വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, അപേക്ഷിക്കുന്നു.

*ഫോളോവേഴ്സിന്റെ ആവശ്യങ്ങളും പുതിയ നിര്‍ദ്ദേശങ്ങളും ഉണ്‍ടെങ്കില്‍ കമന്റ് കോളത്തില്‍ എഴുതാവുന്നതാണു. പ്രകടന പത്രിക അപ്ഡേറ്റ് വേര്‍ഷന്‍ ഇറക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുത്തുന്നതും മികച്ച നിര്‍ദ്ദേശത്തിനു പാരിതോഷികം നല്‍കുന്നതുമാണു.

Advertisements