സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് )

നമ്മുടെ വൈദ്യുത ബില്ലിന്റെ നല്ലൊരു ഭാഗം സംഭാവന ചെയ്യുന്ന ഗാർഹികോപകരണം ആണ്‌ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റഫ്രിജറേറ്ററുകൾ. വൈദ്യുത ബില്ലിന്റെ 15 ശതമാനം മുതൽ 50 ശതമാനം വരെയൊക്കെ സംഭാവന നൽകാൻ റഫ്രിജറേറ്ററുകൾക്ക് കഴിയുമെന്നതിനാൽ ഏറ്റവും ശ്രദ്ധ നൽകേണ്ട വിഭാഗത്തിൽ പെട്ട ഒന്നാണ്‌ ഇത്. നിലവിലുള്ളതിന്റെ കാര്യക്ഷമമായ ഉപയോഗത്തെക്കുറിച്ചും പുതിയതു വാങ്ങുന്നതിനെക്കുറിച്ചും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാം.

പത്ത് വർഷമായും പതിനഞ്ചു വർഷമായുമൊക്കെ യാതൊരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്ന ഫ്രിഡ്ജുകളുടെ അനുഭവ കഥകളൊക്കെ നമുക്ക് പലർക്കും പങ്കുവയ്ക്കാനുണ്ടാകും. പക്ഷേ അതോടൊപ്പം തന്നെ ഇത്രയും പഴക്കമുള്ള ഫ്രിഡ്ജുകൾ എത്രമാത്രം ഊർജക്ഷമമാണ്‌ എന്നു കൂടി ഒന്ന് പരീക്ഷിച്ച് നോക്കേണ്ടതുണ്ട്. ഫ്രിഡ്ജ് വാങ്ങിയതിന്റെ ശേഷം അവ തണുപ്പിക്കുന്നുണ്ട് ഐസുണ്ടാക്കുന്നുണ്ട് എന്നതിനപ്പുറമായി അതിനെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നോ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നുണ്ടോ എന്നൊന്നും നമ്മളിൽ മിക്കവരും ചിന്തിക്കാറില്ല. മീറ്റർ റീഡിംഗ് പരിശോധിച്ച് വളരെ എളുപ്പത്തിൽ നിങ്ങളുടെ ഫ്രിഡ്ജ് കൂടൂതൽ വൈദ്യുതി ഉപയോഗിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയും. മറ്റ് വൈദ്യുത ഉപകരണങ്ങൾ എല്ലാം ഓഫ് ചെയ്തതിനു ശേഷം ഫ്രിഡ്ജ് മാത്രം പ്രവർത്തിക്കാൻ അനുവദിച്ച് നിശ്ചിത സമയത്തിനുള്ളിൽ എത്ര യൂണിറ്റ് വൈദ്യുതി ഉപഭോഗമുണ്ടെന്ന് മീറ്റർ റീഡിംഗ് നോക്കി മനസ്സിലാക്കി ഒരു മാസത്തെ ഫ്രിഡ്ജിന്റെ ശരാശരി വൈദ്യുത ഉപഭോഗം മനസ്സിലാക്കാവുന്നതാണ്‌.

വളരെ പഴക്കം ചെന്ന ഫ്രിഡ്ജുകളുടെ കമ്പ്രസ്സറുകൾക്ക് ഊർജക്ഷമത നഷ്ടപ്പെടുന്നതും അതുവഴി കൂടുതൽ വൈദ്യുതി ഉപയോഗിക്കപ്പെടൂന്നതുമൊക്കെ സർവ്വ സാധാരണമാണ്‌. അതുപോലെ ഒട്ടൂം തന്നെ ശ്രദ്ധിക്കാത്തതാണ്‌ ഫ്രിഡ്ജിന്റെ വാതിലുകളിലെ റബ്ബർ ബീഡിംഗുകൾ. കാലപ്പഴക്കത്താൽ ഇതിന്റെ ഇലാസ്തികത നഷ്ടപ്പെടൂകയും ശരിയായ രീതിയിൽ വാതിൽ ചേർന്നടയാതെ തണുപ്പ് നഷ്ടപ്പെടൂകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകുന്നു. ഫ്രിഡ്ജിനകത്ത് ഒരു ടോർച്ച് കത്തിച്ച് വച്ച് അടച്ചതിനു ശേഷം വാതിലിനിടയിലൂടെ എവിടെ നിന്നെങ്കിലും വെള്ലിച്ചം പുറത്ത് വരുന്നത് കാണാമെങ്കിൽ ബീഡീംഗിനു തകരാർ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം.

അതുപോലെത്തന്നെയാണ്‌ ടെമ്പറേച്ചർ സെൻസർ കട്ടോഫുകൾ. ഇത് ശരിയായി പ്രവർത്തിക്കാതിരുന്നാൽ ഏല്ലായ്പ്പോഴും കമ്പ്രസ്സർ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും അതുവഴി വലിയ ഊർജ്ജ നഷ്ടമുണ്ടാവുകയും ചെയ്യുന്നു.

ഫ്രിഡ്ജ് സ്ഥാപിക്കുന്ന ഇടങ്ങളിൽ വേണ്ട രീതിയിൽ എയർ സർക്കുലേഷൻ ഉറപ്പ് വരുത്തിയില്ലെങ്കിൽ ഊർജ ക്ഷമത കുറയുന്നു.

ഫ്രിഡ്ജിന്റെ മുൻവശം അല്പം ഉയർത്തി വാതിൽ തനിയേ അടയുന്ന രീതിയിൽ സജ്ജീകരിക്കേണ്ടത് വളരെ അത്യാവശ്യമാണ്‌.

ഫ്രീസർ ഒഴിച്ചിടാതെ അതിൽ എപ്പോഴും ഒരു പാത്രത്തിൽ ഐസ് എങ്കിലും സൂക്ഷിച്ചു വയ്ക്കുക. വൈദ്യുതി ഇല്ലാത്ത സമയങ്ങളിൽ റഫ്രിജറേറ്ററിനകത്തെ തണുപ്പ് നിലനിർത്തുന്ന ബഫർ ആയി ഇത് പ്രവർത്തിക്കുന്നു.

തണുപ്പ് ആവശ്യമായ അളവിൽ മാത്രം ക്രമീകരിക്കുക. ഡീഫ്രോസ്റ്റ് ചെയ്യേണ്ട റഫ്രിജറേറ്റർ ആണെങ്കിൽ ഐസ് ഡെപ്പോസിറ്റ് പരിശ്രാധിച്ച് സമയാസമയങ്ങളിൽ ചെയ്യുക.

പുതിയ റഫ്രിജറേറ്റർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

⚫️ കപ്പാസിറ്റി : അനാവശ്യമായി വലിപ്പം കൂടിയ റഫ്രിജറേറ്ററുകൾ തെരഞ്ഞെടൂക്കാതിരിക്കുക. റഫ്രിജറേറ്ററിനെ അനാവശ്യമായ വസ്തുക്കൾ കുത്തി നിറച്ച് ഷെൽഫ് ആയി ഉപയോഗിക്കുന്നവർ ഉണ്ട്. അടുത്ത വീട്ടിൽ ഡബിൾ ഡോർ റഫ്രിജറേറ്റർ ആണെന്നതിനാലും മോഡുലാർ കിച്ചണു മാച്ച് ആകാനുമൊക്കെ വലിപ്പം കൂടിയവ വാങ്ങുമ്പോൾ അതിനുസരിച്ച് വൈദ്യുത ബില്ലും കൂടും എന്ന് ഓർക്കുക. ഒരു സാധാരണ ന്യൂക്ലിയർ കുടുംബത്തിനു 250 ലിറ്ററിൽ താഴെയുള്ള റഫ്രിജറേറ്ററുകൾ ധാരാളം മതിയാകും. പക്ഷേ ഭക്ഷണമുണ്ടാക്കുന്നതിന്റെയും ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെയുമൊക്കെ വ്യത്യാസം മൂലം ഒരു തംബ് റൂൾ ആയി ഇത് പലപ്പോഴും പറയാൻ കഴിയില്ല.

വലിപ്പം കൂടിയ ഫ്രിഡ്ജുകൾ (220- 250 ലിറ്ററിനു മുകളിലുള്ളവ) പൊതുവേ ഡബിൾ ഡോർ ആണ്‌ ഉണ്ടാവുക. അതായത് ഫ്രീസർ കമ്പാർട്ട്മെന്റ് പ്രത്യേകമായി തുറക്കാവുന്ന രീതിയിലുള്ളത്. ഇതിൽ സിംഗിൾ ഡോർ ഫ്രിഡ്ജുകൾ ഡയറക്റ്റ് കൂൾ എന്നും അറിയപ്പെടാറുണ്ട്. ഇത്തരം സിംഗിൾ ഡോർ ഫ്രിഡ്ജുകൾക്ക് നിശ്ചിത ഇടവേളകളിൽ ആവശ്യാനുസരണം ഫ്രീസറിൽ അടിഞ്ഞ് കൂടുന്ന ഐസ് മാന്വൽ ആയി ഡീഫ്രോസ്റ്റ് ബട്ടൻ അമർത്തി നീക്കം ചെയ്യേണ്ടതുണ്ട്. ഈ പണി ഓട്ടോമാറ്റിക് ആയി ചെയ്തു തരുന്ന ഡ്രീഫ്രോസ്റ്റിംഗ് ടൈമറോടു കൂടിയ സിംഗിൾ ഡോർ ഫ്രിഡ്ജുകളും വിപണിയിലുണ്ട്. ഡബിൾ ഡോർ ഫ്രിഡ്ജുകളിൽ ഫാനുകൾ ഉപയോഗിച്ചുള്ള ഫോഴ്സ്ഡ് എയർ സർക്കുലേഷൻ ഉള്ലതിനാൽ ഡീഫ്രോസ്റ്റിംഗിന്റെ ആവശ്യം വരുന്നില്ല. അതിനാൽ ഇവ ഫ്രോസ്റ്റ് ഫ്രീ എന്നും അറിയപ്പെടുന്നു. പക്ഷേ ഊർജക്ഷമതയുടെ കാര്യത്തിൽ സിംഗിൾ ഡോർ ഫ്രിഡുകൾ ആണ്‌ മുന്നിൽ നിൽക്കുന്നത്.

മത്സ്യവും മാംസവും ഫ്രോസൺ ഫുഡ് ഐറ്റംസുമൊക്കെ കൂടുതൽ ആയി വാങ്ങി സ്റ്റോക്ക് ചെയ്യുന്നവർ ഫ്രീസർ കപ്പാസിറ്റി കൂടുതൽ ഉള്ള ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ തന്നെ തെരഞ്ഞെടുക്കുന്നതാണ്‌ നല്ലത്. മിക്കപ്പോഴും ഫ്രീസർ ട്രേയിൽ കാര്യമായി ഒന്നും വയ്ക്കാൻ ഉണ്ടാകാറില്ലെങ്കിൽ ഒരിക്കലും ഡബിൾ ഡോർ റഫ്രിജറേറ്ററുകൾ തെരഞ്ഞെടുക്കരുത്.

⚫️ സ്റ്റാർ റേറ്റിംഗ് : Bureau of Energy Efficiency ഗാർഹികോപകരണങ്ങൾക്ക് അവയുടെ ഊർജ ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ എനർജി സ്റ്റാർ റേറ്റിംഗ് നൽകിയിട്ടുണ്ട്. ഓരോ രണ്ടൂ വർഷക്കാലയളവിലും പുതുക്കിക്കൊണ്ടിരിക്കുന്ന സ്റ്റാർ റേറ്റിംഗ് മാനദണ്ഡങ്ങൾ അനുസരിച്ച് നമുക്ക് ഒരു ഉപകരണം എത്രമാത്രം ഊർജക്ഷമം ആണെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ ലഭിക്കുന്നു. കൂടുതൽ സ്റ്റാർ റേറ്റിംഗ് ഉള്ളത് കൂടുതൽ ഊർജക്ഷമം ആയിരിക്കും. ഫ്രിഡ്ജുകളുടെയും എയർ കണ്ടീഷണറുകളുടെയുമൊക്കെ കാര്യം പറഞ്ഞാൽ 2020 പുതിയ സ്റ്റാർ റേറ്റിംഗ് മാനദണ്ഡങ്ങൾ നിലവിൽ വന്നു കഴിഞ്ഞു. ഇതനുസരിച്ച് മാനദണ്ഡങ്ങൾ കൂടുതൽ കർശനമാവുകയും 2019 ൽ 5 സ്റ്റാർ ഉണ്ടായിരുന്ന ഉപകരണങ്ങൾ 4 സ്റ്റാർ വിഭാഗത്തിലേക്കും 4 സ്റ്റാർ ഉണ്ടായിരുന്നവ 3 സ്റ്റാറിലേക്കും ഡൗൺഗ്രേഡ് ചെയ്യപ്പെട്ടു. റഫ്രിജറേറ്ററുകളുടെ 5 സ്റ്റാർ മാനദണ്ഡങ്ങൾ അവയൂടെ നിർമ്മാണച്ചെലവുമായി ഒത്തുപോകാത്തതിനാൽ പൊതുവേ വലിയ കപ്പാസിറ്റിയുള്ളവയ്ക്ക് ഈ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാറില്ല. അതുകൊണ്ട് തന്നെ ഉയർന്ന കപ്പാസിറ്റിയിൽ 5 സ്റ്റാർ ഫ്രിഡ്ജുകൾ (ഫ്രോസ്റ്റ് ഫ്രീ വിഭാഗത്തിൽ പെടുന്നവ)‌വിപണിയിൽ ലഭ്യമാകാറില്ല.
2020 ൽ നിലവിൽ വന്ന സ്റ്റാർ മാനദണ്ഡങ്ങളിൽ എടുത്ത് പറയേണ്ടതാണ്‌ റഫ്രിജറേറ്ററുകൾക്ക് 5 സ്റ്റാർ റേറ്റിംഗ് ലഭിക്കത്തക്കവിധം ഊർജക്ഷമത കൈവരിക്കണമെങ്കിൽ വാക്വം ഇൻസുലേഷൻ പാനലിംഗ് ആവശ്യമായി വരും എന്നതാണ്‌ . എന്താണ്‌ വാക്വം ഇൻസുലേഷൻ പാനലിംഗ് ? സാധാരണ റഫ്രിജറേറ്ററുകളിൽ തെർമൽ ഇൻസുലേഷനായി പോളിയൂറത്തീൻ ഫോം ഇൻസുലേഷൻ ആണ്‌ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാൽ ഇതിനേക്കാൾ അഞ്ചിരട്ടി തെർമൽ ഇൻസുലേഷൻ നൽകുന്ന വാക്വം പാനലുകൾ ഉപയോഗിഛ്ാൽ മാത്രമേ ഇനിയും കൂടുതൽ ഊർജക്ഷമത കൈവരിക്കാനാകൂ. വാക്വം പാനലുകൾ എന്നാൽ നമ്മുടെ തെർമൽ ഫ്ലാസ്കുകളിലെപ്പോലെ ഫ്രിഡ്ജിന്റെ ബോഡിയിൽ വായു ശൂന്യമായ ഒരു പാളി ഇൻസുലേഷൻ ഉണ്ടായിരിക്കണം. ഊർജക്ഷമത വർദ്ധിപ്പിക്കാൻ വലിയ തോതിൽ ഇത് സഹായകരമാകുന്നു. വാക്വം പാനലിംഗ് ആവശ്യമായതിനാൽ 2020 BEE ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ള റഫ്രിജറേറ്ററുകളുടെ വിലയും സ്വാഭാവികമായും കൂടുതൽ ആയിരിക്കും. അതുകൊണ്ട് തന്നെ ഡയറക്റ്റ് കൂളിംഗ് സിംഗിൾ ഡോർ റഫ്രിജറേറ്ററുകൾ മാത്രമാണ്‌ 5 സ്റ്റാർ വിഭാഗത്തിൽ നിലവിൽ വിപണിയിൽ ലഭ്യമായിട്ടുള്ളത്. വളരെ കുറച്ച് കമ്പനികളുടേതായി ഇപ്പോൾ പുറത്തിറക്കപ്പെട്ടിട്ടുള്ള ഡയറക്റ്റ് കൂൾ 5 സ്റ്റാർ മോഡലുകളിൽ വാക്വം പാനലിംഗ് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്‌. കാരണം അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ കമ്പനികൾ അത് എടുത്ത് പറഞ്ഞ് പരസ്യം ചെയ്യേണ്ടതാണ്‌. അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല.

2020 ലെ ഫോർ സ്റ്റാർ ഡബിൾ ഡോർ റഫ്രിജറേറ്റർ 2019 ലെ ഫൈവ് സ്റ്റാർ റേറ്റിംഗ് ഉള്ള മോഡലിനു സമമാണെന്ന് മനസ്സിലാക്കുക. പൊതുവേ 2019 ലെ ഫൈവ് സ്റ്റാർ മാനദണ്ഡങ്ങൾ തന്നെ പാലിക്കാൻ വിഷമമായതിനാൽ 2020 ൽ ഫോർ സ്റ്റാർ വിഭാഗത്തിൽ പെടുന്ന ഡബിൾ ഡോർ റഫ്രിജറേറ്റർ മോഡലുകൾ തന്നെ വിപണിയിൽ കുറവാണ്‌. അതുകൊണ്ട് സ്റ്റാർ റേറ്റിംഗ് നോക്കി വാങ്ങുമ്പോൾ അത് 2019 ലെ ആണോ 2020 ലെ ആണോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. സ്റ്റിക്കറിൽ ‘ലേബൽ ഇയർ’ രേഖപ്പെടുത്തിയിട്ടുണ്ടാകും. 2019 ലെ ഫോർ സ്റ്റാർ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്റർ 2020 ലെ സ്റ്റാൻഡേഡ് പ്രകരം 3 സ്റ്റാർ ആണ്‌.
സ്റ്റാർ സ്റ്റിക്കറിനു മുകളിൽ പ്രതിവർഷം എത്ര യൂണിറ്റ് ഉപയോഗിക്കുന്നു എന്ന വിവരം കൂടി കാണിച്ചിട്ടുണ്ടാകും. ഇതിനെ പൂർണ്ണമായും വിശ്വാസത്തിൽ എടുക്കരുത്. കാരണം ഒരു വർഷം 200 യൂണിറ്റ് ആണ്‌ പ്രവചിക്കുന്ന വൈദ്യുത ഉപഭോഗം എന്ന് സ്റ്റാർ സ്റ്റിക്കറിൽ ഉണ്ടെങ്കിൽ അത് സാധാരണ ഉപയോഗത്തിൽ അല്ല മറിച്ച് സ്റ്റാൻഡേഡ് കണ്ടീഷനുകളിൽ മാത്രമാണെന്ന് മനസ്സിലാക്കുക. വാഹനങ്ങളുടെയൊക്കെ മൈലേജ് പറയുന്നതുപോലെയാണ്‌ ഇതും. ശരാശരി ഉപയോഗത്തിൽ പോലും ഇതിന്റെ ഇരട്ടിയുടെ അടുത്തോ ചിലപ്പോഴൊക്കെ അതിലധികമോ ഒക്കെ എത്തുന്നത് കാണാവുന്നതാണ്‌.

⚫️ സാങ്കേതിക വിദ്യ : റഫ്രിജറേറ്ററുകൾ പ്രധാനമായും രണ്ട് തരത്തിലുള്ളവയാണ്‌ വിപണിയിലുള്ളത് ഒന്ന് സാധാരണ കമ്പ്രസ്സർ ഉള്ളതും രണ്ടാമത്തേത് ഡിജിറ്റൽ ഇൻവെർട്ടർ കമ്പ്രസ്സർ ഉള്ളതും. ഇതിൽ ഡിജിറ്റൽ ഇൻവെർട്ടർ കമ്പ്രസ്സർ കൂടുതൽ ഊർജക്ഷമമായ സാങ്കേതിക വിദ്യ ആയതിനാൽ സ്റ്റാർ റേറ്റിംഗ് കൂടുതൽ ഉള്ള റഫ്രിജറേറ്ററുകളിൽ എല്ലാം തന്നെ ഇതാണ്‌ കൂടുതലായും ഇപ്പോൾ ഉപയോഗിക്കപ്പെടുന്നത്. കുറഞ്ഞ വൈദ്യുത ഉപഭോഗവും കുറഞ്ഞ ശബ്ദ ശല്ല്യവും എടുത്ത് പറയേണ്ട പ്രത്യേകതകൾ ആണ്‌. അതുപോലെത്തന്നെ ഇവ ഇൻവെർട്ടറുകളുമായും സോളാർ പ്ലാന്റുകളുമായുമൊക്കെ കണക്റ്റ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്നവയാണ്‌. പ്രധാന ന്യൂനത ആയി പറയാനുള്ളത് ഇതിന്റെ ഇലക്ട്രോണിക് കണ്ട്രോൾ ബോഡ് തകരാറിലാകുന്നതാണ്‌. കമ്പ്രസ്സറിനു പത്തു വർഷമൊക്കെ വാറന്റി നൽകുന്ന കമ്പനികളും കണ്ട്രോൾ ബോഡിന്റെ വാറന്റി റഫ്രിജറേറ്ററിനു മൊത്തം നൽകുന്ന ഒരു വർഷത്തേയ്ക്കോ ര്ണ്ടു വർഷത്തേയ്ക്കോ ഒക്കെ മാത്രമായി പരിമിതപ്പെടുത്തുന്നു. നല്ല രീതിയിലുള്ള എർത്തിംഗ്, സർജ് പ്രൊട്ടൿഷൻ ഡിവൈസുകൾ ഒക്കെ ഉപയോഗിച്ചാൽ കൂടുതൽ നല്ലതായിരിക്കും. അതുപോലെ ഇടിമിന്നലൊക്കെ ഉണ്ടാകുമ്പോൾ ഇത്തരം റഫ്രിജറേറ്ററുകൾ ഡിസ്കണക്റ്റ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

⚫️ വിൽപ്പനാനന്തര സേവനം – കമ്പ്രസ്സറിനു മാത്രമായി നൽകുന്ന അഞ്ചും പത്തും വർഷത്തെ വാറന്റി വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക. മൊത്തമായി എത്ര കൂടുതൽ വർഷം വാറന്റി ലഭിക്കുന്നുവോ അതിനു മുൻതൂക്കം നൽകുക.

⚫️ ഫ്രിഡ്ജിനൊപ്പം സ്റ്റബൈലൈസർ വാങ്ങേണ്ടതുണ്ടോ ? ഫ്രിഡ്ജിനൊപ്പം സ്റ്റബിലൈസർ വാങ്ങുന്നത് ഒരു ആചാരം പോലെ ഇപ്പോഴും തുടരുന്നുണ്ട്. വോൾട്ടേജ് ക്ഷാമവും വ്യതിയാനങ്ങളുമൊക്കെ രൂക്ഷമായ കാലത്ത് തുടങ്ങിയ ഈ ആചാരങ്ങൾ ഇപ്പോൾ തുടരേണ്ടതില്ലെന്ന് മാത്രമല്ല ഇപ്പോഴുള്ള ഫ്രിഡ്ജുകൾ എല്ലാം 100 വോൾട്ട് മുതൽ 250 വോൾട്ട് വരെയൊക്കെയുള്ള റേഞ്ചിൽ സുഗമമായി പ്രവർത്തിക്കാൻ കഴിയുന്നവയാണ്‌. ഗുണനിലവാരമില്ലാത്ത സ്റ്റബിലൈസറുകൾ പലപ്പോഴും ഗുണത്തേക്കാൾ ദോഷവും ഉണ്ടാക്കിയേക്കാം.

⚫️ ഫീച്ചറുകൾ – തുറക്കാതെ തന്നെ തണുത്ത വെള്ളം എടുക്കാൻ കഴിയുന്ന വാട്ടർ ഡിസ്പൻസർ, തണുപ്പിച്ച് സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത ഉള്ളി, ഉരുളക്കിഴഞ്ഞ് തുടങ്ങിയവ സൂക്ഷിക്കാനുള്ള പുറത്തുള്ള ട്രേകൾ , ഇൻസ്റ്റന്റ് ഐസ് മേക്കിംഗ് എന്നൊക്കെയുള്ള അല്ലറ ചില്ലറ ഫീച്ചറുകൾക്ക് അപ്പുറമയി പൊതുവേ ശ്രദ്ധയാകർഷിക്കുന്ന ഫീച്ചറുകളൊന്നും ഇന്ത്യൻ റഫ്രിജറേറ്റർ സെഗ്മെന്റിൽ കാണാറില്ല. അപൂർവ്വമായി എഫ് എം റേഡിയോ, ഇന്റർനെറ്റ് കണക്റ്റിവിറ്റി , ടച് സ്ക്രീൻ കണ്ട്രോൾ തുടങ്ങിയവയൊക്കെ ചില ഹൈ എൻഡ് മോഡലുകളിൽ കാണാമെങ്കിലും അവയൊന്നും നമ്മുടെ വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ല.

⚫️ ഏത് ബ്രാൻഡ് – ഏത് മോഡൽ : മറ്റെല്ലാ ഗാർഹിക ഉപകരണങ്ങളെപ്പോലെയും വളരെ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്‌ ഏത് കമ്പനിയുടെ ഏത് മോഡൽ തെരഞ്ഞെടുക്കണമെന്നത്. മികച്ച വിൽപ്പനാനന്തര സേവനം നൽകുന്നതും അവനവനാവശ്യമായ സ്പെസിഫിക്കേഷനുകളുമായി ഒത്തു പോകുന്നതും ബഡ്ജറ്റിൽ ഒതുങ്ങുന്നതുമായ ഒരു മോഡൽ തെരഞ്ഞെടുക്കുക എന്നതിലപ്പുറം ഒരു പ്രത്യേകം ബ്രാൻഡോ മോഡലോ എടുത്ത് പറയാൻ കഴിയില്ല. ഈ- കമേഴ്സ് വെബ് സൈറ്റുകളിലെ റിവ്യൂകൾ ഒക്കെ ഒരു പരിധിവരെ വിശ്വാസത്തിൽ എടുത്ത് ഒരു നിഗമനത്തിൽ എത്തിച്ചേരുകയായിരിക്കും കൂടുതൽ നല്ലത്.

You May Also Like

കളഞ്ഞുപോയ ഫോണ്‍ ബ്ലോക്ക് ചെയ്യാനുള്ള വെബ്‌സൈറ്റ് ഏത് ?

കളഞ്ഞുപോയ ഫോണ്‍ ബ്ലോക്ക് ചെയ്യാനുള്ള സര്‍ക്കാര്‍ വെബ്‌സൈറ്റ് ഏത്? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി…

ടിവി റിമോട്ട് ഉപയോഗിച്ചാണല്ലോ നമ്മള്‍ നിയന്ത്രിക്കുക,  ഇതെങ്ങനെ സാധിക്കുന്നു ?

ടിവി റിമോട്ട് ഉപയോഗിച്ചാണല്ലോ നമ്മള്‍ നിയന്ത്രിക്കുക,  ഇതെങ്ങനെ സാധിക്കുന്നു ? അറിവ് തേടുന്ന പാവം പ്രവാസി…

തിയറ്ററുകളിൽ ശബ്ദവിപ്ലവം ആയ ഡോൾബി അറ്റ്മോസ് എന്താണ് ?

തിയറ്ററുകളിൽ ശബ്ദവിപ്ലവം ആയ ഡോൾബി അറ്റ്മോസ് എന്താണ് ? അറിവ് തേടുന്ന പാവം പ്രവാസി പ്രേക്ഷകനു…

റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ ? എന്ന് ചോദിക്കുന്നവർ വായിച്ചിരിക്കാൻ

റോക്കറ്റ് വിട്ടാൽ പട്ടിണി മാറുമോ ? Basheer Pengattiri ‘കോടികൾ ചെലവഴിച്ച് ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കുന്നത്…