മലയാള സിനിമ 2022 – തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ
(ഭാഗം 2)
ഇലവീഴാപൂഞ്ചിറ
Santhosh Iriveri Parootty
ഈ സീരീസിലെ ഒന്നാം ഭാഗമായി “പുഴു” എന്ന ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റ് 02.01.2023 തിങ്കളാഴ്ച്ച നിങ്ങളുമായി പങ്കിട്ടിരുന്നു. വായിക്കാത്തവർ വായിക്കുമല്ലോ. ഇന്ന് 2022 ലെ തിരഞ്ഞെടുത്ത ചിത്രങ്ങളിൽ രണ്ടാമത്തെ ചിത്രമായി പ്രതിപാദിക്കുന്നത് “ഇലവീഴാപൂഞ്ചിറ” എന്ന ചിത്രമാണ്.ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥയിലൂടെ തന്റെ ക്ലാസ് വെളിപ്പെടുത്തിയ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്ത “ഇലവീഴാപൂഞ്ചിറ” അക്ഷരാർഥത്തിൽ പക ഇടിവെട്ടി പെയ്യുന്ന കാഴ്ച്ചയായിരുന്നു. കോട്ടയം – ഇടുക്കി അതിർത്തിയിലുള്ള, ഇലവീഴാപൂഞ്ചിറ എന്ന ഭൂമിയിലെ സ്വർഗം എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് ചിത്രീകരിച്ച ഈ സിനിമ ദൃശ്യ ഭംഗി കൊണ്ടും മനം കവർന്നു.
സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇലവീഴാപൂഞ്ചിറയിൽ സംഭവിക്കുന്ന ഒരു കുറ്റകൃത്യം. മിന്നൽ പിണരുകൾ സംഹാര താണ്ഡവമാടുന്ന, അപകടാവസ്ഥയിൽ ഇലവീഴാപൂഞ്ചിറ വയര്‍ലസ് സ്റ്റേഷനിൽ ജോലി ചെയ്യേണ്ടി വരുന്ന പോലീസുകാരുടെ കഥ. ഇലവീഴാപൂഞ്ചിറയിലെ കുന്നിന്മുകളിലുള്ള ഒറ്റപ്പെട്ട പൊലീസ് വയർലെസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മധുവും (സൗബിൻ ഷാഹിർ) സുധി (സുധി കോപ്പ) യും. ഒരുദിവസം അവർക്ക് വരുന്ന ഒരു സന്ദേശം എല്ലാം കീഴ്മേൽ മറിക്കുകയാണ് – ഒരു സ്ത്രീയുടെ ശരീരഭാഗങ്ങൾ ഇലവീഴാപൂഞ്ചിറ പ്രദേശത്ത് പലയിടത്തായി കണ്ടെത്തി!! മൂന്നാമതൊരാൾ എത്തിച്ചേരാൻ ഇടയില്ലാത്ത അവിടെ ആരാണ് കൊല്ലപ്പെട്ടത്? ആരാണ് കൊലയാളി? അതിന്റെ പിന്നിലെ ഉദ്ദേശമെന്ത്? ഈ മൂന്നു ചോദ്യങ്ങൾക്കുള്ള ഉത്തരത്തിലേക്കുള്ള യാത്രയാണ് വലിയൊരു സസ്പെന്സിലൂടെയുള്ള ഈ ചിത്രം.
ഞെട്ടിക്കുന്ന ഒരു ക്രൈം എലമെന്റ് കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. അത് കൊണ്ട് ഈ സിനിമ കാണുന്നെങ്കിൽ തുടക്കം മുതൽ ശ്രദ്ധയോടെ കാണണം. അല്ലെങ്കിൽ നിങ്ങൾക്കുണ്ടാകുന്ന ആസ്വാദന നഷ്ടം വലുതാണ്. കാരണം ആ സീനിന്റെ തുടർച്ചയാണ് പിന്നീട് രണ്ടാം പകുതിയിലും തുടർന്ന് ചിത്രത്തിന്റെ മർമ പ്രധാന ഭാഗങ്ങളിലും വരുന്നത്. അത് പോലെ ഇന്റർവൽ കഴിഞ്ഞയുടനെയുള്ള സീനും മിസ്സ് ചെയ്യരുത്. “ഇല വീഴാ പൂഞ്ചിറ” എന്ന മലമടക്കിലെ പോലീസ് വയർലസ് സ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന രണ്ട് മൂന്ന് പോലീസുകാരുടെ ജീവിതമാണ് ചിത്രം പറയുന്നത് എന്ന് പറഞ്ഞല്ലോ. അങ്ങേയറ്റം പ്രകൃതി രമണീയമായ ഈ സ്ഥലം അപ്രതീക്ഷിതമായ കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ട് പ്രക്ഷുബ്ധവുമാണ്. തീരെ പ്രതീക്ഷിക്കാതെയുള്ള ശക്തമായ മഴയും കാറ്റും ഇടിമിന്നലും ഇവിടെ സാധാരണമാണ്. അതിൽ അതിശക്തമായ ഇടിമിന്നൽ പലപ്പോഴും വിനോദ സഞ്ചാരികളുടെ അടക്കം ജീവൻ അപഹരിക്കുന്നുണ്ട്. ഇടിമിന്നൽ ഇതിൽ ഒരു കഥാപാത്രം തന്നെയാണ്. കഥയുടെ പിരിമുറുക്കം കൂടുന്നതിനനുസരിച്ച് മിന്നലിന്റെ ശക്തിയും വർധിക്കുന്നുണ്ട്. ക്ളൈമാക്സിലെ സർവവും സംഹരിക്കുന്ന ഇടിമിന്നൽ ഞെട്ടിക്കുന്ന അനുഭവമാണ്.
ചിത്രത്തിന്റെ ആദ്യപകുതി സ്ലോ പേസിൽ കുറച്ചു ലൈറ്റ് കോമഡിയൊക്കെ കൊണ്ട് തരക്കേടില്ലാതെ പോകും. രണ്ടാം പകുതിയിലാണ് ചിത്രം അതിന്റെ യഥാർഥ ഭാവത്തിലും താളത്തിലും എത്തുന്നത്. തീവ്രമായ ഒരു സസ്പെൻസ് ക്രൈം ത്രില്ലർ. അതോടൊപ്പം ശക്തമായ ഫാമിലി റിവഞ്ച് ഡ്രാമ. അക്ഷരാർഥത്തിൽ നമ്മെ തിയേറ്ററിന്റെ അറ്റത്തു പിടിച്ചിരുത്തുന്ന അനുഭവം. മികച്ച ഒരു കപ്പിത്താന്റെ സാന്നിധ്യം ഷാഹി കബീർ അനുഭവപ്പെടുത്തുന്നുണ്ട് “ഇലവീഴാപൂഞ്ചിറ” യിൽ.
ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് അതിന്റെ ദൃശ്യ-ശ്രാവ്യ മികവുതന്നെയാണ്. ഡോൾബി വിഷൻ 4K HDRൽ മലയാളത്തിൽ ഇറങ്ങിയ ആദ്യ സിനിമയായിരുന്നു “ഇലവീഴാപൂഞ്ചിറ”. കഥാഗതിയുടെ വഴിത്തിരിവുകളോട് ചേർന്ന് കുന്നിൻമുകളിലുള്ള ജീർണിച്ച വയർലസ് സ്റ്റേഷന്റെ സൗമ്യവും രൗദ്രവുമായ ഭാവങ്ങൾ ഇഴചേർത്ത് അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. ഛായാഗ്രഹണം, കലാസംവിധാനം എന്നിവ മികവിന്റെ ഉന്നതങ്ങളിലാണ്. കഥാഗതിക്കനുസരിച്ച് ഏറിയും കുറഞ്ഞും അകമ്പടി സേവിക്കുന്ന പശ്ചാത്തല സംഗീതമാണ് ചിത്രത്തിന്റെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നത്. പ്രകൃതിയുടെ ശബ്ദവിന്യാസങ്ങൾ , കാറ്റിന്റെ കലഹങ്ങൾ, വാക്കി ടോക്കിയിലൂടെ അവിടേക്ക് എത്തുന്ന അറ്റു പോയതും ആവര്‍ത്തിക്കപ്പെടുന്നതുമായ സംഭാഷണങ്ങൾ, ഇടിമിന്നലിന്റെ രൗദ്രത എന്നിവയെല്ലാം തികച്ചും സ്വാഭാവികമായി കോര്‍ത്തിണക്കാന്‍ സിനിമക്ക് കഴിഞ്ഞു. പോലീസ് സേനയിലെ ചില രീതികൾ അവതരിപ്പിച്ചതും പുതുമയായി. എഴുത്തും സംവിധാനവും ഒക്കെ പോലീസ് ഉദ്യോഗസ്ഥർ ആയത് കൊണ്ടുള്ള ഒരു നേട്ടം.
മല മുകളിലെ വയര്‍ലസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന മധുവിലൂടെയാണ് (സൗബിന്) കഥ ആരംഭിക്കുന്നത്. ഉള്ളിൽ ഒരു ആന്തലുമായി നടക്കുകയാണ് അയാളെന്ന് തുടക്കത്തിൽ തന്നെ പ്രേക്ഷകന് മനസ്സിലാവുന്നുണ്ട്. പ്രക്ഷുബ്ധതയുടെ തിരയിളക്കവുമായി ഒരു മനുഷ്യൻ. കാറ്റാടി അനങ്ങി തുടങ്ങുമ്പോൾ തന്നെ മുഖത്ത് ഭയത്തിന്റെ പെരുമ്പറ മേളം. ആ സ്റ്റേഷൻ പരിസരത്തേക്ക് പോലും ആരും വരുന്നത് ഇഷ്ടമില്ലാത്ത അയാൾ ആൾക്കാരുടെ സമ്പർക്കം പോലും വെറുക്കുന്നു. അതിനായി അതിർ വരമ്പുകള്‍ നിശ്ചയിക്കുകയും അതിക്രമിച്ച് കയറുന്നവരെയെല്ലാം ആട്ടിയോടിക്കുകയും ചെയ്യുന്നു. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വരുന്ന യുവ മിഥുനങ്ങളെപ്പോലും ഒഴിവാക്കുന്നില്ല അയാൾ. ഏത് ഇടി മിന്നലിലും ഡ്യൂട്ടി ചെയ്യേണ്ട പൊലീസുകാരുടെ മാത്രം ഇടമാണ് അയാളെ സംബന്ധിച്ചിടത്തോളം അവിടം. പിന്നെ അയാൾ സ്നേഹം കാണിക്കുന്നത് പിങ്കി എന്ന നായയോടും രണ്ട് നായ കുട്ടികളോടുമാണ്.
അവിടേക്ക് വന്നു പോകുന്ന പലരോടും പല വിധത്തില്‍, പല അളവില്‍ മധു കലഹിക്കുന്നുണ്ട്. അതിനുള്ള കാരണം തന്നെയാണ് ഈ ചിത്രത്തിന്റെ മർമ ഭാഗം. അയാളെ വേട്ടയാടുന്നത് എന്ത് എന്നത് തേടിയുള്ള യാത്രയിൽ പ്രേക്ഷകരും പങ്കു ചേരുകയാണ്. സൗബിന്റെ അസാമാന്യവും ഗംഭീരവുമായ പ്രകടനം തന്നെയാണ് മധു എന്ന കഥാപാത്രത്തിന് ജീവൻ പകരുന്നത്. കട്ടയ്ക്ക് നിൽക്കുന്നുണ്ട് സുധിയിലൂടെ സുധി കോപ്പ. ഇരുവരുടെയും മത്സരാഭിനയം (അങ്ങനെ ഒന്നില്ലെന്ന് പറയുമെങ്കിലും) കാണുന്നവർക്ക് ഹരം പകരും. നെഗറ്റീവ് സൈഡിലേക്ക് വന്നാൽ ചില പഴകിപ്പുളിഞ്ഞ സങ്കൽപ്പങ്ങൾ ഊട്ടിയുറപ്പിക്കാൻ ഈ ചിത്രം ശ്രമിച്ചു എന്ന് പറയേണ്ടി വരും. ഭാര്യാ ഭർതൃ ബന്ധത്തെക്കുറിച്ചും സദാചാരത്തെക്കുറിച്ചുമെല്ലാം പഴയ പുരുഷാധിപത്യസമൂഹത്തിന്റെ വീക്ഷണങ്ങൾ തന്നെയാണ് ഈ ചിത്രവും പങ്കു വെക്കുന്നത്. അത്തരത്തിൽ നോക്കിയാൽ ചില അറുപഴഞ്ചൻ ആശയങ്ങൾ ചിത്രത്തിൽ കടന്നു വരുന്നുണ്ട്. 2022 ൽ എത്തുമ്പോൾ ഇത്തരം സദാചാര മാറാലകളെല്ലാം പുതിയ തലമുറ തൂത്തു വൃത്തിയാക്കിയതാണെന്ന് സംവിധായകൻ മറന്നു പോയെന്നു തോന്നി.
സസ്പെൻസ് എന്നതിനേക്കാൾ പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നു എന്നിടത്ത് കൂടുതൽ കയ്യടി നൽകേണ്ട പടമാണ് “ഇലവീഴാപൂഞ്ചിറ”. Excellent Making. ഒന്നേ മുക്കാൽ മണിക്കൂർ മാത്രം ദൈർഘ്യമുള്ള ഈ പടം എന്തുകൊണ്ടും കാണാനായി സജസ്റ്റ് ചെയ്യുന്നു. ഒ ടി ടി യിൽ ഇതുവരെ റിലീസ് ആയില്ല എന്നാണ് എന്റെ അറിവ്. അതു കൊണ്ട് കാണാത്തവർ അതു വരെ കാത്തിരിക്കേണ്ടി വരും. എന്നാൽ തിയേറ്റർ അനുഭവത്തിന്റെ നൂറിലൊന്ന് നൽകാൻ അതിനാവില്ല, ഈ ചിത്രത്തിന്റെ കാര്യത്തിൽ..
(അടുത്തത് : ഭാഗം 3:- “ഡിയർ ഫ്രണ്ട്”)
വായിക്കാം > പല തലങ്ങളിലുള്ള വായന സാധ്യമാകുന്ന “പുഴു