ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ കണക്കിലെടുത്ത് ഇന്ത്യന്‍ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം തെലുങ്ക് നടൻ ചിരഞ്ജീവിക്ക് സമ്മാനിച്ചു. ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിലാണ് ചിരഞ്ജീവി പുരസ്‌കാരം സ്വീകരിച്ചത്. അംഗീകാരത്തിന്റെ നിറവിൽ നിൽക്കുമ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഈ അംഗീകാരനേട്ടങ്ങൾക്കെല്ലാം താൻ സിനിമയോട് കടപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. പത്തുവർഷത്തോളം അഭിനയജീവിതത്തിൽ നിന്നും മാറിനിന്നിട്ടും ജനങ്ങൾ നൽകിയ സ്വീകരണത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിരജീവിയുടെ വാക്കുകൾ ഇങ്ങനെ
“സാധാരണ ഒരു കുടുംബത്തിലാണ് ജനിച്ചത്. ഇന്ന് എല്ലാ നേട്ടങ്ങള്‍ക്കും കാരണം സിനിമയാണ്. സിനിമ ഇന്‍ഡസ്ട്രിയോടുള്ള എന്റെ കടപ്പാടിനും സ്നേഹത്തിനും അളവില്ല. സിനിമയില്‍ നിന്ന് മാറി രാഷ്ട്രീയത്തിലേക്കിങ്ങിയ സമയമുണ്ടായിരുന്നു.പത്ത് വര്‍ഷത്തോളം ഞാന്‍ അഭിനയിച്ചില്ല. തിരികെ വരുമ്പോള്‍ ഞാന്‍ സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നു. കാരണം സിനിമ വല്ലാതെ മാറിയിരുന്നു. പക്ഷേ എനിക്ക് ജനങ്ങള്‍ നല്‍കിയ സ്നേഹം ഇരട്ടിയായിരുന്നു. സിനിമയുടെ വില അന്നാണ് മനസ്സിലായത്. ഒരിക്കലും ഞാന്‍ ഇനി സിനിമ വിട്ടുപോകില്ല” – ചിരഞ്ജീവി പറഞ്ഞു.