ഇന്ത്യ-ചൈന യുദ്ധം വന്നാല്‍ ഇന്ത്യ വിജയിക്കുമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ പഠനം

0
150

ഗല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തിനു പിന്നാലെ ഏഷ്യയിലെ രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള തര്‍ക്കം ആഗോളതലത്തില്‍ ആശങ്കയ്ക്ക് വഴി വെച്ചിരിക്കുകയാണ്. ഇതിനിടെ ഇന്ത്യ-ചൈന യുദ്ധം വന്നാല്‍ ഏത് രാജ്യത്തിനാണ് സൈനികപരമായി മുന്നിട്ട് നില്‍ക്കാന്‍ കഴിയുക എന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയരന്നുണ്ട്. ഇതിനിടയിലാണ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായാല്‍ സ്ഥിതിഗതികള്‍ ഇന്ത്യക്ക് അനുകൂലമാവുമെന്നാണ് ഹാര്‍ഡ് വാര്‍ഡ് പഠനത്തില്‍ കണ്ടെത്തുന്നത്. 1962 ലെ ഇന്ത്യ-ചൈന യുദ്ധം പോലെയാവില്ലെന്നും ഇന്ത്യക്ക് നിലവില്‍ വിജയ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിലെ ബെല്‍ഫര്‍ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ഇന്റര്‍നാഷണല്‍ അഫേയ്‌സ് ഈ വര്‍ഷമാദ്യം പുറത്തിറക്കിയ റിപ്പോര്‍ട്ടാണിത്. പരമ്പതാഗതമായി ഇന്ത്യക്ക് ലഭിച്ച നേട്ടങ്ങള്‍ വിലമതിക്കപ്പെടാതെ കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ചൈനീസ് ആക്രമണങ്ങളില്‍ നിന്നുമുള്ള അപകട സാധ്യത കുറയ്ക്കുന്ന സാഹചര്യങ്ങള്‍ ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ചൈനീസ് സേനയുടെ പര്യാപ്തത സംബന്ധിച്ചുള്ള ധാരണ തെറ്റാണെന്നും ചൈനീസ് സേനയുടെ വലിയൊരു ഭാഗത്തെ ഇന്ത്യയുമായി യുദ്ധം നടന്നാല്‍ പോലും പ്രതിരോധത്തിന് ലഭ്യമായിരിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് സേനയിലെ വലിയൊരു വിഭാഗത്തെ റഷ്യന്‍ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ക്കും സിന്‍ജിയാങ്ങിലെയും ടിബറ്റിലെയും കലാപത്തെ ചെറുക്കുന്നതിനായി നീക്കി വെച്ചിരിക്കുകയാണ്. അതേസമയം ഇന്ത്യന്‍ സേനയില്‍ ഭൂരിഭാഗവും ചൈന പ്രതിരോധ ദൗത്യത്തിനായി വിന്യസിക്കാനാവും.

ഇതിനു പുറമെ ചൈനയുടെ വ്യോമ സേനയിലും ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനയുടെ പക്ഷത്ത് എണ്ണത്തില്‍ കുറവുണ്ടാവും. ചൈനീസ് വ്യോമസേനയുടെ വലിയൊരു വിഭാഗത്തെ റഷ്യന്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡിന് ചൈനയ് ക്കെതിരെ ഒരു സമയം 101 പോരാളികളെ ഇറക്കാന്‍ പറ്റുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒപ്പം ചൈനയുടെ ജെ 10 ഫൈറ്റര്‍ യുദ്ധ വിമാനം ഇന്ത്യയുടെ മിറേജ്-2000 വുമായി കിടപിടിക്കാനുതകുന്നതാണ്. ഇന്ത്യയുടെ su-30MKI ചൈനയുടെ എല്ലാ പോര്‍വിവാനങ്ങളെക്കാളും മികച്ചതാണ്.

ഫോര്‍ത്ത് ജെനറേഷനില്‍ പെടുന്ന 101 പോര്‍ വിമാനങ്ങളാണ് ചൈനയ്ക്കുള്ളത്. ഇതില്‍ ഭൂരിഭാഗവും റഷ്യന്‍ അതിര്‍ത്തിയിലാണുള്ളത്. അതേ സമയം ഇന്ത്യയുടെ കൈയ്യില്‍ ഇത്തരത്തില്‍ 122 പോര്‍ വിമാനങ്ങളുണ്ട്. ഇതില്‍ ഒരേസമയം ചൈനയ്‌ക്കെതിരെ ഉപയോഗിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ഇന്ത്യന്‍ സംവാദങ്ങളില്‍ ഉയര്‍ന്നു വരുന്നതിനേക്കാള്‍ ചൈനക്കെതിരായ സൈനിക നിലപാടില്‍ ഇന്ത്യക്ക് കൂടുതല്‍ ആത്മ വിശ്വാസമുണ്ടെന്ന് കരുതുന്നു. ആണവ സുതാര്യതയ്ക്കും സംയമനത്തിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ നേതൃത്വത്തിന് രാജ്യത്തിന് അവസരം ഒരുങ്ങുന്നു,’ റിപ്പോര്‍ട്ടില്‍ പറയുന്നു.