പലപ്പോഴും നിർത്തി പോകാൻ തോന്നിയിട്ടുണ്ട്, ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്

387

Anjana Ramesh

മദ്രാസ് ഐഐടിയും ആത്മഹത്യയും

ഞാൻ ഐ ഐ ടി മദ്രാസിൽ ആറു വർഷം പഠിച്ചിട്ടുണ്ട്…അഞ്ചു വർഷം കൊണ്ട് തീരേണ്ട പി എച് ഡി തീർന്നത് ആറു വര്ഷം കൊണ്ടാണ്…ആ ആറാമത്തെ വർഷം ഞാൻ എന്റെ ഗൈഡിനെതിരെ കംപ്ലയിന്റ് കൊടുത്തിട്ട് അതിനൊരു പരിഹാരം ഉണ്ടാകാൻ ശ്രമിക്കുക ആയിരുന്നു…ആ സമയത് ഞാൻ അനുഭവിച്ച മാനസിക സംഘർഷം എഴുതി ഫലിപ്പിക്കാൻ എനിക്കറിയില്ല…എല്ലാ ദിവസവും ഞാൻ ഡീനിന്റെ റൂമിനു മുന്നിൽ പോയിരിക്കും..അദ്ദേഹത്തിന് സമയം ഉണ്ടെങ്കിൽ കാണാൻ അനുവദിക്കും…എന്റെ പരാതിക്ക് എന്തെങ്കിലും പരിഹാരം ആയോ എന്ന് അന്വേഷിക്കും…മറുപടി കേൾക്കുമ്പോൾ പലപ്പോഴും ഞാൻ അറിയാതെ തന്നെ കണ്ണുനീർ ഒഴുകും…അങ്ങനെ ആറ് മാസം ഗതികിട്ടാ പ്രേതം പോലെ ഞാൻ ആ കാമ്പസിൽ കഴിഞ്ഞു.

പലപ്പോഴും നിർത്തി പോകാൻ തോന്നിയിട്ടുണ്ട്…. ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്….ആത്മഹത്യകൾ ആ കാമ്പസിൽ വളരെ സ്വാഭാവികവും ആണ്…എങ്കിലും അതൊന്നും ചെയ്യാതെ രക്ഷപ്പെട്ടത് വളരെ അടുപ്പമുള്ള കുറച്ചു ആൾക്കാർ തന്ന സപ്പോർട് കൊണ്ട് മാത്രമാണ്…പി എച് ഡി ഒന്നും വേണ്ട, നീ ഇങ്ങു ജീവനോടെ വന്നാൽ മതി എന്ന് പറഞ്ഞിരുന്ന അച്ഛനും അമ്മയും ആണ് അതിൽ പ്രധാനം. 28 വയസിൽ ആണ് എനിക്ക് ഈ പ്രശ്നങ്ങൾ നേരിടേണ്ടി വന്നത്…അത്വാവശ്യം പക്വത ഉള്ള പ്രായം ആയതു കൊണ്ടാകാം എനിക്ക് സർവൈവ് ചെയ്യാൻ കഴിഞ്ഞത്…18 വയസുള്ള ഒരു കുട്ടിക്ക് അതിനു കഴിഞ്ഞെന്നു വരില്ല..അത് തന്നെ ആകണം ഫാത്തിമയ്ക്കും സംഭവിച്ചത്..

ഐ ഐ ടി മദ്രാസിലെ ജാതി വിവേചനത്തെ കുറിച്ച് പലരും ഇപ്പോൾ ചോദിക്കുന്നുണ്ട്..അയ്യങ്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന് പേര് കേട്ട സ്ഥാപനത്തിൽ ജാതി ഉണ്ടോ എന്ന് ചോദിക്കുന്നതിലും വലിയ തമാശ വേറെ ഇല്ലല്ലോ…പക്ഷെ അധ്യാപരുടെ ജാതി വിവേചനം വളരെ subtle ആണ്…കഴിവുള്ള കുട്ടികളെ ഈ വിവേചനത്തെ നിന്നും ഒഴിവാക്കറും ഉണ്ട്….എങ്കിൽ പോലും പേരിന്റെ അറ്റത് ഒരു വാൽ ഉണ്ടായിരുന്നെങ്കിൽ ഐ ഐ ടി ജീവിതം കുറച്ചു കൂടെ ഈസി ആയേനെ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…വിദ്യാർത്ഥികളുടെ ഇടയിൽ ഈ വിവേചനം അത്യാവശ്യം നല്ല രീതിയിൽ ഉണ്ട്.

ജാതിയാണോ മതമാണോ ഐ ഐ ടി മദ്രാസിലെ ആത്മഹത്യകൾക്ക് കാരണം എന്ന് ചോദിച്ചാൽ രണ്ടും അല്ല എന്നാണ് എന്റെ മറുപടി…പല അധ്യാപകരും മനുഷ്യത്വം എന്നത് എന്താണ് എന്നറിയാത്തവരാണ്…അത് തന്നെ ആണ് ഈ ആത്മഹത്യകളുടെ പ്രധാന കാരണവും ..അതേ മനുഷ്യത്വ രഹിത സംസ്കാരം തന്നെ ആണ് അവിടെ പഠിക്കുന്ന കുട്ടികൾക്കും കിട്ടുന്നത്…അടുത്ത വർക്ക് ബെഞ്ചിൽ ഉള്ള ആൾ ആത്മഹത്യാ ചെയ്താൽ ആ സ്ഥലവും കൂടെ എനിക്ക് കിട്ടുമല്ലോ എന്ന് കരുതുന്നവരാണ് ഭൂരിഭാഗവും..ഒരു കുട്ടി രാവിലെ 9 മണിക്ക് മരിച്ചാൽ 10 മണിക്ക് കൃത്യമായി ക്‌ളാസ് നടക്കും..ആ കുട്ടിയുടെ എല്ലാ സഹപാഠികളും ആ ക്‌ളാസ് അറ്റെൻഡ് ചെയ്യുകയും ചെയ്യും…ഈ സംസ്കാരത്തിൽ വളർന്നു വരുന്നവരാണ് നാളത്തെ ഐ ഐ ടി അധ്യാപകർ…അവരിൽ നിന്നും മനുഷ്യത്വം പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണ് .

ആരൊക്കെ എന്തൊക്കെ പരാതി കൊടുത്താലും ഐ ഐ ടി അധ്യാപകന്റെ ജോലി സുരക്ഷിതം ആണ്..ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകന് ദോഷമല്ലാത്ത പരിഹാരമാർഗങ്ങൾ മാത്രമേ കണ്ടെത്തുകയുള്ളൂ…അത് കൊണ്ട് തന്നെ നമ്മുടെ കുട്ടികൾ കുറച്ചു കൂടെ സ്ട്രോങ്ങ് ആയില്ലെങ്കിൽ ഐ ഐ ടി കളിൽ ഇനിയും ആത്മഹത്യകൾ തുടർന്ന് കൊണ്ടേ ഇരിക്കും .

Advertisements