Written by Ressel Ressi

ഉടുതുണിയുരിയുന്ന മാലാഖ

ഐ ആം ഹാപ്പി ബീയിംഗ് എ പ്രോസ്റ്റിറ്റ്യൂട്ട് ( വേശ്യ ആയതില്‍ ഞാന്‍ സന്തോഷിക്കുന്നു)

ധാരയെ ഓർമ്മ വരുന്നു…

മുബൈയിൽ നിന്നുള്ള സുഹൃത്തുകളെ കാണുമ്പോഴും അവിടെക്കുള്ള എയർ റൂട്ട് ഫ്ലെറ്റ് ഓപ്പറേഷനിലിരുന്ന് ഷെഡ്യൂൾ ചെയ്യുമ്പോഴും ഇടയ്ക്ക് വെറുതെയെങ്കിലും ഞാൻ ധാരയെ ഓർക്കാറുണ്ട്….

അവർ ഇപ്പോൾ എവിടെയായിരിക്കും?

വെളുത്ത മെലിഞ്ഞ 26ക്കാരിയുടെ ശരീരം ഇപ്പോൾ തടിച്ച് ഇപ്പോൾ വലിയൊരു സ്ത്രി ആയിരിക്കുമോ?

അതോ എന്തെങ്കിലും അസുഖം ബാധിച്ച് കിടപ്പിലായിരിക്കുമോ?

അതോ കുടുംബവും കുട്ടികളുമായി പുതിയൊരു ജീവിതം ജീവിക്കുന്നുണ്ടാക്കുമോ?

കുറച്ച് ദിവസം മുമ്പ് മുബൈയിലെ ജീവിതാനുഭവവും തൂലികയാക്കിയപ്പോൾ അവരെ വീണ്ടും ഓർമ്മ വന്നു.

പണ്ട്, ഇന്ത്യ മുഴുവൻ ഇന്റർവ്യൂകൾ മാത്രമായി ഭിക്ഷാംദേഹിയായി അലഞ്ഞു നടന്നിരുന്ന കാലം… 37മത്തെ ഇന്റർവ്യൂയും തോൽവി സമ്മതിച്ചു പുറത്തിറങ്ങുമ്പോൾ ആ ബോംബെ നഗരത്തിനു മുന്നിൽ ഞാൻ വീണ്ടും പരിഹാസ കഥാപാത്രമായോ എന്നൊരു തോന്നൽ….

പ്രണയത്തിന്റെ മരവിപ്പിക്കുന്ന ഓർമ്മകളാൽ ഒരിരുണ്ട മുറിയിൽ സ്വയം ബന്ധനസ്ഥനാകേണ്ടി വന്ന അഞ്ച് വർഷക്കാലം..

ജീവിതം ഇനി എങ്ങോട്ട് എന്ന ചോദ്യത്തിൽ ആ ജീവിതത്തെ തേടിയുള്ള യാത്രകൾ

വിദേശ എയർപ്പോർട്ടുകളിലെവിടെങ്കിലും ഒതുങ്ങി കൂടാം എന്ന ലക്ഷ്യത്തിന്റെ മുന്നിൽ ഓരോ അഭിമുഖങ്ങളും പരാജയത്തിന്റെ വന്മലകൾ താണ്ടിയിരുന്നു…

ഓരോ തവണ ഇന്റർവ്യൂകൾ കഴിയുമ്പോൾ അടുത്ത തവണ ശരിയാകും അടുത്ത തവണ ശരിയാകുമെന്ന ഉമ്മാന്റെ ശുഭാപ്തി നിറഞ്ഞ വാക്ക് കേട്ട് തുരുമ്പിച്ച കാതുകളായിരുന്നു എന്റേത്.

ഓരോ ഇന്റർവ്യൂ തോൽക്കുമ്പോൾ പുതിയ പുതിയ അധ്യായങ്ങളായിരുന്നു മുന്നിലേക്ക് തുറന്നിരുന്നത്.. പക്ഷേ എല്ലാതിനും ചുവന്ന മഷിയിൽ ഹൃദയത്തിൽ രേഖപ്പെടുത്തിയ പൊതു ഘടകം എന്നെ കൊണ്ട് ഒന്നിനും കഴിയില്ല എന്ന് തന്നെയായിരുന്നു.

പെട്ടെന്നൊരു നാൾ അവൾ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയപ്പോൾ കൂടെയിറങ്ങിയത് എന്നിലെ എല്ലാം പ്രതീക്ഷകളും, വിശ്വാസവും തന്നെയായിരുന്നു. ആരെ ബോധ്യപ്പെടുത്താനാ ഇനിയുള്ള ജീവിതമെന്ന് തോന്നിയ മുറിവാർന്ന തോന്നലുകൾ തന്നെയായിരുന്നു എന്നിലേ പരാജയവും… അവളുടെ ഓർമ്മയുടെ ഗന്ധവും പ്രണയവും എന്നെയാകെ ഇന്നും ഭ്രാന്ത് പിടിപ്പിക്കുന്നു നഷ്ട്ടപ്പെടുമ്പോഴാണ് സ്നേഹത്തിന്നാഴം കൂടുതലെന്ന്‌ മുത്തശ്ശിക്കഥകളിൽ കേട്ടതിന്നർത്ഥം ഇന്നെനിക്ക് മനസ്സിലാകുന്നു.അവൾ എന്റെ അടുത്തില്ലയെന്ന സത്യം ഞാൻ മറക്കുന്നത് ഒരു പക്ഷേ ആ പ്രണയം എന്നിലത്രയേറെ അലിഞ്ഞതിനാലാവും.

കാത്തിരിപ്പിന്റെ സുഖവും പ്രണയത്തിന്റെ തീവ്രതയും എന്നെ പഠിപ്പിച്ചത് അവളാണ്
എന്റെ മനസ്സ് സ്നേഹത്തിന്നർത്ഥം തിരയുമ്പോളൊക്കെയും ആദ്യം മന്ത്രിക്കുന്നത് അവളുടെ പേരാണ് തെളിയുന്നത് അവളുടെ മുഖമാണ് അവളുടെ ഓർമ്മകളാണ് എന്റെ ജീവവായു അവൾക്കു വേണ്ടിയല്ലാതെ എന്തിനാണ് എനിക്കീ ജീവിതം.

ഒരിക്കൽ ജീവിത കർത്തവ്യത്തെ തേടിയുള്ള അലച്ചിലിൽ മുംബൈയിലെത്തി.ബോംബെ എന്ന പഴയ ചരിത്രമുള്ള പുതിയ പേര് ചാർത്തിയ മുംബൈ..

ആ പേര് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ ആദ്യം ഓടി എത്തുന്നത്‌ ധാരാവിയും, കാമം തീർക്കാനുള്ള ചുവന്ന തെരുവും അധോലോകം അടക്കി ഭരിച്ച ദാവൂത് ഇബ്രാഹിമും, ഛോട്ട ഷക്കീലും പിന്നെ ഗേറ്റ് വേ ഓഫ്‌ ഇന്ത്യയുടെ കുറുകെ പറക്കുന്ന നൂറു കണക്കിന് പ്രാവിൻ കൂട്ടങ്ങളും ആയിരിക്കും..

പക്ഷേ എനിക്ക് ഓർമ്മ വരുന്നത് മറ്റു പല മുഖങ്ങളാണ്.. നിരാശയുടെയും വിശപ്പിന്റെയും കാഠിന്യത്തിൽ ഹാജി അലി ദർഗയിലേക്കുള്ള കടൽപ്പാലത്തിൽ തളർന്നിരുന്നപ്പോൾ പപ്പിതാ റാസും റൂമിലി റൊട്ടിയും വാങ്ങി തന്ന് തന്റെ അത്തറിന്റെ സുഗന്ധം വീശുന്ന തൂവാല കുപ്പിവെള്ളത്തിൽ പിഴിഞ്ഞ് നെറ്റിൽ തടത്തിൽ കൈ കൊണ്ട് അമർത്തി തണുപ്പിച്ചും,, സർവ്വ ശക്തൻ തുണയുണ്ട് കുഞ്ഞേ എന്ന് നെറ്റിയിൽ മന്ത്രിച്ച് ഊതിയും അദ്ദേഹത്തിന്റെ കൈയ്യിലെ ദസ്ബിയും എന്റെ ഉള്ളം കയ്യിൽവെച്ചുതന്ന് ഭർഗ്ഗയിലെ മണ്ഡപത്തിൽ വിശ്രമിക്കാൻ അനുവദിച്ച ഇമാം അബൂബക്കർ അൻസാരിയെന്ന നന്മയുടെ വിശുദ്ധപ്രകാശത്തിനെയും സൂര്യൻ അസ്തമയത്തിൽ താഴുമ്പോൾ ആ ഇരുൾ പരപ്പിൽ നിലാവിന്റെ വെളിച്ചത്തിൽ എന്റെ കണ്ണുകളെ ഈറനണിയിച്ച ദർഗ്ഗയിലെ ഗസ്സൽ സദസ്സിൽ മണിക്കൂറോളമുള്ള ഹാർമോണിയത്തിനും തബലയുടെയും മുകളിലൂടെ ഇടറിയ ശബ്ദത്തിലൂടെയുള്ള ഭായിയുടെ ഖവാലി സൂഫി സംഗീതത്തെയും ഞാനിവിടെ സ്മരിക്കുന്നു.

അതുപോലെ സ്മരിക്കുന്ന മറ്റൊരു മുഖമാണ് ധാര..

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ നരകങ്ങളിൽ ഒന്ന് മുംബൈയിലെ കാമാത്തിപ്പുരയെന്ന ഈ ചുവന്ന തെരുവാണ്. ചായം തേച്ച ചുണ്ടുകളും ഇരുണ്ട ഗലികളും പെണ്ണിനെ വിൽപ്പന ചരക്കായി വിലപേശുന്ന മുഖങ്ങളും വാഴുന്ന കാമാത്തിയുടെ ചുവന്ന വെളിച്ചം”.

കാമാത്തിപ്പുര- മാംസവ്യാപാരത്തിന്റേയും ലൈംഗികതൊഴിലാളികളുടേയും കേന്ദ്രം. സ്വന്തം നാടും വീടും വിട്ട് ഇറങ്ങിത്തിരിക്കാന്‍ ധൈര്യം കാണിച്ച സ്ത്രീകളും പ്രണയമെന്ന ചതിയില്‍ വീണെരിഞ്ഞവരും, സിനിമാ മോഹമെന്ന സ്വപ്‌നവുമായി ബോംബെയില്‍ (മുംബൈയില്‍) എത്തിയ സ്ത്രീകളും. എല്ലാവരും ഒടുവില്‍ ഇവിടേക്കായിരുന്നു എത്തിച്ചേര്‍ന്നിരുന്നത് അല്ലെങ്കില്‍ വലിച്ചെറിയപ്പെട്ടിരുന്നത്.

ബോളിവുഡ് സിനിമകളിലൂടെയും ദാവൂദ് ഇബ്രാഹിം, ഛോട്ടാ രാജന്‍, ഹാജി മസ്താന്‍ എന്നീ അധോലോക നായകരുടേയും പേരിനൊപ്പം ചേര്‍ത്തുവായിച്ചിരുന്ന പ്രദേശമായിരുന്ന കാമാത്തിപ്പുര. മാംസവ്യാപാരത്തിന്റെ മൊത്തവിതരണക്കാരാകാന്‍ അധോലോകം നടത്തിയ പോരാട്ടങ്ങളില്‍ ബോംബെയുടെ തെരുവുവീഥികളില്‍ നൂറുകണക്കിനു പേരുടെ ചോരയാണ് പൊടിഞ്ഞത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാംസ വിപണി നടക്കുന്ന സ്ഥലം കൂടിയാണ്. ഇവിടെ വില്പനക്ക് വെച്ചിരിക്കുന്നത് ആടുമാടുകളല്ല . ചതിയിലും കെണിയിലും വീഴ്ത്തി തട്ടിക്കൊണ്ടു വന്ന് നിർബ്ബന്ധിതമായി വേശ്യാവൃത്തി ചെയ്യിക്കപ്പെടുന്ന പെൺകുട്ടികളും സ്ത്രീകളുമാണ് . അവരുടെ ദയനീയാവസ്ഥ മനസ്സിലാക്കാനോ , അവർക്ക് മോചനം ലഭ്യമാക്കാനുള്ള ബിൽ പാസാക്കാനോ സർക്കാരിനു കഴിഞ്ഞില്ല . ആദ്യം നിരോധിക്കേണ്ടിയിരുന്നത് മനുഷ്യമാംസ വില്പനയായിരുന്നു . സദാചാര പോലീസോ , ഘർ വാപ്പസികളോ ഒന്നും അങ്ങോട്ട് തിരിഞ്ഞുപോലും നോക്കുന്നില്ല . എന്തൊരു വിരോധാഭാസം . . ! ! ഭാരതസ്ത്രീകളുടെ ചാരിത്രം കവർന്നെടുത്ത് അവരെ തെരുവിൽ വലിച്ചെറിയപ്പെട്ടിട്ടും സർക്കാർ അത് കണ്ടില്ലെന്നു നടിക്കുന്നു . ബീഫ് വില്പന നിരോധിച്ചതുപോലെ സ്ത്രീകളുടെ മാംസ വില്പനയും നിരോധിച്ചിരുന്നെങ്കിൽ കാമാത്തിപ്പുരയുടെ അന്ധകാരത്തിൽ നിന്ന് എത്രയോ സ്ത്രീകളും പെൺകുട്ടികളും രക്ഷപ്പെടുമായിരുന്നു..

ഈ പ്രദേശത്തിന് ചുവന്ന തെരുവ് എന്ന് പേരുവീണതിനും ഒരു കഥയുണ്ട്. പണംകൊടുത്ത് ആവശ്യമുള്ളവരെ സ്വന്തമാക്കി കഴിഞ്ഞാല്‍ വേശ്യാലയത്തിലെ ഓരോ റൂമിനുപുറത്തും ഒരു ചുവന്ന മങ്ങിയ വിളക്ക് തൂക്കിയിടുന്ന പതിവുണ്ടായിരുന്നു. കസ്റ്റമര്‍ തിരക്കിലാണ് അല്ലെങ്കില്‍ ഇരയെ മറ്റൊരാള്‍ സ്വന്തമാക്കികഴിഞ്ഞു എന്ന സൂചനയായിരുന്നു ഈ വിളക്കുകള്‍.

നിരവധി വേശ്യാലയങ്ങള്‍ നിലനിന്നിരുന്ന പ്രദേശമായിരുന്നു ഇത്. എന്നാല്‍ ലൈംഗികതൊഴിലിലെ തകര്‍ച്ചയും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ വാഗ്ദാനം ചെയ്ത പണവും വസ്തു ഉടമകളുടെ കണ്ണുമഞ്ഞളിപ്പിക്കുന്നതായിരുന്നു.പിന്നെ എയ്ഡ്‌സിന്റെ വ്യാപനം കാമാത്തിപ്പുരയെ ചുഴ്ന്നെടുത്തു.. . അധോലോക നായകരുടെ കുടിപ്പകകളും മറ്റ്ലഹളകളും പല സ്ത്രീകളെയും ഇവിടെനിന്നും ആട്ടിയോടിച്ചു. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ എച്ച്.ഐ.വി ബാധിച്ച് മരിച്ചവരുടെ എണ്ണം അര ലക്ഷത്തിലധികം വരും.

ഒമാൻ എയർവേഴ്സിന്റെ ഇന്റർവ്യൂയും പരാജയം ഏറ്റുവാങ്ങി കാമാത്തിപ്പുരയുടെ അടുത്തുള്ള ക്രോസ് മൈദാൻ ഗാർഡനിലെ ഏതോ ബെഞ്ചിൽ ശരീരം മാത്രം വെച്ച് ഇന്നലെകളെയും നാളെകളയുടെയും ഓർമ്മകളും ചിന്തകളുമായി കൂട് കൂട്ടിയിരിക്കുന്ന നേരം.

ചാറ്റൽ മഴ മാറിയതോടെ പൂമ്പാറ്റകളുടെ പരാഗണവും പൂക്കളുടെ വർണ്ണ ശോഭകളും കണ്ട് മതിയാവോളം ചാരിയിരുന്നിരുന്നു.എനിക്കെതിരെ വശത്തുള്ള ബെഞ്ചിൽ പഴയ നോക്കിയുടെ മൊബൈലിൽ ആരോടൊ സംസാരിച്ചുകൊണ്ട് ഇടയ്ക്ക് എന്നെ നോക്കി കൊണ്ടു ചുണ്ടിൽ ചുവന്ന ചായം തേച്ച ഒരു മെലിഞ്ഞ നോർത്ത് ഇന്ത്യൻ സുന്ദരിയും ഉണ്ടായിരുന്നു. നോട്ടങ്ങളുടെ ഏതോ വിചിത്രമായ വടംവലിക്കൊടുവിൽ, അവൾ ഞാനിരുന്ന ബെഞ്ചിൽ പുഞ്ചിരികൊണ്ട് അനുവാദം ചോദിച്ചിട്ട് ഇരുന്നു.. കൂടെ അവളുടെ സാൾവറിൽ പൂശിയ മുല്ലപ്പൂവിന്റെ അത്തറിന്റെ സുഗന്ധവും എനിക്ക് ചുറ്റും പടർന്നു.

അവളുടെ മധുരമായ ശബ്ദത്തിൽ എന്നോട് ആരാഞ്ഞു.
ഭായ്, ക്യാ കോയ് ഇൻത്സാർ കർ രഹാ ഹേ?
(ആരെങ്കിലും കാത്തിരിക്കുവാണോ )

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഹോ ,കിസ്മത്ത് ക (അതേ വിധിയെ)

ആ ,മറുപടി കേട്ട് അവളൊന്ന് അമ്പരുന്നു.

പച്ചക്ക് തന്നെ അവൾ പറഞ്ഞു

ഞാൻ ധാര,, ഇവിടെ 15 ലൈൻ കാമാത്തിപ്പുര ഫരാസ് റോഡിലെ അപ്പാർഡ്മെന്റിലാണ് താമസം, എന്റെ സുഹൃത്ത് വരാമെന്ന് പറഞ്ഞിരുന്നു. പക്ഷേ പറ്റിച്ചു. നിങ്ങൾക്ക് താൽപ്പര്യം ഉണ്ടോ?

എന്തിന്

സെക്സിന്,I am a call girl

ഹ ഹ

അവളെ കുറ്റം പറയാനൊക്കില്ല, എന്റേത് വിശന്ന് കാഞ്ഞൊട്ടിയ വയറാണെങ്കിലും വേഷവിധാനങ്ങളും സർട്ടിഫിക്കേറ്റ്സ് സൂക്ഷിച്ച ലെഥർ ബാഗും കണ്ടപ്പോൾ ഏതോ ബിസിനസ്സ്ക്കാരനായിരിക്കണമെന്ന് അവൾ കരുതി കാണണം.. ഞാനെന്ന മിസ്ക്കിനെ അവൾക്കറിയില്ലലോ ..

ഞാൻ ചിരിച്ചു കൊണ്ടു ചോദിച്ചു എന്നെ കണ്ടാൽ അതിനു താൽപ്പര്യമുള്ളവനാണോന്ന് തോന്നുന്നുണ്ടോ? ഹ ഹ

അതിനെന്തിനാ ചിരിക്കുന്നേ

ഞാൻ ചിരിച്ചത് എന്റെ തന്നെ ഒരു കാര്യം ആലോചിച്ചിട്ട:ടോ…
പാതിവഴിയിൽ എപ്പോഴും കൂടെയുണ്ടാവുമെന്ന് കരുതി സ്നേഹിച്ച പെണ്ണും നഷ്ട്ടമായി അതോടെ ഉണ്ടായിരുന്ന ജോലിയും കളഞ്ഞ്
ജീവിതവും പ്രതീക്ഷകളും നഷ്ട്ടമായി, നഷ്ട്ടമായ ആ ജീവിതത്തെ തിരഞ്ഞു ഒട്ടിയ വയറുമായി ഈ മുബൈ നഗരത്തിലെ പറവയാകാൻ തുടങ്ങിയിട്ട് ഒത്തിരിയായി ബേഹൻ ഒരു നേരം ഭക്ഷണം കഴിക്കാൻ കഷ്ട്ടപ്പെടുന്നവനോടാണ് ആയിരങ്ങൾ വിലമതിക്കുന്ന തന്റെ ശരീരത്തെ എനിക്ക് വില്‍ക്കുന്നത്.

നിന്നെ പ്രാപിക്കാതെ സഹായിക്കണമെന്നുണ്ട് .പക്ഷേ എന്റെ കൈയ്യിൽ ഒന്നുമില്ല.. ഞാനും ഒന്നുമില്ലാത്തവൻ തന്നെ.

ഓ,

തല താഴ്ത്തിയ അവരെ ഞാൻ ശെരിക്കും കുറച്ചുനേരം നോക്കി നിന്നു . . .

പതുക്കെ അവർ എന്നോട് എന്തൊക്കയൊ വിശേഷങ്ങൾ ചോദിക്കുന്ന പോലെ ഓരോന്ന് ചോദിക്കാൻ തുടങ്ങി ഞാൻ അവർ ചോദിച്ച ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകികൊണ്ടിരുന്നു . ചിലപ്പോൾ ഞാൻ അവരോട് അവരെ കുറിച്ച് ചോദിച്ചത് ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കുമോ എന്ന വിചാരിചിട്ടാവാം ആ ചോദ്യങ്ങൾ എന്നോട് ചോദിച്ചിട്ടുണ്ടാവുക . . എന്നിരുന്നാലും ആ സമയം കൊണ്ട് ഞങ്ങൾ തമ്മിലുള്ള അകൽച്ച കുറഞ്ഞു വന്നിരുന്നു .

സന്ധ്യ മയങ്ങുന്നതിനു മുമ്പ് നിനക്ക് വേറെ ഒരാളെ തേടി കൂടെ

എന്റെ ചോദ്യം കേട്ട് പെട്ടെന്ന് അവൾ പുഛത്തോടെ എന്റെ മുഖത്ത് നിന്ന് കണ്ണുകളെടുത്തു.

നിങ്ങൾ കുറച്ചു മുമ്പ് പറഞ്ഞ പ്രണയം, സ്നേഹം, അനുകമ്പ എന്താണ് അതിലുള്ളത് കേൾക്കുമ്പോഴെ ദേഷ്യമാണ്.

ഞാൻ 26 വയസ് പ്രായം ഉള്ള ഒരു പെണ്‍കുട്ടി ആണ്. ദിവസം അഞ്ചോ ആറോ പുരുഷന്മാർക്ക് കാമം തീർക്കാൻ സ്വയം കിടന്നു കൊടുക്കുന്ന ഒരു വേശ്യ. ഞാൻ വേശ്യ ആയി അല്ല ജനിച്ചത്‌, വേശ്യ ആകാൻ വേണ്ടി അല്ല വളർന്നതും. ഒരു നല്ല ജീവിതം മോഹിച്ചു പക്ഷെ വിധി എന്നെ എവിടെ എത്തിച്ചു ?

ഞാൻ ഒരു നല്ല കുടുംബത്തിൽ ആണ് ജനിച്ചത്‌, സ്നേഹം നിറഞ്ഞ ഒരു വീട് ചെറിയ വരുമാനത്തിലും എന്നെ നന്നായി നോക്കിയിരുന്ന അച്ഛൻ ,അമ്മ … ഞാൻ ഒറ്റ മകൾ ആണ്. നല്ല വടിവൊത്ത ശരീരം എനിക്ക് 18 വയസ് പ്രായം ഉള്ളപ്പോൾ അച്ഛൻ മരിച്ചു അന്നു മുതൽ ജീവിതം വളരെ കഷ്ടമായി, ഗുജറാത്തിലെ വാടക വീട്ടിൽ നിന്നും പുറത്തായ ഞാനും അമ്മയും ചെറിയ ഒരു വീട് കണ്ടു പിടിച്ചു .

അമ്മ പല വീടുകളിലും ജോലിക്ക് പോയി ഞാനും അമ്മയും ഒരു മുറിയുള്ള വാടക വീട്ടിൽ ഒരുവിധം ജീവിച്ചു .

തെരിവിൽ കൂടി നടക്കുമ്പോൾ ശരീരം കീറി മുറിക്കുന്ന കാമ കണ്ണുകൾ നോക്കി നിൽക്കുന്നു . രാത്രിയിൽ ചൂട് തേടി നടന്നു കിട്ടാതെ വരുമ്പോൾ കതകിൽ മുട്ടി ഭാഗ്യം പരിശോധിക്കാൻ വരുന്ന പകൽ മാന്യൻമാരിൽ നിന്നും അമ്മ എന്നെ കാത്തു പിടിച്ചു .

ഞാൻ കോളേജിൽ പഠിക്കുന്ന കാലം , നല്ല മാർക്കു വാങ്ങി അമ്മയെ നല്ല പോലെ നോക്കാൻ ഞാൻ കൊതിച്ചിരുന്നു.
കാലം അത് എപ്പോഴും കരുണ ഇല്ലാത്ത ഒന്നാണ്. ഒരു വാഹന അപകടത്തിൽ അമ്മയും എന്നെ തനിച്ചാക്കി പോയി.

ആരും തുണ ഇല്ലാതെ ഞാൻ പകച്ചു നിന്നു. ചുറ്റും കാമം നിറഞ്ഞ കുറെ കണ്ണുകൾ എന്നെ കടിച്ചു കീറാൻ തക്കം നോക്കി നിൽക്കുന്നു. അകെ കയ്യിൽ ഉള്ളത് കഷ്ടി 110 രൂപ … രാത്രി വാടകക്കാരനും ഭാര്യയും അവിടേക്ക് വന്നു

മോള് ഇവിടെ താമസിച്ചോ … മോൾക്ക്‌ എല്ലാ കാര്യത്തിനും ഞാൻ ഉണ്ടാകും എന്ന് പറഞ്ഞു …. മോളെ എനിക്ക് സ്വന്തം മകളെ പോലെ ആണ് എന്നും പറഞ്ഞു …. അയാളിൽ ഞാൻ മരിച്ചു പോയ അച്ഛനെ ഞാൻ കണ്ടു … ആയാളും ഭാര്യയും എനിക്ക് ആഹാരം കൊണ്ടു തന്നു …. ഈശ്വരൻ അവരുടെ രൂപതിൽ വന്നു എന്ന് ഞാൻ ചിന്തിച്ചു …..

അയാൾ അടുത്തുള്ള ഒരു കടയിൽ എനിക്ക് ജോലി ശരിയാക്കി തന്നു. അത് ഒരു ഫാൻസി ഷോപ്പ് ആയിരുന്നു. ഒഴുവ് ദിവസം ജോലിക്ക് പോയും …. പകൽ കോളേജിൽ പോയും ഞാൻ ജീവിതവും ആയി പട വെട്ടി ….

നല്ലവനായ ആ വീട് ഉടമയുടെയും ഭാര്യയുടെയും സഹായം കൊണ്ട് ഞാൻ കോളേജിൽ പഠനം പൂർത്തിയാക്കി.

ഒരു നല്ല ജോലി ഞാൻ തേടി നടന്നു… ഒടുവിൽ ഒരു ടൂർ കമ്പനിയിൽ ഒരുവിധം നല്ല ഒരു ജോലി കിട്ടി. ജീവിതത്തിൽ പൂക്കൾ വിരിയാൻ തുടങ്ങി….

ഞാൻ പഴയ വീട്ടിൽ നിന്നും താമസം മാറി പുതിയ ഒരു ഹൊസ്റ്റലിൽ താമസം തുടങ്ങി…. അവിടെ വെച്ച് ഞാൻ ഒരു ചെറുപ്പക്കാരനും ആയി അടുത്തു.. പേരിന് ഒരു മാലയിട്ടു. കല്യാണം കഴിച്ചു..ഇവിടെത്തി.. വന്ന അന്ന് ഇവിടത്തെ ദർബാറിൽ മുറിയെടുത്തു… എനിക്ക് ഒരു ഗ്ലാസ്‌ ജ്യൂസ്‌ തന്നു അത് കുടിച്ചതും കുറച്ചു കഴിഞ്ഞ് ഞാൻ തളർന്നു പോയി. അവൻ എന്നെ കട്ടിലിൽ വലിച്ചു കിടത്തിയത്‌ ഞാൻ അറിഞ്ഞു പക്ഷെ ഞാൻ തളർന്നു പോയി.. ആരോക്കെ റൂമിൽ വന്നു
ആരോ എനിക്ക് മുകളിൽ കയറി കിടക്കുന്നു എന്ന സത്യം ഞാൻ അറിഞ്ഞു … ഒന്നും എനിക്ക് ചെയ്യുവാൻ കഴിയില്ല .. ഞാൻ തളർന്നു കിടക്കുന്നു …ഒരു പാവയെ പോലെ എന്നെ തിരിച്ചും മറിച്ചും എന്തൊക്കെ ചെയ്തു. …

കാര്യം ഇത് കൊണ്ടും തീർന്നില്ല. ആ രാത്രി അയാൾ എന്നെ പലർക്കും കാഴ്ച്ച വെച്ചു …. ചിലർ കൂട്ടമായും ചിലർ തനിയയും വന്ന് എന്നെ കടിച്ചു കീറി…. രാത്രിയിൽ എപ്പോഴോ ബോധം വന്നപ്പോൾ ഞാൻ നഗ്നയായി കട്ടിലിൽ കിടക്കുന്നു … പറിച്ചു എറിഞ്ഞ വസ്ത്രം മുഴുവൻ തറയിൽ കിടക്കുന്നു … കുടിച്ചു തീർത്ത മദ്യവും .. വലിച്ചു തീർത്ത സിഗരറ്റ് കുറ്റികളും . ശരീരത്തിൽ അരുടെയെക്കയോ വിയപ്പിൽ തുളളികളിൽ കുളിച്ച് ഞാനും കിടക്കുന്നു. സ്വന്തം ദേഹത്ത് തൊടുവാൻ തന്നെ അറുപ്പ് തോന്നിയ നിമിഷങ്ങൾ. അവിടെന്ന് പുറത്തേക്ക് കടക്കാൻ നോക്കിയപ്പോൾ മുറി പുറത്ത് നിന്ന് പൂട്ടിയിരുന്നു.
താമസിയാതെ മനസ്സിലായി ആ ദർബാർ വൃഭിശാലയാണെന്നും അവൻ എന്നെ വിറ്റുവെന്നും… പിന്നെ ഓരോ കാമ മുഖങ്ങൾ എന്നെ തേടിയെത്തുന്നത് ഞാൻ കണ്ടു… അന്ന് മരിക്കാൻ പേടി ആയതു കൊണ്ട് മരിച്ചില്ല .. ഈ ജീവിതത്തിൽ ഇനി ഞാൻ എന്ത് നേടാൻ.. നഷ്ട്ടപെടാൻ ഒന്നുമില്ലാതത്തുകൊണ്ട് ഇനി ആരെയും പേടിയില്ലാതെ ജീവിക്കാല്ലോ.

നല്ല വില തരുന്ന ആർക്കും ആദ്യം അവർ എന്നെ വിറ്റു ….. ചിലർ നഗ്ന ആക്കി ഡാൻസ് കളിപ്പിച്ചു . പിന്നെ ചിലർ നഗ്ന ചിത്രം എടുത്തു …… മറ്റു ചിലർ ചെന്ന പാടെ കാര്യം നടത്തി …. ഓരോ തരം ആളുകൾ ഓരോ രീതി ….
ചിലർ ചുണ്ടുകൾ സ്നേഹിക്കുന്നു , ചിലർ കാലുകൾ, ഓരോ തരം സ്നേഹം … ഒരു മര പാവയെ പോലെ ഞാൻ അവർക്കിടയിൽ …….അവർ പറയുന്ന വേഷത്തിൽ … രീതിയിൽ ശരിക്കും ഒരു യന്ത്ര പാവ …. കാമം തീർക്കാൻ വേണ്ടി ജനിച്ച ഒരു പാവം പാവ …. ഈ ജീവിത യാഥാർത്യത്തോട് പൊരുത്തപ്പെട്ട് അവർ പറയുന്നതുപോലെ അനുസരിക്കാൻ തുടങ്ങിയപ്പോൾ എന്നെ ആ ഇരുണ്ട മുറിയിൽ നിന്ന് അവർ സ്വാതന്ത്രയാക്കി .. ആരെയും കാണാനോ പോകാൻ ഒരിടമോയില്ലാത്തതു കൊണ്ട് എങ്ങോട്ടും ഒളിച്ചോടിയില്ല…

ഇപ്പോൾ ഞാൻ പുരുഷന്മാർക്ക് കാമം തീർക്കാൻ സ്വയം കിടന്നു കൊടുക്കുന്ന ഒരു വേശ്യ ആയി ….. വലിയ ലോകത്ത് ചെറിയ ഒരു ശരീരവും ആയി ഞാൻ കാത്തിരിക്കുന്നു കാമം നിറഞ്ഞ പുതിയ ആളുകൾക്കായി … അവർ കരുതി വെച്ച പുതിയ രീതികൾക്കായി ….ഐ ആം ഹാപ്പി ബീയിംഗ് എ പ്രോസ്റ്റിറ്റ്യൂട്ട് (വേശ്യ ആയതില്‍ ഞാന്‍ സന്തോഷിക്കുന്നു) ഹ ഹ

എന്ത് തോന്നുന്നു എന്നോട് ?എന്റെ വിധിയോട്?
വേശ്യയാണെന്നും പറഞ്ഞിട്ടും മൃഗകണ്ണിലൂടെ കാണാതെ ആദ്യമായി ഒരാൾ ബേഹൻ എന്ന് വിളിച്ചു അത് നിങ്ങളാണ്.താങ്കളും ഒരുപാട് സങ്കടം അനുഭവിക്കുന്നു .അതിനു മുകളിൽ ഞാനിത് പറഞ്ഞത് നിങ്ങളുടെ പ്രശ്നത്തിന്റെ വലിപ്പം കുറയ്ക്കാൻ വേണ്ടിയാണ് അല്ലാതെ ഞാൻ മറ്റൊന്നിനു വേണ്ടിയല്ല..

ഞാൻ എന്ത് വാക്ക് പറഞ്ഞ് അവളെ ആശ്വാസിപ്പിക്കണമായിരുന്നു.. . അന്നേരം മൂകനായിരുന്നു ഞാൻ.

അന്ന് അവൾ എന്റെ പേര് പോലും ചോദിക്കാതെ അവിടെന്ന് നടന്നു അകന്നതിനു ശേഷം പെയ്ത ധാരയിൽ എനിക്ക് ചുറ്റുമുള്ള ഓരോ ഓരോ ജീവിതങ്ങളെ ആലോചിച്ച് എന്റെ സങ്കടങ്ങളുടെ ഭാരവും കൂടുകയായിരുന്നു….

മുബൈയിൽ നിന്ന് തിരിച്ചു പോകുന്ന ഒരു സന്ധ്യ മയങ്ങാൻ നേരം ഞാൻ ആദ്യമായി ആ തെരുവിലേക്ക് നടന്ന് കയറി. കാമാത്തിപ്പുര എന്നാല്‍ ശരീരം വില്‍പ്പന മാത്രം നടക്കുന്ന ഒരു മാര്‍ക്കറ്റ് ആണെന്ന് നിങ്ങള്‍ ഒരിക്കലും കരുതരുത്. നിത്യോപയോഗ സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന സാദാരണ മാര്‍ക്കറ്റുകളെപോലെ തന്നെ പഴവും പച്ചക്കറിയും ഫാന്‍സി സാധനങ്ങളും പട്ടുവസ്ത്ര വ്യാപാരവും എല്ലാം ഉള്ള ഒരു സ്ഥലം കൂടിയാണ് കാമാത്തിപ്പുര.

സൂര്യ പ്രകാശത്തിനു ഒരു ചുവപ്പ് കലര്‍ന്ന മഞ്ഞ നിറം. മാംസത്തിന്റെ ഗന്ധം മാത്രമുള്ള ചുവന്ന തെരുവിലൂടെ ഞാൻ നീങ്ങി.. പഴകി ദ്രവിച്ച ലോഡ്ജു മുറികള്‍ പോലെ ,അടുപ്പ് കല്ല്‌ കൂട്ടിയിട്ട പോലെ, കെട്ടിടങ്ങള്‍. വൃത്തിഹീനമായ തെരുവില്‍, ഒരിടത്ത് പൈപ്പ് പൊട്ടി, ശുദ്ധ ജലം തൊട്ടടുത്തുകൂടി ഒഴുകുന്ന അഴുക്കു ചാലിലേക്ക്, നല്ലതിനെയും ചീത്തയാക്കുമെന്ന തെരുവിന്റെ തത്വം ഓര്‍മ്മിപ്പിക്കുന്നുന്നപോലെ… പലതരം ഭാഷകളാല്‍ തെരുവ് മുഖരിതമാണ്.

റോഡിനിരുവശത്തും പലരീതിയില്‍ വസ്ത്രധാരണം ചെയ്ത സ്ത്രീകള്‍ അവിടവിടെയായി കൂട്ടം തെറ്റിയ മാടുകളെ പോലെ. മുഖം മിനുക്കി ചുണ്ടില്‍ ചുവന്ന ചായം പൂശി.. താനാണ് കൂടുതല്‍ സുന്ദരിയെന്ന ഭാവമാണ്. എല്ലാവരും ആരെയൊക്കെയോ പ്രതീക്ഷിച്ചു നില്‍ക്കുന്നു..

അന്നത്തെ മാംസ കച്ചവടത്തിന് തെരുവുണരുന്നു. അവിടെ രാത്രികള്‍ പകലുകലാണല്ലോ..പക്ഷെ ഒരു വ്യത്യാസം മാത്രം..ആ പകലിന്റെ നിറം കടും ചുവപ്പാണെന്ന് മാത്രം..

മുന്നോട്ടു നീങ്ങുമ്പോള്‍ വഴികള്‍ പലതായി പിരിഞ്ഞു. പത്തു പന്ത്രണ്ടോളം തെരുവുകള്‍ അവിടെയുണ്ട്. പാഞ്ചാലം, വൈശാലി അങ്ങനെ പല പേരുകളില്‍. തെരുവിന്റെ വീതി കുറഞ്ഞു വരുന്നുണ്ടായിരുന്നു. വഴികളില്‍ കൂടുതല്‍ ഇരുള്‍ പരന്നു. ഇനിയുള്ള വഴികള്‍ ഒരാള്‍ക്ക് മാത്രം പോകാന്‍ പറ്റുന്ന തരത്തിലായിരുന്നു.

അസ്തമയ സൂര്യന്റെ ചുവന്ന പ്രകാശം എന്റെ കണ്ണിലേക്കിരച്ചു കയറി. പല നിസ്സഹായ മുഖങ്ങളും എന്നെ കടന്നു പോകുന്നുണ്ടായിരുന്നു.

ചുവന്ന ചുണ്ടില്‍ പല്ലുകള്‍ കടിച്ചു അമര്‍ത്തി ചിലര്‍ എന്ന മാടി വിളിച്ചു. അവരിലേക്ക് ആകര്‍ഷിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. അക്കുട്ടത്തില്‍ ഒരു കൂസലുമില്ലാതെ അര്‍ദ്ധ നഗ്നകളായി നടക്കുന്ന ബാല്യം വിട്ടു മാറിയിട്ടില്ലാത്ത കുഞ്ഞനുജത്തിമാരും ഉണ്ട് . പിന്നെ പിഞ്ചു കുഞ്ഞിനു മുലപ്പാല്‍ കൊടുക്കുന്ന അമ്മമാരും ഉണ്ടായിരുന്നു.

മുലപ്പാലിന് വേണ്ടി കെഞ്ചി കരയുന്ന കുഞ്ഞു മക്കള്‍,ചിലര്‍ പിച്ചവച്ചു നടക്കുന്നു. വൃത്തിയില്ലാത്ത പാത്രങ്ങളില്‍ എന്തോ പെറുക്കി തിന്നുന്നു. അവരെ സൂക്ഷിച്ചു നോക്കുമ്പോള്‍ ഞാന്‍ കാണുന്ന മുഖം അത് എന്റേത് തന്നെ അല്ലെ??

ആ ഇടുങ്ങിയ വഴിയുടെ ഒരു വശത്ത് നിരനിരയായി കരിപിടിച്ച ചുമരുകളുള്ള കെട്ടിടങ്ങള്‍ ,മറുവശത്ത് കൂറ്റന്‍ മതില്‍ക്കെട്ട് .

എല്ലാ മുക്കിലും മൂലയിലും നടന്നു കാണണം എന്നു വിചാരിച്ചു അന്വേഷിച്ചപ്പോള്‍ അറിഞ്ഞു പതിനാല്‌ സ്ട്രീറ്റുകള്‍ ഉണ്ടെന്നു. ഏറ്റവും തിരക്ക്‌ സഫേദ്‌ ഗല്ലിയിലാണ്. ആവശ്യക്കാരെ കാത്തു നില്‍ക്കുന്ന പെണ്ണുങ്ങള്‍ ധാരാളമായി ഉണ്ട്. ഇംഗ്ലീഷുകാര്‍ വിനോദങ്ങള്‍ക്കും പന്തയങ്ങള്‍ക്കും വേണ്ടി പണിത ഗെയിം ഹൗസുകള്‍ പ്ലേ ഹൗസ്‌ വിളിച്ച്‌ പോന്ന ആ സ്ഥലം പിന്നീട്‌ ഫിലാഹൂസ്‌ ഗല്ലിയായി മാറി. അവിടെയും ഉണ്ട് ആളുകള്‍. ഓരോ തെരുവുകള്‍ക്കിടയിലും ചെറിയ ചെറിയ മന്തിറുകളില്‍ കണ്ണു കാണാത്ത ദൈവങ്ങള്‍ ആര്‍ക്കും ഉപകരമില്ലാതെ വൈകുന്നേരങ്ങളില്‍ ദീപങ്ങള്‍കൊണ്ടു അലങ്കരിച്ചു വെച്ചിട്ടുണ്ട്. കണ്മുന്നില്‍ നടക്കുന്ന ഈ മനുഷ്യജീവിതങ്ങളെ കാണാന്‍ കഴിയാത്ത ദൈവങ്ങള്‍ എന്തിനായിരിക്കും ആ തെരുവുകളില്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നു അല്ലെങ്കില്‍ അവരെ എന്തിനു വേണ്ടി ആര് അവിടെ കുടിയിരുത്തി..? ഉത്തരം കിട്ടാത്ത ചോദ്യങ്ങളും മനം മടുപ്പിക്കുന്ന ഈറൻ കാഴ്ച്ചകളുമായി കണ്ണിനെ മറച്ച ചുവന്ന വെളിച്ചത്തിലെ അവ്യക്തമായ ആ രൂപങ്ങൾ മറന്നു ഞാന്‍ നടന്നകന്നു…

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.