ഒരു വരള്‍ച്ചക്കാലത്ത്

254

തിരുനെല്‍വേലിയില്‍ നിന്നു മധുരക്കുള്ള യാത്രയില്‍ വലിയ വലിയ പാലങ്ങള്‍ കാണാം.പക്ഷേ ഒരിടത്തും വെള്ളമില്ല.പുഴയോ ,എന്തിന് ഒരു തോടു പോലുമില്ലാത്ത ഇടങ്ങളിലെല്ലാം ഇത്തരം വലിയ പാലങ്ങള്‍ പണിതതിന്‍റെ കാരണം എത്ര ആലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല.അതൊക്കെ പുഴകളായിരുന്നുവെന്നും വറ്റി വരണ്ടുപോയതാണെന്നും ഡ്രൈവര്‍ പറഞ്ഞതും എനിക്കത്ര വിശ്വാസയോഗ്യമായിത്തോന്നിയില്ല.എത്ര വറ്റിയാലും ഇങ്ങനെ വറ്റുമോ?

1974ല്‍ ഒന്‍പതു മാസത്തെ ട്രെയിനിങ് കഴിഞ്ഞു മൂന്നുമാസത്തെ പ്രായോഗിക പരിശീലനത്തിനും തുടര്ന്നുള്ള ജോലിക്കുമായി എത്തിയതാണ് ഞാന്‍.ലക്ഷ്മണറാവുവും പിഷാരടിയും കൂടെയുണ്ട്.തിരുവനന്തപുരം തൊട്ട് മധുരവരെ കൊയാക്സിയല്‍ കേബിള്‍ ഇടുന്ന ജോലി നടക്കുകയാണ്.തിരുമംഗലം തൊട്ട് മധുരവരെ കേബിള്‍ ഇടുന്ന ഗ്രൂപ്പിലാണ് എന്നെ പോസ്റ്റു ചെയ്തത്.തിരുമംഗലം റെയില്‍വേ സ്റ്റേഷന്‍റെ അടുത്തു തന്നെയായിരുന്നു ഞങ്ങളുടെ ക്യാമ്പ് ഓഫീസ്സ് . ശ്രീ.വടിവേലു ആണ് എസ്.ഡി.ഇ. ഞങ്ങള്‍ മൂന്നു ജെ.ടി.ഒ മാര്‍. തമിള്നാ്ട്ടുകാരായ ശ്രീ നരസിംഹനും,കൃഷ്ണമൂര്ത്തി യും ആണ് എന്‍റെ സഹപ്രവര്‍ത്തകര്‍.തുറസ്സായസ്ഥലത്ത് ഞങ്ങളുടെ ടെന്റ്റുകള്‍ ഉയര്ന്നു .ആറ് ലൈന്‍മാന്‍മാരും,നൂറിലേറെ മസ്ദൂര്മാരും,ഒരു ലോറിയടക്കം നാലുവണ്ടികളും അടങ്ങിയതാണ് ഞങ്ങളുടെ യൂണിറ്റ്.മസ്ദൂര്മാരെക്കൊണ്ട് ട്രഞ്ചിങ് നടത്തിക്കുന്നതുകൂടാതെ രണ്ടു കോണ്ട്രാക്റ്റര്മാര്ക്കും ജോലികള്‍ വീതിച്ചു കൊടുത്തിട്ടുണ്ട്.

ക്യാമ്പ് ഒരു പ്രത്യേകലോകമാണ്.ആദ്യമായി നിലം വൃത്തിയാക്കി.ഓഫീസര്മാര്ക്ക് രണ്ടുപാളികളുള്ള എം.എം.ബി ടെന്റുകളും (അതിനു ജനലും,വാതിലുമുണ്ട്) ,മറ്റുള്ളവര്ക്ക് നൂറുമീറ്റര്‍ അകലെയായി ,സാദാടെന്റുകളും ഉയര്ന്നു.ടെന്റു്കള്ക്കുള്ളില്‍ ടാര്പ്പായ വിരിച്ചു.ഞങ്ങളുടെ ടെന്റുകള്ക്ക് ചുറ്റും ഒരു വേലി സ്ഥാപിച്ചു. ഭക്ഷണം ഉണ്ടാക്കാന്‍ ഒരു മസ്ദൂറിനേ ഏര്പ്പാടാക്കി. ഒരുകട്ടില്‍,മേശ,രണ്ടുകസേരകള്‍, ഒരു ടേബിള്‍ ഫാന്‍ ഇവയാണ് ഞങ്ങളുടെ ടെന്റിലെ ഫര്ണിച്ചര്‍. ടെന്‍റു വൃത്തിയാക്കാനും തുണികള്‍ അലക്കാനും മറ്റുമായി ഞങ്ങള്ക്ക് ഓരോ പേഴ്സണല്‍ മസ്ദൂര്മാരെയും അലോട്ട് ചെയ്തു.താല്ക്കാലിക കക്കൂസുകള്‍ ഉയര്ന്നു .അവിടെ വെള്ളം ഇല്ല.വെള്ളം കൊണ്ടുവരാനും ശേഖരിക്കാനുമുള്ള സംവിധാനങ്ങളായി. താല്ക്കാലിക കറണ്ട് കണക്ഷന്‍ എടുത്തു.ന്യായവിലയ്ക്ക് മണ്ണെണ്ണ,അരി തുടങ്ങിയവ ലഭിക്കാന്‍ കളക്റ്ററേ സമീപിച്ച് പെര്‍മിറ്റ് വാങ്ങി.

എനിക്കു തീരെ പരിചയമില്ലാത്ത നാട്,ഭാഷ,ജീവിത രീതി.ഭക്ഷണവും അത്ര പിടിക്കുന്നില്ല. അതൊന്നും അത്ര കാര്യമായിത്തോന്നിയില്ല. പക്ഷേ കുളിക്കാനുള്ള അസൌകര്യം വലിയ പ്രശ്നമായി.രാവിലെ കുളിക്കാതെ ജോലിക്കിറങ്ങാന്‍ എനിക്കു മടി.വൈകുന്നേരം തിരിച്ചുവന്നാലും കുളിക്കണം. ആ വരള്ച്ചയുടെ കാലത്ത് ദിവസവും കുളി,അതും രണ്ടുനേരവും ,ഒരു ലക്ഷ്വറി ആണെന്നായി സഹപ്രവര്ത്തകര്‍. അതിനും പരിഹാരമായി.ഞാനും ശ്രീ വടിവേലുവും രാവിലെ നാലുമണിക്ക് മുന്‍പ് റെയില്‍വേയുടെ വേലി നൂണുകടന്നു ആ ടാപ്പിന്‍റെ കീഴെ കുളിക്കും.ആരെങ്കിലും കണ്ടാല്‍ ഒരു പക്ഷേ ഓടിക്കും.ഏതായാലും ഈ ഒളിച്ചുകുളി റെയിവേക്കാരുടെ മൌനാനുവാദത്തോടെ തുടര്ന്നു .

എന്റെ ഓര്‍മ്മയിലെ ഏറ്റവും വലിയ വരള്ച്ച യായിരുന്നു 1975ലേത്.കേരളത്തിലും വരള്ച്ചയുണ്ടായിരുന്നെങ്കിലും തമിള്നാട്ടിലെപ്പോലെ അതിന്‍റെ കെടുതികള്‍ അത്ര ശക്തമായിരുന്നില്ല.നമുക്ക് അരിക്ഷാമം രൂക്ഷമായി.തമിള്‍ നാട്ടില്‍ നെല്പ്പാടങ്ങള്‍ കരിഞ്ഞുണങ്ങി.അരിഭക്ഷണം തമിഴനുപോലും ഒരു ലക്ഷ്വറി ആയി.തമിള്നാട്ടില്‍ നിന്നു കേരളത്തിലേക്കുള്ള അരികടത്ത് സര്ക്കാര്‍ നിരോധിച്ചു.അന്ന് ഒരു റെയില്‍വേ സ്റ്റേഷനില്‍ കണ്ട രംഗം ഇപ്പൊഴും മനസ്സിലുണ്ട്.കോസടിയുടെ ഉള്ളിലെ പഞ്ഞി എടുത്തുകളഞ്ഞു അതില്‍ അരി നിറച്ചുകൊണ്ടുവന്ന സ്ത്രീയെ പോലീസ്സ് പിടിച്ചു.അയ്യാ,അയ്യാ എന്നു കരഞ്ഞുകൊണ്ടു പോലീസ്സുകാരന്റെ മുന്നില്‍ കെഞ്ചുന്ന ആ പാവത്തിന് എവിടേയും ഒരുമുഖം തന്നെയാണ്.

രാവിലെ എഴുമണിക്ക് മുന്‍പ് പ്രഭാത ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ പുറപ്പെടും.റോഡിന് ഇരുവശവും നീണ്ടുപരന്നുകിടക്കുന്ന തരിശ് ഭൂമിയാണ്.അപൂര്വ്വമായി കൃഷിഭൂമി കാണാം.എല്ലാ കൃഷിഭൂമിയിലും കുളവും പമ്പ്സെറ്റും ഉണ്ട്.കാമരാജിന്റ്റെ കാലത്ത് നടന്ന വികസനമാണ്.പക്ഷേ ഈ വരള്ച്ചയില്‍ മിക്ക കുളങ്ങളും വറ്റി.ഞങ്ങളെ ഓരോരുത്തരായി ഓരോ വര്ക്ക് സൈറ്റിലിറക്കും.എന്‍റെ കോണ്ട്രാക്റ്റര്‍ ശ്രീ.മുരുഗേശന്‍ ആയിരുന്നു .

1975ലെ തമിള്‍നാട് ഒരു വ്യത്യസ്ഥ ലോകമായിരുന്നു.ഓഫീസുകള്‍ ,പൊതുവേ അഴിമതിരഹിതം.നിയമം ,അക്ഷരാര്ഥത്തില്‍ നടപ്പാക്കുന്ന ഒരു ശീലം പൊതുവേ കണ്ടു.പഠിക്കുമ്പോള്‍,സ്കോളര്ഷിപ്പ് തുക മാറാന്‍ ചെന്ന എന്നോടു രണ്ടുരൂപ ബലമായി വാങ്ങിയ ട്രഷറിജീവനക്കാരന്റെ ഓര്മ്മ മനസ്സില്‍ സൂക്ഷിച്ച എനിക്കു അവിടുത്തെ ഓഫീസ്സുകള്‍ അത്ഭുതമായി.

രാവിലെ ചെല്ലുന്ന ഞങ്ങളെക്കാത്ത് ആണും പെണ്ണും അടക്കം ഒരു വലിയ ജനക്കൂട്ടമുണ്ടാവും.ട്രഞ്ച് എടുക്കേണ്ട ഭാഗം കുമ്മായപ്പൊടികൊണ്ടു മാര്ക്ക് ചെയ്തു കൊടുക്കണം.വളഞ്ഞുപുളഞ്ഞ ട്രഞ്ചുകള്‍ അനുവദിക്കില്ല.കേരളത്തിലാണെങ്കില്‍ അത്തരം നിയമങ്ങളൊന്നും പാലിക്കുന്ന പതിവില്ല.ഓഫീസര്മാലരുടെ കാര്യം പോട്ടെ,ഒരു ലൈന്‍ മാന്‍ പോലും അത്തരം ജോലികള്‍ ചെയ്യില്ല.അതൊക്കെ സര്ക്കാര്‍ ജീവനക്കാരന്റെ സ്റ്റാറ്റസ്സിന് ചേരാത്ത കാര്യങ്ങളാണ്.കുറെനേരം മാര്ക്കിങ് കഴിഞ്ഞു നിര്ത്തിയാല്‍ “അയ്യാ..അയ്യാ ..”എന്നു അപേക്ഷിച്ചുകൊണ്ടു ഗ്രാമീണര്‍ ചുറ്റും കൂടും. മാര്ക്ക് ചെയ്തുകൊടുത്താലേ അവര്ക്കു പണിയുണ്ടാവൂ.ആ പാവങ്ങളുടെ മുഖത്തുനോക്കി പറ്റില്ല എന്നു പറയാന്‍ വയ്യ.

കൊടും വെയിലത്ത് ഒരു മരച്ചുവട്ടിലിട്ട കസേരയില്‍ തളര്ന്നിരുന്ന എനിക്കു പന നൊങ്കു കൊണ്ടുവന്നുതന്ന ഒരു എണ്ണക്കറുമ്പിയുടെ മുഖം ഓര്‍മ്മയിലുണ്ട്.വെറുതെ അവളോടു പേര്ചോദിച്ചപ്പോള്‍ തേച്ചുമിനുക്കിയ ചോറ്റുപാത്രത്തിന്റെ അടപ്പില്‍ എഴുതിയ പേര് കാണിച്ചു തന്നു.അങ്ങാടിയില്‍ നിന്നു വാങ്ങിയ തമിഴ്-മലയാളം ഭാഷാസഹായിയുടെ ബലത്തില്‍ ഞാന്‍ മുക്കി മൂളി വായിച്ചു-ആവടൈഅമ്മാള്‍.പൊരിവെയിലില്‍ തിളങ്ങുന്ന ആ മൂക്കുത്തിയും,ആ കറുത്തമുഖവും ഇപ്പൊഴും മനസ്സില്‍ സജീവമായുണ്ട്.

ഡി.ഇ., ശ്രീ ദയാനന്ദ റാവു ,തിരുവനന്തപുരം തൊട്ട് മധുരവരെ തുടര്ച്ചയായ യാത്രയിലാണ്.ഒരു തളര്ച്ചുയുമില്ല.ഏത് നിമിഷം വേണമെങ്കിലും ജോലിസ്ഥലത്തെത്താം.എന്തെങ്കിലും കുഴപ്പം കണ്ടാല്‍ എല്ലാവരുടെയും മുന്നില്‍ വെച്ചു ചീത്തവിളിച്ചു നാശമാക്കും.എല്ലാവര്ക്കും കക്ഷിയെ പേടിയാണ്.വല്ലാതെ അദ്ധ്വാനിച്ചിരുന്ന ആ കൊങ്ങിണി ബ്രാഹ്മണന് ഒരു കുഴപ്പമേ ഞാന്‍ കണ്ടുള്ളൂ.കീഴ്ജാതിക്കാരോടു അല്‍പ്പം തിരിച്ചുവ്യത്യാസം കാണിക്കും.വടിവേലുവും,കാര്‍വര്‍ണനും എന്തുചെയ്താലും ,എങ്ങിനെ ചെയ്താലും ഫയറിങ് ഉറപ്പാണ്.പക്ഷേ മേല്ജ്ജാതിക്കാരാണെങ്കിലും ജോലിയെടുക്കാതെ രക്ഷയില്ല.

ഒരുമാസമേ ഞാന്‍ കേബിള്‍ ലേയിങ് ഗ്രൂപ്പിലുണ്ടായിരുന്നുള്ളൂ.പുതുതായി തുടങ്ങാന്‍ പോകുന്ന എക്യുപ്മെന്‍റ് ഇന്സ്റ്റലേഷനുവേണ്ടി ദയാനന്ദറാവു തിരഞ്ഞെടുത്ത രണ്ടുപേരില്‍ ഞാനുമുണ്ടായിരുന്നു.പുറമ്പോക്കിലെ താമസവും ജോലിയും അവസാനിപ്പിച്ചു ഞങ്ങള്‍ പരിശീലനത്തിനായി രാജമന്ത്രിക്ക് വണ്ടി കയറി.

37 വര്‍ഷങ്ങള്‍ക്ക്ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ അന്നത്തെ വരള്‍ച്ചയും ഗ്രാമീണരുടെ ദൈന്യതയും മനസ്സില്നിന്നു പോകുന്നില്ല.കറുത്ത റാഗി പുഴുങ്ങിക്കൊണ്ടുവരുന്നവരല്ലാതെ, ചോറുമായ് വരുന്നവരെ ഞാന്‍ കണ്ടിട്ടില്ല.ഇന്ത്യയുടെ നെല്ലറയില്‍ ഒരുമണിഅരി ഗ്രാമീണന് അന്യമായി.വരള്ച്ചകൊണ്ടു തൊഴിലില്ലാതായവര്ക്കു വേണ്ടി തൊഴില്ദാന പരിപാടികള്‍ ഉണ്ടായിരുന്നു.അതൊന്നും ജനങ്ങളുടെ പട്ടിണിമാറ്റാന്‍ പര്യാപ്തമായിരുന്നില്ല എന്നുമാത്രം.വിരുദുനഗറിലും,മധുരയിലുമെല്ലാം കുളിക്കാത്ത,വൃത്തിയില്ലാത്ത ജനം റോഡില്‍ നിറഞ്ഞൊഴുകി.നഗരങ്ങളില്‍ വീടിന്‍റെ പുറത്തുള്ള ചാലുകളില്‍ പരസ്യമായി വെളിക്കിറങ്ങുന്ന മനുഷ്യര്‍.സമൃദ്ധമായി വെള്ളം ലഭിക്കുന്ന കേരളത്തില്നിന്നു ചെന്ന എനിക്കു അറപ്പും വെറുപ്പും തോന്നിക്കുന്ന ചുറ്റുപാടുകള്‍.എന്നാല്‍ ഇന്ന് തമിള്നാട് ആകെ മാറിപ്പോയി.കഴിഞ്ഞ ഇരുപതുവര്ഷമായി കാര്യമായ ജലദൌര്‍ല്ലഭ്യമില്ല.മാലിന്യംകൊണ്ടു കേരളം ചീഞ്ഞുനാറുമ്പോള്‍ കൃത്യമായ മാലിന്യനിര്മ്മാര്ജ്ജന രീതികളുമായി തമിള്നാ്ട് മുന്നേറുന്നു.തെരുവിന്റെ ഓരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സംഭരണികളില്‍ നിന്നു കോര്പ്പൊറേഷന്‍ മാലിന്യം എടുത്തുകൊണ്ടുപോയി സംസ്കരിക്കുന്നു.വലിയ വൃത്തിക്കാരെന്നു അഹങ്കരിച്ചിരുന്ന മലയാളികള്‍ക്ക് മൂക്കുപോത്താതെ യാത്രചെയ്യാന്പറ്റാത്ത അവസ്ഥ.കാന്‍സറും പകര്‍ച്ച വ്യാധികളും നമ്മെ തുറിച്ചുനോക്കുന്നു.

പക്ഷേ തമിള്‍ നാട്ടിലെ ഓഫീസുകള്‍ അഴിമതിയുടെ കൂത്തരങ്ങായി.കൈക്കൂലിയില്ലാതെ ഒന്നും നടക്കാത്ത അവസ്ഥ.ഇന്ത്യ എല്‍.ടി.ടി.ഇയെ നിരോധിച്ചപ്പോള്‍ നിരോധനം മറികടക്കാന്‍ അവര്‍ കൈക്കൂലിപ്പണം വാരിയെറിഞ്ഞു.രാഷ്ട്രീയക്കാരെ വിലയ്ക്കെടുത്തു.ഫലത്തില്‍ കൈക്കൂലിയില്ലാതെ ഒന്നും നടക്കാത്ത ഒരിടമായി തമിള്‍നാട് മാറി.

ജനങ്ങളുടെ അവസ്ഥയോ? ഇന്നത്തേയും എഴുപതുകളിലെയും കാര്യങ്ങള്‍ക്ക് താരതമ്യമില്ല.സാമ്പത്തികമായി,വിദ്യാഭ്യാസപരമായി,ആരോഗ്യപരമായി ഉണ്ടായ ഉണര്‍വുകള്‍ ഒരു ജനതയെ മുന്നോട്ട് നയിക്കുന്നു.സ്വാതന്ത്ര്യത്തിന് ശേഷം ഇവിടെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി മാറി എന്നും ശഠിക്കുന്ന പലരെയും നമുക്ക് ചുറ്റും കാണാം.ഒരുപക്ഷേ ,പഴയ ദരിദ്ര ഇന്ത്യ കാണാത്തവരാകും ഇവര്‍. അല്ലെങ്കില്‍ വെറുതെ എന്തെങ്കിലും പറഞ്ഞു കയ്യടി നേടാന്‍ ശ്രമിക്കുന്ന ഉപരിവര്ഗ്ഗ്ത്തിന്റെ പ്രതിനിധികള്‍.ഒരു നേരത്തെ ആഹാരം ഇല്ലാത്തവന്റെ വേദന അവര്ക്ക് പ്രശ്നമല്ല.പെട്രോളിന്റെ വില കുറയ്ക്കുന്നതാണ് മുഖ്യപ്രശ്നം.അവര്ക്ക് മനശാന്തി നേരുന്നു.