സാമ്പത്തികരംഗത്തു ട്രംപിന്റെ വിജയവും മോദിയുടെ പരാജയവും

131
Ajith Sudevan
കോർപ്പറേറ്റ് വത്കരണം നികുതി വരുമാനം വർധിപ്പിക്കും എങ്കിലും അത് വഴി ഉണ്ടാകുന്ന തൊഴിൽ നഷ്ടം സാമൂഹികഷേമ പദ്ധതികളുടെ ചെലവ് കൂട്ടുകയും അങ്ങനെ സർക്കാരിനും സമൂഹത്തിനും അത് ഗുണത്തേക്കാൾ കൂടുതൽ ദോഷം ഉണ്ടാക്കുകയും ചെയ്യും. ഇക്കാര്യം മനസിലാക്കി ചെറുകിട മേഖലയ്ക്ക് അർഹമായ പ്രാധാന്യം നൽകി, സാമ്പത്തിക നയങ്ങൾ തയാറാക്കുന്നത് കൊണ്ടാണ് കോർപ്പറേറ്റ് അമേരിക്ക തകരാത്തത്. ആപ്പിളും ആമസോണും അടക്കം ചെറിയ നിലയിൽ തുടങ്ങിയ അമേരിക്കയിലെ പല ചെറുകിട സ്ഥാപനങ്ങളും വളർന്ന് പന്തലിച്ചു ലോകത്തെ തന്നെ വിഴുങ്ങാവുന്ന അവസ്ഥയിൽ വളരുന്നതും.
എന്നാൽ അമേരിക്കയെ അനുകരിക്കാൻ ശ്രമിക്കുന്ന പലരും ചെറുകിട മേഖലയ്ക്ക് അർഹമായ പ്രാധാന്യം കൊടുക്കാത്തത് കൊണ്ടാണ്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അമേരിക്കൻ മോഡൽ ഒരു ബാധ്യതയായി മാറുന്നത്. മിക്ക കാർഷിക ഉൽപ്പന്നങ്ങൾക്കും അമേരിക്കയിൽ വില്പന നികുതിയില്ല. അതിനാൽ അത് കർഷകൻ വിറ്റാലും വ്യാപാരി വിറ്റാലും സർക്കാരിന് പ്രത്യേകിച്ച് ദോഷമൊന്നും ഇല്ല. നികുതിയുടെ സങ്കീർണതകൾ ഇല്ലാതെ ഉൽപ്പന്നം നേരിട്ട് ഫാർമേഴ്‌സ് മാർക്കറ്റുകൾ വഴി നേരിട്ട് വിൽക്കാൻ കഴിയുന്നത് കൊണ്ട് അമേരിക്കയിലെ ചെറുകിട കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിലകിട്ടാനും അത് വഴി അമേരിക്കയുടെ ഭക്ഷ്യസുരക്ഷയും അതോടൊപ്പം ലോകത്ത് ഏറ്റവും കൂടുതൽ കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന പദവി അലങ്കരിക്കാൻ കഴിയുന്നതും.
അളവിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് ചെറുകിട വ്യവസായികളാണ്. അതിനാൽ തന്നെ അവർക്ക് ധാരാളം നികുതി ഇളവുകൾ അമേരിക്കയിൽ ഉണ്ട്. നിലവിൽ ഉള്ള നികുതി ഇളവുകൾക്ക് പുറമെ മറ്റൊരു 20% നികുതി ഇളവ് കൂടെ നൽകി ചെറുകിട മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ ട്രംപ് ശ്രമിച്ചത് കൊണ്ടാണ് ചൈനയുമായുള്ള വ്യാപാരയുദ്ധം അടക്കം ഉള്ള ഐറ്റങ്ങൾക്ക് ഇടയിലും അമേരിക്കയിലെ തൊഴിൽ ഇല്ലായിമ 50 വർഷത്തെ കുറഞ്ഞ നിലയിൽ എത്തിക്കാൻ ട്രംപിന് കഴിഞ്ഞത്.
എന്നാൽ ചെറുകിട മേഖലയെ നികുതി കുരുക്കിൽ പെടുത്തി തകർക്കുകയും, അതോടൊപ്പം അന്തമായ കോർപറേറ്റ് വത്ക്കരണം നടത്താൻ ശ്രമിച്ചതും കൊണ്ടാണ് മോദിയുടെ ഭരണത്തിൽ രാജ്യത്തെ തൊഴിൽ ഇല്ലായിമ 45 വർഷത്തെ ഉയർന്ന നിലയിൽ എത്തിയത്.